ADVERTISEMENT

സമീപകാലത്തായി അലക്ഷ്യമായും അതിവേഗത്തിലും ബൈക്ക് പോലെയുള്ള വാഹനങ്ങൾ ഓടിച്ച് അപകടങ്ങളിൽ ചെന്നു പെടുന്ന വ്യക്തികളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. പലപ്പോഴും റോഡരുകിൽ നിൽക്കുന്നവരോ  സമാധാനപരമായി വണ്ടി ഓടിച്ചു വരുന്നവരോ ഇത്തരത്തിൽ അതിവേഗത്തിൽ ഓടിച്ചു വരുന്ന ആളുകൾ അങ്ങോട്ടു ചെന്ന് ഇടിക്കുന്നതു വഴി മരണങ്ങൾ സംഭവിക്കുന്ന വാർത്തകൾ വരെ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

ട്രാഫിക് നിയമങ്ങൾ പാലിക്കാതെ അതിവേഗത്തിൽ മുന്നോട്ടു പോകുന്ന ഈ വ്യക്തികളുടെ മാനസികനില എന്താണ്? ചെറുപ്പക്കാരായ ചില ആളുകളെങ്കിലും എടുത്തുചാട്ട സ്വഭാവവും വരുംവരായ്കകൾ എന്താണെന്ന് ആലോചിക്കാതെ പ്രവർത്തിക്കന്ന ശീലവും ഉള്ളവരാണ്. ഇത്തരക്കാരായ ആളുകൾ പലപ്പോഴും അതിവേഗത്തിൽ  വണ്ടി ഓടിക്കാനുള്ള സാധ്യത കൂടുതലാണ്. ചെറുപ്പത്തിൽതന്നെ അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തു ചാട്ടം എന്നീ ലക്ഷണങ്ങളോടു കൂടിയ  Attention Deficit Hyper Activity Disorder(ADHD) എന്ന പ്രശ്‌നമുള്ള വ്യക്തികൾ വാഹനം ഓടിക്കാൻ തുടങ്ങുമ്പോൾ ഇത്തരത്തിൽ നിയമങ്ങൾ ലംഘിച്ചു കൊണ്ട് അതിവേഗത്തിൽ വണ്ടി ഓടിക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം വ്യക്തികളുടെ തലച്ചോറിന്റെ മുൻ ഭാഗത്ത് ഫ്രോണ്ടൽ ഖണ്ഡത്തിൽ ഡോപ്പമിൻ എന്ന രാസവസ്‌തുവിന്റെ അളവ് കുറവാണ് എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിശ്ചിത അളവിൽ ഡോപ്പമിൻ ഉണ്ടെങ്കിൽ മാത്രമേ ചെയ്യുന്ന പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആളുകൾക്ക് കഴിയാറുള്ളൂ. എന്നാൽ ADHD ഉള്ളവരുടെ തലച്ചോറിൽ ഡോപ്പാമിന്റെ അളവ് കുറവായതു കൊണ്ടുതന്നെ ഏതൊരു പ്രവൃത്തിയും ശ്രദ്ധിച്ചു ചെയ്യാൻ ഇവർക്കു പ്രയാസമായിരിക്കും. വണ്ടി ഓടിക്കുന്ന കാര്യത്തിലും ഈ ശ്രദ്ധക്കുറവ് പ്രകടമാകും. 

