കോവിഡ് പോസിറ്റീവായ ഗര്‍ഭിണികള്‍ക്ക് അടിയന്തര വൈദ്യ സഹായം ആവശ്യമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) നടത്തിയ പഠനത്തില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ആശുപത്രികളുമായി സഹകരിച്ചാണ് കോവിഡ് ഗര്‍ഭിണികളില്‍ ഉണ്ടാക്കിയേക്കാവുന്ന സങ്കീര്‍ണ്ണതകളെ കുറിച്ച് ഐസിഎംആര്‍ ഗവേഷണം നടത്തിയത്. കോവിഡ് ആദ്യ തരംഗത്തിന്‍റെ സമയത്ത് 4203 ഗര്‍ഭിണികളുടെ വിവരങ്ങളാണ് ഗവേഷകര്‍ ശേഖരിച്ചത്. ഇതില്‍ 3213 പേര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും 77 പേരുടെ ഗര്‍ഭം അലസിപ്പോവുകയും 834 പ്രസവങ്ങളില്‍ ചാപിള്ളയുണ്ടാവുകയും ചെയ്തു. ആറു ശതമാനം പേര്‍ക്കാണ് കുഞ്ഞുങ്ങളെ നഷ്ടമായത്.
ഇവരില്‍ 534 സ്ത്രീകള്‍ക്ക് (13 ശതമാനം) രോഗലക്ഷണങ്ങളോടു കൂടിയ കോവിഡ് ഉണ്ടായി. ഇതില്‍ 382 പേര്‍ക്ക്(72 ശതമാനം) ലഘുവായ രീതിയിലും 112 പേര്‍ക്ക് (21 ശതമാനം) മിതമായ തോതിലും 40 പേര്‍ക്ക്(7.5 ശതമാനം) തീവ്രമായ തോതിലും കോവിഡ് ബാധിച്ചു. കോവിഡ് മൂലം ഈ ഗര്‍ഭിണികളില്‍ ഏറ്റവും വ്യാപകമായി ഉണ്ടായ സങ്കീര്‍ണ്ണത മാസമെത്തും മുന്‍പുള്ള പ്രസവമാണ്. 528 പേര്‍ക്കാണ് (16.3 ശതമാനം) ഇത്തരത്തില്‍ പ്രീടേം ഡെലിവറി നടന്നത്. 328 പേര്‍ക്ക്(10.1 ശതമാനം) അമിത രക്തസമ്മർദം അടക്കമുള്ള ഹൈപ്പര്‍ടെന്‍സീവ് ഡിസോര്‍ഡറുകള്‍ ഉണ്ടായി. 158 പേര്‍ക്ക്(3.8 ശതമാനം) തീവ്ര പരിചരണം ആവശ്യമായി വന്നു. ഇതില്‍ 152 പേര്‍ക്കും(96 ശതമാനം) കോവിഡ് അനുബന്ധ സങ്കീര്‍ണ്ണതകളാണ് ഉണ്ടായത്.
പഠനത്തിന് വിധേയരാക്കിയ 4203 പേരില്‍ 34 പേര്‍ മരണമടഞ്ഞു. 0.8 ശതമാനമാണ് മരണ നിരക്ക്. വിളര്‍ച്ച, ടിബി, പ്രമേഹം തുടങ്ങിയ സഹരോഗാവസ്ഥകളുമായി ബന്ധപ്പെട്ടതാണ് ഈ മാതൃമരണങ്ങളെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. നിരവധി സങ്കീര്‍ണ്ണതകള്‍ കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകാമെന്നതിനാല്‍ ഗര്‍ഭിണികളായ കോവിഡ് രോഗികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഐസിഎംആര്‍ ശുപാര്‍ശ ചെയ്യുന്നു.
English summary : Covid positive during pregnancy treatment