ADVERTISEMENT

‘കാൻസർ രോഗിയാണ്. ഇതിനിടയിൽ അറ്റാക്കും വന്നിട്ടുണ്ട്. ഇപ്പോൾ മരുന്നുകൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ വാക്സീൻ എടുക്കാമോ?’ പന്തളം സ്വദേശി ശിവദാസ പിള്ളയുടേതാണ് സംശയം. കാൻസർ രോഗത്തിനു ചികിത്സയിലുള്ളവർ വാക്സീൻ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും നിർബന്ധമായും വാക്സീൻ എടുക്കണമെന്നുമാണ് കാൻസർ ചികിത്സാ വിദഗ്ധനും കൊച്ചി ലേക്‌ഷോർ ആശുപത്രി മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ.വി.പി.ഗംഗാധരന്റെ മറുപടി. കാൻസറും കോവിഡും എന്ന വിഷയത്തിൽ മലയാള മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ ജനങ്ങളുടെ ആരോഗ്യപരമായ സംശയങ്ങൾക്കും ആശങ്കകൾക്കും നർമം കലർന്ന മറുപടികളിലൂടെ ആശ്വാസമാവുകയായിരുന്നു ഡോക്ടർ

∙ കഴിഞ്ഞ അഞ്ച് വർഷമായി ആർസിസിയിൽ മൾട്ടിപ്പിൾ മയലോമയ്ക്ക് ചികിത്സ നടത്തിവരികയാണ്. രണ്ടാഴ്ച കൂടുമ്പോൾ കോർട്ടിസോൾ കുത്തിവയ്പ് എടുക്കുന്നുണ്ട്. എനിക്ക് വാക്സീൻ എടുക്കാമോ? വാക്സീൻ എടുത്ത് എത്ര ദിവസത്തിനു ശേഷം കോർട്ടിസോൾ കുത്തിവയ്പ് പുനരാരംഭിക്കാം? (സക്കറിയാസ് തോമസ്, കോന്നി)

വാക്സീൻ തീർച്ചയായും എടുക്കണം. ഒരു കോർട്ടിസോൾ ഇൻജക്‌ഷൻ എടുത്ത് ഒരാഴ്ചയ്ക്കു ശേഷം വാക്സീൻ എടുക്കാം. ചെറിയ പനിയുണ്ടാകാൻ സാധ്യതയുണ്ട്. അത് കാര്യമാക്കേണ്ടതില്ല. 

∙ 49 വയസ്സുള്ള ആളാണ്. ഇടത് ബ്രസ്റ്റിൽ തെന്നിമാറുന്ന വേദനയോടുകൂടിയ ചെറിയ മുഴയുണ്ട്. (ആശ, തിരുവല്ല)

വേദനയോടെയുള്ള മുഴ പേടിക്കേണ്ടതില്ല. കോവിഡ് പ്രതിസന്ധി കഴിയുമ്പോൾ അടുത്തുള്ള ഡോക്ടറെ കാണിച്ച് മാമോഗ്രാം ചെയ്യുന്നതും നല്ലതാണ്. 

∙ കാൻസർ രോഗിയാണ്. ഇപ്പോൾ ഭയങ്കര ക്ഷീണമാണ്. നടക്കുമ്പോൾ കാലിന്റെ മസിലുകൾക്ക് വേദനയാണ്. വൈറ്റമിൻ ഗുളികകൾ കഴിക്കുന്നുണ്ട്. (ശോഭ തോമസ്, കോഴഞ്ചേരി)

ചികിത്സയുടെ ഭാഗമായി ഇതുവരെ കഴിച്ചിരുന്ന മരുന്നുകളുടെ പാർശ്വഫലമായിട്ടായിരിക്കാം ഇപ്പോൾ വേദന അനുഭവപ്പെടുന്നത്. ഇപ്പോൾ കഴിക്കുന്ന മരുന്നുകൾ തുടരുക. വേദന കൂടുകയാണെങ്കിൽ ഡോക്ടറെ കാണാം.

∙ കാൻസർ രോഗികൾക്ക് കോവിഡ് വന്നു ഭേദമായ ശേഷം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? (ജോൺ ഡാനിയേൽ, ഓമല്ലൂർ)

എല്ലാ കാൻസർ രോഗികൾക്കും ഇത് ഒരുപോലെ ആയിരിക്കണമെന്നില്ല. പൊതുവേ വിശ്രമം ആവശ്യമാണ്. തുടർച്ചയായി കഴിക്കുന്ന മരുന്ന് മുടക്കരുത്. കീമോ മുതലായ ചികിത്സകൾ നടത്തുന്നവർ അത് തുടരണം. 

heath-channel-dr-v-p-gangadharan-oncologist
ഡോ.വി.പി. ഗംഗാധരൻ

∙ ഭാര്യയ്ക്ക് ക്രോണിക് മയലോയിഡ് ലുക്കീമിയയാണ്. ആറുമാസം കൂടുമ്പോൾ ടെസ്റ്റുകൾ നടത്തിവന്നിരുന്നു. മരുന്നുകൾ കഴിക്കുന്നുണ്ട്. ടെസ്റ്റ് വൈകുന്നതിൽ പ്രശ്നമുണ്ടോ? വാക്സീൻ എടുക്കാമോ? (ജോസഫ്, തിരുവല്ല)

ബ്ലഡ് കൗണ്ട് (സിബിസി, ടിസി, ഡിസി. പ്ലേറ്റലെറ്റ്) നോർമൽ ആണോ എന്നുമാത്രം നോക്കുക. മറ്റു ടെസ്റ്റുകൾ പിന്നീട് നടത്തിയാൽ മതി. വാക്സീൻ എടുക്കാം. 

