ADVERTISEMENT

കുട്ടിക്കാലത്ത് നഴ്സ് എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരു സങ്കല്‍പം ഉണ്ടാകും, വെള്ളയുടുപ്പിട്ട, ഉറുമ്പു കടിക്കുന്ന അത്ര വേദനയുള്ള ഇൻജക്‌ഷന്‍ നല്‍കുന്ന മാലാഖമാര്‍. എന്തൊരു നിഷ്കളങ്ക സങ്കല്‍പം അല്ലേ? അങ്ങന ഒരു സങ്കൽപത്തിൽനിന്ന് നഴ്സായി പ്രതിസന്ധികൾ പലതു കടന്ന് ഇപ്പോൾ കാനഡയിൽ ചൈൽഡ് ആൻഡ് പാരന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന നിമ്മി ഷാജി പറയുന്നു, സമൂഹത്തിന് നഴ്സുമാരോടുള്ള കാഴ്ചപ്പാടും നേരിട്ട പ്രതിസന്ധികളും.

നഴ്സിങ് പണ്ടു മുതലേയുള്ള ഒരു ആഗ്രഹമായിരുന്നു, നേരത്തേ പറഞ്ഞ ആ വെള്ളയുടുപ്പിട്ട മാലാഖസങ്കൽപത്തിലേ അതു തുടങ്ങിയതാകാം. വളർന്നതിനനുസരിച്ച് ആ മോഹവും ഉള്ളിൽ വളരുകയായിരുന്നു. അങ്ങനെ തൃശൂരിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്ന് 27 വര്‍ഷം മുന്‍പ്, പ്രീഡിഗ്രി പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ നഴ്സിങ് പഠനത്തിനായി ട്രെയിന്‍ കയറി. കോഴ്സ് കഴിഞ്ഞ്, പഠനത്തിനു ശേഷമുള്ള മൂന്നു വർഷം ബോണ്ട് പൂര്‍ത്തിയാക്കാതെ അതിനുള്ള പൈസ കെട്ടിവച്ച് ഭര്‍ത്താവിനും മകനുമൊപ്പം കാനഡയിലേക്ക് കുടിയേറി.

24 വര്‍ഷത്തെ നഴ്സിങ് ജീവിതത്തില്‍ ഞാന്‍ കണ്ടതും നേരിട്ടറിഞ്ഞതും നഴ്സുമാരോട് സമൂഹത്തിനുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ്. നഴ്സിങ്ങിനു ചേരുന്നു എന്നറിഞ്ഞപ്പോള്‍ ‘അത് വേണോ’ എന്നു ചോദിച്ച ബന്ധുക്കളില്‍ തുടങ്ങുന്നു ആ വ്യത്യസ്തത. പഠനത്തിന്റെ തുടക്കത്തില്‍ത്തന്നെ മനസ്സിലായി ‘ഈ മാലാഖ’ ആകാന്‍ ബുദ്ധിമുട്ടാണെന്ന്. ത്യാഗ മനോഭാവം വളര്‍ത്തിയെടുക്കണമല്ലോ. ഡോക്ടര്‍, രോഗി, കൂട്ടിരിപ്പുകാര്‍, മാനേജ്മെന്റ്... ആരുമായിക്കൊള്ളട്ടെ എത്ര പ്രകോപനപരമായി പെരുമാറിയാലും പുഞ്ചിരിയോടെ, ക്ഷമയോടെ സ്നേഹത്തോടെ മറുപടി പറയുന്ന മാലാഖ..... ആഹാ... ഞാനിതു തന്നെയന്ന് അപ്പോൾ മനസ്സിലാക്കി.

അങ്ങനെ 3 വര്‍ഷത്തിനു ശേഷം ഞാനും ഒരു കുട്ടി നഴ്സായി. ബോണ്ട് (trainee) സമയത്ത് ശമ്പളം കുറവാണ്. സേവനത്തിന്റെ ആദ്യപടി. ഡോക്ടറെ ദൈവമായി കാണുന്ന ജനങ്ങള്‍, അവര്‍ പറയുന്നതു അതുപോലെ അനുസരിക്കാന്‍ ബാധ്യസ്ഥരായ നഴ്സുമാര്‍, പക്ഷേ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് നഴ്സുമാരുടെ പിടിപ്പുകേട്. തുടർചികിത്സയ്ക്കു വരുന്ന രോഗികള്‍ തന്നെ പരിചരിച്ച നഴ്സിനെ അപൂര്‍വമായേ തിരക്കാറുള്ളു. എത്ര എക്സ്പീരിയന്‍സ് ഉണ്ടെങ്കിലും ഡോക്ടറുടെ റിമാർക്സിനപ്പുറം ഒന്നും ചെയ്യാന്‍ അധികാരമില്ല. നഴ്സിന് ഒന്നും അറിയില്ല എന്ന ഭാവം.

യൂണിയന്‍ എന്നു കേട്ടുകേള്‍വിയില്ലാത്ത കാലം, എപ്പോള്‍ വേണമെങ്കിലും ഒരു നഴ്സിനെ പിരിച്ചു വിടാം. ആരു ചോദിക്കാന്‍, ആരു പറയാന്‍ ? 30 ദിവസത്തെ പ്രസവാവധി, ആഴ്ചയില്‍ ഒരു ഓഫ്, സിക്ക് ബെനിഫിറ്റില്ല, കുറഞ്ഞ ശമ്പളം, എക്സ്ട്രാ പൈസയില്ലാത്ത ഓവര്‍ ടൈം, വിശ്രമ വേളകളില്ലാത്ത 10-12 മണിക്കൂര്‍ ജോലി സമയം, കരിയര്‍ ഡെവലപ്മെന്റിന് ഒരവസരവുമില്ല, ഒരു ഷിഫ്റ്റില്‍ 30 ല്‍ കൂടുതല്‍ രോഗികള്‍ എന്നിങ്ങനെ പോകുന്നു ജോലി.

അപ്പോഴാണ് ഇന്ത്യയ്ക്കു പുറത്തു പോയാല്‍  നഴ്സിനു ‘മൂല്യം’ കൂടുതലാണെന്നറിഞ്ഞത്– നല്ല ശമ്പളവും അർഹിക്കുന്ന ബഹുമാനവും. പിന്നെ ഒന്നും നോക്കിയില്ല. പാസ്പോർട്ട് എടുക്കാൻ അപേക്ഷ കൊടുക്കുന്നു, വീട്ടില്‍ പറയുന്നു. അതാ വരുന്നു അടുത്ത സ്നേഹപാര ‘കല്യാണം കഴിഞ്ഞിട്ട് എവിടെ വേണമെങ്കിലും പൊയ്ക്കോളൂ.’ കല്യാണക്കമ്പോളത്തില്‍ നഴ്സുമാരുടെ വിലയും വിലക്കുറവും മനസ്സിലായ ദിവസങ്ങള്‍. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായപ്പോള്‍, മോനെ നോക്കി വീട്ടിലിരുന്നോളൂ എന്ന് സ്നേഹത്തോടെ ഭര്‍ത്താവ്, ‘സ്നേഹം, അതല്ലേ എല്ലാം’. അത് കഴിഞ്ഞ് ഭര്‍ത്താവിന്റെ സ്വപ്നഭൂമിയായ കാനഡയിലേക്ക് കുടിയേറ്റം.

അങ്ങനെ ഞാനൊരു കനേഡിയന്‍ നഴ്സാകാന്‍ പരിശ്രമം തുടങ്ങി. ആദ്യപടിയായി ഇംഗ്ലിഷ് പഠിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ നാട്ടില്‍ എല്ലാവര്‍ക്കും പുച്ഛം. നഴ്സിങ് എങ്ങനെ പാസായി എന്ന സംശയം. ഇവിടുത്തെ നഴ്സിങ് ലൈസൻസിനു പഠിച്ചതു പോലെ പണ്ട് പഠിച്ചിരുന്നെങ്കില്‍ ഞാനൊരു എസ്എസ്എൽസി റാങ്ക് ഹോൾഡർ ആയേനെ എന്ന് സ്വയം തോന്നിപ്പോയി, അങ്ങനെ അവസാനം ഞാനൊരു കനേഡിയന്‍ നഴ്സ് പട്ടം നേടിയെടുത്തു.

