ADVERTISEMENT

കോവിഡ് രോഗ മുക്തരായ പലരിലും സന്ധിവേദനയും ഇടുപ്പു വേദനയും ഉണ്ടാകുന്നത് അസ്ഥികൾക്ക് സംഭവിക്കുന്ന അകാല മരണം മൂലമാകാമെന്ന് ഡോക്ടർമാർ. അവാസ്കുലർ നെക്രോസിസ് എന്ന ഈ അവസ്ഥയുമായി നിരവധി കോവിഡ് രോഗമുക്തർ ചികിത്സ തേടിയെത്തിയതായി മുംബൈയിലെയും ഡൽഹിയിലെയും ആശുപത്രികൾ റിപ്പോർട്ട് ചെയ്യുന്നു.

ആവശ്യത്തിനു രക്തം ലഭിക്കാതെ അസ്ഥികളിലെ കോശസംയുക്തങ്ങൾക്ക് നാശം സംഭവിക്കുന്ന അവസ്ഥയാണ് അവാസ്കുലർ നെക്രോസിസ്. എവിടെയെങ്കിലും സന്ധികൾക്ക് സ്ഥാനം തെറ്റുകയോ എല്ലൊടിയുകയോ  ചെയ്യുമ്പോൾ അത് രക്ത വിതരണത്തെ ബാധിക്കാറുണ്ട്. അവാസ്കുലർ  നെക്രോസിസിന്  കാരണങ്ങൾ പലതാകാമെങ്കിലും കോവിഡ് മുക്തരിൽ ഇപ്പോൾ  ഇത് വ്യാപകമായി കാണപ്പെടുന്നത് അമിതമായ സ്റ്റിറോയ്ഡ്  ഉപയോഗം മൂലമാകാമെന്ന് ഡോക്ടർമാർ പറയുന്നു.

സ്റ്റിറോയ്ഡുകൾ അസ്ഥികളെ മൃദുവാക്കുകയും തുടർന്ന് കാർട്ടിലേജ് രക്ത വിതരണം കുറയ്ക്കുകയും ചെയ്യുന്നു. കോവിഡ് രോഗമുക്തിക്ക് ശേഷം ഉടനടിയല്ല ഇത് സംഭവിക്കുന്നത്. മൂന്നു മാസം മുതൽ ഒരു വർഷം വരെ കഴിഞ്ഞാകാം ഇത്തരമൊരു അവസ്ഥ ശ്രദ്ധയിൽപ്പെടുന്നത്.   ഇടുപ്പിനോ തോളിനോ തുടർച്ചയായി വേദനയും സന്ധിവേദനയും ആണ് പ്രധാന ലക്ഷണങ്ങൾ.

മൂന്നു മുതൽ ആറുവരെ ആഴ്ചകൾ നീളുന്ന ചികിത്സ ഈ രോഗത്തിന് വേണ്ടി വന്നേക്കാം. വേദന തുടർന്നാൽ എംആർഐ സ്കാൻ വഴി അസ്ഥി മരണം സംഭവിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാകും. അവസാന ഘട്ടങ്ങളിൽ ഉള്ള രോഗികൾക്ക് ശസ്ത്രക്രിയ ആവശ്യമായി വരാമെന്ന് ഡോക്ടർമാർ കൂട്ടിച്ചേർത്തു.

സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗം മൂലം കോവിഡ് രോഗമുക്തരിൽ  മ്യുക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് കേസുകൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ കോവിഡ് മുക്തരിൽ  അസ്ഥി മരണം സംഭവിച്ച കേസുകൾ വർധിച്ചേക്കാമെന്ന ആശങ്ക ഡോക്ടർമാർ പങ്കുവയ്ക്കുന്നു.

English Summary : Avascular Necrosis, Post covid syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com