ഇതോടൊപ്പം ഇവരുടെ തലച്ചോറിന്റെ ഇടത് വലത് അർധ ഗോളങ്ങൾ തമ്മിലുള്ള ഏകോപനം കുറവുള്ളതായിട്ടും കണ്ടെത്തിയിട്ടുണ്ട്. ഇതു മൂലം എടുത്തുചാട്ട സ്വഭാവവും അമിതമായ ദേഷ്യവും ഇവരുടെ സഹജമായ രീതികൾ ആയിരിക്കും. ഇത്തരം ലക്ഷണങ്ങൾ എല്ലാം ഒരുമിച്ചു വരുമ്പോൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചു കൊണ്ട് അമിത വേഗതയിൽ വണ്ടി ഓടിക്കുന്ന ഒരു രീതി ഇത്തരക്കാർ പ്രകടമാക്കാൻ സാധ്യത ഉണ്ട്. ചികിത്സയെടുക്കാതെ പോകുന്ന ADHD അമിത വേഗതയിലുള്ള വണ്ടി ഓടിക്കലിനോടൊപ്പംതന്നെ പെട്ടെന്ന് ദേഷ്യപ്പെടുക, പെട്ടെന്ന് അക്രമാസക്തരാകുക, ലഹരി വസ്‌തുക്കൾ ഉപയോഗിക്കുക, ദാമ്പത്യ ജീവിതത്തിൽ ശാരീരികമായി പങ്കാളിയെ ഉപദ്രവിക്കുന്ന രീതി നിരന്തരം അവലംബിച്ചു വരുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളവരാണ്.  

തലച്ചോറിൽ നിശ്ചിത അളവ് ഡോപ്പമിൻ ഉള്ള ഒരു വ്യക്തിക്ക് കായികവ്യായാമം, സുഹൃത്തുക്കളോട് സംസാരിക്കുക, സംഗീതം കേൾക്കുക, സിനിമ കാണുക, രുചികരമായ ഭക്ഷണം കഴിക്കുക എന്നിവയൊക്കെ ആവശ്യത്തിന് ഡോപ്പാമിന്റെ അളവ് വർധിപ്പിക്കുകയും നല്ല ആഹ്‌ളാദം പകരുകയും ചെയ്യും.  എന്നാൽ സ്വതവേ തന്നെ ഡോപ്പാമിന്റെ അളവ് കുറവുള്ള ADHD ക്കാർക്ക് മേൽപറഞ്ഞ കാര്യങ്ങളൊന്നും കാര്യമായ ആഹ്ലാദം നൽകാറില്ല. അവർക്ക് അതിസാഹസികമായ കാര്യങ്ങൾ ചെയ്‌താൽ മാത്രമേ തലച്ചോറിൽ ഡോപ്പാമിന്റെ അളവ് കൂടുകയും അതുവഴി ആഹ്ലാദം ലഭിക്കുകയും ചെയ്യുകയുള്ളൂ. 

അതിവേഗത്തിൽ ബൈക്കോടിക്കുക, വളരെ തിരക്കേറിയ പാതകളിലൂടെ സാഹസികമായി നുഴഞ്ഞു കയറി വണ്ടി ഓടിക്കുക തുടങ്ങിയവയാണ് ഇവർക്കു പലപ്പോഴും ആഹ്ലാദം പകരുന്ന സംഭവങ്ങൾ. ചെറുപ്പത്തിന്റെ ത്രില്ലാണ് ഇത്തരത്തിൽ അതിവേഗത്തിൽ സാഹസികമായി വണ്ടി ഓടിക്കുന്നത് എന്ന് പലരും പറയാറുണ്ട്. പക്ഷേ ശ്രദ്ധിക്കുക, ചെറുപ്പക്കാരിൽ ഭൂരിപക്ഷവും ഇത്തരത്തിൽ വണ്ടി ഓടിക്കുന്നവരല്ല. അതിവേഗം വണ്ടി ഓടിക്കുന്ന വ്യക്തികളിൽ നല്ലൊരു ശതമാനത്തിനും ഞാൻ മേൽ സൂചിപ്പിച്ചതു പോലെയുള്ള ADHD യുടെ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടാകാൻ സാധ്യത ഉണ്ട്. പലപ്പോഴും ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്ന വ്യക്തികളിലും ഇതിനു സമാനമായ അമിത വേഗതയും അതിസാഹസികതയും ഉണ്ടാകാൻ സാധ്യത ഉണ്ട്. കഞ്ചാവ്, മറ്റു മയക്കു മരുന്നുകൾ എന്നീ ലഹരി വസ്‌തുക്കൾ  ഉപയോഗിക്കുന്നവരുടെ തലച്ചോറിൽ ഡോപ്പമിന്റെ അളവ് പൊടുന്നനെ വർധിക്കുകയും അതിനെത്തുടർന്ന് അവർ ചെയ്യുന്ന പ്രവൃത്തികളുടെ വരും വരായ്കകൾ ആലോചിക്കാതെ സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. മദ്യം ഉപയോഗിക്കുന്ന വ്യക്തികളിൽ തലച്ചോറിന്റെ ആത്മനിയന്ത്രണത്തിന്റെ കേന്ദ്രമായ ഫ്രോണ്ടൽ ദളത്തിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും അതിന്റെ ഫലമായി അവർ അതിവേഗത്തിൽ വണ്ടി ഓടിക്കുകയും ചെയ്യുന്നത് കണ്ടു വരുന്നു. 

