ADVERTISEMENT

കോവിഡിന്റെ ഇക്കാലത്ത് ശ്വാസത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. ആശ്വാസത്തോടെ ശ്വാസം വിടാൻ ശ്വാസകോശ രോഗം ഇല്ലാതെ ഇരിക്കുന്നു എന്ന് ഉറപ്പിക്കുകയാണ് ആദ്യം വേണ്ടത്. പ്രായമുള്ളവരോട് ഇക്കാര്യം പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ?

ആസ്മ

ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും മൂലമുണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഗുരുതരവുമാണ് ആസ്മ. പുകവലി, വ്യായാമക്കുറവ്, ഭക്ഷണ രീതികൾ, അന്തരീക്ഷ മലിനീകരണം എന്നിവ ശ്വാസകോശങ്ങളുടെ ആരോഗ്യത്തെ നേരിട്ടു ബാധിക്കുന്നു. ഇവ ശ്വാസകോശത്തിന്റെ ഗതിയെ ബാധിക്കുമ്പോഴാണു രോഗം ഗുരുതരമാകുന്നത്. ശ്വാസകോശത്തിന്റെ സങ്കോചത്തെയും അതുമൂലമുണ്ടാകുന്ന നീർക്കെട്ടിനെയുമാണ് ആസ്മ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. ശ്വാസകോശങ്ങളിലേക്കുള്ള വായുവിന്റെ പ്രവാഹം തടസ്സപ്പെടുത്തി ശ്വസനത്തെ ബാധിക്കുന്ന അവസ്ഥയാണിത്.

ആസ്മയുടെ ലക്ഷണങ്ങൾ

 ∙ കൂടുതലായി രാത്രിയും അതിരാവിലെയും ഉള്ള ചുമ.

 ∙ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വസിക്കുമ്പോൾ നെഞ്ചു വലിഞ്ഞു മുറുകുക.

 ∙ ശ്വസിക്കുമ്പോൾ നെഞ്ചിൽ നിന്നു വിസിലടിക്കുന്നതുപോലെ ശബ്ദമുണ്ടാവുക.

 ∙ ഇടയ്ക്കിടെ ഉണ്ടാവുന്ന മൂക്കൊലിപ്പും തുടർന്നുള്ള ചുമയും കഫക്കെട്ടും.

പ്രതിരോധിക്കാം, ചികിത്സിക്കാം

ശ്വാസകോശത്തെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രോഗാവസ്ഥയാണ് ആസ്മ. പക്ഷേ, ദീർഘകാലം നീണ്ടുനിൽക്കുന്നതും പൂർണ പരിഹാരം സാധ്യമല്ലാത്തതുമായ അസുഖവും. ആസ്മയുണ്ടാകുന്ന വസ്തുക്കളാണ് അലർജനുകൾ. പൊടി, പുക, തണുപ്പ് ഇവയാണു പ്രധാന വില്ലൻമാർ.

 മെത്തയും തലയണയും വെയിലത്തു നന്നായി ഉണക്കിയ ശേഷം നേർത്ത റെക്സിൻ കൊണ്ടു കവർ തയ്പ്പിച്ച് ഇടുക. തുന്നിയ ഭാഗത്തു പ്ലാസ്റ്റർ ഒട്ടിച്ചു ഭദ്രമാക്കുക.

 പുകവലിക്കാരുടെ സാമീപ്യം ഒഴിവാക്കുക

 ആഴ്ചയിലൊരിക്കൽ ഫാൻ തുടയ്ക്കുക.

 പട്ടി, പൂച്ച, പക്ഷികൾ തുടങ്ങിയവ വീട്ടിൽ ഒഴിവാക്കുക.

 കൊതുകുതിരി, മാറ്റ്, ചന്ദനത്തിരി, സുഗന്ധലേപനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.

പരിശോധിക്കണം ശ്വാസകോശ ആരോഗ്യവും

ഉയർന്ന രക്തസമ്മർദമുള്ളവർ ഇടയ്ക്കിടെ ബിപി നോക്കുന്നതുപോലെ ആസ്മ രോഗികളും ശ്വാസതടസ്സം നേരിടുന്നവരും ശ്വാസകോശത്തിന്റെ ആരോഗ്യം തുടർച്ചയായി നിരീക്ഷിക്കണം. രോഗമില്ലാത്തവരും പരിശോധിക്കുന്നതു നല്ലതാണ്. ശ്വാസകോശ ആരോഗ്യം തിരിച്ചറിയാനുള്ള ആദ്യപടിയാണ് പൽമണറി ഫങ്ഷൻ ടെസ്റ്റ്. എത്ര കാര്യക്ഷമമായാണു ശ്വാസകോശം പ്രവർത്തിക്കുന്നതെന്ന് ഈ പരിശോധനയിലൂടെ അറിയാനാകും. സ്പൈറോമെട്രി അല്ലെങ്കിൽ പൾമണറി ഫങ്ഷൻ ടെസ്റ്റ് വഴി  പ്രായത്തിന് അനുസരിച്ച് ശ്വാസം ഉള്ളിലേക്കെടുക്കുന്നതും പുറത്തേക്ക് വിടുന്നതും മനസ്സിലാക്കിയാണ് ശ്വാസകോശ ആരോഗ്യം മനസ്സിലാക്കുന്നത്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഈ പരിശോധനയ്ക്കു സൗകര്യം ഉണ്ട്. 

