ADVERTISEMENT

വൻകുടൽ കാൻസർ വന്ന ഒരു ഇരുപത്തിഅഞ്ചുകാരനെ കുറിച്ച് പറഞ്ഞു തുടങ്ങാം. ഫൈനൽ ഇയർ എഞ്ചിനീയറിങ് സ്റ്റുഡന്റ് ആയിരുന്ന ഈ ചെറുപ്പക്കാരന് മലാശയ കാൻസർ ആയിരുന്നു. അവന്റെ മുഖത്തെ അമ്പരപ്പും നിസ്സഹായാവസ്ഥയും മറക്കാൻ കഴിയുന്നില്ല. കീമോയും റേഡിയേഷനും സർജറിയും എല്ലാം കഴിഞ്ഞ് വെറും ആറ് മാസത്തിനുള്ളിൽ രോഗം പൂർവാധികം കരുത്തോടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി തിരികെ വന്നു. പൊതുവെ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ് ഇത്. അക്കാലത്ത് ട്യൂമറിൽ നടത്തുന്ന ജീൻ പഠനങ്ങൾ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. പരിശോധനയിൽ വളരെ അപൂർവമായ ഒരു ജനിതക മാറ്റം അവന്റെ ട്യൂമറിൽ കണ്ടെത്തി. നിർഭാഗ്യകരമെന്ന് പറയട്ടെ, ഈ ജനിതകമാറ്റത്തിന് എതിരെ ഉള്ള മരുന്ന് അക്കാലത്ത് ചില ക്ലിനിക്കൽ ട്രയലുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ചില സാങ്കേതിക കാരണങ്ങളാൽ ഇദ്ദേഹത്തെ അതിൽ പങ്കെടുപ്പിക്കാൻ കഴിയുമായിരുന്നില്ല. മരുന്ന് കമ്പനിയുമായുള്ള പല വിധ എഴുത്തുകുത്തുകൾക്ക് ഒടുവിൽ അവന് ഈ മരുന്ന് നൽകാൻ അവർ തയ്യാറായി. പിന്നീടുള്ളത് ചുരുക്കി പറഞ്ഞാൽ, അവൻ ഈ മരുന്നിനോട് നന്നായി പ്രതികരിച്ചു. അങ്ങനെ രോഗം നിശേഷം അപ്രത്യക്ഷമായി. എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി, ജോലി ചെയ്ത്, അവൻ ഇന്ന് സാധാരണ ജീവിതം നയിക്കുന്നു.

ഈ കഥ വൻകുടൽ കാൻസർ ചികിത്സയിൽ വന്ന മുന്നേറ്റങ്ങൾ സൂചിപ്പിക്കുന്നു. ലോകമെമ്പാടും ചെറുപ്പക്കാർക്കിടയിൽ വൻകുടൽ കാൻസറിന്റെ തോത് വല്ലാതെ വർദ്ധിച്ചു വരുന്നു. വൻകുടലിന്റെ ഇടത് ഭാഗത്തെ ട്യൂമർ, പ്രത്യേകിച്ച് മലാശയ കാൻസർ (റെക്ടൽ കാൻസർ) ആണ് ഇക്കൂട്ടരിൽ കൂടുതലായി കാണപ്പെടുന്നത് എന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. എന്തു കൊണ്ട് ഇത് സംഭവിക്കുന്നു എന്നതിനെ കുറിച്ച് പല ചിന്തകൾ ഉണ്ടെങ്കിലും ശാസ്ത്രലോകം വിരൽ ചൂണ്ടുന്നത് ജീവിത ശൈലിയിലെ മാറ്റങ്ങളിലേക്കും, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയവയിലേയ്ക്കുമാണ്. ഇവയിൽ പലതും ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി കാണപ്പെടുന്നതും നമുക്ക് മാറ്റാൻ കഴിയുന്ന ശീലങ്ങളും ആണ് എന്ന് ഓർക്കുക. 

ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയും സ്ക്രീനിങ് പരിശോധനകൾ വഴിയും തീർച്ചയായും പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ് വൻകുടൽ കാൻസർ. സ്ക്രീനിങ് ടെസ്റ്റുകൾ വഴി പല കാൻസറും ആരംഭത്തിൽ തന്നെ കണ്ടെത്താൻ കഴിയും എന്ന് നാം കേട്ടിട്ടുണ്ട്. വൻകുടൽ കാൻസറിന്റെ കാര്യം എടുത്താൽ കൊളനോസ്‌കോപ്പി വഴി രോഗത്തിനു മുൻപുള്ള അവസ്ഥ തന്നെ കണ്ടെത്താനും അങ്ങനെ ചിലപ്പോൾ ജീവൻ തന്നെ രക്ഷിക്കാനും സാധിക്കും എന്ന് പറയേണ്ടി വരും. 

കാൻസർ അതിജീവന സാധ്യതയും  രോഗം ആരംഭത്തിൽ കണ്ടെത്തുന്നതും  തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉള്ളത്. വൻകുടൽ കാൻസർ  ആരംഭത്തിൽ കണ്ടെത്തുന്നതിന് മലം പരിശോധിക്കുന്നത് തൊട്ട് കൊളനോസ്‌കോപ്പി വരെ ഉള്ള പരിശോധനകൾ ഉണ്ട്. ഇതേ പറ്റിയും രോഗലക്ഷണങ്ങളെ കുറിച്ചും പൊതുജനങ്ങളും ഡോക്ടർമാരും തീർച്ചയായും അറിഞ്ഞിരിക്കണം. ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഈ പരിശോധനകൾ ലഭ്യമാക്കാൻ ആരോഗ്യ രംഗത്തെ വിദഗ്‌ധർ പ്രത്യേകം ശ്രദ്ധിക്കണം. 

