ADVERTISEMENT

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം പുതിയ കോവിഡ് വൈറസ് വകഭേദം രൂപപ്പെടുന്നതിനു കാരണമായേക്കാമെന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പും വാക്സീനുകളുടെ പ്രതിരോധശേഷിയും വീണ്ടും ആശങ്കയുണ്ടാക്കുന്നു. വൈറസ് പെരുകുന്നത് പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതിനു കാരണമാകും. ഇതിനിടയിലാണ് മൂന്നാം തരംഗത്തിന്റെ ആശങ്കയും നിലനിൽക്കുന്നത്. ഇടയ്ക്ക് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് അൽപം അശ്വാസം ഉണ്ടാക്കിയെങ്കിലും ഇപ്പോൾ വീണ്ടും വർധന ഉണ്ടാകുന്ന സാഹചര്യമാണുള്ളത്.

വൈറസ് വ്യാപനം എത്ര വേഗത്തിലാണ് എന്നതിന്റെ സൂചികയായ ആർ വാല്യുവിൽ നേരിയ വർധന കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് അസ്ട്രാസെനക, ഫൈസർ വാക്സീനുകളുടെ പൂർണ ഡോസെടുത്ത് 6 ആഴ്ചയ്ക്കു ശേഷം ഇവ നൽകുന്ന പ്രതിരോധത്തിൽ കുറവു വന്നു തുടങ്ങുമെന്നു വ്യക്തമാക്കി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ വന്ന പഠനം. 2–3 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയിൽ താഴെയാകും. ഇതു തുടർന്നാൽ വാക്സീൻ ഉറപ്പു നൽകുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകർ പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ചും പുതിയ കോവിഡ് വകഭേദങ്ങൾക്കെതിരെയുളള ഫലപ്രാപ്തിയുടെ കാര്യത്തിൽ. 

എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാൻ ഇരു വാക്സീനുകൾക്കും കഴിയുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോർട്ട് വിരൽചൂണ്ടുന്നത്. 70 വയസ്സു കഴിഞ്ഞവർക്കും കോവിഡ് പിടിപെടാൻ ഏറെ സാധ്യതയുള്ളവർക്കും ബൂസ്റ്റർ ഡോസിൽ മുൻഗണന നൽകണമെന്നും യുകെയിൽ നടത്തിയ പഠനത്തിലൂടെ ഗവേഷകർ ശുപാർശ ചെയ്യുന്നു.

English Summary : Corona virus new variant; Warning for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com