ADVERTISEMENT

മാനസികാരോഗ്യമില്ലാത്ത വ്യക്തി, സ്റ്റാർട്ടാകാതെ കിടക്കുന്ന കാർ പോലെയാണ്. എത്ര ആഡംബരമുള്ള കാർ ആണെങ്കിലും ശരി, സ്റ്റാർട്ട് ആകുന്നില്ലെങ്കിൽ കെട്ടിവലിക്കാം എന്നല്ലാതെ മറ്റെന്തു ഗുണം? വഴിയരികിൽ കിടക്കുമ്പോൾ വെറുമൊരു ലോഹവസ്തുവാണ് കാറും മറ്റേതു വാഹനവും. അത് സ്റ്റാർട്ടാകുമ്പോഴാണ് ഊർജപ്രവാഹവും ഇരമ്പിയുള്ള കുതിപ്പും. മനുഷ്യനും അങ്ങനെതന്നെ. ശരീരം ഊർജസ്വലതയോടെ കുതിക്കുന്നത് മനസ്സ് പകരുന്ന ഇന്ധനം കൊണ്ടാണ്.  

 

മാനസിക സംഘർഷങ്ങളും ദൗർബല്യങ്ങളും നേരിടുന്ന വ്യക്തികളുടെ എണ്ണം ലോകമെങ്ങും വർധിച്ചു വരികയാണ്. ജനസംഖ്യയുടെ 20 ശതമാനത്തോളം പേർ ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദം അനുഭവിക്കുന്നവരാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഏറ്റവും പുതിയ വിലയിരുത്തൽ. മാനസിക പ്രശ്നങ്ങളെ രോഗം, ഭ്രാന്ത് തുടങ്ങിയ തലങ്ങളിലൂടെ വീക്ഷിക്കരുത്; അതിനെ ദൗർബല്യമായി മാത്രമേ കാണാവൂ. മാനസിക പ്രശ്നങ്ങൾ ഉള്ളവരോട് ഒരുതരം അയിത്തവും ഭ്രഷ്ടും കാണിക്കുന്ന സമീപനം മുൻപുണ്ടായിരുന്നു. ആ വ്യക്തിയെ ഏതെങ്കിലും പേരിൽ മുദ്രകുത്തി ഒറ്റപ്പെടുത്തുക. പൊതു സ്ഥലങ്ങളിലും സദസ്സുകളിലും സമൂഹത്തിലുമൊന്നും അയാൾക്ക് മാന്യമായ പരിഗണന നൽകാതിരിക്കുക. അപ്പോൾ ക്രമേണ ആ വ്യക്തിയിലും ഒരുതരം അപമാനവും അപകർഷതാബോധവും ഉടലെടുക്കുകയും അയാൾ സമൂഹത്തിൽനിന്ന് ഉൾവലിയുകയും ചെയ്യുന്നു. 

 

മാനസിക ദൗർബല്യങ്ങളെ ഇങ്ങനെയല്ല സമീപിക്കേണ്ടത് എന്ന ബോധ്യത്തിൽനിന്നാണ് രാജ്യാന്തര തലത്തിൽ മാനസികാരോഗ്യ ദിനാചരണത്തിന്റെ തുടക്കം. എല്ലാ വർഷവും ഒക്ടോബർ 10 ആണ് ലോക മാനസികാരോഗ്യ ദിനം. മാനസികാരോഗ്യത്തെക്കുറിച്ചും ചികിത്സകളെക്കുറിച്ചും അറിവ് പകരൽ, രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ അകറ്റാനുള്ള മാർഗനിർദേശങ്ങൾ, മാനസിക പ്രശ്നങ്ങളുള്ളവരോട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമൂഹവും സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചുള്ള ബോധവൽക്കരണം തുടങ്ങിയവയൊക്കെയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 

 

