ADVERTISEMENT

‘കേരളത്തിൽ സിക്ക വൈറസ് റിപ്പോർട്ട് ചെയ്തു’ ഈ വാർത്ത നമ്മൾ കേട്ടത് അൽപം പേടിയോടെ തന്നെയാണ്. ഈ സിക്ക ൈവറസിനെ അത്ര പേടിക്കേണ്ട കാര്യമുണ്ടോ..? സംസ്ഥാനത്ത് ഇതുവരെ നാൽപതിലേറെ പേർക്കാണു സിക്ക ബാധിച്ചത്. എന്താണ് ഈ വൈറസ്, എത്രത്തോളം അപകടകാരിയാണ് സിക്ക എന്നിങ്ങനെയുള്ള വിവരങ്ങളറിയാം. 

ചരിത്രമിങ്ങനെ

ഫ്ലാവിവിറിഡെ എന്ന വൈറസ് കുടുംബത്തിൽ പെട്ടതാണ് സിക്ക വൈറസ്. ഈഡിസ് കൊതുകാണു സിക്ക വൈറസ് പകർത്തുന്നത്. 1947ൽ ഉഗാണ്ടയിലെ സിക്ക വനപ്രദേശങ്ങളിൽ ഈ വൈറസ് ബാധ കണ്ടെത്തിയെന്നാണു കരുതുന്നത്. സിക്ക എന്ന പേരിന്റെ ഉത്ഭവവും ഇങ്ങനെ തന്നെ. 1950കളിൽ ആഫ്രിക്കൻ രാജ്യങ്ങളിലും സിക്കയുടെ സാമീപ്യമുണ്ടായി. 2015ൽ ബ്രസീലിൽ വ്യാപകമായ രീതിയിൽ സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ‌‌എൺപതിലേറെ രാജ്യങ്ങളിലാണു സിക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

കേരളത്തിലേക്ക്

അടുത്തിടെയാണു കേരളത്തി‍ൽ സിക്ക വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇംപോർട്ട‍‍ഡ് വൈറസാകാം കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്നാണു പ്രാഥമിക നിഗമനം. ഏറ്റവും ഗതാഗതം നടക്കുന്ന കേന്ദ്രം തിരുവനന്തപുരം ആയതിനാലാകാം അവിടെ സിക്ക വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. രണ്ടു വർഷത്തിനുള്ളിൽ ഈ വൈറസ് കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തിയേക്കാം എന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നുണ്ട്. ഈഡിസ് കൊതുകുകളാണു സിക്ക പരത്തുന്നത്. കേരളത്തിൽ കൊതുകുകൾ കൂടുതലായതിനാൽ കൊതുകുകടിയേൽക്കാതെ ശ്രദ്ധിക്കുകയാണു പ്രധാനം. 

പേടിക്കണം ഗർഭിണികൾ

സാധാരണക്കാർ സിക്ക വൈറസിനെ പേടിക്കേണ്ടതില്ലെന്നു പറയുമ്പോൾ ഗർഭിണികൾ ഇതിനോട് ഏറെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. പനി, തലവേദന, ക്ഷീണം, ചെങ്കണ്ണ്, ശരീരത്തിൽ റാഷസ് തുടങ്ങിയവയാണു ലക്ഷണങ്ങൾ. എന്നാൽ ചുരുക്കം ചിലരിൽ നാഡീ സംബന്ധമായ രോഗങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതൽ പേരിലും ചെറിയൊരു പനി പോലെ രോഗം വന്നു പോകാം. വൈറസ് ശരീരത്തിലെത്തി 3 മുതൽ 4 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടാകും. 

ഗർഭിണികളെ സിക്ക ബാധിച്ചാൽ അവരുടെ ഗർഭസ്ഥ ശിശുവിലേക്കും രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. സിക്ക വൈറസ് മൂലം അബോർഷൻ വരെ സംഭവിച്ചേക്കാം. രോഗം ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും. തലച്ചോറു ചുരുങ്ങി, ചെറിയ തലയോട്ടിയുമായി കുഞ്ഞു ജനിക്കുന്ന മൈക്രോസെഫാലി എന്ന രോഗാവസ്ഥയിലേക്ക് ഇതു നയിച്ചേക്കാം. 

സിക്ക രോഗത്തിന് ഇതുവരെ മരുന്നോ മറ്റു വാക്സീനുകളോ വികസിപ്പിച്ചിട്ടില്ല. മുൻപു വാക്സീൻ വികസിപ്പിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും പിന്നീടു കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. മറ്റു രോഗങ്ങൾ പോലെ ഇതു വ്യാപകമല്ലാത്തതിനാൽ വാക്സീൻ വികസിപ്പിക്കുന്നതിന് അധിക കമ്പനികൾ തയാറായി വന്നിട്ടില്ല.

(വിവരങ്ങൾക്കു കടപ്പാട്: ഡോ.കെ.സുദീപ്, സൂപ്രണ്ട്, കണ്ണൂർ ഗവ.മെഡിക്കൽ കോളജ് പരിയാരം)

English Summary : Zika virus: Symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com