ADVERTISEMENT

കോവിഡുമായി ബന്ധപ്പെട്ട് പടരുന്ന ബ്ലാക് ഫംഗസിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ആരോഗ്യ സംവിധാനം.  രോഗം റിപ്പോർട്ട് ചെയ്താൽ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട തരം 'നോട്ടിഫൈയബിൾ ഡിസീസ്' ആയി പല സംസ്ഥാനങ്ങളും ബ്ലാക് ഫംഗസിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ ആശങ്ക ഉയർത്തിക്കൊണ്ട് ബ്ലാക്ക് ഫംഗസിനേക്കാൾ  അപകടകാരിയായ വൈറ്റ് ഫംഗസ് രോഗവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബീഹാറിലെ പട്നയിൽ നാല് വൈറ്റ് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് വിവരം. വൈറ്റ് ഫംഗസ് ബാധിതരുടെ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ സൂചിപ്പിക്കുന്നു.

ബ്ലാക്ക് ഫംഗസിനെക്കാൾ നാലുമടങ്ങ് തീവ്രവും നിരവധി ലക്ഷണങ്ങളോട് കൂടിയതുമാണ് വൈറ്റ് ഫംഗസ്. ബ്ലാക്ക് ഫംഗസ് പോലെതന്നെ മ്യൂകോർമൈസെറ്റസ് എന്ന ഫംഗസുകൾ ആണ് വൈറ്റ് ഫംഗസിനും കാരണമാകുന്നത്. ശ്വാസത്തിലൂടെ ഉള്ളിൽ കിടക്കുന്ന ഫംഗസുകൾ പ്രധാനപ്പെട്ട അവയവങ്ങളെ ബാധിച്ച്  സങ്കീർണതകൾ ഉണ്ടാക്കുന്നു.

മറ്റു പല രോഗങ്ങളേയും പോലെ പ്രതിരോധശേഷി കുറഞ്ഞവരെയാണ് വൈറ്റ് ഫംഗസ് പെട്ടെന്ന് പിടികൂടുക. സഹരോഗാവസ്ഥകൾ ഉള്ളവരും പ്രതിരോധ സംവിധാനത്തെ അമർത്തി വയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവരും വൈറ്റ് ഫംഗസ് പിടിപെടാൻ സാധ്യത കൂടുതൽ ഉള്ളവരാണ്. പ്രമേഹം, അർബുദം പോലെ തുടർച്ചയായി സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കേണ്ട രോഗങ്ങൾ ഉള്ളവർക്കും അപകടസാധ്യതയേറെ. ബ്ലാക് ഫംഗസിൽ  നിന്നു വ്യത്യസ്തമായി സ്ത്രീകൾക്കും കുട്ടികൾക്കും വൈറ്റ് ഫംഗസ് പിടിപെടാൻ സാധ്യത കൂടുതലാണ്. വൃത്തിയില്ലാത്ത സാഹചര്യങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതും വൈറ്റ് ഫംഗസ് സാധ്യത വർധിപ്പിക്കുന്നു.

ദീർഘകാലമായി ഓക്സിജൻ സപ്പോർട്ടിൽ കഴിയുന്നവർക്കും വൈറ്റ് ഫംഗസ് ബാധിക്കാൻ ഇടയുണ്ട്. ഫംഗസിനാൽ മലിനമാക്കപ്പെട്ട വെള്ളത്തിലൂടെയും രോഗം പിടിപെടാം. ആശുപത്രിയിൽ കഴിയുന്ന കോവിഡ് രോഗികളിലാണ് വൈറ്റ് ഫംഗസ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഹ്യുമിഡിഫയറിലും  ഓക്സിജൻ സിലിണ്ടറുകളിലും ഫിൽറ്റർ ചെയ്യാത്ത  വെള്ളം ഉപയോഗിക്കുന്നത് കോവിഡ് രോഗികളെ വൈറ്റ് ഫംഗസ് ബാധിതരാക്കാനുള്ള  സാധ്യത വർധിപ്പിക്കും.  

വൈറ്റ് ഫംഗസ് ബാധിക്കപ്പെട്ട രോഗികൾ കോവിഡിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമെങ്കിലും പരിശോധനയിൽ നെഗറ്റീവ് ആകും. സിടി സ്കാനോ എക്സ്-റേയോ പോലുള്ള പരിശോധനകൾ വഴി മാത്രമേ രോഗനിർണയം സാധ്യമാകൂ. ശ്വാസകോശത്തെ മാത്രമല്ല നഖങ്ങൾ, ചർമം, വയർ,വൃക്ക, തലച്ചോർ, ലൈംഗികാവയവങ്ങൾ, വായ എന്നിങ്ങനെ പല അവയവങ്ങളെയും വൈറ്റ് ഫംഗസ് ബാധിക്കാം.

ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടൽ, നീർക്കെട്ട്, അണുബാധ, തുടർച്ചയായ തലവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ബ്ലാക് ഫംഗസിനെ പോലെ തന്നെ ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ചാണ് വൈറ്റ് ഫംഗസും ചികിത്സിക്കുന്നത്. നിലവിൽ ആന്റി ഫംഗൽ മരുന്നുകൾക്ക്  നേരിടുന്ന ക്ഷാമം വൈറ്റ് ഫംഗസ് ചികിത്സയിൽ  സങ്കീർണതകൾ സൃഷ്ടിക്കുമോ എന്ന ഭയവും ആരോഗ്യപ്രവർത്തകർ പങ്കുവയ്ക്കുന്നു.

English Summary : White fungus cases on rise; Signs, symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com