കറുത്ത പൂപ്പൽ എന്ന ബ്ലാക്ക് ഫംഗസ്: ഇതാണ് സത്യം

black fungus
SHARE

മ്യൂകോർ മൈക്കോസിസ് നമ്മുടെ അന്തരീക്ഷത്തിൽ പ്രത്യേകിച്ച് മണ്ണിലും ജീർണിച്ച ഇലകൾ,  തടി തുടങ്ങിയ ജൈവിക പദാർഥങ്ങളിലും നിലനിൽക്കുന്ന  മ്യൂകോർ മൈസീറ്റ് (Mucormycetes)  വിഭാഗത്തിൽപെടുന്ന പൂപ്പലുകളാണ് ഈ പ്രശ്നം ഉണ്ടാക്കുന്നത്. ഇത് ശ്വാസകോശത്തിലും മൂക്കിലെ അറകളിലും സ്ഥാനം പിടിക്കുമ്പോൾ രോഗപ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾക്ക് ഗൗരവതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. തൊലിപ്പുറത്തും ആമാശയത്തിലും തലച്ചോറിലും മറ്റ് ആന്തരിക അവയവങ്ങളിലും വരെ ഇതു പടരാൻ സാധ്യതയുണ്ട്. പ്രധാനമായും അഞ്ചുതരത്തിലുള്ള രോഗങ്ങളാണ് ഈ പൂപ്പൽ ശരീരത്തിൽ ഉണ്ടാക്കാറുള്ളത്.

1. ശ്വാസകോശ പൂപ്പൽ ബാധ:  കാൻസർ രോഗത്തിന് കീമോതെറപ്പി എടുക്കുന്ന വ്യക്തികളിലും അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളിലും ഇതു കണ്ടുവരുന്നുണ്ട്.

2.  ശിരോ  മസ്തിഷ്ക പൂപ്പൽ ബാധ:  സൈനസുകളിൽ അണുബാധ ഉണ്ടാക്കിയ ശേഷം തുടർന്ന് തലച്ചോറിലേക്ക് വ്യാപിക്കുന്ന സ്ഥിതി വിശേഷമാണിത്. അനിയന്ത്രിതമായ പ്രമേഹമോ,  വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നവരിലോ ആണ് ഇതു കൂടുതലായി കണ്ടുവരുന്നത്

3. ആമാശയ പൂപ്പൽ  ബാധ:   മാസം തികയാതെ പ്രസവിക്കുകയോ  കുറഞ്ഞ ശരീരഭാരത്തോടെ ജനിക്കുകയോ ചെയ്ത കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടു വരാറുള്ളത്.

4. ത്വക്ക്  പൂപ്പൽബാധ:  തൊലിപ്പുറത്ത് മുറിവോ, പരുക്കുകളോ,   പൊള്ളൽ,  ശസ്ത്രക്രിയാ മുറിവുകളോ ഉണ്ടെങ്കിൽ അതിലൂടെ ഫംഗസ് ത്വക്കിനെ ബാധിക്കാം. രോഗപ്രതിരോധശക്തി കുറവല്ലാത്ത വ്യക്തികളിലും  ഉണ്ടാകാൻ സാധ്യതയുണ്ട്

5. ശരീര വ്യാപക പൂപ്പൽ ബാധ:  ഫംഗസ് ബാധ രക്തത്തിലൂടെ പല ആന്തരിക അവയവങ്ങളെയും ബാധിക്കുന്ന അവസ്ഥയാണിത്.   തലച്ചോറ്, ഹൃദയം, പ്ലീഹ തുടങ്ങിയ പല ആന്തരിക അവയവങ്ങളിലേക്കും ഇത് വ്യാപിക്കാൻ സാധ്യതയുണ്ട്.

കോവിഡ് 19 രോഗബാധിതരിൽ കൂടുതലായി കണ്ടുവരുന്നത് ശിരോ മസ്തിഷ്ക പൂപ്പൽ ബാധയും ശ്വാസകോശ പൂപ്പൽ  ബാധയും ആണ്.

