ADVERTISEMENT

ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട് എന്ന് പറയും പോലെയാണ് ലോകത്തിലെ വാക്സീന്‍ വിതരണം മുന്നേറുന്നത്. ജനസംഖ്യയുടെ നല്ലൊരു ശതമാനം പേര്‍ക്ക് വാക്സീന്‍ നല്‍കിയ വികസിത രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസുകളെ കുറിച്ച് ചര്‍ച്ച നടത്തുന്നു. അതേ സമയം വാക്സീന്‍ ലഭിക്കാത്ത ദരിദ്ര, വികസ്വര രാജ്യങ്ങള്‍ ആകെയുള്ള ജനസംഖ്യയില്‍ പകുതി പേര്‍ക്കെങ്കിലും വാക്സീന്‍ എത്തിക്കാന്‍ പെടാപാട് പെടുന്നു. 60 ശതമാനത്തിലധികം പേര്‍ക്ക് ഒരു ഡോസ് വാക്സീന്‍ എങ്കിലും നല്‍കിയ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ഈ രണ്ടിനും നടുക്ക് നില്‍ക്കുന്നു. ബൂസ്റ്റര്‍ ഡോസ് വേണമെന്നും വേണ്ടെന്നും സ്ഥാപിച്ചെടുക്കുന്ന നിരവധി ഗവേഷണ റിപ്പോര്‍ട്ടുകളാണ് അനുദിനം പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. 

ബൂസ്റ്റര്‍ ഡോസുകളെ ചുറ്റിപറ്റിയുള്ള ചൂടേറിയ ചര്‍ച്ചകളിലേക്ക് എണ്ണ പകര്‍ന്നു കൊണ്ട് ഭുവനേശ്വറിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ റീജണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ ഒരു ഗവേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നു. വാക്സീനെടുത്ത് നാലു മാസങ്ങള്‍ക്കുള്ളില്‍ ശരീരത്തിലെ കോവിഡ് ആന്‍റിബോഡികള്‍ ഗണ്യമായി കുറഞ്ഞ് തുടങ്ങുന്നുവെന്നാണ് ഐസിഎംആര്‍ പഠനത്തില്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ ആദ്യ ഘട്ടത്തില്‍ വാക്സീന്‍ ലഭിച്ച 614 ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. 

ഇതില്‍ 308 പേര്‍ക്ക് കോവിഷീല്‍ഡിന്‍റെയും 306 പേര്‍ക്ക് കോവാക്സീന്‍റെയും രണ്ട് ഡോസുകളാണ് ലഭിച്ചത്. 614 പേരില്‍ 81 പേര്‍ക്ക് വാക്സീന്‍ എടുത്ത ശേഷമുള്ള ബ്രേക്ക്ത്രൂ കോവിഡ് അണുബാധയുണ്ടായി. മുന്‍പ് കോവിഡ് ഉണ്ടായ 257 പേരില്‍ 33 പേര്‍ വീണ്ടും കോവിഡ് ബാധിതരായി. കോവാക്സീന്‍ ലഭിച്ചവര്‍ക്ക് വാക്സിനേഷന്‍ കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കകവും കോവിഷീല്‍ഡ് എടുത്തവര്‍ക്ക് പൂര്‍ണ വാക്സിനേഷന്‍ കഴിഞ്ഞ് നാലു മാസങ്ങള്‍ക്കകവും ശരീരത്തിലെ ആന്‍റിബോഡികള്‍ കുറഞ്ഞു തുടങ്ങിയതായി പഠനത്തില്‍ കണ്ടെത്തി. 

എന്നാല്‍ ആന്‍റിബോഡികള്‍ കുറഞ്ഞ് തുടങ്ങിയെന്നതു കൊണ്ട് വാക്സീന്‍ നല്‍കുന്ന സംരക്ഷണം അവസാനിക്കുന്നില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ടി, ബി മെമ്മറി കോശങ്ങളും വൈറസിനെതിരെ പൊരുതാനുള്ള ശേഷി ശരീരത്തിന് നല്‍കുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സംഗമിത്ര പാറ്റി പറഞ്ഞു. ഈ ഗവേഷണത്തിന്‍റെ തുടര്‍ പഠനങ്ങള്‍ ഒരു വര്‍ഷത്തോളം നടത്തുമെന്നും ഇന്ത്യയൊട്ടുക്ക് സമാന ഗവേഷണങ്ങള്‍ നടക്കണമെന്നും ഡോ. സംഗമിത്ര കൂട്ടിച്ചേര്‍ത്തു. യുകെയിലും അമേരിക്കയിലും നടന്ന ചില പഠനങ്ങളും ആന്‍റിബോഡികള്‍ ക്രമമായി കുറയുന്നതിനെ പറ്റി മുന്നറിയിപ്പ്  നല്‍കിയിരുന്നു.

English Summary : Big drop in COVID antibodies within four months of vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com