ADVERTISEMENT

ഏതു തിരക്കുള്ള ഇടങ്ങളിലും ഒരു നിമിഷം പോലും പാഴാക്കാതെ കളിച്ചു തിമിർക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ.. മുതിർന്നവർ ചിലപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടാകും എവിടെ നിന്നാണ് കുട്ടികൾക്കിത്ര ഊർജം. മനുഷ്യ ശരീരത്തിന്റെ ജീവശാസ്ത്രപരമായ നിർമിതി തന്നെ ചലിച്ചുകൊണ്ടേയിരിക്കാനാകുമ്പോൾ, എവിടെങ്കിലും ചടഞ്ഞുകൂടിയിരുന്ന് സമയം കളയുന്നതെങ്ങനെ. 

എന്നാൽ, കോറോണ വൈറസ് ഡിസീസ്‌ 19 എന്ന കോവിഡ്-19 രോഗം മനുഷ്യരോട്  ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ക്രൂരതകളിലൊന്ന് നമ്മളെ നമ്മുടെ വീടുകള്‍ക്കുള്ളിൽ ഒതുക്കിക്കളഞ്ഞു എന്നുള്ളതാവാം. മനുഷ്യന്റെ ചലിക്കാനുള്ള സ്വാതന്ത്ര്യത്തെ വീടിന്റെ, ആശുപത്രികളുടെ ചെറിയ അകത്തളങ്ങളിൽ പരിമിതപ്പെടുത്തി.  രോഗവ്യാപനത്തിന് എതിരെ ലോക്‌‍ഡൗൺ ഏറ്റവും അനിവാര്യമായ പരിഹാര മാർഗമാണെങ്കിലും അത് തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നത്, സഞ്ചരിക്കാനുള്ള മനുഷ്യന്റെ സഹജ വാസനയെയാണ്.

ഒരു വർഷത്തിലേറെയായി നമുക്കു ചുറ്റും നിലനിൽക്കുന്ന ലോക്‌‍ഡൗൺ സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളും ഇന്റർനെറ്റും മുൻപത്തേക്കാൾ വ്യാപകമായി നമ്മുടെ സമയം കവർന്നെടുക്കാൻ തുടങ്ങുന്നത്. സഞ്ചരിക്കാനും പുറത്തിറങ്ങാനും സാധിക്കാതെ വന്നപ്പോൾ കൂടുതലായി കൈയിൽ കിട്ടിയ സമയത്തെ ഉപയോഗിച്ചു തീർക്കുന്നത് പലരും ഇന്റർനെറ്റിന്റെ കൂട്ടുപിടിച്ചുകൊണ്ടാണ്.  

ജോലി, പഠനം, അറിവ്, വിനോദ ആവശ്യങ്ങൾക്കുള്ള മാർഗം എന്നതിൽ നിന്ന് ആസക്തിയുടെ അളവിലേക്ക് വരെ ഇന്റർനെറ്റും സോഷ്യൽ മീഡിയയും മനുഷ്യനെ എത്തിക്കുന്നതായി പഠനങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്റർനെറ്റിന്റെ അമിതോപയോഗം മാനസിക ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.  

പഠനങ്ങൾ പറയുന്നു, കൂടുതൽ ബാധിക്കുന്നത് യുവാക്കളെ

ന്യൂഡൽഹിയിലെ മൗലാനാ ആസാദ് മെഡിക്കൽ കോളജിൽ അവിടുത്തെ വൈദ്യശാസ്ത്ര വിദ്യാർഥികൾക്കിടയിൽ ജനുവരിയിൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത് 18 മുതൽ 25 വയസ്സ് പ്രായത്തിലുള്ള വിദ്യാർഥികളെ/യുവാക്കളെയാണ് സോഷ്യൽ മീഡിയ ഉപയോഗം മോശമായി ബാധിക്കുന്നതെന്നാണ്. 

'മഹാമാരിക്കാലത്തെ സമൂഹമാധ്യമ ഉപയോഗം മാനസിക ആരോഗ്യത്തെ മോശമായി ബാധിക്കുന്നതെങ്ങനെ' എന്ന വിഷയത്തിൽ നടന്ന പഠനം ഇന്റർനാഷനൽ ജേണൽ ഓഫ് സയന്റിഫിക് റിസർച്ചിലൂടെ (ഐജെഎസ്ആർ)  പുറത്തുവന്നു. മൗലാനാ ആസാദ് മെഡിക്കൽ കോളജിൽ തന്നെയുള്ള 18-25 വയസ്സിനിടയിലുള്ള 138 എംബിബിഎസ് വിദ്യാർഥികൾക്കിടയിലാണ് പഠനം നടത്തിയത്.

പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ

യാത്ര ചെയ്യാനും പുറംലോകത്തേക്ക് യഥേഷ്ടം സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ നമ്മൾ ഇതിനെ നേരിടാൻ സമൂഹമാധ്യമങ്ങളുടെ കൂട്ടുകൂടി. ലോക്‌‍ഡൗൺ കാലഘട്ടത്തിൽ സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന്ന സമയം മുൻപത്തേക്കാൾ ഇരട്ടിയായെന്ന് പഠനത്തിൽ പറയുന്നു. കോവിഡിനെപ്പറ്റിയുള്ള  വാർത്തകൾ, അണുബാധയുടെ ഭീഷണി, പരീക്ഷകളെക്കുറിച്ചുള്ള അനിശ്ചിതത്വവും മാനസികസമ്മർദവും, കുടുംബത്തിലെ സാമ്പത്തിക അരക്ഷിതാവസ്ഥ തുടങ്ങിയവ വിദ്യാർഥികളെ തുടക്കത്തിൽ ഏകാന്തത, ഉത്കണ്ഠ, അസന്തുഷ്ടി എന്നിവയായും ക്രമേണ വിഷാദരോഗത്തിലേക്കും കൊണ്ടെത്തിക്കുന്നതായി പഠനം തെളിയിക്കുന്നു. കോവിഡിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തേടുന്നതിനായി നിരന്തരം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതായും നിരീക്ഷിച്ചു.

വിദ്യാർഥികളുടെ മാനസികക്ഷേമ സ്കോർ പ്രതിദിനം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന മണിക്കൂറുകളുമായി പ്രതികൂലമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ നിന്ന് കണ്ടെത്താനായി. സമൂഹമാധ്യമങ്ങളുടെ ആരോഗ്യകരമായ ഉപയോഗത്തിൽ നിന്ന് ആസക്തിയുടെ അവസ്ഥയിലേക്ക് മാറുമ്പോഴാണ് പ്രശ്നമെന്നും പഠനത്തിൽ പറയുന്നു. 

ഈ ലോക്‌‍ഡൗൺ കാലത്ത് വിദ്യാർഥികൾ സോഷ്യൽ മീഡിയയെ മിതമായി ഉപയോഗിക്കേണ്ടതും വിനോദത്തിനായി ബദൽ മാർഗങ്ങൾ സൃഷ്ടിക്കേണ്ടതും ആവശ്യമാണ്. അനാവശ്യമായ മാനസിക സമ്മർദം തടയുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള ബോധപൂർവമായ ശ്രമം അത്യാവശ്യമാണെന്ന കണ്ടെത്തലോടെയാണ് പഠനം ഉപസംഹരിക്കുന്നത്.

സ്വയംനിയന്ത്രണം പ്രധാനം

ലോക്‌‍ഡൗൺ കാലത്ത് മൊബൈൽ, ടാബ്, ലാപ്ടോപ് എന്നിവയുടെ സ്ക്രീൻ ഉപയോഗം (Screen time) ഗണ്യമായി വർധിച്ചെന്ന് പൈങ്കുളം എസ്എച്ച് മനോരോഗാശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബിൻസ് ജോർജ് പറയുന്നു. ശാരീരികാധ്വാനം കുറയുകയും നമ്മൾ നമ്മിലേക്ക്  ഒതുങ്ങിക്കൂടുകയും ചെയ്തു. 

മാത്രമല്ല, സോഷ്യൽ മീഡിയ അമിതോപയോഗം യുവാക്കളിലെയും കുട്ടികളിലെയും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ആശങ്ക, വിഷാദരോഗം, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (OCD), ഈറ്റിങ് ഡിസോഡർ, ഉറക്കമില്ലായ്മയും അതുമൂലമുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളും ഇക്കാലയളവിൽ വർധിച്ചു.

ഇതിനെതിരെ സ്വയംനിയന്ത്രണമാണ് ഏറ്റവും മികച്ച മാർഗം. എന്നാൽ, സ്വയംനിയന്ത്രണം സാധിക്കാതെ വരുന്ന സ്ഥിതിയിലെത്തിയാൽ തീർച്ചയായും ഒരു ചികിത്സാ മനഃശാസ്ത്രജ്ഞന്റെ സഹായം തേടാവുന്നതാണ്. ആസക്തി എന്ന നിലയിൽ സോഷ്യൽ മീഡിയ അഡിക്‌ഷനും ചികിത്സിച്ചു മാറ്റാവുന്നതേയുള്ളു. 

