ADVERTISEMENT

കലാകാരൻമാരുടെ ഡോക്ടർ, ജനകീയ ഡോക്ടർ തുടങ്ങിയ വിശേഷണങ്ങളുള്ള ഡോ. പി.ബാലചന്ദ്ര വാരിയർ ആതുരസേവന മേഖലയിൽ അര നൂറ്റാണ്ട് പിന്നിടുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ അഡ്വൈസറായ അദ്ദേഹത്തിന്റെ ചികിത്സാപുണ്യം അനുഭവിച്ചറിഞ്ഞത് വിവിധ മേഖലകളിലെ പ്രശസ്തർ അടക്കമുള്ള ഒട്ടേറെ പേരാണ്. കുടുംബ ഡോക്ടർ എന്ന വിശേഷണം അക്ഷരത്തിലും അർഥത്തിലും യാഥാർഥ്യമാക്കിയ ആതുരസേവകനാണ് ഡോ. പി.ബാലചന്ദ്ര വാരിയർ (78). 50 വർഷമായി ജീവിത നിയോഗം കണക്കെ ചികിത്സാസപര്യ തുടരുന്നു അദ്ദേഹം.

 

എം.എസ്. വാരിയരുടെയും അമ്മു വാരസ്യാരുടെയും മകനായി പാലക്കാട് ചെർപ്പുളശേരിക്കടുത്ത നെല്ലായയിൽ 1943 ൽ ആണ് ജനനം. ദേശീയ പ്രസ്ഥാനം, സാഹിത്യം, വൈദ്യശാസ്തം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ പ്രസിദ്ധരായ ഒട്ടേറെ പേർ പുലാക്കാട്ട് കുടുംബത്തിൽ ഉണ്ടായിരുന്നു.1970 ൽ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഹൗസ് സർജൻസി പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളജിൽ ട്യൂട്ടറായി ജോലി ചെയ്യുന്നതിനിടെയാണ് 1971 സെപ്റ്റംബർ 26 ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രിയിൽ എത്തുന്നത്. അന്നുമുതൽ ആശുപത്രി സൂപ്രണ്ടും അലോപ്പതി വിഭാഗം പ്രധാന ഡോക്ടറുമായി. ഒരു വർഷമായി ചീഫ് മെഡിക്കൽ അഡ്വൈസർ എന്ന നിലയിൽ പ്രവർത്തിക്കുന്നു. സർക്കാർ ആശുപത്രിയിൽ നിയമനം ലഭിച്ചിട്ടും അച്ഛന്റെ ആഗ്രഹപ്രകാരം കോട്ടയ്ക്കലിൽത്തന്നെ തുടരുകയായിരുന്നു. 

 

ദരിദ്രരും അവശരുമായ അനേകായിരങ്ങൾക്ക് ആശ്രയകേന്ദ്രം എന്ന നിലയിലാണ് വൈദ്യരത്നം പി.എസ്.വാരിയർ ധർമാശുപത്രി ആരംഭിച്ചത്. ആയുർവേദ ചികിത്സയും അലോപ്പതി ചികിത്സയും ഒരു പോലെ ലഭ്യമാകുന്ന ആതുരാലയം ലോകത്തിനുതന്നെ മാതൃകയാണ്. ഈ സ്ഥാപനത്തെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കാണ് ബാലചന്ദ്ര വാരിയർ വഹിച്ചത്. തികച്ചും ലളിതവും അനാർഭാടവുമായ രോഗ പരിശോധനയാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടു തന്നെയാണ് നാട്ടിൽ വിപുലമായ മറ്റ് ആശുപത്രി സൗകര്യങ്ങൾ ഉണ്ടായിട്ടും ഒട്ടേറെ ആളുകൾ പ്രാഥമിക ചികിത്സ ഇദ്ദേഹത്തിൽനിന്നു തേടുന്നത്. പഴയ തലമുറ ‘എംബിബിഎസി’ന്റെ അടുത്തേക്കു പോവുകയാണെന്നു പറഞ്ഞാൽ ഉറപ്പിക്കാം അവർ ഉദ്ദേശിക്കുന്നത് ബാലചന്ദ്ര വാരിയരെ ആണെന്ന്. 

