ഹൃദയമിടിപ്പ് സ്വയം പരിശോധിക്കാം; ചികിത്സ തേടേണ്ട സാഹചര്യങ്ങൾ അറിയാം

heart rate
SHARE

നീയെന്റെ ഹൃദയമാണ്... പ്രണയത്തില്‍ ഒഴിച്ചുകൂടാനാവാത്ത വാക്ക്. നമ്മുടെ ജീവന് ഹൃദയം അത്ര പ്രധാനപ്പെട്ടത് ആയതുകൊണ്ടാണ് പ്രണയപ്പാതിയെ ഹൃദയമെന്ന് വിളിക്കുന്നത്. എന്നാല്‍ നമ്മുടെ ഹൃദയമിടിപ്പുകളെ കുറിച്ച് ചിന്തിക്കുന്നവര്‍ ഇത്തിരി കുറവാണ്. നിങ്ങളുടെ ഹൃദയം എത്ര വേഗത്തില്‍ മിടിക്കുന്നു എന്നതിന്റെ അളവുകോലാണ് ഹൃദയമിടിപ്പ്. നമ്മുടെ ശരീരം എത്രത്തോളം ഹെല്‍ത്തിയാണ് എന്നതിന്റെ പ്രധാന സൂചകം കൂടിയാണിത്. ഏതസുഖവുമായി ഡോക്ടറെ സമീപിച്ചാലും ആദ്യം പരിശോധിക്കുന്നത് ഹൃദയമിടിപ്പാണ്. ഇത് നമുക്കും പരിശോധിക്കാന്‍ കഴിയും. കൈത്തണ്ടയില്‍, നിങ്ങളുടെ കൈമുട്ടിന്റെ ആന്തരിക വശത്ത്, കാല്‍വിരലിന്റെ തുടക്കത്തില്‍, നിങ്ങളുടെ കഴുത്തിന്റെ വശത്ത് ഒക്കെ പള്‍സ് അനുഭവിച്ചറിയാനും കണ്ടെത്താനും കഴിയും. 

എന്നാലും ഹൃദയമിടിപ്പ് പരിശോധിക്കാന്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും സൗകര്യപ്രദവുമായ സ്ഥലമാണ് കൈത്തണ്ട. പള്‍സ് കണ്ടെത്തിക്കഴിഞ്ഞാല്‍ 60 സെക്കന്റ് നേരം സൗമ്യമായി അമര്‍ത്തി സ്പന്ദനം കണക്കാക്കാം. 

ഹൃദയത്തില്‍ രക്തം ശുദ്ധീകരിക്കാന്‍ നാല് ചേമ്പറുകളാണുള്ളത്. ഇതില്‍ മുകളിലത്തെ രണ്ടു ചേമ്പറുകളില്‍ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികള്‍ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നു.

ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നത് ഹൃദയത്തിന്റെ മുകളിലായുള്ള സിനോട്രിയല്‍ എന്നു വിളിക്കുന്ന ഒരു കൂട്ടം കോശങ്ങളാണ്. ഈ സൈനസ് നോഡ് ഇലക്ട്രിക്ക് സിഗ്‌നലുകളെ ഒരു പ്രത്യേകഇടവേളകളില്‍ ഹൃദയത്തിലൂടെ കടത്തിവിടുന്നതിനാല്‍ തന്മൂലം ഹൃദയം മിടിക്കുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും ചെയ്യുന്നു.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (AHA) റിപ്പോര്‍ട്ടനുസരിച്ച്  പ്രായപൂര്‍ത്തിയായ ഒരാളുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 60 മുതല്‍ 100 വരെ സ്പന്ദനങ്ങള്‍ ആയിരിക്കണം. പ്രായം 6 നും 15 നും ഇടയില്‍ ആണെങ്കില്‍, നിങ്ങളുടെ ഹൃദയമിടിപ്പ് മിനിറ്റിന് 70 നും 100 നും ഇടയിലായിരിക്കണം. എന്നാല്‍, ഹൃദയമിടിപ്പ് ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്, ഇത് നിങ്ങളുടെ പ്രായത്തെയും നിങ്ങള്‍ ചെയ്യുന്ന ശാരീരിക ജോലിയെയും ആശ്രയിച്ചിരിക്കും.