∙ എനിക്ക് എഴുപത് വയസ്സുണ്ട്. ആൻജിയോഗ്രാം ചെയ്തിട്ടുണ്ട്. എന്റെ ഭാര്യയ്ക്ക് അപസ്മാരത്തിന്റെയും ക്ലോട്ടിങ്ങിന്റെയും അസുഖമുണ്ട്. വാക്സീൻ എടുക്കാമോ (സി.എം.മാത്യു)

രണ്ടു പേരും എത്രയും വേഗം വാക്സീൻ എടുക്കണം.

∙ 21 വയസ്സുള്ള മകൾ കാൻസർ രോഗിയാണ്. വാക്സീൻ എടുക്കാമോ? എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? (സിബി തോമസ്, റാന്നി)

കാൻസർ രോഗികൾ വാക്സീൻ എടുക്കുന്നതിൽ കുഴപ്പമില്ല. വാക്സീൻ എടുത്തശേഷം പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാവുകയാണെങ്കിൽ 8 മണിക്കൂർ ഇടവിട്ട് മൂന്നു തവണയായി ഡോളോ കഴിക്കാവുന്നതാണ്.

∙ 82 വയസ്സുള്ള ആളാണ്. ലങ് കാൻസർ ഉണ്ടോയെന്ന് കണ്ടെത്താനുള്ള ടെസ്റ്റ് നടത്തുന്നതിൽ റിസ്ക് ഉണ്ടോ? (അക്കാമ്മ)

ബയോപ്സി നടത്തുന്നതിൽ റിസ്കുകൾ കുറവാണ്. ടെസ്റ്റ് നടത്തുന്നതാണ് നല്ലത്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരാൻ സാധ്യതയുള്ളതായി തോന്നുന്നുവെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റായി ടെസ്റ്റ് നടത്താം. 

∙ സഹോദരിക്ക് 18 വർഷം മുൻപ് ബ്രെസ്റ്റ് കാൻസർ വന്നു. ഓപ്പറേഷൻ നടത്തി ബ്രസ്റ്റ് എടുത്തുകളഞ്ഞു. അഞ്ചുവർഷം ഇതിനുള്ള മരുന്നുകൾ കഴിച്ചു. ചെക്കപ്പുകൾ മുടങ്ങാതെ നടത്തുന്നുണ്ട്. ഷുഗറും പ്രെഷറും ഉണ്ട്. വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചു. അടുത്ത ഡോസ് എടുക്കാൻ വൈകുന്നതിൽ പ്രശ്നമുണ്ടോ? (ശിവദാസൻ, പത്തനംതിട്ട)

വർഷത്തിലൊരിക്കൽ ചെക്കപ്പ് നടത്തുക. വാക്സീൻ അടുത്ത ഡോസ് സ്വീകരിക്കണം. 60 മുതൽ 90 ദിവസം വരെ ഇടവേള വരുന്നതിലും പ്രശ്നമില്ല. ഷുഗറും പ്രെഷറും നിയന്ത്രണവിധേയമാക്കി നിർത്തുക. 

∙ കാൻസറിന്റെ നാലാം സ്റ്റേജിലാണ്. കീമോ കഴിഞ്ഞു. ഹോർമോൺ ഗുളികകളും മറ്റും കഴിക്കുന്നുണ്ട്. ഇപ്പോൾ ഒരു കണ്ണിന്റെ കാഴ്ച മുഴുവനുമായി നഷ്ടപ്പെട്ടു. ഇത് അടുത്ത കണ്ണിനെ ബാധിക്കുമോ? ചികിത്സയുണ്ടോ?

ഗുളിക കഴിക്കുന്നത് തുടരുക. മറ്റേ കണ്ണ് ഡോക്ടറെ കാണിക്കാവുന്നതാണ്. ഇതിനായി മറ്റ് ചികിത്സകൾ നടത്തേണ്ടതില്ല.

