ADVERTISEMENT

നമ്മുടെ വായാണ് നമ്മുടെ ശരീരത്തിന്റെ കവാടം, ദഹനവ്യവസ്ഥയുടെ തുടക്കം കുറിക്കുന്നതും. ആഹാരം, പോഷക ഘടകങ്ങൾ എന്തിനു  ഏറെ ബാക്റ്റീരിയ - വൈറസ് പോലെയുള്ള സൂഷ്മ ജീവികൾ പോലും ശരീരത്തിൽ പ്രവേശിക്കുന്നത് പലപ്പോഴും വായിൽ കൂടെയാണ്. അത്കൊണ്ട് തന്നെ വായുടെ ആരോഗ്യം, ശുചിത്വം പ്രായഭേദമില്ലാതെ പ്രാധാന്യം അർഹിക്കുന്നു. പുകയില ഉത്പന്നങ്ങൾ പോലുള്ള ക്യാൻസറിനു കാരണമാകുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം വായുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. വർഷം തോറും ഇത്തരത്തിലുള്ള അസുഖം 80% വർധിച്ചു വരുന്നുവെന്നാണ് കണക്കുകൾ‌.

വായിലെ അണുക്കള്‍ വായ്ക്കുള്ളിലോ പല്ലിനോ മാത്രമല്ല ശരീരത്തിനെ ഒട്ടാകെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കുട്ടികള്‍ക്ക് ആദ്യ പല്ല് മുളയ്ക്കുന്നത് മുതല്‍ അതിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പല്ലും മോണയും വൃത്തിയായി സൂക്ഷിച്ചാല്‍ അണുബാധ, പോട്, വേദന എന്നിവ ഒഴിവാക്കാം. കുഞ്ഞു പല്ലുകള്‍ ദ്രവിച്ചാല്‍ അത് അടിയിലെ സ്ഥിരമായ പല്ലുകള്‍ക്കും കേടുവരുത്തിയേക്കാം. പല്ലുകള്‍ക്ക് വരുന്ന കേട് മറ്റ് അസുഖങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ദന്തസംരക്ഷണം എന്നത് ആരോഗ്യ സംരക്ഷണത്തിലെ പ്രധാനപ്പെട്ട ഒന്നായി കാണേണ്ടതുണ്ട്. 

Importance-of-oral-health-brush
Representative Image. Photo Credit : Africa Studio / Shutterstock.com

കുട്ടിക്കാലത്ത് മുതല്‍ തന്നെ ഈ ശീലം വളര്‍ത്തിയെടുക്കണം. കുട്ടികളില്‍ ദന്ത സംരക്ഷണം ഏറെ ആവശ്യമുള്ള ഒന്നാണ്. ശാരീരികവും മാനസികവുമായ പ്രതിസന്ധികള്‍ നേരിടുന്നവരെ സംബന്ധിച്ച് ദന്ത സംരക്ഷണം ഏറെ സൂക്ഷ്മതയോടെ നിറവേറ്റേണ്ട ഒന്നാണ്. കോവിഡ്  കാലത്ത് ദന്താരോഗ്യത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ മോണരോഗം വഴിവെച്ചേക്കുമെന്ന യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നടന്ന ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. കോവിഡ് ശ്വാസകോശപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രോഗമായതിനാല്‍ തന്നെ വായ ശുചിത്വം പ്രധാനപ്പെട്ടതാണ്.

പ്രധാനമായും കണ്ടുവരുന്ന വായുമായി ബന്ധപ്പെട്ട അസുഖങ്ങൾ

∙ പല്ലിനു ഉണ്ടാകുന്ന കേടുകൾ അഥവാ പോടുകൾ

∙ മോണ രോഗം

∙ കാൻസർ

∙ എച്ച്െഎവിയുടെ ഭാഗമായി വായിൽ വരുന്ന മാറ്റങ്ങൾ

∙ അപകടങ്ങളിലൂടെയും മറ്റും പല്ലുകൾക്കും അസ്ഥിക്കും ഉണ്ടാകുന്ന ക്ഷതങ്ങൾ.എന്നിവയാണ്.

dr-joseph-cc-dr-deebu-indian-dental-association
ഡോ.ദീബു മാത്യു, ഡോ.ജോസഫ്.സി.സി

പ്രായഭേദമില്ലാതെ കണ്ടുവരുന്ന മോണ രോഗം എന്ന അവസ്ഥയ്ക്ക് ഉള്ള കാരണം പുകവലി, കൃത്യമല്ലാത്ത ബ്രഷിങ് രീതികൾ, അളവറ്റ രീതിയിലുള്ള മധുര പലഹാരങ്ങളുടെ ഉപയോഗം, പ്രമേഹം, ഉമിനീരിന്റെ അളവിൽ കുറവ് വരുത്തുന്ന മരുന്നുകളുടെ ഉപയോഗം, എയ്ഡ്‌സ് പോലുള്ള അസുഖങ്ങളിൽ നിന്നുള്ള അണുബാധ, പുളിച്ചു തികട്ടൽ ഛർദി പോലുള്ള  അസുഖങ്ങൾ എന്നിവയാണ്. ഇത്തരത്തിലുള്ള ശ്രദ്ധക്കുറവുകൾ  ഒഴിവാക്കി രണ്ടു നേരം ബ്രഷിങ് അതും ഫ്ലൂറൈഡ് അടങ്ങിയ പേസ്റ്റും സോഫ്റ്റ് ബ്രഷും ഉപയോഗിച്ച് കൊണ്ടുള്ള ക്ലീനിങ് ശീലമാക്കുക.

∙ വായുടെ ആരോഗ്യം സംരക്ഷിക്കാൻ

∙ പോഷക സമൃദ്ധമായ ആഹാരം കൃത്യമായ അളവിൽ കഴിക്കുക.

∙ മധുരത്തിന്റെ തുടർച്ചയായ ഉപയോഗം കുറയ്ക്കുക.

∙ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കുക.

∙ കൊറോണ വന്നു മാറിയതിനു ശേഷം പുതിയ ബ്രഷ് ഉപയോഗിച്ചു തുടങ്ങുക.

∙ എല്ലാ ആറ് മാസത്തിൽ ഒരിക്കൽ നിങ്ങളുടെ ഡെന്റിസ്റ്റുമായി കൂടിക്കാഴ്ച നടത്തുക.

 

തയാറാക്കിയത് :

ഡോ.ജോസഫ്.സി.സി, പ്രസിഡൻറ്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരളാ സ്റ്റേറ്റ്.

ഡോ.ദീബു മാത്യു ,സെക്രട്ടറി ,ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, കേരളാ സ്റ്റേറ്റ്.

 

Content Summary : Oral health: A window to your overall health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com