അൻപത്  വയസ്സ് കഴിഞ്ഞവർ പത്തു വർഷത്തിൽ ഒരിക്കൽ കൊളനോസ്‌കോപ്പി പരിശോധന നടത്തുന്നതാണ് അമേരിക്കയിലെ സ്ക്രീനിങ്ങ് രീതി.

മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, രക്തക്കുറവ് മൂലമുള്ള ക്ഷീണം, വയറുവേദന, മലവിസർജനത്തിനുണ്ടാകുന്ന മാറ്റങ്ങൾ (മലബന്ധം, വയറിളക്കം), ശരീരം ക്ഷീണിക്കുക, വിശപ്പിലായ്മ തുടങ്ങിയവയാണ് വൻകുടൽ കാൻസറിന്റെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ വരാം.

കീമോതെറാപ്പിയും ചില സന്ദർഭങ്ങളിൽ ടാർജെറ്റ്ഡ് ചികിത്സയും വൻകുടൽ കാൻസർ അതിജീവനസാധ്യത വർധിപ്പിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്ന് ഇത്രയേറെ പേർ ഈ രോഗത്തെ അതിജീവിക്കുന്നതിന് ഒരു പ്രധാന കാരണം കീമോതെറാപ്പി ചികിത്സ ആണ്. ചികിത്സയുടെ പ്രാധാന്യം, കീമോ എങ്ങനെ, എത്ര നാൾ കീമോ എടുക്കണം തുടങ്ങിയവയെ കുറിച്ച് നിങ്ങളുടെ മെഡിക്കൽ ഓൺകോളജി ഡോക്ടറോട് തന്നെ ചോദിച്ചറിയുക. 

വൻകുടൽ കാൻസർ അതിജീവിച്ചവർ ഫോളോ അപ്പ് പരിശോധനകൾ മുടക്കാതെ തുടരുക. ആരോഗ്യകരമായ ഭക്ഷണ രീതികളും ജീവിത ശൈലിയും വേണം. ചുവന്ന മാംസത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. അതോടൊപ്പം, നിങ്ങൾ ഈ രോഗം വന്നവർക്കുള്ള പ്രതീക്ഷയുടെ അടയാളങ്ങൾ കൂടി ആണ് എന്ന് മനസിലാക്കുക. അത് കൊണ്ട് തന്നെ വാക്കുകൾ കൊണ്ടും സാന്നിധ്യം കൊണ്ടും അവർക്ക് പ്രചോദനം നൽകുക. 

സോഷ്യൽ മീഡിയ ചിലപ്പോൾ ചിലർക്ക് അനുഗ്രഹമാണ്. എന്നാൽ മറ്റ് ചില അവസരങ്ങളിൽ ശാപവും. സോഷ്യൽ മീഡിയയിൽ വായിച്ചത് ശരിയാണോ തെറ്റാണോ എന്ന് അറിയാൻ സാധാരണ ജനങ്ങൾക്ക് പലപ്പോഴും ഒരു നിർവാഹവുമില്ല. ഏതു നാട്ടിലും  ഇത് തന്നെ ആണ് അവസ്ഥ. ഇത്തരം സന്ദേശങ്ങൾ വായിക്കുന്നവർ, താൻ വായിച്ചത് ശരിയാണോ എന്ന് ഈ രംഗത്തെ വിദഗ്ധരിൽ നിന്ന് തന്നെ അറിയാൻ ശ്രമിക്കണം. 

ഒരു കുടുംബത്തിൽ ആർക്കെങ്കിലും വൻകുടൽ കാൻസർ പിടിപെട്ടു എന്ന് വിചാരിക്കുക. ആ കുടുംബത്തിലുള്ളവർ ചില മുൻകരുതലുകൾ എടുക്കണം. ഏത് പ്രായത്തിൽ, ഏത് വശത്ത്, ഏത് തരം രോഗം വന്നു എന്നതിനെ അടിസ്ഥാനമാക്കി കുടുംബത്തിലെ മറ്റുള്ളവർ നിർബന്ധമായും സ്ക്രീനിങ് പരിശോധനകൾക്ക് വിധേയപ്പെടേണ്ടതാണ്. വൻകുടൽ കാൻസർ വന്ന പത്തു പേരിൽ ഒരാൾക്ക് പാരമ്പര്യം മൂലം രോഗം വരുന്നു എന്നാണ് കണക്ക്.

(അമേരിക്കയിലെ മിൽവോക്കി വിസ്കോൺസിൻ യൂണിവേഴ്സിറ്റി മെഡിക്കൽ കോളജിൽ അസ്സോസിയേറ്റ് പ്രൊഫസറും ഫോഡർട് കാൻസർ ആശുപത്രിയിൽ ഫേസ് 1 ക്ലിനിക്കൽ ട്രയൽ ഡയറക്ടറും ആണ് ഡോക്ടർ ബെൻ ജോർജ്. ഉദര സംബന്ധമായ കാൻസർ രോഗങ്ങളുടെ ചികിത്സയിൽ പ്രത്യേക താത്പര്യം ഉള്ള ഡോക്ടർ ബെന്നും ആലുവ  രാജഗിരി ആശുപത്രിയിലെ  സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോക്ടർ സഞ്ജു സിറിയക്കും തമ്മിൽ നടത്തിയ സൗഹൃദ സംഭാഷണത്തിൽ നിന്നു ഡോ. സഞ്ജു സിറിയക് തയാറാക്കിയത്)

English Summary : Colon cancer; symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com