മനസ്സിന് വൈകാരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന വ്യക്തികളിലും ഇത്തരത്തിലുള്ള സാഹസിക കൃത്യങ്ങൾ കൂടുതലായി കണ്ടു വരുന്നു. ഉന്മാദവും വിഷാദവും മാറി മാറി വരുന്ന ബൈപോളാർ ഡിസോർഡർ എന്ന രോഗാവസ്ഥ ഉള്ള വ്യക്തികളുടെ ഉന്മാദ ഘട്ടത്തിൽ അവർ അതിസാഹസികമായ പല പ്രവൃത്തികളും ചെയ്‌തെന്നിരിക്കും. അതിന്റെ ഭാഗമായി വണ്ടി ഓടിക്കുന്നതിന്റെ വേഗത കൂടാനുള്ള സാധ്യതയുണ്ട് പലപ്പോഴും വണ്ടി ഓടിക്കുന്ന സമയത്ത് എതിരെ വരുന്ന വ്യക്തികളെ വളരെ മോശമായ ഭാഷയിൽ ശകാരിക്കുന്ന രീതി ഇവർ അവലംബിക്കാൻ സാധ്യതയുണ്ട്. വൈകാരിക അസ്ഥിരതയുള്ള വ്യക്തിത്വ വൈകല്യം (emotionally unstable personality disorder) ഉള്ള വ്യക്തികളിലും ഇതേ രീതികൾ കണ്ടു വരാറുണ്ട്. കടുത്ത എടുത്തു ചാട്ട സ്വഭാവവും, അമിതമായ ദേഷ്യവും, വണ്ടി ഓടിക്കുമ്പോൾ കാണിക്കുന്ന വളരെ അക്രമോത്സുകമായ രീതികളുമൊക്കെ ഇവരുടെ തലച്ചോറിലെ ചില മേഖലകളുടെ പ്രവർത്തന വൈകല്യങ്ങളെ സൂചിപ്പിക്കുന്നു. ആത്മനിയന്ത്രണങ്ങളുടെ കേന്ദ്രമായ ഫ്രോണ്ടൽ ദളം വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ പാർശ്വ ഭാഗത്തുള്ള ടെംപോറൽ ദളം എന്നിവയുടെ പ്രവർത്തന വൈകല്യങ്ങളാണ് ഇത്തരക്കാരിൽ കൂടുതലായി കണ്ടു വരുന്നത്. 