 ലക്ഷണങ്ങൾ

∙ ശിരോ മസ്തിഷ്ക പൂപ്പൽബാധയുടെ പ്രധാന ലക്ഷണങ്ങൾ മുഖത്തിന്റെ ഒരുവശം വീങ്ങുക, ശക്തമായ തലവേദന, മൂക്കും അതിനുള്ളിലെ സൈനസുകളും  അടഞ്ഞിരിക്കുക, വിട്ടു വിട്ടു പനി വരുന്നു, മൂക്കിന്റെ പാലത്തിലോ മേൽ അണ്ണാക്കിലോ  കറുത്ത പദാർഥങ്ങൾ അടിഞ്ഞുകൂടി ഇരിക്കുക എന്നിവയാണ്. ചിലപ്പോൾ കണ്ണുകൾ ചലിപ്പിക്കാൻ പ്രയാസം, കാഴ്ചക്കുറവ്, കണ്ണുവേദന, ഒരുവശത്തേക്കു കണ്ണ് തള്ളി വരിക എന്നീ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്.

∙ ശ്വാസകോശ പൂപ്പൽബാധയുടെ പ്രധാന ലക്ഷണങ്ങൾ പനി ചുമ നെഞ്ചുവേദന ശ്വാസംമുട്ടൽ എന്നിവയാണ്.

∙ തൊലിപ്പുറത്തുണ്ടാകുന്ന പൂപ്പൽ ബാധയ്ക്ക് തൊലിപ്പുറത്ത് വ്രണമോ കുമിളകളോ ഉണ്ടാവുക, ക്രമേണ അവ കറുത്ത നിറമായി മാറുക. ചിലപ്പോൾ ആ ഭാഗത്ത് വേദന നീർക്കെട്ട് ചൂട് എന്നിവ ഉണ്ടാവുക എന്നിവയൊക്കെ സംഭവിക്കാം.

∙ ആമാശയ പൂപ്പൽബാധ ഉണ്ടാകുന്ന വ്യക്തികളിൽ വയറുവേദന, ഓക്കാനം, ഛർദ്ദി, ആമാശയത്തിൽ നിന്നു രക്തസ്രാവം എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം.

∙ തലച്ചോറിൽ പൂപ്പൽബാധ ഉണ്ടാകുന്ന വ്യക്തികളിൽ പൊടുന്നനെ പെരുമാറ്റ വ്യത്യാസങ്ങളും സ്ഥലകാല ബോധം ഇല്ലാത്ത മട്ടിലുള്ള പെരുമാറ്റങ്ങളും ചിലപ്പോൾ ബോധക്ഷയവും വരെ ഉണ്ടാകാറുണ്ട്.

അപകട ഘടകങ്ങൾ

അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. അനിയന്ത്രിതമായ പ്രമേഹ രോഗം ബാധിച്ച വ്യക്തികളാണ് ഏറ്റവും പ്രശ്നം നേരിടാൻ സാധ്യതയുള്ളവർ. അർബുദ ബാധിതർ, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ, സ്റ്റം സെൽ  അഥവാ മൂലകോശം മാറ്റിവയ്ക്കൽ കഴിഞ്ഞവർ, രക്തത്തിലെ ന്യൂട്രോഫിൽസ് കോശങ്ങൾ കുറവുള്ളവർ, രക്തത്തിൽ അമിതമായി ഇരുമ്പിന്റെ ഘടകങ്ങൾ ഉള്ളവർ, ദീർഘകാലം അനിയന്ത്രിതമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ എന്നിവർ രോഗസാധ്യത കൂടുതലുള്ളവരാണ്.  

∙ കറുത്ത പൂപ്പൽബാധ ഒരു മനുഷ്യനിൽ നിന്നു മറ്റൊരാളിലേക്കോ മൃഗങ്ങളിലേക്കോ  പടരുകയില്ല..

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

രോഗബാധ ഒഴിവാക്കാൻ പ്രധാനമായും വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് അത്യാവശ്യം. നാം ജീവിക്കുന്ന അന്തരീക്ഷത്തിൽ തന്നെ ഈ പൂപ്പലിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ ആർക്കുവേണമെങ്കിലും രോഗം ലഭിക്കാം. എന്നാൽ രോഗപ്രതിരോധശക്തി കുറഞ്ഞ വ്യക്തികളിൽ മാത്രമേ  രോഗലക്ഷണങ്ങൾ ഉണ്ടാകാറുള്ളൂ.