രോഗം കൂടുതൽ നഗരങ്ങളിൽ

പാരമ്പര്യമായി വരുന്ന അസുഖമാണെങ്കിലും ജീവിത സാഹചര്യങ്ങളും ആസ്മയ്ക്കു കാരണമാകുന്നു. നഗരങ്ങളിലും വ്യവസായ മേഖലകളിലും രോഗികളുടെ എണ്ണം കൂടുതലാണ്.

ഇൻഹേലർ ചികിത്സ ഫലപ്രദം

ആസ്മ ചികിത്സയുടെ പ്രധാന ലക്ഷ്യം രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ചു നിർത്തുക എന്നതാണ്. ഇതിൽ ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇൻഹേലേഷൻ തെറപ്പി. പ്രതിദിനം നാലു രൂപ മുതൽ ആറു രൂപ വരെ മാത്രമാണു ചെലവ്. ഉള്ളിൽ കഴിക്കുന്ന മരുന്നുകളെ അപേക്ഷിച്ചു ഡോസേജ് വളരെ കുറവായതിനാൽ പാർശ്വഫലങ്ങൾ താരതമ്യേന കുറവ്. ഏതെങ്കിലും കുട്ടി നെബുലൈസർ വഴിയോ, മീറ്റേർഡ് ഡോസ് ഇൻഹേലർ വഴിയോ, ഡ്രൈ പൗഡർ ഇൻഹേലർ വഴിയോ ചികിൽസ എടുക്കുന്നുണ്ടെങ്കിൽ ആ കുട്ടി ഇൻഹേലർ തെറപ്പിയിൽ ആണെന്നു പറയാം. രണ്ടു തരത്തിലുള്ള ഇൻഹേലറുകളാണുള്ളത്. ശ്വാസതടസ്സം നേരിടുമ്പോൾ ഉപയോഗിക്കേണ്ടതും ശ്വാസതടസ്സം വരാതിരിക്കാനുള്ളതും.

മിഥ്യാ ധാരണകൾ അകറ്റാം

ഇൻഹേലറുകൾ അടിമയാക്കും? ഇൻഹേലറുകൾ അവസാന ശ്രമമെന്ന നിലയിൽ ഉപയോഗിക്കുന്നതാണെന്നും അതുപയോഗിക്കുന്നവർ  അവയ്ക്കടിമപ്പെടുമെന്നും കരുതുന്നവരുണ്ട്. ഇൻഹേലറുകൾ ഉപയോഗിക്കുമ്പോൾ അവ ശ്വാസകോശത്തിൽ മാത്രമാണു പ്രവർത്തിക്കുന്നത്. രക്തത്തിൽ കലർന്നു മറ്റ് അവയവങ്ങളിൽ എത്താത്തതിനാൽ ഇതു മറ്റൊരു അവയവത്തെയും ബാധിക്കില്ല.

ഇൻഹേലറിനേക്കാൾ ഫലം കഴിക്കുന്ന മരുന്നിനാണ്?

അല്ല. ഏറ്റവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ചികിത്സാ രീതി ഇൻഹേലർ തന്നെ. ഇൻഹേലർ നേരിട്ടു ശ്വാസകോശത്തിലേക്കായതിനാൽ ഫലം വേഗമുണ്ടാകും. വേദനയ്ക്ക് ഓയിൻമെന്റും കണ്ണിലെ അസുഖങ്ങൾക്കു തുള്ളിമരുന്നും ഉപയോഗിക്കുന്നതു പോലെയാണ് ഇൻഹേലറും.

ആസ്മ രോഗം മാറ്റാം?

ഇല്ല. വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഇതുവരെ ആസ്മ രോഗം ഇല്ലാതാക്കാനുള്ള മരുന്നോ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല. ആയുർവേദം, ഹോമിയോ അലോപ്പതി, മത്സ്യചികിത്സ എന്നിങ്ങനെ പല ചികിത്സാ രീതികളുണ്ടെങ്കിലും രോഗം നിയന്ത്രിച്ചു നിർത്താനുള്ള മരുന്നുകൾ മാത്രമാണു ലഭ്യം.

 ആസ്മ രോഗികൾക്കു സാധാരണ ജീവിതം സാധ്യമല്ല

തെറ്റാണ്. കൃത്യമായി ചികിത്സ തേടുന്ന ആസ്മ രോഗികൾക്കു സാധാരണ ജീവിതം സാധ്യമാണ്.

ആസ്മ മറ്റുള്ളവരിലേക്കു പകരും?

ഇല്ല.

 ആസ്മ മരണകാരണമായേക്കാം

ശരിയാണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം ആസ്മ മൂലം പ്രതിവർഷം മരിക്കുന്നത് 2.5 ലക്ഷം പേർ.

English Summary : Asthma; causes, symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com