കൗമാരത്തിന്റെ സഹജമായ പരീക്ഷണത്വരയുടെ ഭാഗമായി അതിവേഗത്തിൽ വണ്ടി ഓടിക്കുന്ന ആളുകളും നമ്മുടെ ഇടയിൽ ഉണ്ടാകാറുണ്ട്. പലപ്പോഴും സുഹൃത്തുക്കൾ ഒരുമിച്ചു ചേർന്ന് ബൈക്ക് റേസിങ് പോലെയുള്ള കാര്യങ്ങൾ നടത്തുന്നത് നമ്മുടെ നഗരങ്ങളിലെ റോഡുകളിലും കണ്ടു വരുന്ന ഒരു കാര്യമാണ്. സമപ്രായക്കാരുടെ സമ്മർദം മൂലം ആ സംഘത്തിൽ അംഗമാകാൻ വേണ്ടി താത്പര്യം ഇല്ലാത്തവർ പോലും ഇത്തരം റേസിങ്ങുകളിൽ പങ്കെടുക്കുന്നതായി കണ്ടു വരുന്നുണ്ട്. ഒന്നോ രണ്ടോ പ്രാവശ്യം ഈ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ അതിൽ നിന്ന് കിട്ടുന്ന ഒരാഹ്ലാദം അവരെ വീണ്ടും വീണ്ടും ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചെന്നിരിക്കും. അത് പലപ്പോഴും അപകടങ്ങളിൽ ചെന്ന് കലാശിക്കാറുണ്ട്. ഓൺലൈൻ ഗെയിമുകൾ പ്രത്യേകിച്ച് അക്രമ സ്വഭാവം ഉള്ള അതിവേഗത്തിലുള്ള ദൃശ്യങ്ങൾ വരുന്ന ഗെയിമുകൾ നിരന്തരമായി കളിച്ചു കൊണ്ടിരിക്കുന്ന വ്യക്തികൾ വണ്ടി ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഈ എടുത്തുചാട്ട സ്വഭാവവും അമിത വേഗവും പ്രകടമാണ്. കാരണം ഇത്തരം ചില ഓൺലൈൻ ഗെയിമുകളിൽ അതിവേഗത്തിലുള്ള റേസിങ് സ്വഭാവത്തിലുള്ള ചില കളികൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. നിരന്തരമായി അത് കളിക്കുന്ന വ്യക്തികൾക്ക് നിത്യജീവിതത്തിലും അതേ രീതിയിൽ വണ്ടി ഓടിക്കാനുള്ള ഒരു പ്രവണത കടന്നു വരാനുള്ള സാധ്യത ഉണ്ട്. അത് ചിലപ്പോഴെങ്കിലും അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്യും. 

ഇത്തരം അപകടങ്ങളിൽ മരണപ്പെട്ടു പോകുന്ന അല്ലെങ്കിൽ പരിക്കേൽക്കുന്ന വ്യക്തികളുടെയും അവരുടെ ബന്ധുക്കളുടെയും മാനസിക നിലയും ഈ ഘട്ടത്തിൽ ചർച്ച ചെയ്യേണ്ടത് വളരെ പ്രധാനമാണ്. തീർത്തും നിരപരാധികളായ വ്യക്തികളാണ് അവർ എന്നത് ഏറ്റവും ശ്രദ്ധ അർഹിക്കുന്ന ഒരു വിഷയമാണ്. അമിത വേഗത്തിൽ വണ്ടി ഓടിച്ചു കൊണ്ടു വരുന്ന ഒരാൾ സൃഷ്ടിക്കുന്ന അപകടം മൂലം ജീവിതകാലം മൊത്തം എഴുന്നേറ്റു നടക്കാൻ കഴിയാതെ തളർന്നു കിടക്കേണ്ടി വരുന്ന വ്യക്തികളുടെ ജീവിതം ദുഃഖകരമായ അനുഭവമാണ്. ഇത്തരം അപകടങ്ങളിൽ വ്യക്തി മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന വേദന എത്ര വലുതായിരിക്കും എന്നും നമ്മൾ ഊഹിക്കണം. പലപ്പോഴും ചെറുപ്പക്കാരായ ആളുകൾ ഇത്തരം അപകടങ്ങളിൽ പെട്ട് മരിച്ചു പോകുന്നതും വ്യാപകമായി നാം കാണുന്ന ഒരു സത്യമാണ്. ഒരു വ്യക്തിക്ക് ജീവിതത്തിൽ ഉണ്ടാകാവുന്ന ഏറ്റവും വലിയ വേദനയാണ് അവർ ജീവിച്ചിരിക്കുമ്പോൾ അവരുടെ കുട്ടികൾ മരിച്ചു പോകുക എന്നത്. ചെയ്യാത്ത തെറ്റിന് ഇത്തരം അതിവേഗത്തിലുള്ള വണ്ടികളുടെ അപകടം മൂലം മരണപ്പെട്ടു പോകുന്ന കൗമാരപ്രായക്കാരുടെയും യുവാക്കളുടെയും മാതാപിതാക്കൾ അവരുടെ ജീവിതാന്ത്യം വരെ നിറഞ്ഞ കണ്ണുകളോടെ മാത്രം ജീവിതത്തിൽ മുന്നോട്ടു പോകുന്നത് ഒരു മനോരോഗ ചികിത്സകൻ എന്ന നിലയിൽ നിരന്തരം കാണേണ്ടി വരുന്ന ഒരു കാഴ്‌ചയാണ്‌ എന്നതാണ് സത്യം. 

വണ്ടി ഓടിക്കുമ്പോൾ റോഡിൽ പാലിക്കേണ്ട മര്യാദകൾ എന്തൊക്കെയാണ് ?

ഒരു സാമൂഹിക ജീവിയാണ് താൻ എന്ന ഉത്തമ ബോധ്യത്തോടെ വേണം ഓരോ വ്യക്തിയും വണ്ടിയുമായി റോഡിലേക്കിറങ്ങാൻ. തനിക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലെ മറ്റുള്ളവർക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന തിരിച്ചറിവും അതിന്റെ അടിസ്ഥാനത്തിലുള്ള അനുതാപപൂർണമായ സമീപനവും എല്ലാ വ്യക്തികൾക്കും അത്യാവശ്യമാണ്. തിരക്കുള്ള റോഡുകളിൽ വണ്ടി ഓടിക്കുമ്പോൾ നല്ല വൈദഗ്ധ്യം ഉണ്ടെങ്കിൽ മാത്രം വണ്ടി ഓടിക്കാൻ ശ്രമിക്കുന്നതായിരിക്കും അഭികാമ്യം. അല്ലാത്തപക്ഷം നിസ്സാരമായ അപകടങ്ങൾ പറ്റാൻ സാധ്യത ഉണ്ട്. പക്ഷേ അത്തരം അപകടങ്ങൾ പലപ്പോഴും നമ്മുടെ മാനസിക  നിലയെതന്നെ പലപ്പോഴും ബാധിക്കാനുള്ള സാധ്യത  വളരെയേറെയാണ്. ലഹരി വസ്‌തുക്കൾ ഉപയോഗിച്ചുകൊണ്ട് ഒരു കാരണവശാലും ഒരു വാഹനങ്ങളും ഓടിക്കാതിരിക്കുക എന്നത് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. അമിത വികൃതിയും എടുത്തു ചാട്ടവും ശ്രദ്ധക്കുറവുമുള്ള ADHD ബാധിച്ച വ്യക്തികൾക്ക്  കൃത്യമായ ചികിത്സയിലൂടെ അവ പരിഹരിക്കുവാൻ സാധിക്കും. ചികിത്സയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാതെ അവരെ ഡ്രൈവിങ് പഠിപ്പിക്കുകയോ വണ്ടികൾ ഓടിക്കാൻ കൊടുക്കുകയോ ചെയ്യാൻ പാടില്ല എന്നത് ഏറ്റവും പ്രധാനമായ കാര്യമാണ്. വണ്ടി ഓടിക്കുന്നതിനിടയിൽ പൊടുന്നനെ ഉണ്ടാകുന്ന ദേഷ്യഭാവം റോഡ് റെയ്ജ് എന്ന് പറയുന്ന കാര്യം പല ആളുകളുടെയും പെരുമാറ്റത്തിൽ പ്രകടമാണ്. അത് അമിത വേഗത്തിൽ വണ്ടി ഓടിക്കുന്നവരുടെ രൂപത്തിലോ മറ്റുള്ളവരെ ഓവർടേക്ക് ചെയ്‌തു പോകാൻ ശ്രമിക്കുന്ന രൂപത്തിലോ  ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന ഇടയിൽ തന്നെ ചീത്ത  വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യുകയോ അശ്ലീല ചേഷ്ടകൾ കാണിക്കുകയോ ചെയ്യുന്ന രീതിയിൽ ഒക്കെ നമ്മുടെ റോഡുകളിലും പ്രകടമായി കാണുന്ന ഒരു കാര്യമാണ്. 