1. പൊടിയും മണ്ണും നിറഞ്ഞ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക. അഥവാ അത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വന്നാൽ എൻ -95  വിഭാഗത്തിൽപെട്ട മാസ്ക് കൊണ്ട് വായും മൂക്കും പൂർണമായും  മൂടുക. കെട്ടിട നിർമാണ സ്ഥലങ്ങളിലും ഖനനം പോലെയുള്ള പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും പൂപ്പലിന്റെ സാന്നിധ്യം കൂടുതൽ ഉണ്ടാകാം

2. ഈർപ്പം തട്ടിയ കെട്ടിടങ്ങൾ, വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നു പൂപ്പൽ ബാധയ്ക്കു സാധ്യത ഏറെയാണ്.

3. മണ്ണും പൊടിയുമായി നേരിട്ട് ബന്ധമുള്ള ജോലികൾ ചെയ്യുന്നവർക്ക് രോഗ സാധ്യത കൂടുതലാണ്. ഇത്തരക്കാർ  നീണ്ട  കയ്യുറകളും കാൽ ഉറകളും ധരിക്കുന്നത് നല്ലതായിരിക്കും.    മണ്ണ് , വളം, ജീർണിച്ച് ഇലകൾ തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ നിർബന്ധമായും ഗ്ലൗസ് ധരിച്ചിരിക്കണം. എൻ-95  മാസ്ക് ധരിച്ചു കൊണ്ട് മാത്രം ഇത്തരം ജോലികൾ ചെയ്യുക. ജോലി കഴിഞ്ഞാൽ ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകാലുകൾ വൃത്തിയാക്കാനും ശ്രദ്ധിക്കണം.

4. കോവിഡ് ബാധിതർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കാൻ പാടുള്ളൂ. പ്രത്യേകിച്ച് പ്രമേഹ രോഗമുള്ളവർ വിദഗ്ധ ഡോക്ടറുടെ മേൽനോട്ടത്തിൽ വേണം സ്റ്റിറോയ്ഡുകൾ ഉപയോഗിക്കാൻ. ഈ സമയത്ത് നിശ്ചിത ഇടവേളകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് കൃത്യമായ ചികിത്സയിലൂടെ അതിനെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.

ചികിത്സ

പൂപ്പലിനെതിരെ പ്രവർത്തിക്കുന്ന ആന്റി ഫംഗൽ വിഭാഗത്തിൽപെടുന്ന മരുന്നുകളാണ് പ്രധാന ചികിത്സ. ലൈപ്പോസോമൽ ആംഫോടെറിസിൻ ബി (Liposomal Amphotericin B)  എന്ന മരുന്നാണ് ഇതിനു പ്രധാനമായും ഉപയോഗിച്ചുവരുന്നത്. എന്നാൽ ശിരോ മസ്തിഷ്ക പൂപ്പൽബാധ ഉള്ള വ്യക്തികൾക്ക് പൂപ്പൽ ബാധിച്ചിരിക്കുന്ന സ്ഥലം ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യകത വരാറുണ്ട്. ഈ ശസ്ത്രക്രിയയോടൊപ്പം പൂപ്പൽ വിരുദ്ധ ഔഷധങ്ങൾ ദീർഘകാലം തുടരേണ്ടി വരാനുള്ള സാധ്യതയുണ്ട്. രോഗം വരാതെ സൂക്ഷിക്കുന്നത് തന്നെയാണ് ഉത്തമമായ സംഗതി എന്ന് മനസ്സിലാക്കി ആവശ്യമായ മുൻകരുതലുകൾ എടുത്താൽ ഈ രോഗബാധയും തുടർന്നുള്ള സങ്കീർണതകളും ഒഴിവാക്കാൻ കഴിയും.

English Summary : Black fungus: Symptoms, Treatment, Care and precaution

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA