ADVERTISEMENT

കോവിഡ് രോഗമുക്തിക്ക് ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ശേഷവും തുടരുന്ന രോഗലക്ഷണങ്ങള്‍. ഒരാളുടെ ജീവിതനിലവാരത്തെയും ജോലി ചെയ്യാനുള്ള പ്രാപ്തിയെയുമെല്ലാം ബാധിക്കുന്ന തരത്തില്‍ തുടരുന്ന ഇത്തരം ലക്ഷണങ്ങളെയാണ് ദീര്‍ഘകാല കോവിഡ് എന്ന് പറയുന്നത്. കോവിഡ് ബാധിതരില്‍ പത്ത് ശതമാനമെങ്കിലും ദീര്‍ഘകാല കോവിഡ് മൂലമുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാല കോവിഡ് പൊതുവേ മുതിര്‍ന്നവരെ ബാധിക്കുന്ന ഒരു പ്രശ്നമായിട്ടാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുട്ടികളിലെ ദീര്‍ഘകാല കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. കുട്ടികളിലും ദീര്‍ഘകാല കോവിഡ് ഉണ്ടാകാമെന്നും ശ്രദ്ധിക്കാതെ പോയാല്‍ ഇത് പല സങ്കീര്‍ണ്ണതകളിലേക്കും നയിക്കാമെന്നും ശിശുരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് ബാധിതരായ കുട്ടികള്‍ നെഗറ്റീവ് ആയ ശേഷം ഇനി പറയുന്ന ലക്ഷണങ്ങള്‍ അവര്‍ക്കുണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. 

 

1. ഉറക്കമില്ലായ്മ

2. ക്ഷീണം

3. നെഞ്ച് വേദന

4. പേശീ വേദന

5. തുടര്‍ച്ചയായ ജലദോഷം

6. തീവ്രമായ തലവേദന

7. ബ്രെയിന്‍ ഫോഗ്

8. മണം നഷ്ടമാകല്‍

9. തുടര്‍ച്ചയായുള്ള ചുമ

 

എന്നാല്‍ കുട്ടികളിലെ ദീര്‍ഘകാല കോവിഡ് 12 ആഴ്ചകള്‍ക്ക് ശേഷം അപൂര്‍വമായി മാത്രമേ തുടരാറുള്ളൂ എന്ന് പീഡിയാട്രിക് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 19,426 കുട്ടികള്‍ പങ്കെടുത്ത 14 രാജ്യാന്തര പഠനങ്ങളുടെ അവലോകനത്തിലാണ് ഈ കണ്ടെത്തല്‍. 20ല്‍ ഒരു കുട്ടിക്ക് മാത്രമേ നാലാഴ്ചകള്‍ക്ക് അപ്പുറം കോവിഡ് ലക്ഷണങ്ങള്‍ തുടരാറുള്ളൂ എന്ന് ലണ്ടനിലെ കിങ്സ് കോളജ് നടത്തിയ മറ്റൊരു പഠനവും പറയുന്നു. ഒരു വിധം എല്ലാ കുട്ടികളും എട്ടാഴ്ചകള്‍ക്കുള്ളില്‍ എന്തായാലും കോവിഡ് ലക്ഷണങ്ങളില്‍ നിന്ന് മുക്തി നേടുമെന്നും ഈ ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക, കാനഡ, ഡെന്‍മാര്‍ക്ക്, സ്പെയിന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സീന്‍ വിതരണം ആരംഭിച്ചിരുന്നു. 

English summay : Symptoms of long Covid19 in kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com