എന്നിരുന്നാലും, ഹൃദയമിടിപ്പ് മിനിറ്റില്‍ 60 ല്‍ താഴെയാണ്, അത് അസാധാരണമാണെന്ന് അര്‍ഥമാക്കുന്നില്ല. നിങ്ങള്‍ ഒരു കായികതാരമോ അല്ലെങ്കില്‍ മിതമായ മുതല്‍ തീവ്രമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരോ ആണെങ്കില്‍, നിങ്ങളുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 40നും 60നും ഇടയിലായിരിക്കാം.

നിങ്ങളുടെ ഹൃദയമിടിപ്പിനെക്കുറിച്ച് ആശങ്കപ്പെടുന്നതിനുമുമ്പ്, ഹൃദയമിടിപ്പ് കൂട്ടാനോ കുറയ്ക്കാനോ കഴിയുന്ന കാര്യങ്ങള്‍ അറിയേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിച്ചേക്കാം

∙  കാപ്പിയോ പുകവലിയോ കഴിഞ്ഞ ഉടന്‍

∙ ഭയമോ ഉത്കണ്ഠയോ സമ്മര്‍ദമോ അനുഭവപ്പെടുമ്പോഴെല്ലാം

∙ കാലാവസ്ഥ ചൂടുള്ളതും ഈര്‍പ്പമുള്ളതുമാണെങ്കില്‍

∙ അമിതവണ്ണമുള്ളവരാണെങ്കില്‍

∙ അമിതമായി മദ്യപിക്കുകയാണെങ്കില്‍

∙ ചുമ, ആസ്മ തുടങ്ങിയവയുടെ മരുന്നുകള്‍ കഴിക്കുമ്പോള്‍

ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും ചികിത്സയിലൂടെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആരോഗ്യ അവസ്ഥകള്‍

∙ ഹൈപ്പര്‍തൈറോയ്ഡിസം പോലുള്ള തൈറോയ്ഡ് ഡിസോര്‍ഡര്‍

∙ രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് കുറവ് (വിളര്‍ച്ച)

സൂപ്പര്‍വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ (എസ്വിടി) പോലുള്ള ചില അവസ്ഥകള്‍ നിങ്ങളുടെ ഹൃദയമിടിപ്പ് പെട്ടെന്ന് തടസപ്പെട്ടേക്കാം. ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സി ആയതിനാല്‍ അടിയന്തര വൈദ്യസഹായം ആവശ്യമാണ്. ഈ അവസ്ഥ പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചേക്കാം.

അമിതമായി മദ്യം ഇടയ്ക്കിടെ കഴിക്കുന്നത് വേഗതയേറിയതും ക്രമരഹിതവുമായ ഹൃദയമിടിപ്പിന് കാരണമാകും (ഏട്രല്‍ ഫൈബ്രിലേഷന്‍). ഇതും ഒരു മെഡിക്കല്‍ എമര്‍ജന്‍സി ആണ്.

നിരന്തരമായ ഉയര്‍ന്ന ഹൃദയമിടിപ്പ് ഹൃദയപേശികള്‍ ദുര്‍ബലമാവുകയും ചെയ്യുന്നു, ഇത് ഒരേ അളവില്‍ രക്തം എത്തിക്കാന്‍ കഠിനമായി പമ്പ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.

പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും തൈറോയ്ഡ് രോഗത്തിനുള്ള മരുന്നുകള്‍ കൃത്യമായി കഴിച്ചും ടെന്‍ഷന്‍ കുറച്ചും ഒക്കെ നമുക്ക് ഹൃദയമിടിപ്പിന്റെ അനുസരണയില്ലായ്മയെ നിയന്ത്രിച്ചു നിറുത്താം. ക്രമരഹിതമായ ഒരു താളത്തില്‍ നിങ്ങളുടെ ഹൃദയം ഇടയ്ക്കിടെ അടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആശങ്കപ്പെടണം. ഇത് അരിഹ്‌മിയ എന്നറിയപ്പെടുന്ന ഗുരുതരമായ അവസ്ഥയാകാം, അതിനായി ഡോക്ടറുടെ അടുത്തെത്താന്‍ ഒട്ടും വൈകരുത്.

English Summary : Heart rate and related health issues

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA