ADVERTISEMENT

ഇന്ത്യയിൽ ഉൾപ്പെടെ പലരാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചത് വാക്സിനേഷൻ നടപടികൾ തുടങ്ങിയ സമയത്തായിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ തീവ്ര ലക്ഷണങ്ങൾ ഇല്ലാത്തവരോ ആയ കോവിഡ് രോഗികൾ രോഗമുണ്ടെന്നത് അറിയാതെ പോയി വാക്സീൻ എടുത്തതാകാം നിലവിലെ തീവ്ര കോവിഡ് വ്യാപനത്തിനു പിന്നിലെന്ന സംശയം ഉയർത്തുകയാണ് ചില ഡോക്ടർമാർ. കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആകുന്നവർ മാത്രം വാക്സീൻ സ്വീകരിച്ചാൽ  ഇപ്പോഴത്തെ ഉയർന്ന കേസ് ലോഡ് കുറയ്ക്കാനാകുമെന്ന് ഇവർ അഭിപ്രായപ്പെടുന്നു. ഇതിലൂടെ വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങൾ ആകാതെ സൂക്ഷിക്കാനാകുമെന്നും ഒരു കൂട്ടം ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ തീവ്രമായ ലക്ഷണങ്ങൾ ഇല്ലാത്തവരോ ആയ കോവിഡ് രോഗികളിൽ പലപ്പോഴും അവരുടെ പ്രതിരോധസംവിധാനം തന്നെ വൈറസിനെ ഫലപ്രദമായി നേരിടുമെന്ന് മഹാരാഷ്ട്ര ഗവർണറുടെയും മുംബൈയിലെ ചില സ്വകാര്യ ആശുപത്രികളുടെയും ഇന്റെണൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. സാമ്രാട്ട് ഡി. ഷാ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത്തരക്കാർ പോസിറ്റീവ് ആണെന്ന് അറിയാതെ വാക്സീൻ എടുക്കുന്നതോടെ പ്രതിരോധ സംവിധാനം കൂടുതൽ പ്രചോദിപ്പിക്കപ്പെട്ട് രോഗിയുടെ ലക്ഷണങ്ങൾ തീവ്രമാകുകയും തന്മൂലം ആശുപത്രിവാസം വേണ്ടി വരികയും ചെയ്യുന്നു. ഇത് ആശുപത്രികളിലേക്ക് കൂടുതൽ രോഗികൾ എത്തി ആരോഗ്യ സംവിധാനത്തിനു മേൽ സമ്മർദ്ദമേറ്റുന്നു. കൂടുതൽ പേർ ഒരേ സമയം രോഗബാധിതരാകുന്നത്  അത്യാവശ്യക്കാർക്ക് ഓക്സിജൻ അടക്കമുള്ള സംവിധാനങ്ങൾ ലഭിക്കാതിരിക്കാനും മരണസംഖ്യ വർധിക്കാനും ഇടയാക്കുന്നു.

ഈ ചുറ്റുപാടിലാണ് കോവിഡ് പരിശോധനയ്ക്ക് ശേഷം മതി വാക്സിനേഷൻ എന്ന ആവശ്യം ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. എന്നാൽ ഈ വാദത്തിന് ശാസ്ത്രീയ കണ്ടെത്തലുകളുടെ പിന്തുണയില്ലെന്നും താനടക്കമുള്ള ഡോക്ടർമാരുടെ നിരീക്ഷണം  മാത്രമാണെന്നും ഡോ. ഷാ കൂട്ടിച്ചേർക്കുന്നു. രോഗികൾ സ്വയം ചികിത്സിക്കാൻ ഒരുങ്ങുന്നതും പ്രശ്നം വഷളാക്കുന്നുണ്ടെന്ന് ഡോ.ഷാ ചൂണ്ടിക്കാണിച്ചു.

പലരും സ്റ്റിറോയ്ഡ്, റെംഡെസിവിർ പോലുള്ള മരുന്നുകൾ വാങ്ങി സ്റ്റോക്ക് ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് തന്നെ  വൈറസിനെ കീഴ്പ്പെടുത്താവുന്നതാണ്  85% കോവിഡ് കേസുകളും. എന്നാൽ പ്രതിരോധ സംവിധാനത്തിന് പ്രവർത്തിക്കാൻ ഇടകൊടുക്കാതെ ആദ്യഘട്ടത്തിൽതന്നെ സ്റ്റിറോയ്ഡ് മരുന്ന് കഴിച്ചാൽ ഈ മരുന്നുകൾ പ്രതിരോധ സംവിധാനത്തെ അമർത്തി വയ്ക്കുകയും വൈറസ് വേഗം പെറ്റുപെരുകാൻ ഇടയാക്കുകയും ചെയ്യും. ഓക്സിജൻ നില ഉൾപ്പെടെ നിരന്തരം നിരീക്ഷിച്ചുകൊണ്ട് രോഗികളും കൂട്ടിരിപ്പുകാരും ജാഗ്രതയോടെ ഇരുന്നാൽ മതിയെന്നും സ്വയം ചികിത്സ പാടില്ലെന്നും  ഡോ. ഷാ കൂട്ടിച്ചേർക്കുന്നു.

വാക്സീൻ എടുക്കുന്നവർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കുമെന്ന ചിന്ത പൊതുജനങ്ങൾക്കിടയിലും ഉയർന്നു വരുന്നതായി അടുത്തിടെ നടന്ന ഒരു സർവേ ചൂണ്ടിക്കാണിക്കുന്നു. ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിൽ പങ്കെടുത്ത 48 ശതമാനം പേരും വാക്സീനു മുൻപ് പരിശോധന വേണമെന്ന് അഭിപ്രായപ്പെട്ടു. അത് വേണ്ട എന്ന് പറഞ്ഞവർ 27 ശതമാനം മാത്രമാണ്.  ഇന്ത്യയിലെ 278 ജില്ലകളിലെ പതിനാറായിരത്തോളം പേരുടെ പ്രതികരണമാണ് സർവേ രേഖപ്പെടുത്തിയത്. അതേസമയം ഇത്തരത്തിൽ വാക്സീൻ എടുക്കുന്നതിന് മുന്നോടിയായുള്ള പരിശോധന അനാവശ്യമാണെന്നും ഇത് നിലവിലെ പരിശോധനകൾ  കൃത്യസമയത്ത് പൂർത്തീകരിക്കാൻ കൂടി ബുദ്ധിമുട്ടുന്ന ആരോഗ്യ സംവിധാനത്തിന് അധികഭാരം ആകുമെന്നും ഹെൽത്ത് കെയർ  ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോക്ടർ ഹർഷ് മഹാജൻ അഭിപ്രായപ്പെട്ടു.

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർ വാക്സീൻ എടുക്കാൻ ആറു മാസം കാത്തിരിക്കണമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ  കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

English Summary : COVID- 19 vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com