 

ഡോക്ടർമാരും ആശുപത്രികളും വാഹനസൗകര്യവും കൂടുതൽ ഇല്ലാതിരുന്ന കാലത്ത് രാപകൽ ഭേദമില്ലാതെ നടന്നും പുഴ കടന്നും സഞ്ചരിച്ച് വീടുകളിലെത്തി രോഗികൾക്കു ചികിത്സാവിധി നൽകി അദ്ദേഹം. ധർമാശുപത്രിയിലെ രാവിലെയും വൈകിട്ടുമുള്ള പരിശോധനയ്ക്കു ശേഷം ആശുപത്രി വളപ്പിൽ തന്നെയുള്ള താമസസ്ഥലത്തും പതിവായി രോഗികളെ കണ്ടു. കുറഞ്ഞ അളവിലുള്ള മരുന്നുകൾ, രോഗം മാറാൻ അതുമതി എന്നാണദ്ദേഹത്തിന്റെ രീതി. 

 

സംഗീത, അഭിനയ, വാദ്യ കലകളിൽ തികഞ്ഞ ഗ്രാഹ്യമുള്ള ഡോക്ടറുടെ സുഹൃദ് വലയം വളരെ വിപുലമാണ്. വിശ്വംഭര ക്ഷേത്രോത്സവത്തിന്റെ ഭാരവാഹി എന്ന നിലയിൽ കലാകാരൻമാരെ കോട്ടയ്ക്കലിലേക്കു ക്ഷണിക്കാനും യഥോചിതം ആതിഥ്യമരുളാനും അദ്ദേഹത്തിനു കഴിയുന്നു. വർഷങ്ങളായി എണ്ണംപറഞ്ഞ കലാകാരൻമാർ ഇവിടെ ചികിത്സയ്ക്കെത്താറുണ്ട്. വരുന്നത് ആയുർവേദ ചികിത്സയ്ക്കാണെങ്കിലും ബാലചന്ദ്രൻ ഡോക്ടറുടെ ചികിത്സാ നിർദേശങ്ങൾ ഏറെ വിലപ്പെട്ടതായി അവർ കാണുന്നു. ശെമ്മാങ്കുടി ശ്രീനിവാസയ്യർ, ഞെരളത്ത് രാമപ്പൊതുവാൾ, വാഴേങ്കട കുഞ്ചുനായർ, കീഴ്പടം കുമാരൻനായർ, പല്ലാവൂർ സഹോദരൻമാർ, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, തൃത്താല കേശവൻ, ആലിപ്പറമ്പിൽ ശിവരാമ പൊതുവാൾ, കടവല്ലൂർ അരവിന്ദാക്ഷൻ, എടപ്പാൾ അപ്പുണ്ണി, പൂക്കാട്ടിരി ദിവാകര പൊതുവാൾ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരാലി, വെൺമണി ഹരിദാസ്, കലാമണ്ഡലം കൃഷ്ണൻ നായർ, തകഴി കുട്ടൻപിള്ള, കലാമണ്ഡലം പത്മനാഭൻ നായർ, കോട്ടയ്ക്കൽ ശിവരാമൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, മാവേലിക്കര പ്രഭാകര വർമ, വിഷ്ണു നാരായണൻ നമ്പൂതിരി, അക്കിത്തം, ജഗന്നാഥ വർമ, കെപിഎസി സുലോചന, പാറശാല രവി, സദനം വാസുദേവൻ, കലാമണ്ഡലം ഗോപി, കല്ലൂർ രാമൻകുട്ടി, മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം വാസു പിഷാരടി, റഫീഖ് അഹമ്മദ് തുടങ്ങി ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ ഒട്ടേറെ പേർ ഇക്കൂട്ടത്തിൽപെടും. ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെയും തൃത്താല കേശവന്റെയും പൂക്കാട്ടിരിയുടെയും മരണത്തിനു സാക്ഷിയാകാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമാണ്. 

 

പിന്നിട്ട ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ തൃപ്തനാണെന്നു ഡോ.ബാലചന്ദ്ര വാരിയർ പറയുന്നു. ലക്കിടി പാമ്പാടി പാമ്പിൻകാവിലെ ആയില്യം പൂജയുടെ ഭാഗമായി 2012 ലെ പ്രഥമ നാഗരാജ പുരസ്കാരവും 2019 ൽ മികച്ച കുടുംബ ഡോക്ടർക്കുള്ള ഐഎംഎ അവാർഡും അദ്ദേഹത്തെ തേടിയെത്തി.ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ. ഇന്ദിരാ ബാലചന്ദ്രനാണ് ഭാര്യ. ഡോ. കിഷോർ വാരിയർ, കവിത എന്നിവർ മക്കൾ.ഡോ.ബാലചന്ദ്ര വാരിയർ ഉറച്ച കാൽവയ്പോടെ മുന്നോട്ടു നടക്കുകയാണ്, ഇനിയും ഒട്ടേറെപ്പേർക്കു ജീവിത സൗഖ്യമേകാനായി.

 

Content Summary: Dr.P. Balachandra Warrior's Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com