ADVERTISEMENT

അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ അനിർവചനീയമായ നിമിഷമാണ്. ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിൽ കുഞ്ഞ് വളരുമ്പോൾത്തുടങ്ങി ഭൂമിയിലെത്തും വരെ കാണാതെയും അറിയാതെയും പിന്നീട് ഓരോ ശ്വാസത്തിലും കുഞ്ഞിന്റെ വളർച്ച കണ്ട് ആസ്വദിച്ചും കരുതലേകുന്നു. ഓരോ കുഞ്ഞിന്റെയും പിറവിക്കു പിന്നിൽ കരുതലിന്റെ കൈകൾ നീട്ടി ഡോക്ടർമാർക്കൊപ്പം നിൽക്കുന്നവരാണ് നഴ്സുമാർ. പിറന്നുവീഴുന്ന ഓരോ കുഞ്ഞിനെയും ആദ്യം കരങ്ങളിലേക്ക് സ്വീകരിക്കുന്നവർ... ശേഷം അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നവർ. അമേരിക്കയിലെ നോർത്ത് കാരലൈന റാളെയിലെ വെയ്ക്ക്മെഡ് (Wakemed) ഹോസ്പിറ്റലിൽ ന്യൂ ബോൺസ് സ്പെഷലിസ്റ്റ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ജോളി ഇമ്മാനുവൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു 

ആഴ്ചയിൽ മൂന്നു ദിവസമാണ് ജോലി. 2 മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളാണ്. രാവിലെ ഏഴിന് ജോലി തുടങ്ങും. ലേബർ റൂം, പ്രസവ ശേഷം അമ്മയും കുഞ്ഞും കിടക്കുന്ന മദർ ബെഡ് യൂണിറ്റ്, സുഖമില്ലാത്ത കുഞ്ഞുങ്ങളെ കിടത്തുന്ന സ്പെഷൽ കെയർ നഴ്‌സറി എന്നീ മൂന്നു യൂണിറ്റുകൾ ഉൾപ്പെടുന്ന വിമൻസ് പവലിയനിലാണ് എന്റെ ജോലി. 6.45 നു പഞ്ച് ചെയ്യണം. മുൻപത്തെ ജോലി ചെയ്യുന്ന ആളിന് റിപ്പോർട്ട് എടുക്കുന്നതാണ് ആദ്യത്തെ സ്റ്റെപ്പ്. ലേബർ റൂമിൽ എത്ര പേഷ്യന്റ് ഉണ്ടെന്നും അതിൽ എത്ര പേർക്ക് കോംപ്ലിക്കേഷൻസ് ഉണ്ടെന്നും ഉണ്ടാവാൻ ചാൻസ് ഉണ്ടെന്നും ഒക്കെ ആ റിപ്പോർട്ടിൽ ഉണ്ടാവും. കൂടാതെ മദർ ബെഡ് യൂണിറ്റിൽ ഏതെങ്കിലും കുഞ്ഞുങ്ങളെ പ്രത്യേകമായി ശ്രദ്ധിക്കണമെങ്കിൽ– ഉദാഹരണമായി ഷുഗർ കുറഞ്ഞ കുഞ്ഞുങ്ങൾ, പാലുകുടിക്കാൻ ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങൾ– അതും റിപ്പോർട്ടിൽ ഉണ്ടാകും. 

ന്യൂ ബോൺ സ്പെഷലിസ്റ്റ്  നഴ്‌സ് എന്നു പറഞ്ഞാൽ സാധാരണ കുഞ്ഞുങ്ങളെ നോക്കുന്ന റെഗുലർ ഡ്യൂട്ടിയിലുള്ള നഴ്‌സുമാർക്കും പ്രൊവൈഡർക്കും – അതായത് ഡോക്ടർക്കും – ഇടയിലുള്ള മിഡ് ലേബലിലുള്ള ഒരു നഴ്‌സ് ആണ്. ഡോക്ടറെ വിളിക്കേണ്ട ആവശ്യങ്ങൾക്കു മുൻപ് അവർ ന്യൂ ബോൺ സ്പെഷലിസ്റ്റ് നഴ്‌സുമാരെ വിളിക്കും. അവർ പോയി കണ്ട് ഡോക്‌‌ടറെ വിളിക്കേണ്ട ആവശ്യമുണ്ടോയെന്നു പരിശോധിക്കും. 

