ADVERTISEMENT

സ്ത്രീശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നായ വജൈനയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അണുബാധകളിൽനിന്ന് രക്ഷനേടാൻ വജൈന ബാക്ടീരിയയെ ഉൽപാദിപ്പിക്കുകയും  സ്വയം വൃത്തിയാക്കുകയും ചെയ്യും. എന്നാൽ ചില ശീലങ്ങൾ അസ്വസ്ഥതയും അണുബാധയും ഉണ്ടാകാൻ ഇടയാക്കും. സോപ്പ്, ബോഡിവാഷ്, പെർഫ്യൂം എന്നിവയുടെ ഉപയോഗം മൂലം വജൈനയിൽ ബാക്ടീരിയയുടെയും ഫംഗസിന്റെയും അമിതവളർച്ചയുണ്ടാകുകയും ഇത് വജൈനൽ  ഇൻഫെക്‌ഷനു കാരണമാകുകയും ചെയ്യും. 

വജൈനയുടെ ആരോഗ്യത്തെ ബാധിക്കുന്ന, അണുബാധയിലേക്കു പോലും നയിക്കാവുന്ന ചില കാര്യങ്ങൾ പലരും ചെയ്യാറുണ്ട്. അത്തരം അഞ്ചു തെറ്റുകൾ ഏതൊക്കെ എന്നു നോക്കാം. 

1. ഇടയ്ക്കിടെ ഹെയർ റിമൂവൽ ക്രീം ഉപയോഗിക്കുന്നത്

വജൈനയിൽ രോമങ്ങളേ ഇല്ല. ലേബിയയുടെ ഭാഗമായ ക്യൂബിക് റീജിയനിലാണ് രോമവളർച്ച ഉണ്ടാകുന്നത്. സ്ത്രീലൈംഗികാവയവത്തിന്റെ ശുചിത്വത്തിന് (vulval hygiene) പ്യുബിക് ഹെയർ നീക്കം ചെയ്യേണ്ട ആവശ്യമേയില്ല. എല്ലാ ഹെയർ റിമൂവിങ് ക്രീമുകളിലും വലിയ തോതിൽ രാസവസ്‌തുക്കൾ അടങ്ങിയിട്ടുണ്ട്. സാധാരണയായി കാലിലെയും ശരീരത്തിലെയും രോമങ്ങൾ നീക്കം ചെയ്യാനുപയോഗിക്കുന്ന ക്രീമുകൾ പ്യുബിക് ഹെയർ നീക്കം ചെയ്യാൻ ഉപയോഗിക്കാനേ പാടില്ല. ഈ ക്രീമുകളുടെ ഉപയോഗം മൂലം അലർജി, ചൊറിച്ചിൽ, മുഴ ഇവയെല്ലാം ഉണ്ടാകാൻ സാധ്യത ഉണ്ട്.

ഇത്തരം ക്രീമുകൾ ദീർഘകാലം ഉപയോഗിച്ചാൽ പാടുകൾ ഉണ്ടാകാനും വജൈനൽ ഡിസ്‌ചാർജിനും കാരണമാകും. ഷേവിങ്, ട്രിമ്മിങ്, വാക്‌സിങ് ഇവ സുരക്ഷിതവും ഫലപ്രദവുമാണ്. 

2. ഇടയ്ക്കിടെയുള്ള വൃത്തിയാക്കലുകൾ 

സാധാരണ സോപ്പുപയോഗിച്ചോ ശുചിത്വ ഉൽപന്നങ്ങൾ ഉപയോഗിച്ചോ ഇടയ്ക്കിടെ കഴുകുന്നത് അവിടം വരണ്ടതാക്കുന്നു. ചൊറിച്ചിലിനും ക്രമേണ ഇൻഫെക്‌ഷനുമുള്ള സാധ്യതയും കൂടുന്നു. ഓരോ തവണയും വാഷ് റൂം ഉപയോഗിച്ചശേഷം ഇളം ചൂടുവെള്ളം (അധികം ചൂടുള്ളതോ തണുത്തതോ ആകരുത്) ഉപയോഗിച്ച് കഴുകാവുന്നതാണ്. 

