ADVERTISEMENT

കോവിഡ് ബാധിതരിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വൈറസിനെ ശക്തമായി നേരിടുമ്പോഴാണ് (ഹൈപ്പർഇൻഫ്ലമേഷൻ) ശ്വാസകോശം നശിപ്പിക്കപ്പെടുന്നതിലേക്കും മറ്റും എത്തുന്നതെന്ന് ഏവർക്കും ഇപ്പോൾ അറിവുണ്ട്. അതേ സമയം ഈ രോഗപ്രതിരോധ ശേഷിയെ മനപ്പൂർവം ഉദ്ദീപിപ്പിച്ച് രോഗ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താറുണ്ടെന്ന് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലെ കാൻസർ രോഗ വിദഗ്ധരൻ ഡോ. അജു മാത്യൂ പറയുന്നു. കിഡ്നി കാൻസർ രോഗത്തിനാണ് ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു. 

രാജ്യാന്തര കിഡ്നി കാൻസർ ദിനത്തോട് അനുബന്ധിച്ചാണ് ഡോക്ടറുടെ ഒരു പോസിറ്റീവ് കോവിഡ് കാല ചിന്ത. ഹൈപ്പർ ഇമ്യൂണിറ്റി വരുന്നത് ശ്വാസകോശത്തിന് നല്ലതല്ല. പക്ഷേ കിഡ്നി കാൻസറിന് അത് നല്ലതാണെന്നാണ് ഡോക്ടർ പറയുന്നത്. പക്ഷെ കിഡ്നി കാൻസർ ബാധിതനായ ഒരാൾക്കു കോവിഡ് വരുന്നത് നല്ലതാണെന്ന വാദമില്ലെന്നും അദ്ദേഹം പറയുന്നു.

പ്രതിരോധ ശേഷിയെ ആയുധമാക്കി കാൻസർ രോഗിയെ ചികിത്സിച്ച് രോഗം മാറ്റിയ അനുഭവം തനിക്കും പങ്കുവയ്ക്കാനുണ്ടെന്ന് ഡോ. അജു പറയുന്നു. തന്റെ മുന്നിലെത്തിയ 56കാരന് കിഡ്നി കാൻസർ പടർന്ന് കരളിലേക്കു വരെ വ്യാപിച്ചിരുന്നു. രോഗപ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിച്ചു മൂന്നു മാസം നടത്തിയ ചികിത്സയ്ക്കൊടുവിൽ കാൻസർ കോശങ്ങൾ നശിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞിരുന്നു. ഒരു ലിംഫോമ കാൻസർ രോഗിക്ക് കോവിഡ് വന്ന ശേഷം കാൻസർ പൂർണമായും മാറിയ സംഭവം വിദേശ രാജ്യത്തു റിപ്പോർട് ചെയ്തിട്ടുള്ളതായും അദ്ദേഹം പറയുന്നു. 

കിഡ്നി കാൻസർ ഇമ്യൂൺ മീഡിയേറ്റഡായ കാൻസറാണ്. അതായത് പ്രതിരോധശേഷിക്ക് രോഗത്തെ ഫലപ്രദമായി തടയാൻ സഹായിക്കുന്ന കാൻസർ. കിഡ്നി കാൻസർ ഉണ്ടാകാൻ കാരണം പ്രതിരോധശേഷി കുറയുന്നതല്ല എന്നു കൂടി ഓർക്കണം. പുകയില ഉപയോഗമോ പാരമ്പര്യമായോ അങ്ങനെ പല കാരണങ്ങൾ കൊണ്ടും രോഗം വരാൻ സാധ്യതയുണ്ട്. പൊതുവേ നടുവിനു പിന്നിലുള്ള വേദന, മൂത്രം ഒഴിക്കുമ്പോൾ രക്തം പോകുന്നത്, വിട്ടുമാറാത്ത പനി ഇതെല്ലാം ലക്ഷണങ്ങളാകാം. പ്രധാനമായും സിടി സ്കാനിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം ആദ്യ ഘട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ ശസ്ത്രക്രിയ ചെയ്തു നീക്കി രോഗത്തെ അകറ്റാനാകും. ഇതിനു സാധിക്കാതെ വരുമ്പോഴാണ് ഇമ്യൂൺ തെറാപ്പി പോലെയുള്ള മാർഗങ്ങൾ അവലംബിക്കുന്നത്. 