സിസേറിയൻ മിക്ക ദിവസവും ഉണ്ടാവും. ഓപ്പറേഷൻ തിയറ്ററിൽ പോയി കുഞ്ഞിനാവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും അത്യാവശ്യം വന്നാൽ ഉപയോഗിക്കേണ്ട റെസിസിറ്റേഷൻ യൂണിറ്റുമൊക്കെ റെഡിയാക്കി വയ്ക്കണം. അതിനുശേഷം എമർജൻസി ഡെലിവറിക്ക് (ലേബർ റൂമിനു പുറത്തു വച്ച്  സംഭവിക്കുന്ന ഡെലിവറി. അത് മിക്കവാറും ഉണ്ടാകാറുണ്ട്. ഒന്നുകിൽ കാറിൽ വച്ച് അല്ലെങ്കിൽ പാർക്കിങ് ലോട്ടിൽ വച്ച് അല്ലെങ്കിൽ ഹോസ്പിറ്റൽ വരാന്തയിൽ വച്ച്. ഹോസ്പിറ്റൽ ലേബർ റൂമിൽ എത്തുന്നതിന് മുൻപ് നടക്കുന്ന ഡെലിവറികൾ മിക്കവാറും ദിവസങ്ങളിൽ ഉണ്ടാകാറുണ്ട്.) കുഞ്ഞിനു വേണ്ടിയുള്ള ഒരു കിറ്റ് റെഡിയാക്കി വയ്ക്കുക എന്നത് ന്യൂ ബോൺ സ്പെഷലിസ്റ്റ് നഴ്‌സുമാരുടെ ജോലിയാണ്. അമ്മയ്ക്കു വേണ്ടിയുള്ളത് ലേബർ റൂമിലെ നഴ്‌സുമാർ ചെയ്യും. 

അടുത്തത് ലേബർ റൂമിൽ ഡെലിവറിക്കായുള്ള പേഷ്യന്റ്‌സിനെ പോയി കാണുക എന്നുള്ളതാണ്. അമ്മയും അച്ഛനും ഉറപ്പായും റൂമിൽ ഉണ്ടാകും. ഇവിടെ ഭർത്താക്കന്മാർ പ്രസവത്തിന് ഒപ്പം നിൽക്കുക എന്നത് നിർബന്ധമാണ്. അച്ഛനോടും അമ്മയോടും കുഞ്ഞ് ജനിച്ചാൽ ഉടനെ ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയും നവജാതശിശു പരിചരണത്തെപ്പറ്റിയും കുഞ്ഞിനെ സ്‌കിൻ ഡിസ്‌കിൽ കിടത്തുന്നതിന്റെ ഗുണങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞുകൊടുക്കും. മുലയൂട്ടുന്നതിനെപ്പറ്റിയും കുഞ്ഞിന് സാധാരണയായി കൊടുക്കുന്ന മരുന്നുകൾ, പതിവായി എല്ലാ കുഞ്ഞുങ്ങൾക്കും ആന്റിബയോട്ടിക്, വൈറ്റമിൻ ഇൻജെക്‌ഷൻ ഇവ നൽകുന്നതിന്റെ ആവശ്യം, ഇത് കൊടുത്താലുള്ള ഗുണങ്ങൾ, കൊടുക്കാതിരുന്നാൽ ഉള്ള പ്രശ്നങ്ങൾ എന്നിവയെപ്പറ്റി അവരോട് സംസാരിക്കും. ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ് ചെയ്താൽ അവർ ഏതു പീഡിയാട്രീഷ്യനെ കാണിക്കണമെന്ന് അന്വേഷിച്ച് ഡോക്യുമെന്റ് ചെയ്തു വയ്ക്കും. ഡിസ്ചാർജ് ആയിക്കഴിഞ്ഞാൽ കുഞ്ഞിന്റെ ഡെലിവറി മുതലുള്ള എല്ലാ റെക്കോർഡുകളും ഈ പീഡിയാട്രീഷ്യന്റെ ഓഫിസിലേക്ക് എത്തിക്കണം. 

ലേബർ റൂമിലും കുഞ്ഞിന് വേണ്ടി ഒരു റേഡിയന്റ് വാമർ യൂണിറ്റ് ഉണ്ടാകും. അതിൽ റെസിസിറ്റേഷനു വേണ്ട എല്ലാ ഉപകരണങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്തി, കുഞ്ഞിനു വേണ്ട ബേബി ബ്ലാങ്കറ്റ്സ്, അത് ഓണാക്കി ചൂടാവാൻ വരെ വച്ചിട്ടാണ് ഞാൻ ആ റൂമിൽ നിന്ന് ഇറങ്ങുന്നത്. പിന്നീട് ഡെലിവറിയുടെ സമയത്ത് അവർ വിളിക്കും. അപ്പോൾ ചെല്ലണം. കുഞ്ഞ് ജനിച്ചാലുടനെ അമ്മയുടെ നെഞ്ചിലാണ് കിടത്തുന്നത്. സ്കിൻ ടു സ്കിൻ വളരെ പ്രധാനമാണ്. അതുകൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഒരുപാട് ഗുണമുണ്ട്. കുഞ്ഞിനെ അമ്മയുടെ നെഞ്ചിൽ കിടത്തിയാലുടൻ തുടച്ച്  ചെറുതായി പുറത്തും കാലുകളിലും തിരുമ്മി കുഞ്ഞ് നന്നായി കരയുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിട്ട് ഹാർട്ട് ബീറ്റും ശ്വസോച്ഛാസവും ഒക്കെ നോർമൽ ആണെന്ന് ഉറപ്പാക്കും. ശേഷം കുഞ്ഞിനെ അമ്മയുടെ നെഞ്ചിൽത്തന്നെ കിടത്തി ഇളം ചൂടുള്ള ബ്ലാങ്കറ്റ് കൊണ്ട് പൊതിഞ്ഞ് പേപ്പർ വർക്കുകൾ തുടങ്ങും. 

