ADVERTISEMENT

കരളിന് വീക്കമുണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസും മഞ്ഞപ്പിത്തവും ഒരേ രോഗമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസിന്റെ ഒരു ലക്ഷണം മാത്രമാണ്. ഇവ രണ്ടും ഒന്നല്ല. രക്തത്തിൽ ബിലിറൂബിൻ എന്ന മഞ്ഞ ദ്രാവകം കൂടുതലായി ഉത്പാദിപ്പിക്കുന്നതിന്റെ ലക്ഷണമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് മൂലം മഞ്ഞപ്പിത്തം ഉണ്ടാകാം. എന്നാൽ ഹെപ്പറ്റൈറ്റിസ് ഉള്ള എല്ലാവർക്കും മഞ്ഞപ്പിത്തം ഉണ്ടാകണമെന്നില്ല. മഞ്ഞപ്പിത്തം ഉള്ള രോഗികൾക്കെല്ലാം ഹെപ്പറ്റൈറ്റിസ് ആണെന്ന് ഉറപ്പിക്കാനുമാവില്ല. കരൾ പ്രശ്നങ്ങൾക്ക് പുറമേ ബൈൽ ഡക്റ്റിലെ കല്ല്, മലേറിയ, ഡെങ്കിപ്പനി എന്നിവയ്ക്കും മഞ്ഞപ്പിത്തം രോഗലക്ഷണമാണെന്ന് മുംബൈ സെൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ഡയറക്ടറും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ഡോ. റോയ് പട്നാകർ ഹെൽത്ത്സൈറ്റ് .കോമിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഹെപ്പറ്റൈറ്റിസ് ചികിത്സിച്ച് മാറ്റാനാകില്ലെന്ന ചിന്തയും തെറ്റാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.എ,ബി,സി,ഡി, ഇ എന്നിങ്ങനെ അഞ്ച് തരത്തിൽ ഹെപ്പറ്റൈറ്റിസ് ഉണ്ട്. ചില തരം ഹെപ്പറ്റൈറ്റിസ് ചികിത്സയില്ലാതെ തന്നെ സുഖപ്പെടും. എന്നാൽ ചിലതരം ഹെപ്പറ്റൈറ്റിസ് കരൾ വീക്കത്തിന് കാരണമാകും. കരൾ മാറ്റി വയ്ക്കേണ്ട അവസ്ഥയും ഇതുണ്ടാക്കാം. ഇത്തരം രോഗികൾ മരുന്നു കഴിക്കേണ്ടതും ചികിത്സ കാലയളവിൽ മദ്യം ഒഴിവാക്കേണ്ടതുമാണ്. ഓരോ തരം ഹെപ്പറ്റൈറ്റിസിന് അനുസരിച്ച് ചികിത്സയും വ്യത്യസ്തമാകുന്നതാണ്.

 ഹെപ്പറ്റൈറ്റിസ് രോഗികൾ വേവിച്ച ഭക്ഷണം മാത്രമേ കഴിക്കാവുള്ളൂ എന്ന ധാരണയും തെറ്റാണ്. കൊഴുപ്പു കുറഞ്ഞതും മിതമായ തോതിൽ പ്രോട്ടീൻ ഉള്ളതും ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയതുമായ ഭക്ഷണമാണ് ഹെപ്പറ്റൈറ്റിസ് രോഗികൾ കഴിക്കേണ്ടത്. പോഷകാഹാരം കഴിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായകമാകും. ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് മാത്രമേ നിലവിൽ പ്രതിരോധ കുത്തിവെപ്പ് ലഭ്യമായിട്ടുള്ളൂ.

ഹെപ്പറ്റൈറ്റിസ് മുലയൂട്ടുന്നതിലൂടെ പകരുമെന്ന ധാരണയും തെറ്റാണെന്ന് ഡോ. റോയ് പറയുന്നു. എന്നാൽ മുലക്കണ്ണിൽ പൊട്ടലോ, രക്തമൊഴുക്കോ ഉണ്ടെങ്കിൽ മുലയൂട്ടൽ ഒഴിവാക്കണം. കാരണം രക്തത്തിലൂടെ ഹെപ്പറ്റൈറ്റിസ് പകരാം. ഹെപ്പറ്റൈറ്റിസ് മാറിയ ഉടനെ മദ്യം കഴിക്കരുതെന്ന മുന്നറിയിപ്പും ഡോക്ടർ നൽകുന്നു. ലിവർ ഫങ്ഷൻ ടെസ്റ്റ് നോർമൽ കാണിച്ച ശേഷം മൂന്നു മാസത്തേക്ക് എങ്കിലും മദ്യപിക്കരുതെന്ന് ഡോ. റോയ് കൂട്ടിച്ചേർത്തു.

English Summary : Hepatitis And Jaundice Are Not The Same

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com