ADVERTISEMENT

എല്ലാ വർഷവും ഇന്ത്യയിൽ ജൂലൈ 1 ഡോക്ടേഴ്സ് ഡേ ആയി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ഓരോ മെഡിക്കൽ പ്രാക്ടീഷണർക്കും പ്രത്യേകതയുള്ളതാണ്. മനുഷ്യവർഗത്തിന് അവർ നൽകുന്ന മാനുഷിക സേവനങ്ങൾക്കു നന്ദി പറയാൻ ഒരു ദിവസം അവർക്കുവേണ്ടി മാറ്റിവയ്ക്കുന്നു. 

ബംഗാൾ മുൻ മുഖ്യമന്ത്രി ഡോ. ബിധൻ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ജൂലൈ 1. ഒരു സജീവ രാഷ്ട്രീയക്കാരൻ എന്നതിനൊപ്പം അദ്ദേഹം ഒരു ഫിസിഷ്യനുമായിരുന്നു. എല്ലാ വർഷവും ജൂലൈ 1 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആഘോഷിക്കുന്നു. 

1882 ജൂലൈ 1 ന് ബിഹാറിലെ പട്നയിൽ ജനിച്ച അദ്ദേഹം ബിരുദത്തിനു ശേഷം കൽക്കട്ട മെഡിക്കൽ കോളജിൽ മെഡിസിനു ചേരുകയും തുടർന്ന് ഉപരിപഠനത്തിനായി ബ്രിട്ടനിലേക്ക് പോവുകയും ചെയ്തു. നിരന്തര പരിശ്രമവും പഠനവും അദ്ദേഹത്തിനു റോയൽ കോളജ് ഓഫ് ഫിസിഷ്യൻസിൽ അംഗത്വവും റോയൽ കോളജ് ഓഫ് സർജൻസിന്റെ ഫെലോഷിപ്പും നേടിക്കൊടുത്തു. ബിരുദം നേടിയ ഉടൻ റോയൽ പ്രൊവിൻഷ്യൽ ഹെൽത്ത് സർവീസിൽ ചേർന്ന ഡോ. റോയി അളവറ്റ സമർപ്പണവും കഠിനാധ്വാനവും പ്രകടിപ്പിച്ചിരുന്നു. ആവശ്യമുള്ളപ്പോൾ ഒരു നഴ്സായി പ്രവർത്തിക്കുകയും ഒഴിവുസമയത്ത് സ്വകാര്യമായി പ്രാക്ടീസ് നടത്തുകയും ചെയ്ത അദ്ദേഹം നാമമാത്രമായ ഫീസേ ഈടാക്കിയിരുന്നുള്ളൂ. സ്വതന്ത്ര ഇന്ത്യയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്ന ഡോ. റോയി തന്റെ സഹപൗരന്മാരുടെ ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചിരുന്നു. 

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സംഘാടനത്തിന് അതുല്യമായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. ആശുപത്രികൾക്കും ചാരിറ്റബിൾ ഡിസ്പെൻസറികൾക്കും ഗ്രാന്റ്-ഇൻ-എയ്ഡ് വിതരണം ചെയ്യുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിച്ചു. അദ്ദേഹം പഠിച്ച കോളജിൽ മെഡിസിൻ പഠിപ്പിക്കുകയും പിന്നീട് വൈസ് ചാൻസലറാകുകയും ചെയ്തു. രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. (1948 –62).

arun-oommen
ഡോ. അരുൺ ഉമ്മൻ

1961 ഫെബ്രുവരി നാലിന് രാജ്യം ഡോ. റോയിയെ ഭാരതരത്ന നൽകി ആദരിച്ചു. 1962 ജൂലൈ ഒന്നിന്, തന്റെ എൺപതാം ജന്മദിനത്തിൽ, രോഗികളെ ചികിൽസിച്ച ശേഷം അദ്ദേഹം ‘ബ്രഹ്മോ ഗീതി’ൽ നിന്ന് ഒരു ഭാഗം ആലപിച്ചു. പിന്നാലെ മരണപ്പെടുകയും ചെയ്തു.

