ADVERTISEMENT

മോണയുടെ ആരോഗ്യം അവബോധിപ്പിക്കുന്ന അന്താരാഷ്ട്ര ദിനമാണ് (International  Gum Health Day)മെയ് 12. ഈ കോവിഡ് മഹാമാരിക്കാലത്ത് വായുടെ ശുചിത്വം വളരെയേറെ പ്രാധാന്യമർഹിക്കുന്നു.  പല്ലു തേയ്ക്കുന്നത് ശരിയായ രീതിയിലാവേണ്ടത് മോണയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്                 

ശരിയായ ബ്രഷ് എങ്ങനെ തിരഞ്ഞെടുക്കും ?

ബ്രിസിലുകളുടെ വ്യാസം അനുസരിച്ച് മൃദുവായതും (soft) ഇടത്തരം (medium) കട്ടി കൂടിയതും ( Hard) ലഭ്യമാണ്. നിത്യേനയുള്ള ഉപയോഗത്തിന് ഇടത്തരണമാണ് നല്ലത്. പല്ലിന് പുളിപ്പുള്ളവർ, മോണരോഗത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞവർ, മോണ പിൻവാങ്ങി വേരിന്റെ ഭാഗം തെളിഞ്ഞു കാണുന്നവർ ഒക്കെ മൃദുവായ ബ്രഷ് വേണം ഉപയോഗിക്കാൻ. കൃത്രിമദന്തങ്ങൾ വൃത്തിയാക്കാൻ ഹാർഡ് ബ്രഷ് ഉപയോഗിക്കാം.                     

വളയുന്നതും വളയാത്തതും ആയ ബ്രഷ് തമ്മിലേതാണ് നല്ലത് ?

ബ്രഷിന്റെ കഴുത്തു ഭാഗം മുതൽ വളയുന്ന ഫ്ളെക്സിബിൾ തരമാണ് കൂടുതൽ സ്ഥലങ്ങളിലേക്കു കടന്ന് അഴുക്ക് പരമാവധി നീക്കം ചെയ്യുന്നത് 

പവേർഡ് അഥവാ ബാറ്ററി ഓപ്പറേറ്റഡ് ബ്രഷ് ആർക്കാണ് വേണ്ടത് ?

കിടപ്പിലായ രോഗികൾക്കും വൃദ്ധജനങ്ങൾക്കും കൂട്ടിരിപ്പുകാർ ബ്രഷ് ചെയ്യുമ്പോൾ, കൈയ്ക്ക് സ്വാധീനക്കുറവുള്ളവരിൽ, നാഡീ സംബന്ധമായ തകരാറു കാരണം കൈകാൽ ചലനങ്ങൾ അപാകതയുള്ളവരിൽ (ഉദാ: പാർക്കിസൺസ് രോഗികളിൽ )

കോവിഡ് രോഗികൾ ബ്രഷിംഗിൽ എന്തൊക്കെ ശ്രദ്ധിക്കണം ?

വീട്ടിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയോ അല്ലെങ്കിൽ സമ്പർക്ക നിയന്ത്രണത്തിൽ(quarantine) ആവുകയോ ചെയ്താൽ അവർക്കായി പ്രത്യേകം വായ്ശുചീകരണ കിറ്റ് തയ്യാറാക്കണം. ഈ കിറ്റിൽ ഒരു സോഫ്റ്റ് ടൂത്ത്ബ്രഷ്, ക്രീം രൂപത്തിലുള്ള ടൂത്ത്പേസ്റ്റ്, പല്ലിടശുചീകരണ ഉപാധികളായ ദന്തൽ ഫ്ളോസ്, പല്ലിട ശുചീകരണ ബ്രഷ്, വായ് ശുചീകരണ ലായനി (മൗത്ത് വാഷ്) എന്നിവ ഉൾപ്പെടുത്തണം. വയ്പു പല്ലുകൾ ഉപയോഗിക്കുന്നവർ അത് ശുചീകരിക്കാനുള്ള പ്രത്യേകം ഗുളികകൾ കൂടി ഈ കിറ്റിൽ കരുതണം. കോവിഡ് രോഗം മാറിയതിന് ശേഷം ഈ കിറ്റ് യഥാവിധി ഉപേക്ഷിക്കണം. രോഗബാധിത സമയത്ത് ഉപയോഗിച്ച ടൂത്ത് ബ്രഷിൽ വൈറസുകളുടെ സാന്നിധ്യം ഉള്ളതിനാൽ  യാതൊരു കാരണവശാലും തുടർന്ന് ഉപയോഗിക്കാൻ പാടുള്ളതല്ല.

കുട്ടികൾക്ക് ഏത് ബ്രഷാണ്  ഉപയോഗിക്കേണ്ടത് ?