3. സാനിറ്ററി പാഡുകൾ ഇടയ്ക്കിടെ മാറ്റാത്തത്

ഒരേ പാഡ് തന്നെ ദീർഘനേരം ഉപയോഗിക്കുന്നത് ദോഷകരമാണ്. സാനിറ്ററി പാഡുകളിലെ ബിപിഎ, സിന്തറ്റിക് ലൈനിങ് തുടങ്ങിയ പ്ലാസ്റ്റി സൈഡുകൾ ബാക്‌ടീരിയ, യീസ്റ്റ്  ഇവയ്ക്കുള്ള സാധ്യത കൂട്ടും. ഈർപ്പവും നനവും തട്ടുന്നത് ഇവ പെരുകാൻ ഇടയാക്കും. മെൻസ്ട്രുവൽ പാഡുകളിൽ  ഉപയോഗിക്കുന്ന Digoxin മുതലായ ചില രാസവസ്‌തുക്കളുടെ ദീർഘകാലോപയോഗം  വന്ധ്യതയ്ക്കും ജെനൈറ്റൽ കാൻസറിനുമുള്ള സാധ്യത കൂട്ടും. ഇത് ഒഴിവാക്കാൻ ഓരോ 3- 4 മണിക്കൂറിലും പാഡ് മാറ്റണം. സുഗന്ധമുള്ള മെൻസ്ട്രുവൽ ഉൽപന്നങ്ങൾ ഒഴിവാക്കണം. ആർത്തവകാല അണുബാധകൾ, ചൊറിച്ചിൽ, അസ്വസ്ഥതകൾ ഇവ ഒഴിവാക്കാൻ മെൻസ്ട്രുവൽ കപ്പ് പോലുള്ള സുരക്ഷിത മാർഗങ്ങളിലേക്കു മാറാം. 

4. ടാൽക്കം പൗഡറിന്റെ അമിതോപയോഗം 

വജൈനൽ  ഭാഗത്ത് ടാൽക്കം പൗഡർ അമിതമായി ഉപയോഗിക്കുന്നത് അണ്ഡാശയ അർബുദത്തിനും (ovarian cancer), എൻഡോമെട്രിയൽ കാൻസറിനും കാരണമാകുമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി  മുന്നറിയിപ്പ് നൽകുന്നു. ടാൽക്കം പൗഡറിൽ വളരെ ചെറിയ അളവിൽ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ ഉണ്ടാക്കുന്ന (carcinogenic) ഒന്നാണ്. ഇത് വജൈനയിലൂടെ സ്ത്രീകളുടെ പ്രത്യുല്പാദനാവയവത്തിലേക്കു കടന്നു യുടെറിൻ കാവിറ്റിയിലും അണ്ഡാശയങ്ങളുടെ പ്രതലത്തിലേക്കും എത്തുകയും കാൻസർ സാധ്യത കൂട്ടുകയും ചെയ്യും. അതുകൊണ്ട് വജൈനയുടെ ഭാഗത്ത് ടാൽക്കം പൗഡർ അമിതമായി ഉപയോഗിക്കരുത്. 

5. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് 

വജൈനൽ ഡിസ്‌ചാർജ് സ്വാഭാവികമാണ്. സിന്തറ്റിക് മെറ്റീരിയലായ നൈലോൺ, സ്പാൻഡക്‌സ് മുതലായവ ഇവയെ അബ്സോർബ് ചെയ്യില്ല. ഇത് യീസ്റ്റ് ഇൻഫെക്‌ഷനു കാരണമാകും. അതുകൊണ്ടുതന്നെ കോട്ടൺ അടിവസ്ത്രങ്ങൾ ആണ് മികച്ചത്. സ്‌കിന്നി ജീൻസും ശരീരത്തോട്  ഇറുകിച്ചേർന്നു കിടക്കുന്ന ജീൻസും എല്ലാം ഫാഷൻ ആയിരിക്കാം. എന്നാൽ വജൈനയുടെ ആരോഗ്യത്തിന് ഇത് അത്ര നന്നല്ല. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഇടുപ്പു പ്രദേശത്ത് വേദനയുണ്ടാക്കും. ഇത്തരം വസ്ത്രങ്ങൾ ഒഴിവാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഉറങ്ങുമ്പോഴെങ്കിലും ഇത്തരം ഇറുകിയ ജീൻസോ പാന്റോ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മാസത്തിൽ പത്തോ പതിനഞ്ചോ ദിവസത്തിൽ താഴെ മാത്രമായി ഇറുകിയ വസ്ത്രങ്ങളുടെ ഉപയോഗം നിജപ്പെടുത്തുക.

English Summary : Vagina Health Related 5 Mistakes 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com