എല്ലാവർഷവും ഇതേ ദിവസം, നമ്മുടെ ദൈനംദിന ജീവിതത്തിൽ ഡോക്ടർമാരുടെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ സുപ്രധാന പങ്കിനെക്കുറിച്ചുമുള്ള അവബോധം വളർത്താൻ ഡോക്ടേഴ്സ് ഡേ ആയി ആഘോഷിക്കുന്നു.

ഒരു നല്ല ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ അടിസ്ഥാനം, നല്ല ഡോക്ടർ - ഹെൽത്ത് വർക്കർ - രോഗി ബന്ധമാണ്. അത്തരമൊരു ആരോഗ്യകരമായ ബന്ധത്തിലൂടെ ചികിത്സയുടെ ഫലപ്രാപ്തി പലമടങ്ങ് വർധിക്കും. ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവർത്തകർക്കും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇതു വഴിയൊരുക്കുന്നു.

ലോകത്തിലെ വിവിധ സമൂഹങ്ങളിൽ ഡോക്ടർമാരുടെ സംഭാവന വളരെ വലുതാണ്. ആരോഗ്യ പരിചരണ സേവനങ്ങൾ ആളുകളിൽ എത്തിക്കുന്നതും ആരോഗ്യപരിചരണത്തിനു നേതൃത്വം നൽകുന്നരും ഡോക്ടർമാരുടെ ഉത്തരവാദിത്തമാണ്. അവരുടെ ഒന്നാമത്തെയും പ്രധാനവുമായ കടമ എല്ലാ രോഗികൾക്കും പരിചരണവും സുരക്ഷയും എത്തിക്കുക എന്നതാണ്. ജീവൻ രക്ഷിക്കുക എന്നതിനൊപ്പം രോഗികളുടെ ജീവിതാവസ്ഥയെ പുനരുദ്ധാരണം ചെയ്യുന്നതിലും ഡോക്ടർ വലിയ പങ്കു വഹിക്കുന്നു. ഒരു രോഗിയുടെ വേദന കുറയ്ക്കാനും രോഗത്തിൽനിന്ന് വേഗം സുഖം പ്രാപിക്കാനും സഹായിക്കുന്നതിനൊപ്പം, രോഗമോ പരുക്കോ മൂലമുണ്ടാകുന്ന വൈകല്യങ്ങളെ സമചിത്തതയോടെ കണ്ട് ജീവിക്കാനും ഡോക്ടർമാർ അവരെ പ്രാപ്തരാക്കുന്നുണ്ട്. ഇതു മൂലം, രോഗം സുഖപ്പെടാൻ സാധിക്കാതെ വന്നാലും സ്വന്തം ജീവിതം ആസ്വദിക്കുവാൻ രോഗികൾക്കു സാധിക്കുന്നു എന്നത് അവരിൽ വലിയ പരിവർത്തനത്തിനു കാരണമാകുന്നു. ആധുനിക മെഡിക്കൽ സാങ്കേതികവിദ്യയും ഡോക്ടറുടെ പരിചരണവും ടെർമിനൽ രോഗങ്ങൾ ബാധിച്ച രോഗികൾക്ക് കൂടുതൽ കാലം ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നതാണ്.

ഇത്രയൊക്കെ ആണെങ്കിലും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ അനുസരിച്ചു 75 ശതമാനത്തോളം ഡോക്ടർമാർ ആശുപത്രി പരിസരത്തുവച്ച് മാനസികമോ ശാരീരികമോ ആയ പീഡനങ്ങൾ നേരിടുന്നുണ്ട്. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അടിയന്തര പരിചരണ ഘട്ടത്തിലാണ്. ഇത്തരം ആക്രമണങ്ങളിൽ 70 % ഉം രോഗി തന്നെ ആരംഭിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 