പല ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തെങ്കിലും കഴിഞ്ഞ 15 വര്‍ഷമായി പീഡിയാട്രിക് മെന്റൽ ഹെൽതിലാണ്. ആദ്യമായി casual / on call R.N (registered Nurse) ആയിട്ടാണ് തുടങ്ങിയത്. അതായത് സ്റ്റാഫിന്റെ കുറവു വരുമ്പോള്‍ ഹോസ്പിറ്റലില്‍ നിന്നു വിളിക്കും, ആവശ്യകത അനുസരിച്ച് ചെല്ലാം. അടുത്ത ഓപ്ഷന്‍ പാര്‍ട്ട് ടൈം. ആഴ്ചയില്‍ 12 മണിക്കൂര്‍ ഗ്യാരണ്ടിയുണ്ട്. ബാക്കി നമ്മുടെ ഇഷ്ടം പോലെ. ഫുൾ ടൈം പൊസിഷനിൽ ആഴ്ചയില്‍ മണിക്കൂറുകൾ ആണ്. അതില്‍ കൂടുതല്‍ ചെയ്താല്‍ ഓവര്‍ ടൈം. നമ്മുടെ ഫാമിലി ഫ്ലെക്സിബിലിറ്റി അനുസരിച്ച് തിരഞ്ഞെടുക്കാം. പൊതുഅവധി ദിവസങ്ങൾ ജോലി ചെയ്താല്‍ ഡബിള്‍ പെയ്മെന്റ് ആണ്. (നാട്ടില്‍ ഇങ്ങനെയുള്ള ഓപ്ഷന്‍സ് ഉണ്ടോന്നറിയില്ല).

ഇവിടുത്തെ ഓറിയന്റേഷൻ ഒരു വലിയ അനുഭവമായിരുന്നു. രോഗികളും ഡോക്ടര്‍മാരും മറ്റുള്ള ജോലിക്കാരും വളരെ ബഹുമാനത്തോടെ ടീം വർക് ആയി ജോലി ചെയ്യുന്നു. നഴ്സുമാരുടെ നിർദേശങ്ങൾ ഡോക്ടര്‍മാര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു. നഴ്സുമാര്‍ക്ക് അവരുടെക്രിട്ടിക്കല് തിങ്കിങ് ഉപയോഗിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം nursing directive/ medical directive നല്‍കുന്നു. നിങ്ങളുടെ ഓരോ പ്രവര്‍ത്തിക്കും നിങ്ങള്‍ തന്നെയാണ് ഉത്തരവാദി. വളരെ ശക്തമായ യൂണിയനാണ് ഇവിടെയുള്ളത്. ഏത് സമയത്തും ജോലി കഴിഞ്ഞ് വരാന്‍ പേടി തോന്നാറില്ല. നമ്മള്‍ അസമയത്ത് വരുന്നത് നോക്കി ജഡ്ജ് ചെയ്യാന്‍ ഇവിടെ ആര്‍ക്കും സമയവുമില്ല. കാനഡയില്‍ നഴ്സസ് ദിനമല്ല നഴ്സസ് വാരം ആണ് ആഘോഷം.

സമൂഹത്തിന്റെ കാഴ്ചപ്പാട് അവരുടെ ജീവിത രീതികളും വിദ്യാഭ്യാസവും അനുസരിച്ച് വ്യത്യസ്തമാണ്. മാലാഖമാരായല്ല മനുഷ്യരായി തന്നെ കണക്കാക്കപ്പെടേണ്ടവരാണ് നഴ്സുമാര്‍. കാരണം അവര്‍ക്കും പ്രയാസങ്ങളുണ്ട്. 24 മണിക്കൂറും ചിരിച്ച് മറ്റുള്ളവരോട് സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല. നല്ല അന്തരീക്ഷത്തില്‍ മാന്യമായ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ സാധിച്ചാല്‍ നാട്ടില്‍ തന്നെ നില്‍ക്കണമെന്നാഗ്രഹമുള്ള ഒരുപാട് പേരുണ്ട്. നമ്മുടെ നാട്ടില്‍ എന്നെങ്കിലുമൊരിക്കല്‍ ഈ വ്യവസ്ഥിതിയെല്ലാം മാറി നല്ലൊരു സുരക്ഷിത അന്തരീക്ഷം നഴ്സുമാര്‍ക്ക് ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, ആശംസിക്കുന്നു. 

English Summary : International nurses day 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com