സോഷ്യൽ മീഡിയ/ ഇന്റർനെറ്റ് ആസക്തി നിങ്ങൾക്കുണ്ടോ– സ്വയം കണ്ടെത്താം

അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ (എപിഎ) പുറത്തിറക്കുന്ന ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ്- 5 (DSM-5) ൽ മാനസികരോഗങ്ങളും ഇന്റർനെറ്റ് ആസക്തിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. രോഗനിർണയത്തിനായി ഒൻപത് സ്വഭാവ ലക്ഷണങ്ങളിൽ ആറോ അതിലധികമോ ഒരു വ്യക്തിയിൽ കണ്ടാൽ മാത്രമേ ആസക്തിയുണ്ട് എന്നു പറയാനാകൂ.

നിർദിഷ്ട ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

1. ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അനിയന്ത്രിതമായ പ്രേരണ.

2. ചെലവഴിച്ച സമയത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് നുണ പറയുക.

3. ഇന്റർനെറ്റ്/ഗെയിമിങ് ഉപയോഗിക്കാൻ സാധ്യമല്ലാത്തപ്പോൾ പിൻവലിക്കൽ ലക്ഷണങ്ങൾ (സങ്കടം, ഉത്കണ്ഠ, ക്ഷോഭം).

4. ഉപയോഗം കുറയ്‌ക്കാൻ സാധിക്കാതെ വരുക.

5. മുൻപ് ആസ്വദിച്ച പ്രവർത്തനങ്ങളോടുള്ള താൽപര്യമില്ലായ്ക.

6. മോശം മാനസികാവസ്ഥ ഒഴിവാക്കാൻ ഇന്റർനെറ്റ് ഉപയോഗം.

7. ഉദ്ദേശിച്ചതിലും കൂടുതൽ സമയം ഉപയോഗം.

8. ഇന്റർനെറ്റ്/സോഷ്യൽ മീഡിയ/ഗെയിമിങ് എന്നിവയിൽ ചെലവഴിക്കുന്ന സമയം ക്രമേണ കൂടിവരുക. 

9. തീരുമാനങ്ങളെടുക്കുന്നതിലെ അപാകത.

നമ്മുടെ ദൈനംദിന പ്രവർത്തികളെയും ശാരീരിക പ്രവർത്തനങ്ങളെയും ഇന്റർനെറ്റ് ഉപയോഗം  എപ്പോൾ ബാധിക്കുന്നതായി തോന്നുന്നുവോ ഉടൻ വൈദ്യസഹായം തേടേണ്ടതാണെന്ന് മാനസികരോഗ വിദഗ്ധർ പറയുന്നു. ഉദാഹരണത്തിന് പഠനം/ ജോലി എന്നിവ ഉപേക്ഷിച്ചു സോഷ്യൽ മീഡിയയിലും ഗെയിമുകളിലും മുഴുകുക, അമിതദേഷ്യം, ഉറക്കകുറവ്. മേൽപറഞ്ഞ ഉണ്ടെന്നു തോന്നിയാൽ ഒരു അംഗീകൃത ചികിത്സാ മനഃശാസ്ത്രജ്ഞന്റെയോ (Clinical Psychologist), അല്ലെങ്കിൽ മനോരോഗ വിദഗ്ധന്റെയോ (Psychiatrist) സഹായം തേടാവുന്നതാണ്. 

സമൂഹമാധ്യമങ്ങളുടെയും ഇന്റർനെറ്റിന്റെയും ലോകത്തു നിന്ന് പൂർണമായി മാറിനിൽക്കൽ ഇനി സാധ്യമല്ലെങ്കിലും ഇവ ആരോഗ്യകരമായി ഉപയോഗിച്ചു കൊണ്ട് മുന്നോട്ട് പോകാമെന്നു തന്നെയാണ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. അത്താഴത്തിന് ശേഷം കഴിവതും സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കാതിരിക്കുക, ക്രിയാത്മകമായ കാര്യങ്ങളിൽ മുഴുകുക, ഇൻഡോർ ഗെയിമുകൾ കണ്ടെത്തുക, കഴിയുമെങ്കിൽ സ്മാർട്ട് ഫോൺ ഉപയോഗം രാത്രിയിൽ ഒഴിവാക്കുക എന്നിവയാണ് അതിനുള്ള വഴികളായി മനഃശാസ്ത്രജ്ഞർ പറയുന്നത്. ഫോൺ ഉപയോഗം നിയന്ത്രിക്കുന്ന ആപ്പുകൾ ഇൻസ്റ്റോൾ ചെയ്യുന്നതും ഒരു പരിധിവരെ സഹായിക്കും. മൊത്തത്തിൽ ഒരു പുതുജീവിത രീതിയിലേക്ക് ചുവടുമാറേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. 

English Summary: Lockdown time can make one social media addict. How to fix it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com