ADVERTISEMENT

ഇന്ന് ലോക നഴ്‌സസ് ദിനം. ഭൂമിയിലെ ഏറ്റവും ദൈവികമായ ജോലി ഒരു നഴ്‌സിന്റെ തന്നെയാണ്. പ്രത്യേകിച്ചും നാം ഇപ്പോൾ ജീവിക്കുന്ന കൊറോണ കാലഘട്ടത്തിൽ. അതുകൊണ്ടാണ് നഴ്‌സുമാർക്ക് മാലാഖമാർ എന്ന വിളിപ്പേരു വന്നതും. സ്വന്തം ജീവൻ തൃണവൽക്കരിച്ച് കൊണ്ട് അർപ്പണബോധത്തോടും, ജാഗ്രതയോടും ഓരോ മനുഷ്യ ജീവനും വേണ്ടി പണിയെടുക്കുന്ന എല്ലാ മാലാഖമാർക്കും കൂപ്പുകൈ. 

എല്ലാ ആശുപത്രികളും നഴ്‌സുമാരുടെ വിശേഷണങ്ങളും, സേവനങ്ങളും സ്മരിക്കുകയാണ്. മാധ്യമങ്ങളിൽ തന്നെ നഴ്‌സുമാരുടെ അപദാനങ്ങൾ നിറയുമ്പോൾ നമ്മൾ മറവിയുടെ തിരശീലയിലേക്ക് വലിച്ചെറിയാൻ പാടില്ലാത്ത ഒരു കൂട്ടം മാലാഖമാർ നമ്മുടെ കൂടെയുണ്ട്. ആരോഗ്യവകുപ്പിൽ ഫീൽഡ് തലത്തിൽ ജോലി ചെയ്യുന്ന JPHN എന്ന പബ്ലിക് ഹെൽത്ത് നഴ്‌സുമാരും അവരുടെ സൂപ്പർവൈസർമാരായ PHN (LHI) PHNS (LHS) മാരും.  

ഈ കോവിഡ് കാലത്ത് നഴ്‌സസ് ദിനാഘോഷ വേളയിൽ രോഗപ്രതിരോധ സംവിധാനത്തിന്റെയും മാതൃ ശിശു സംരക്ഷണത്തിന്റെയും നെടുംതൂണുകളായ ഒരു കൂട്ടം മാലാഖമാരെ നഴ്‌സസ് എന്ന വിളിപ്പേരുണ്ടെങ്കിലും മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിലോ കൊറോണയ്ക്കെതിരെയുള്ള പ്രതിരോധത്തിൽ അഹോരാത്രം പണിയെടുത്തിട്ടും കൊറോണപ്പോരാളികളുടെ കൂട്ടത്തിലോ ഇടം നേടാതെ തിരശീലയുടെ പിന്നിലേക്ക് എറിയപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗമാണ് ആരോഗ്യവകുപ്പിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ എന്ന JPHN മാർ.

കോവിഡ് എന്ന മഹാമാരി നമ്മളെ പിടിച്ച് ഉലയ്ക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒന്നര വർഷം ആയി. കോവിഡിനെ പിടിച്ചു കെട്ടാൻ മുൻനിരയിൽ പ്രവർത്തിക്കുന്നവരാണ് നമ്മുടെ നഴ്‌സുമാർ. കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കുന്നവരാണ് നമ്മുടെ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ. 

കോവിഡുമായി ബന്ധപ്പെട്ട് ഫീൽഡ് തലത്തിൽ ഒരു JPHN ന്റെ ജോലി വലുതാണ്. തന്റെ ഏരിയയിലെ കുടുംബങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും, എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാലുടൻ അവരെ ക്വാറന്റീൻ ചെയ്യുകയും പോസിറ്റീവ് ആയാൽ അവർക്ക് വേണ്ട പരിചരണവും നൽകുകയും ഹോസ്പിറ്റലിലേക്ക് മാറ്റേണ്ട ആവശ്യമുള്ളവരെ മാറ്റുകയും രോഗിക്കും കുടുംബാംഗങ്ങൾക്കും വേണ്ട എല്ലാ കാര്യങ്ങൾക്കും അവരുടെ കൂടെ നിന്ന് രാവെന്നോ, പകലെന്നോ ഇല്ലാതെ തങ്ങളുടെ ജീവൻ പോലും അവഗണിച്ച് സമൂഹത്തിൽ പണിയെടുക്കുന്നവരാണ് JPHNS.

കേരളത്തിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ച കോവിഡ് സീറോ വേസ്റ്റേജ് വാക്‌സിനേഷന്റെ പിന്നിലും പ്രവർത്തിച്ചത് നമ്മുടെ ഈ  മാലാഖമാരാണ്. പൊതുജനാരോഗ്യ രംഗത്തെ കേരളം മോഡലിന്റെ വിജയത്തിലും നമ്മുടെ കുടുംബക്ഷേമ പ്രവർത്തനങ്ങളുടെ വിജയത്തിലും ഇമ്മ്യൂണൈസേഷൻ കവറേജ് ഒന്നാമത് എത്തിക്കുന്നതിനും അധ്വാനിച്ചത് ഇവരാണ്. 

ഈ നഴ്‌സസ് ദിനത്തിൽ വാഴ്ത്തപ്പെടുന്ന മാലാഖമാരുടെ കൂട്ടത്തിൽ നമ്മുടെ പബ്ലിക് നഴ്‌സ്മാരെയും നമുക്ക് സ്‌മരിക്കാം. കോവിഡ് മഹാമാരിയിൽ നിന്നും കരകേറാൻ അഹോരാത്രം അധ്വാനിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരെയും ഈ ദിനത്തിൽ നമുക്ക് പ്രാർഥനയോടെ സ്‌മരിക്കാം.

English Summary : International nurses day 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com