∙ ആർസിസിയിൽ കാൻസറിന് ചികിത്സയിലാണ്. നാവിനടിയിലും താടിയെല്ല് മുറിച്ചും സർജറി നടത്തിയിട്ടുണ്ട്. ഇപ്പോൾ ഇടത്തെ ചെവിയിൽ വേദന അനുഭവപ്പെടുന്നു. ഭക്ഷണം ചവച്ചു കഴിക്കാനും ബുദ്ധിമുട്ടാണ്. 28 തവണ റേഡിയേഷൻ നടത്തിയിട്ടുണ്ട്. (ശിവരാജൻ, ഇലന്തൂർ)

കാൻസർ ചികിത്സയുടെ ഭാഗമായി കഴിച്ച മരുന്നുകളുടെ പാർശ്വഫലമായിട്ടാകാം അസ്വസ്ഥത ഉണ്ടാകുന്നത്. കാൻസറുമായി ഇതിന് ബന്ധമുള്ളതായി തോന്നുന്നില്ല. കഠിനമായ വേദനയിലേക്കു പോവുകയാണെങ്കിൽ മാത്രം വേദനസംഹാരി കഴിക്കാം.

∙ കാൻസർ രോഗിയാണ്. ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല. ഇടയ്ക്ക് അപസ്മാരം വന്നിട്ടുണ്ട്. ഇപ്പോൾ അതിനുള്ള മരുന്നു കഴിക്കുന്നുണ്ട്. രക്തസമ്മർദവും കെളസ്ട്രോളും ഉണ്ട്. ഓപ്പറേഷൻ നടത്തിയ വശത്തു വാക്സീൻ ഇൻജക്‌ഷൻ എടുക്കാമോ? (ലീന, പത്തനംതിട്ട) 

ഓപ്പറേഷൻ നടത്തിയ വശത്ത് വാക്സീൻ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇതു ചിലപ്പോൾ നീരിനും വീക്കത്തിനും കാരണമായേക്കാം. 

∙ മൈക്കോസിസ് ഫങ്കോയിഡിന് (സ്കിൻ കാൻസർ) ചികിത്സയിലാണ്. 2007 മുതൽ മരുന്നുകൾ കഴിക്കുന്നുണ്ട്. ദേഹത്ത് മുഴകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇവ വലുതാവുകയും മുഴയിൽ നിന്ന് വെള്ളം വരികയും ചെയ്യുന്നു. എന്താണ് പരിഹാരം? (സുരേന്ദ്രൻ, കോന്നി)

ഇതിനെക്കുറിച്ചുള്ള ചികിത്സയ്ക്കു വിദഗ്ധ പരിശോധന നടത്തി കാരണം കണ്ടെത്തേണ്ടിയിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചശേഷം നേരിൽ വന്നു കാണുകയാണെങ്കിൽ ചികിത്സയ്ക്കു വേണ്ട നിർദേശങ്ങൾ നൽകാൻ സാധിക്കും.

∙ ആർസിസിയിൽ കാൻസർ ചികിത്സയിലാണ്. 2 കീമോ കഴി‍ഞ്ഞു. ഇപ്പോൾ നാവിനടിയിൽ വേദനയാണ്. എന്തെങ്കിലും ചികിത്സ ചെയ്യേണ്ടതുണ്ടോ? (ശാന്തമ്മ, കോഴഞ്ചേരി)

കാൻസറിന്റെ ചികിത്സ തുടരുക. അതികഠിനമായ വേദനയുണ്ടാവുകയാണെങ്കിൽ മാത്രം വേദനസംഹാരി ഗുളികകൾ കഴിക്കാം. വേദനയ്ക്കു മാറ്റമില്ലെങ്കിൽ ഡോക്ടറെ കണ്ട് പ്രശ്നമെന്തെന്ന് കണ്ടെത്തണം. 

കോവിഡിനെ പേടി വേണ്ട 

കാൻസർ രോഗികളായുള്ളവർ കോവിഡിനെ ഭയക്കേണ്ടതില്ല. സാധാരണയായി സ്വീകരിക്കുന്ന മുൻകരുതലുകൾ തുടർന്നാൽ മാത്രം മതി. വീടിനുള്ളിലും മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ തുടരാം. ടെസ്റ്റുകൾ മുടങ്ങിയവർ അവസരം ലഭിക്കുന്ന മുറയ്ക്ക് അവ തുടരാൻ ശ്രമിക്കുക.

കാൻസർ രോഗികൾ കോവിഡ് പോസിറ്റീവ് ആയാലും ചികിത്സയിലൂടെ തിരികെ വരാവുന്നതാണ്. ഗുരുതരമായ സ്റ്റേജിലുള്ളവർ ജാഗ്രത പാലിക്കണം. ആരോഗ്യസ്ഥിതി വഷളാകാതെ ശ്രദ്ധിക്കുക.

എല്ലാ മുഴകളും സ്തനാർബുദമല്ല

സ്തനങ്ങളിൽ കണ്ടുവരുന്ന എല്ലാ മുഴകളും അർബുദത്തിന്റേതാകണമെന്നില്ല. വേദനയോടു കൂടിയ തെന്നിമാറുന്ന മുഴകളെ ഭയക്കേണ്ടതില്ല. എന്നിരുന്നാലും 40 വയസ്സിനു മുകളിലുള്ളവർ ഇടവേളകളിൽ മാമോഗ്രാം ചെയ്യുന്നത് നല്ലതാണ്. ഈ പ്രായത്തിൽ സ്തനാർബുതത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിന് മാമോഗ്രാം പരിശോധന സഹായകമാകും. 

English Summary : COVID- 19 and cancer

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com