പക്ഷേ ഇത്തരം പ്രവർത്തനങ്ങളെല്ലാം തീർത്തും മനുഷ്യാവകാശ ലംഘനങ്ങളാണ് എന്നത് നാം മനസ്സിലാക്കണം. നമ്മുടെ ആവശ്യത്തിനനുസരിച്ച് അനുസൃതമായ വേഗതയിൽ വണ്ടി ഓടിക്കാൻ നമുക്ക് അവകാശമുണ്ട്. ന്യായമായ വേഗതയിൽ തന്നെ മുൻപിൽ പോകുന്ന വണ്ടിയെ ഓവർടേക്ക് ചെയ്യാൻ ഉള്ള അവകാശവും നമുക്കുണ്ട്. പക്ഷേ അത് ട്രാഫിക് നിയമങ്ങൾ ലംഘിച്ചു കൊണ്ടാകരുത്, മറ്റൊരു വ്യക്തിയെ പരിഹസിച്ചു കൊണ്ടാകരുത്, അവർക്കു നേരെ അശ്ലീല ചേഷ്ടകൾ കാണിച്ചു കൊണ്ടാകരുത്. 

ഏതെങ്കിലും വ്യക്തി ട്രാഫിക് നിയമങ്ങൾ  ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവരോട് അത് തിരുത്താൻ നമുക്ക് ആവശ്യപ്പെടാം. അതിനു സാധിക്കുന്നില്ലെങ്കിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം തേടാനും നാം മടിക്കേണ്ടതില്ല.  ഓരോ റോഡിലൂടെയും പോകാവുന്ന പരമാവധി വേഗത നിജപ്പെടുത്തപ്പെട്ടിട്ടുണ്ട്.  ആ വേഗത കൃത്യമായി പാലിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതാണ് ദീർഘകാല അടിസ്ഥാനത്തിൽ എല്ലാവർക്കും നല്ലത്.  കാരണം അതിവേഗത്തിൽ സഞ്ചരിച്ച് ചരമമടയുകയോ മരണം വിതയ്ക്കുകയോ ചെയ്യുന്നതിനേക്കാൾ  നൂറു ശതമാനം നല്ലത് സാവധാനം സഞ്ചരിച്ചു കൊണ്ട് ലക്ഷ്യത്തിൽ എത്തുക എന്നതാണ് എന്ന ആപ്‌തവാക്യം നാം ഓർത്തിരിക്കണം. വില കൂടിയ വാഹനങ്ങൾ വാങ്ങി ട്രാഫിക് നിയമങ്ങൾ ലംഘിച്ചു കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ അത് ഓടിച്ചു മുന്നോട്ട് പോകുന്നത് വളരെ മ്ലേച്ഛമായ ഒരു രീതി തന്നെയാണ്. അനുഭവസമ്പന്നരായ വ്യക്തികൾ പറയുന്നതു പോലെ ഉപയോഗിക്കുന്ന വാഹനത്തിന്റെ വില അല്ല മറിച്ച്  അത് ഉപയോഗിക്കുന്ന വ്യക്തിയുടെ ബുദ്ധിപരവും സാമൂഹിക ബോധമുള്ളതുമായ പെരുമാറ്റമാണ് ഡ്രൈവിങ് എന്ന അനുഭവത്തെ ഒരു കലയാക്കി മാറ്റുന്നതും മറ്റുള്ളവർക്കു കൂടി അത് ആസ്വാദ്യകരമാക്കുന്നതും.

English Summary : Bike racing, road accidents related persons mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com