കിഡ്നി കാൻസർ ചികിത്സയ്ക്ക് ഹൈപ്പർ ഇമ്യൂണിറ്റിയെ ഉപയോഗപ്പെടുത്താമെന്നു വർഷങ്ങൾക്കു മുമ്പു തന്നെ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. കിഡ്നി കാൻസർ കണ്ടു പിടിക്കപ്പെടുന്ന ചില ആളുകൾക്ക് രോഗം തനിയെ മാറുന്നതു ശ്രദ്ധയിൽ പെട്ടു. സ്പൊണ്ടേനിയസ് റിഗ്രഷൻ എന്നാണ് അതിനു പറയുന്നത്. ഇതിനെക്കുറിച്ചു നടത്തിയ പഠനത്തിലാണ് പ്രതിരോധ ശേഷി ശക്തമായി വന്നപ്പോൾ ഈ ഇമ്യൂൺ കോശങ്ങൾ കിഡ്നി കാൻസർ കോശങ്ങളെ നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതു പക്ഷേ സാധാരണമല്ല. ആയിരം പേരിൽ ഒരാൾക്കോ രണ്ടു പേർക്കോ മാത്രം സംഭവിക്കുന്നതാണ്. ഇതോടെ ഇന്റർല്യൂകിൻ 2(ഐഎൽ2) എന്ന തെറാപ്പി അമേരിക്കയിലും മറ്റും പരീക്ഷിച്ചു തുടങ്ങി. കൃത്രിമമായി പ്രതിരോധ സംവിധാനത്തെ ഉദ്ദീപിപ്പിക്കുകയാണ് ഇതിനായി ചെയ്തത്. പക്ഷേ ഈ ചികിത്സയ്ക്കു വളരെ അധികം പാർശ്വഫലങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു. ചികിത്സിക്കപ്പെടുന്ന 100ൽ അഞ്ചു പേർക്ക് കാൻസർ പൂർണമായി മാറുന്നതാണ് കണ്ടു വരുന്നത്. 

ഇതോടെയാണ് പാർശ്വഫലം കുറച്ച് പ്രതിരോധത്തെ എങ്ങനെ ഉദ്ദീപിപ്പിച്ചു കാൻസർ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചു പഠനം നടത്തുന്നത്. നിലവിൽ പാർശ്വഫലങ്ങളില്ലാത്ത ഇമ്യൂണോ തെറാപ്പി ലഭ്യമാണ്. ഇതിന് 2016ലാണ് അംഗീകാരം ലഭിച്ചത്. ഇമ്യൂണോ തെറാപ്പി എന്നാൽ ശരീരത്തിലെ കാൻസറിനെതിരെ പൊരുതുന്ന കോശങ്ങളെ ഉദ്ദീപിപ്പിച്ചു പ്രവർത്തന നിരതമാക്കി വിടുകയാണു ചെയ്യുന്നത്. ഈ പ്രതിരോധ കോശങ്ങളാണ് കാൻസറിനെ നശിപ്പിക്കുന്നത്. കീമോ തെറാപ്പികളിൽ മരുന്നു നേരിട്ടു പോയി കാൻസറിനെ നശിപ്പിക്കുമ്പോൾ നൽകുന്ന മരുന്ന് പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും പ്രതിരോധ സംവിധാനം കാൻസർ കോശങ്ങളെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ മാസം ആദ്യം അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച ഗവേഷണ ഫലങ്ങളിലും രോഗം ആവർത്തിക്കാൻ സാധ്യതയുള്ള രോഗികളിൽ ഈ രീതി ഫലപ്രദമായി എന്നതാണ്.

ഇമ്യൂൺ സംവിധാനം ഉദ്ദീപിപ്പിക്കപ്പെടുന്നത് എല്ലാ കേസിലും പ്രശ്നമാകണമെന്നില്ല എന്നർഥം. അതേ സമയം കോവിഡിൽ ഇതു പ്രശ്നമാകുന്നതാണ് കണ്ടു വരുന്നത്. കോവിഡ് ന്യൂമോണിയ ആയി മരണം വരെ സംഭവിക്കുന്നത് ഇത്തരത്തിലാണ്. ഇമ്യൂണിറ്റിയെ മെരുക്കിയെടുത്ത് ആയുധമാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. 

English Summary : COVID- 19 and Kidny cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com