ADVERTISEMENT

ലോകം കോവിഡില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനുംവേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന ഒട്ടേറെ മാലാഖമാരുണ്ട്. മേയ് 12 ലോക നഴ്‌സസ് ദിനമായി ആചരിക്കുമ്പോള്‍, കോവിഡ് സംഹാരരൂപം പ്രാപിച്ച ഈ ഘട്ടത്തില്‍ കോവിഡ് രോഗികള്‍ക്കുവേണ്ടി പ്രയത്‌നിക്കുന്ന മാലാഖമാരെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. സഹോദരും കുടുംബാംഗങ്ങള്‍ക്കും കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് നവജാത ശിശു ഉള്‍പ്പെടെയുള്ള കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത ചാലക്കുടി സ്വദേശി സോളി സമൂഹത്തിന് മാതൃകയാണ്.

സോളിയുടെ സഹോദരന്‍ തൃശൂര്‍ കല്ലേറ്റുംകര സ്വദേശിക്കാണ് കുടുംബത്തില്‍ ആദ്യം കോവിഡ് പിടിപെടുന്നത്. തുടക്കത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നെങ്കില്‍ ക്രമേണ സ്ഥിതി വഷളായി. ഷുഗര്‍ ഉയര്‍ന്നതായിരുന്നു അദ്ദേഹത്തിനുണ്ടായ പ്രശ്‌നം. ഇതേത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി. 

പിന്നാലെ വീട്ടിലെ 74 വയസുള്ള അമ്മയ്ക്കും മൂത്ത രണ്ടു കുട്ടികള്‍ക്കും കോവിഡ് പോസിറ്റീവ് ആയി. സഹോദരന്റെ ഭാര്യക്ക് പ്രസവം അടുത്ത ദിവസവുമായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ പറഞ്ഞ ദിവസം അടുത്തിരുന്നു. വീട്ടിലെ എല്ലാവരും കോവിഡ് പോസിറ്റീവ് ആകുകയും സഹായത്തിന് മറ്റാരും ഇല്ലാത്ത അവസ്ഥയുമായപ്പോഴാണ് സോളി എത്തിയത്. കുഞ്ഞിന് അനക്കക്കുറവ് തോന്നിയതിനാല്‍ ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലെത്തി. ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ സഹോദരന്റെ ഭാര്യയും കോവിഡ് പോസിറ്റീവ്. അവിടുന്നു നേരെ മെഡിക്കല്‍ കോളജിലേക്ക്.

nurses day soly
സോളി

മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. ഏപ്രില്‍ 24ന് ആണ്‍കുഞ്ഞ് പിറന്നു. അതുവരെ കാര്യമായ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതിരുന്ന സഹോദരന്റെ ഭാര്യയുടെ ഓക്‌സിജന്‍ ലെവല്‍ താഴ്ന്നു, ന്യുമോണിയ പിടിപെട്ടു. വാര്‍ഡില്‍നിന്ന് ഐസിയുവിലേക്കും ഐസിയുവില്‍നിന്ന് വെന്റിലേറ്ററിലേക്കും മാറ്റി. കുഞ്ഞിന് കോവിഡ് നെഗറ്റീവ് ആയതിനാല്‍ കുഞ്ഞിനെ ആശുപത്രിയില്‍നിന്ന് കൊണ്ടുപൊയ്‌ക്കൊള്ളാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു.

ജനിച്ചിട്ട് 10 ദിവസമായ കുഞ്ഞിനെയുംകൊണ്ട് സോളി വീട്ടിലേക്ക്. സഹോദരന്റെ ഭാര്യയുടെ അമ്മയായിരുന്നു വീട്ടിലെ കാര്യങ്ങള്‍ അതുവരെ നോക്കിയത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ക്കും അസ്വസ്ഥത. തലവേദന, ജലദോഷം എന്നിവ ഉണ്ടായിരുന്നതുകൊണ്ട് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവ്. അവരും ആശുപത്രിയില്‍ അഡ്മിറ്റായി.

ഇതിനു പിന്നാലെയാണ് കുഞ്ഞിന് പാലു കുടിക്കാനൊരു മടിയുള്ളത് ശ്രദ്ധിച്ചത്. ജനിച്ച് 12 ദിവസം മാത്രമായ കുഞ്ഞിന് ചെറിയ പനിയുമുണ്ടായിരുന്നു. കുഞ്ഞിനും കോവിഡ് പിടിപെട്ടോ എന്നു സോളി ഭയപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ആംബുലന്‍സ് വിളിച്ച് അവശ്യ സാധനങ്ങളും എടുത്ത് നേരെ ഒല്ലൂര് ആശുപത്രിയിലേക്ക് പോയി. ചെറിഞ്ഞ കുഞ്ഞായതിനാല്‍ ശ്രദ്ധ ലഭിച്ചെന്നുവരില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സെന്റ് ജയിംസ് ആശുപത്രിയിലേക്ക് പോയി. വീട്ടിലെ എല്ലാവരും കോവിഡ് ആണ് തുടങ്ങിയ എല്ലാ കാര്യങ്ങളും ധരിപ്പിച്ചു. കുഞ്ഞിനെ വിശദമായി പരിശോധിച്ച് ആവശ്യമായ പരിചരണം സെന്റ് ജയിംസിലെ നഴ്‌സുമാര്‍ നല്‍കി. സെന്റ് ജയിംസിലെ അത്യാഹിത വിഭാഗത്തിലെ നഴ്‌സായ പ്രിന്‍സി സിന്റോയാണ് കുഞ്ഞിനെ പരിചരിക്കുകയും പാല്‍ നല്‍കുകയും ചെയ്തത്. പിപിഇ കിറ്റ് ധരിച്ചായിരുന്നു പരിചരണം. മാത്രമല്ല സോളിക്ക് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കിയാണ് പ്രിന്‍സി പറഞ്ഞയച്ചത്.

nurse-princy-health-nurses-day
പ്രിന്‍സി സിന്റോ

16 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം സോളിയുടെ സഹോദരന്‍ വീട്ടിലെത്തി. മറ്റുള്ളവരും വൈകാതെ എത്തുമെന്നാണ് കരുതുന്നതെന്നും സോളി പറയുന്നു. 26 വര്‍ഷമായി നഴ്‌സിങ് ട്യൂട്ടറായി സേവനമനുഷ്ഠിക്കുന്ന സോളിയും ഈ നഴ്‌സസ് ദിനത്തില്‍ ഓര്‍മിക്കേണ്ട വ്യക്തിത്വമാണ്.

English Summary : International nursese day 2021, COVID pandemic time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com