അവർക്കായി പ്രത്യേകം ബ്രഷുകൾ വിപണിയിൽ ലഭ്യമാണ്. അതുതന്നെ വേണം ഉപയോഗിക്കാൻ. രണ്ടു വയസു വരെ അമ്മയുടെ കൈയിൽ ഘടിപ്പിക്കാവുന്ന വിരൽ ബ്രഷുകൾ ഉപയോഗിക്കാം. ചവച്ചിട്ടു തുപ്പാവുന്ന തരം ച്യൂയബിൾ ബ്രഷുകളും നൂതന രീതികളിലൊന്നാണ്                 

ബ്രഷ് എപ്പോൾ മാറ്റണം ?

ബ്രിസിലുകളിലെ നാരുകൾ പൊങ്ങിത്തുടങ്ങുമ്പോൾ അല്ലെങ്കിൽ ആറു മുതൽ എട്ടാഴ്ച ഏതാണോ ആദ്യം അപ്പോൾ മാറ്റി പുതിയത് വാങ്ങാം     

എങ്ങനെ ബ്രഷ് ചെയ്യണം ?

മോണയ്ക്ക് 45 ഡിഗ്രി ചരിച്ച് വച്ച് മേൽത്താടിയിലെ പല്ലുകൾ മുകളിൽ നിന്ന് താഴേയ്ക്കും കീഴ്ത്താടിയിലെ പല്ലുകൾ താഴെ നിന്ന് മുകളിലേയ്ക്കും ബ്രഷ് ചെയ്യണം. കടിക്കുന്ന പ്രതലം വൃത്താകൃതിയിൽ ബ്രഷ് ചെയ്യണം. മുൻനിരപ്പല്ലുകളുടെ ഉൾഭാഗം ബ്രഷ് നെടുകെ വെച്ച് മേൽപ്പോട്ടും താഴേയ്ക്കും ബ്രഷ് ചെയ്യണം.

എത്ര സമയം ബ്രഷ് ചെയ്യണം ?

രാവിലെയും രാത്രിയും മൂന്നു മിനിറ്റ് വീതം ബ്രഷ് ചെയ്യണം.

ബ്രഷിൽ നിറയെ പേസ്റ്റ് എടുക്കണോ ?

ബ്രഷിന്റെ ബ്രിസിലുകൾക്കുള്ളിൽ വേണം പേസ്റ്റ് വയ്ക്കാൻ. അല്ലാതെ മുകൾഭാഗത്തല്ല. ഇത് പ്രതലഘർഷണം കൂട്ടി കൂടുതൽ നന്നായി അഴുക്ക് കളയാൻ സഹായിക്കും.

ബ്രഷ് എങ്ങനെ സൂക്ഷിക്കണം 

ഉപയോഗം കഴിഞ്ഞ് കഴുകി വെള്ളം കുടഞ്ഞ് കഴിഞ്ഞ് ഒരു ഹോൾഡറിലോ കപ്പിലോ നിവർത്തി നിർത്തി വയ്ക്കുക. പരന്ന പ്രതലത്തിൽ വയ്ക്കരുത്, വെള്ളം ഉളളിലിറങ്ങി ആ ഈർപ്പത്തിൽ അണുക്കൾ വളരും. മൂടി വച്ച് അടയ്ക്കരുത് ഇതു ഈർപ്പം കൂടി അണുബാധയുണ്ടാവും. ടോയ്‌ലറ്റിൽ നിന്നും കഴിവതും ആറടിയെങ്കിലും മാറ്റി വയ്ക്കുക. കുളിമുറിയിൽ നിന്നും മാറ്റി മറ്റൊരു മുറിയിൽ ബ്രഷ് സൂക്ഷിക്കുന്നതാണ് അഭികാമ്യം. പല്ലിയും പാറ്റയും ചെറു പ്രാണികളും നക്കാത്ത തരത്തിൽ ഉയർന്ന  അടച്ചുറപ്പുള്ള ഭാഗത്ത് ഹോൾഡർ/ കപ്പ്  വച്ച് നെടുകേ നിർത്തുന്നതാണ് നല്ലത്. എല്ലാ ദിവസവും ഉപയോഗിക്കും മുൻപ് ചെറുചൂടുവെള്ളത്തിൽ അല്ലെങ്കിൽ മൗത്ത് വാഷ് ഉപയോഗിച്ചോ  ബ്രഷ് കഴുകുന്നതും നല്ലതാണ്. മറ്റൊരാളുടെ ബ്രഷും ഒരിക്കലും ഉപയോഗിക്കരുത്.

ബ്രഷിങ് എപ്പോഴെങ്കിലും വൈകിപ്പിക്കേണ്ട കാര്യമുണ്ടോ ?

പഴച്ചാറുകളോ അമ്ല സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകൾ,സോഡ, നാരങ്ങാവെള്ളം, അച്ചാർ തുടങ്ങിയവയൊക്കെ ഉപയോഗിച്ച് കുറഞ്ഞത് ഒരു മണിക്കൂർ നേരത്തേയ്ക്ക് ബ്രഷ് ചെയ്യരുത്. ഇത് പല്ലിൽ നിന്നും ധാതുക്ഷയം സംഭവിച്ച് പല്ല് വേഗം ദ്രവിക്കുന്നത്തിന് കാരണമാവും .

English Summary : How to brush your teeth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com