ADVERTISEMENT

കോഴിക്കോട്ടെ ഡോക്ടർ പി. പി. വേണുഗോപാലിന്റെ പേരിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രചരിക്കുന്ന കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള സന്ദേശം വ്യാജം. തന്റെ പേരിൽ, തെറ്റിദ്ധാരണ പരത്തുന്ന ഈ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ പൊലീസിൽ ഡോക്ടർ പരാതി നൽകി. മൂന്നാം തരംഗത്തെ കുറിച്ച് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കുന്ന തരത്തിലുള്ള സന്ദേശത്തെ ഒരുകാരണവശാലും ആരും പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കരുതെന്ന് ഡോക്ടർ പി.പി വേണുഗോപാൽ അഭ്യർഥിക്കുന്നു.

വ്യാജസന്ദേശത്തെക്കുറിച്ച് ഡോ. വേണുഗോപാൽ പറയുന്നത്

‘ആസ്റ്റർ മിംസ് എമർജൻസി വിഭാഗത്തിന്റെ തലവനും ഡയറക്ടറുമാണ് ഞാൻ. എന്റെ പേരും സ്ഥാപനത്തിന്റെ പേരും  വച്ചിട്ട് വളരെ വൈറൽ ആയിട്ട് വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റികളിൽ ഒരു മെസേജ് കറങ്ങി നടക്കുന്നുണ്ട്. അത് വൈറൽ ആണെന്നു മാത്രമല്ല അതിവേഗമാണ്  സ്‌പ്രെഡ്‌ ചെയ്യുന്നതും. ഈ സന്ദേശത്തിൽ പ്രധാനമായി പറയുന്നത് കോവിഡിന്റെ മൂന്നാം തരംഗവും അതിനോടനുബന്ധിച്ചുള്ള വിഷയങ്ങളുമാണ്. പക്ഷേ ഇതിൽ പറയുന്ന കാര്യങ്ങളൊന്നുംതന്നെ ശാസ്ത്രീയമായി യാതൊരു അടിത്തറയുള്ളതല്ല എന്നു മാത്രമല്ല ഈ  സന്ദേശം പ്രചരിപ്പിക്കുന്നവർ എന്റെയും സ്ഥാപനത്തിന്റെയും പേര് ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. മാത്രമല്ല ഇത് ഫെയ്ക്ക് ആണ്, വ്യാജവുമാണ്. ഈ ഒരു മെസേജ് നമ്മൾ വായിക്കുമ്പോൾ, പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ ഇന്നലെയൊക്കെ മുപ്പതിനായിരത്തിലധികം കേസുകൾ സ്പ്രെഡ് ചെയ്‌ത്‌ ദിവസവുമുള്ള കണക്കിൽ കയറി വരുമ്പോൾ ആളുകളുടെ ഇടയിൽ ആവശ്യമില്ലാത്ത ഒരു ഭീതിയും മറ്റും ഉണ്ടാക്കാനല്ലാതെ ഇതുകൊണ്ട് യാതൊന്നും സാധിക്കില്ല. 

മൂന്നാം തരംഗം തുടങ്ങിയോ എന്നു പോലും നമുക്കറിയില്ല. ഞാൻ ഒരുപാട് രോഗികളെ കാണുന്ന ഒരാളാണ്. രണ്ടാം തരംഗം തന്നെ തുടരുന്ന ഒരു ഫേസ് ആണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്നത് മൂന്നാം തരംഗം ആണോ എന്ന് എനിക്കോ വിദഗ്ധർക്കോ ഒന്നും അറിയില്ല. മാത്രമല്ല ഈ മെസേജിൽ പറയുന്ന പോലുള്ള വിഷയങ്ങൾ, അതിലെ രോഗലക്ഷണങ്ങൾ, അതിന്റെ സ്പ്രെഡിങ്ങ് ഇത്തരം കാര്യങ്ങൾ ഒക്കെ ആരുടെയോ ഭാവനയിൽ ആരോ ഉണ്ടാക്കി എന്റെ പേരിൽ ചാർത്തി പ്രചരിപ്പിക്കുന്നതാണ്. ഈ  ഒരു മെസേജ് കൊറോണയുടെ അപകടകരമായ വകഭേദമായ ഡെൽറ്റയെക്കാളും വേഗത്തിലാണ് സ്പ്രെഡ് ചെയ്യുന്നത്. അതുകൊണ്ട് ഈ മെസേജ് കിട്ടിയാൽ അത് വിശ്വസിക്കേണ്ട തുറക്കുകയേ വേണ്ട, just delete it. 

കഴിഞ്ഞ മാസം തന്നെ ഞാൻ സൈബർ പൊലീസിന് ഇതു സംബന്ധിച്ച് പരാതി കൊടുത്തിട്ടുണ്ട്. ആദ്യം ഇംഗ്ലീഷിലായിരുന്നു ഇറങ്ങിയത്. ഇപ്പോൾ ഇതിന്റെ മലയാളത്തിൽ വീണ്ടും വന്നു. ആളുകൾ ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കുവാൻ ശ്രദ്ധിക്കുക. കൊറോണയെ നേരിടുന്നതിന് പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സാമൂഹിക അകലം പാലിക്കുക, എല്ലാവരും മാസ്ക് ധരിക്കുക, ഹാൻഡ് വാഷിങ്ങ് ചെയ്യുക തുടങ്ങിയവയാണ്. അതു കൂടാതെ കഴിയുന്നത്ര എല്ലാവരും വാക്‌സിനേഷൻ എടുക്കുക. ഇത് മാത്രമാണ് നമുക്ക് രണ്ടാം വേവ് ആണെങ്കിലും മൂന്നാം വേവ് ആണെങ്കിലും ഇനിയിപ്പോൾ നാലാം വേവാണെങ്കിലുമൊക്കെ നേരിടാനുള്ള മാർഗം. അത് നിങ്ങളുടെ ഓർമയിൽ ഇരിക്കട്ടെ. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ.’

English Summary : Fakee message related with COVID- 19 third wave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com