അച്ഛനും അമ്മയ്ക്കും കുഞ്ഞിന്റെ ജനന വിവരങ്ങൾ രേഖപ്പെടുത്തിയ ഐഡി ബാൻഡ് കെട്ടിക്കൊടുക്കുക എന്നതാണ് ഒന്നാമത്തെ സ്റ്റെപ്പ്. തെറ്റു വരാതിരിക്കാൻ എല്ലാം ഫിൽ ചെയ്‌ത് ഡേറ്റ്, ടൈം, കുഞ്ഞിന്റെ ലിംംഗം എല്ലാം എഴുതി രണ്ടാമതൊരു നഴ്‌സിനെ കൊണ്ട് വെരിഫൈ ചെയ്യിക്കണം. രണ്ടുപേരും ഉറപ്പു വരുത്തി ഒരു പേപ്പറിൽ രണ്ടു പേരും സൈൻ ചെയ്‌ത്‌ മാത്രമേ ഈ ബാൻഡ്‌സ് അമ്മയ്ക്കും അച്ഛനും കുഞ്ഞിനും കെട്ടിക്കൊടുക്കാൻ  പാടുള്ളൂ. ഒരു മണിക്കൂറാണ് സ്കിൻ ടു സ്കിൻ സമയം. ഇതിനുള്ളിൽ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാം. അവർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ചെയ്‌തു കൊടുക്കാം. ഒരു മണിക്കൂറിനു ശേഷം കുഞ്ഞിനെ ഈ റേഡിയന്റ് വാമർ റൂമിലേക്ക് കൊണ്ടു വന്ന് കുഞ്ഞിന്റെ വെയ്റ്റ്, ഹൈറ്റ്, തലയുടെ ചുറ്റളവ് എല്ലാം നോക്കും. പിന്നെ തല മുതൽ പാദം വരെ എല്ലാം നോർമൽ ആണോ, എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്തെങ്കിലും അബ്നോർമാലിറ്റി ഉണ്ടോ എന്ന കാര്യങ്ങളൊക്കെ പരിശോധിക്കും. പിന്നെ കുഞ്ഞിന്റെ ഫുട് പ്രിന്റ് എടുത്ത് ഒന്ന് ഹോസ്പിറ്റലിലെ ഐഡന്റിഫിക്കേഷൻ പർപ്പസിന് വേണ്ടിയും ഒന്ന് പേരന്റ്സിന് സൊവനീർ ആയി കൊടുക്കാൻ വേണ്ടിയും എടുക്കും. മെഡിക്കൽ റിപ്പോർട്ടിനു വേണ്ടി ഒരു ഫോട്ടോ എടുക്കും.