അടുത്തിടെ നടന്ന ചില സംഭവങ്ങൾ

ഉത്തർപ്രദേശിലെ ഭദ്രക് ജില്ലാ ആശുപത്രിയിൽ കൗപുർ ഗ്രാമത്തിലെ ചില താമസക്കാർ ഒരു ഡോക്ടറെ ആക്രമിച്ചു. പട്ന മെഡിക്കൽ കോളജിലെ രണ്ട് നഴ്സുമാരെ ഒരു രോഗിയുടെ പരിചാരകർ ആക്രമിച്ചു. തമിഴ് നാട്ടിലെ ചെങ്കൽപേട്ട് മെഡിക്കൽ കോളജിലെ ഒരു ഡോക്ടറെ രോഗിയുടെ സുഹൃത്തുക്കൾ ആക്രമിച്ചു. പരിചരണത്തിലിരുന്ന 6 വയസ്സുള്ള ആൺകുട്ടി മരണമടഞ്ഞതിനെത്തുടർന്ന് കൊൽക്കത്തയിൽ ഒരു ഡോക്ടറെ ക്രൂരമായി മർദ്ദിച്ചു.

കുറച്ചുനാൾ മുൻപ് ഒരു കൂട്ടം ആളുകൾ ഒരു ജൂനിയർ ഡോക്ടറെ ക്രൂരമായി മർദ്ദിക്കുന്ന വിഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. ഓക്സിജൻ ക്ഷാമം കാരണം മരിച്ചതായി ആരോപിക്കപ്പെടുന്ന ഒരു കോവിഡ് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ സ്റ്റീൽചവറ്റുകുട്ടകളും ഇഷ്ടികകളും ഉപയോഗിച്ച് നിഷ്കരുണം ആക്രമിക്കുകയും ചവിട്ടുകയും കുത്തുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമാണ്. അത്തരം ചിത്രങ്ങൾ അസമിൽനിന്ന് ധാരാളം പ്രചരിക്കപ്പെടുന്നു. പകർച്ചവ്യാധിയുടെ ആരംഭം മുതൽ അത്തരം നിരവധി ഫോട്ടോകളും വിഡിയോകളും പ്രചരിക്കുന്നുണ്ട്. മാവേലിക്കരയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആക്രമിച്ചത് അടുത്തിടെ നമ്മൾ അറിഞ്ഞതാണ് .ഇതുകൊണ്ടൊന്നും നിൽക്കുന്നില്ല ക്രൂരതകളുടെ പട്ടിക. 

ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം ഒരുതരത്തിലും സ്വീകാര്യമല്ല. ആരോഗ്യ പ്രവ൪ത്തകരുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തെ മാത്രമല്ല, അവരുടെ അനുദിന രോഗീപരിചരണത്തിനുളള പ്രചോദനത്തെയും ഇതു പ്രതികൂലമായി ബാധിക്കുന്നു. അത് ആരോഗ്യ-പരിചരണ വ്യവസ്ഥയെത്തന്നെ താളം തെറ്റിക്കും. ഡോക്ടർമാർ അവരുടെ സുരക്ഷയിൽ കൂടുതൽ ശ്രദ്ധാലുക്കളാകും. രോഗികളുടെ ബന്ധുക്കളുടെ ആക്രമണം ഭയന്ന്, ഉയർന്ന അപകടസാധ്യതയുള്ള കേസുകൾ ആശുപത്രികൾ നിരസിക്കാൻ തുടങ്ങും. ഇത് വളരെ അപകടകരമായ പ്രവണതയാണ്. ഇത്തരത്തിലുള്ള ‘ഡിഫൻസ് മെഡിസിൻ പ്രാക്ടീസ്’ സംസ്ഥാന ആരോഗ്യ സംരക്ഷണ സംവിധാനത്തെ നശിപ്പിക്കും. 

നേരത്തെ പറഞ്ഞതുപോലെ, പൊതുജനങ്ങൾ ഡോക്ടർമാരെ പൂർണഹൃദയത്തോടെ പിന്തുണച്ചാൽ മാത്രമേ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുകയുള്ളൂ. എല്ലാത്തരം ഓൺലൈൻ ഭീഷണിപ്പെടുത്തലുകളും അപമാനങ്ങളും അവസാനിപ്പിക്കണം. അല്ലെങ്കിൽ പരിണതഫലങ്ങൾ ഭയാനകമായിരിക്കും.

ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിനെപ്പറ്റിയുള്ള ഒരു റിപ്പോർട്ട് പറയുന്നത്, ഡോക്ടർമാരുടെ മേലുള്ള പ്രധാന സമ്മർദം അക്രമത്തെക്കുറിച്ചുള്ള ഭയമാണെന്നാണ്. ഒരു സർവേയ്ക്ക് ഉത്തരം നൽകിയ 62% ഡോക്ടർമാരും അക്രമം ഭയക്കാതെ രോഗികളെ കാണാൻ കഴിയുന്നില്ലെന്നു വ്യക്തമാക്കി. 57% പേർ, അവരുടെ ജോലിസ്ഥലത്ത് സുരക്ഷാസ്റ്റാഫിനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ആരോഗ്യപരിപാലന തൊഴിലാളികൾ അക്രമിക്കപ്പെട്ടപ്പോൾ, അവർ പലപ്പോഴും സമാധാനപരമായ സമരങ്ങൾ നടത്തി. അതിൽ ചിലപ്പോൾ വാർഡ് സേവനങ്ങൾ അവസാനിപ്പിക്കലും ഉൾപ്പെടുന്നു. ആരോഗ്യപ്രവർത്തകർക്കു നേരേയുള്ള ആക്രമണങ്ങൾ പതിവാകുമ്പോൾ, അവരുടെ മനോവീര്യം തന്നെ കുറഞ്ഞുപോവുന്നു. അവർക്ക് നിരാശയും നിസ്സഹായതയും അനുഭവപ്പെടുന്നു. അതുകൊണ്ടാണ് പലരും വിദേശത്ത് അവരുടെ മെഡിക്കൽ കരിയർ തുടരാൻ ആഗ്രഹിക്കുന്നത്. ആക്രമിക്കപ്പെടുമെന്ന നിരന്തരമായ ഭയം ആരോഗ്യപരിപാലന പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഡാമോക്ലിസിന്റെ വാൾ പോലെ തലയ്ക്കു മീതെ തൂങ്ങിക്കിടക്കുകയാണ്. 

കുട്ടികൾ സ്വന്തം മാതാപിതാക്കളെ ആക്രമിക്കുന്ന അവസ്ഥയെപ്പറ്റി ഒന്നുചിന്തിക്കൂ, ആ മാതാപിതാക്കൾ കഠിനമായ ഞെട്ടലിലേക്കും വിഷാദത്തിലേക്കും പോയേക്കാം. തങ്ങൾ പരിചരിക്കുന്ന രോഗിയിൽനിന്ന് മോശം അനുഭവമുണ്ടാകുമ്പോൾ ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടെയോ അവസ്ഥയും അതുതന്നെയാണ്. 

ഡോക്ടർമാർ എപ്പോഴും ആരോഗ്യത്തിന്റെ രക്ഷകരും  കാവൽക്കാരുമാണ്. അതിനാൽ അവരോടുള്ള ക്രൂരത ഒരിക്കലും ന്യായീകരിക്കപ്പെടുന്നില്ല. ഓർക്കുക, അവരുടെ വെളുത്ത കോട്ടിൽ ചോര പുരണ്ട് ചുവപ്പാകുമ്പോൾ സമൂഹം ഇരുട്ടിലാകുന്നു. നടന്നു നടന്നു കാലുകൾ തളരുമ്പോൾ പോലും തളരാത്ത മനസ്സുമായി, നമ്മുടെ ജീവൻ സംരക്ഷിക്കാൻ പ്രതിജ്ഞ എടുത്ത ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഇനിയും തളർത്താതിരിക്കാം.

(കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ കൺസൽറ്റന്റ് ന്യൂറോസർജനാണ് ലേഖകൻ)

English Summary : National Doctors' Day 2021; Dr. Arun Oommen's message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com