പിന്നെ പൊക്കിൾക്കൊടി ശേഖരിച്ച്, ബ്ലഡിന്റെ സാമ്പിൾ കുഞ്ഞിന്റെ ബ്ലഡ് ഗ്രൂപ്പ് നോക്കാൻ ലാബിലേക്ക് അയയ്ക്കണം. കൂടാതെ ആംപ്ലിക്കൽ കോഡിന്റെ ഒരു പീസ് ലേബൽ ചെയത് ലാബിലേക്ക് വിടണം. നഴ്‌സസ് സ്റ്റേഷനിൽ നിന്ന് ട്യൂബ് സിസ്റ്റം വഴിയാണ് അയയ്ക്കുന്നത്. എല്ലാ 15 മിനിറ്റിലും കുഞ്ഞിന്റെ ബ്രീത്തിങ്ങും ഹാർട്ട് ബീറ്റും ഒക്കെ നോർമൽ ആണോ എന്ന്  ഉറപ്പു വരുത്തണം. രണ്ടു മണിക്കൂർ കഴിഞ്ഞാൽ കുഞ്ഞിനെ മദർ ബെഡ് യൂണിറ്റിലേക്ക് മാറ്റും. മാറ്റുന്നതിനു മുൻപായിട്ട് ഒരു ഫോട്ടോ സെഷൻ ഉണ്ട്. ഞാൻ എപ്പോഴും പറയാറുണ്ട് എന്റെ ജോലിയിലെ ഏറ്റവും ബെസ്റ്റ് പാർട്ടാണത് ഇതെന്ന്. കാരണം ശരിക്കും ഒരു ഫൊട്ടോഗ്രഫറുടെ ജോലിയാണത്. അമ്മയുടെയും കുഞ്ഞിന്റെയും അച്ഛന്റെയും കൂടി ഫോട്ടോ എടുക്കുക. ഒന്നുകിൽ ഹോസ്പിറ്റലിൽ ഫോട്ടോ എടുത്ത് പ്രിന്റ് എടുത്തു കൊടുക്കാം. അല്ലെങ്കിൽ അവർക്ക് അവരുടെ ക്യാമറയിലോ മൊബൈലിലോ മതി എങ്കിൽ അങ്ങനെയും എടുത്തു കൊടുക്കാം. കോവിഡ് സീസണു മുൻപ് അങ്ങനെ സ്ഥിരമായി വന്നെടുക്കുന്ന ഏജൻസികൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നര വർഷമായി അതൊക്കെ നിർത്തിയിരിക്കുന്നതു കൊണ്ട് അതും നഴ്‌സുമാരുടെ ജോലിയാണിപ്പോൾ, നല്ല രസമുള്ള ഒരു ജോലി. 

12 മണിക്കൂറിന്റെ ഒരു ഷിഫ്റ്റിൽ ഏഴ് എട്ട് ഡെലിവറിയൊക്കെ ഉണ്ടാകും. എല്ലാ കുഞ്ഞുങ്ങൾക്കും ഹിയറിങ് ടെസ്റ്റ് – ചെവിയുടെ പരിശോധന– നിർബന്ധമാണ്. അത് കൂടാതെ ഓരോ സ്റ്റേറ്റിനും മാൻഡേറ്ററി ആയിട്ട് കുറച്ചു ടെസ്റ്റുകൾ ചെയ്യാനുണ്ട്. ഡിസ്ചാർജിനു മുൻപ് ചെയ്യേണ്ട എല്ലാ ടെസ്റ്റുകളും കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതൊക്കെ എല്ലാം കംപ്യൂട്ടറൈസ്‌ഡ്‌ ആയതു കൊണ്ട് എല്ലാം കംപ്യൂട്ടറിൽ ഡോക്യുമെന്റ് ചെയ്‌തിട്ടുണ്ടാവും. 

ഞാൻ നഴ്‌സായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 31 വർഷം കഴിഞ്ഞു. 16 വർഷത്തോളം നാട്ടിൽ ആയിരുന്നു. യുഎസ്എയിൽ വന്നിട്ട് 15 വർഷമായി. കൂടുതൽ സമയവും ലേബർ റൂമിൽ നിയോനേറ്റൽ യൂണിറ്റിലും പീഡിയാട്രിക് വാർഡിലുമാണ് ജോലി ചെയ്‌തത്‌. ഇപ്പോൾ 6 വർഷമായി ന്യൂബോൺ നഴ്‌സറിയിൽ.

മുൻപ് പല യൂണിറ്റുകളിലും ജോലി ചെയ്‌തിട്ടുണ്ടെങ്കിലും ഇപ്പോൾ ചെയ്യുന്ന ജോലി ന്യൂബോൺ സ്പെഷലിസ്റ്റ് നഴ്‌സ് എന്നുള്ളത് കുറച്ചു കൂടി ഉത്തരവാദിത്തമുള്ള ഒരു ഇൻഡിപെൻഡന്റ് പൊസിഷനാണ്. കാരണം കുഞ്ഞ് ജനിക്കുമ്പോൾ ന്യൂബോൺ സ്പെഷലിസ്റ്റ് ഒരാൾ മാത്രമാണ് കുഞ്ഞിന്റെ കാര്യം നോക്കാൻ വേണ്ടി ഉള്ളത്. പെട്ടെന്ന് എന്തെങ്കിലും പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഡോക്ടറെ വിളിക്കണം, അല്ലെങ്കിൽ റെസിസിറ്റേഷൻ സെക്കൻഡുകൾക്കുള്ളിൽ തുടങ്ങണം എന്നിങ്ങനെയുള്ള തീരുമാനം എടുക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്. പക്ഷേ എന്തായാലും മറ്റുള്ള ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്തതിനേക്കാൾ നന്നായി എൻജോയ് ചെയ്‌ത്‌ ശരിക്കും ആസ്വദിച്ച് കുഞ്ഞിളം ചിരികളും കരച്ചിലുകളുമൊക്കെ കണ്ട് സന്തോഷത്തോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്.

English Summary : International nurses day 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com