ദാരിദ്ര്യം മുതൽ കോവിഡ് വരെ

‘അസമത്വ ലോകത്തെ മാനസികാരോഗ്യം’ ('Mental Health in an Unequal World') എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ മുദ്രാവാക്യം. സമത്വലോകം സ്വപ്നം മാത്രമാകുന്ന കാലമാണിത്. സമ്പന്നർ വീണ്ടും വീണ്ടും അതിസമ്പന്നരാകുന്നു; ദരിദ്രർ പരമദരിദ്രരായി മാറുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം നാൾക്കുനാൾ വർധിക്കുന്നു. സാമ്പത്തിക രംഗത്തുമാത്രമല്ല, വംശം, ജാതി, ലിംഗഭേദം, തൊഴിലവസരം, മനുഷ്യാവകാശം തുടങ്ങി സകല തലങ്ങളിലും അസമത്വമുണ്ട്. ഈ സമത്വരഹിത ലോകം, വ്യക്തികളുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. 

 

മാനസികാരോഗ്യ ചികിത്സാ ലഭ്യതയുടെ കാര്യത്തിലും ഈ അസമത്വം നിലനിൽക്കുന്നു. ലോകത്ത് മനോദൗർബല്യം അനുഭവിക്കുന്നവരിൽ 75% – 95% പേർക്കും ശരിയായ ചികിത്സ ലഭ്യമാകുന്നില്ല. ഇവർ ദരിദ്ര രാജ്യങ്ങളിലോ മധ്യവർഗ രാജ്യങ്ങളിലോ ആണ്. സമ്പന്ന രാജ്യങ്ങളിൽപോലും മാനസിക ചികിത്സ വേണ്ടവിധം ലഭ്യമാകാത്ത പ്രശ്നങ്ങളുണ്ട്. മനോദൗർബല്യമുള്ള പലർക്കും അവർ അർഹിക്കുന്ന ചികിത്സ ലഭിക്കുന്നില്ല. മാത്രമല്ല, അവരും കുടുംബാംഗങ്ങളും പലപ്പോഴും വിവേചനം അനുഭവിക്കുന്നു. ആരോഗ്യമേഖലയിലെ നിക്ഷേപങ്ങളിലും സർക്കാരുകൾ നീക്കുവയ്ക്കുന്ന ബജറ്റ് വിഹതത്തിലും മാനസികാരോഗ്യത്തിന് അർഹമായ പങ്ക് ലഭിക്കുന്നില്ല എന്ന പ്രശ്നവുമുണ്ട്. 

 

ഇങ്ങനെ പല തലങ്ങളിലുള്ള അസമത്വത്തിനൊപ്പമാണ് ഇപ്പോൾ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രഹരം. ലോകത്ത് ഒരു ശാരീരിക രോഗവും ഇത്രമേൽ മാനസികാഘാതം സൃഷ്ടിച്ചിട്ടില്ല. ഒരു രോഗവും ഇത്രയേറെ സമൂഹത്തെ ബാധിച്ചിട്ടുമില്ല. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരും ജീവിതം വഴിമുട്ടിയവരും മാനസിക സംഘർഷത്തിലേക്ക് വഴുതിവീഴുന്നത് നിത്യ കാഴ്ചയാണ്. സ്കൂളുകളും മറ്റും അടച്ചതോടെ കുട്ടികളുടെ വിദ്യാഭ്യാസം പാളം തെറ്റി. സാമൂഹിക ജീവിയായ മനുഷ്യൻ അത് അഭ്യസിക്കുന്നത് വിദ്യാലയങ്ങളിൽനിന്നാണ്. ഇവയുടെ വാതിലുകൾ അടയ്ക്കപ്പെട്ടതോടെ കുട്ടികൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിലായി. അത് കുട്ടികളിൽ സൃഷ്ടിച്ച മാനസിക സംഘർഷങ്ങളും മൊബൈൽ ഫോൺ ആസക്തി (അഡിക്‌ഷൻ) പോലെയുള്ള പ്രശ്നങ്ങളും വേറെ. ലോകത്ത് അസമത്വത്തിന്റെ തീവ്രത വർധിക്കുന്നതിൽ കോവിഡും നിർണായകമായി. 

 

പരിഹാരം അകലെയല്ല

 

ഇങ്ങനെ അസമത്വങ്ങളുടെ ലോകത്ത് മനോദൗർബല്യമുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയുകയും പരിഹരിക്കുകയുമാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ ദൗത്യം. ചികിത്സാ ലഭ്യത, അതിജീവനം, സാമൂഹിക പരിഗണന, സാമൂഹിക സ്വീകാര്യത, ജോലി അവസരം, സമൂഹത്തിലെ സ്ഥാനം (സോഷ്യൽ സ്റ്റാറ്റസ്), കുടുംബാംഗങ്ങൾക്കിടയിലെ സ്വീകാര്യത തുടങ്ങി എല്ലാ തലങ്ങളിലും തുല്യാവസരം ഇവർക്കും വേണം. അതിന് ആദ്യം വേണ്ടത് മാനസികാരോഗ്യത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും സമൂഹത്തിലുള്ള തെറ്റിദ്ധാരണകളും അബദ്ധധാരണകളും മാറ്റുകയാണ്. 

 

ഒരിക്കൽ മനോദൗർബല്യമുണ്ടായാൽ ജീവിതകാലം മുഴുവൻ അത് പിന്തുടരും എന്ന അബദ്ധധാരണ ആദ്യം മാറണം. ഈ ചിന്ത കാരണം കുടുംബാംഗങ്ങൾ പോലും മാറ്റിനിർത്തുന്ന പ്രവണതയുണ്ട്. വിവാഹം, കുടുംബജീവിതം, ജോലി തുടങ്ങിയവയെല്ലാം ഇവർക്ക് നിഷേധിക്കപ്പെടുകയോ വലിയ പ്രതിബന്ധമായി മാറുകയോ ചെയ്യുന്നു. മാനസികാരോഗ്യം സംബന്ധിച്ച് മുൻകാലത്തെ അപേക്ഷിച്ച് വലിയതോതിൽ ഗവേഷണവും പഠനവുമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഫലമായി വളരെ ഫലപ്രദമായ മരുന്നുകളും ചികിത്സകളും ഇന്ന് ലഭ്യമാണ്. 

 

മുൻപ് മാനസികാരോഗ്യപരമായ എല്ലാ അസുഖങ്ങൾക്കും നൽകാൻ രണ്ടോ മൂന്നോ ഇനം മരുന്നുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറി. വളരെയേറെ മരുന്നുകൾ ലഭ്യമായി. പാർശ്വഫലങ്ങളൊന്നുമില്ലാത്തവിധം വ്യക്തികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇവ പര്യാപ്തമാണ്. 10–15 വർഷം മുൻപുണ്ടായിരുന്നതിനേക്കാൾ വളരെയേറെ മികച്ചതും ഫലപ്രദവുമാണ് ഇന്ന് മാനസികാരോഗ്യ ചികിത്സാ രംഗം. അതുകൊണ്ടുതന്നെ, രോഗമുക്തിയും ഇന്ന് വളരെ കൂടുതലാണ്. ഒരിക്കൽ മനോദൗർബല്യം വന്നാൽ ജീവിതകാലം മുഴുവൻ അത് നിലനിൽക്കും എന്നതായിരുന്നു മുൻകാലങ്ങളിലെ സമീപനം. ഇന്ന് അത് മാറി. ‘മാനസിക രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാം’ (Mental illness are curable and treatable) എന്നതാണ് ഇപ്പോഴത്തെ ആപ്തവാക്യം. തുടക്കത്തിലേ ചികിത്സ ലഭ്യമാക്കിയാൽ ഏതാനും വർഷംകൊണ്ട് പൂർണരോഗമുക്തി സാധിക്കുന്നവയാണ് മിക്ക മനോദൗർബല്യങ്ങളും. വളരെ കുറച്ചു മനോദൗർബല്യങ്ങൾ മാത്രമേ ജീവിതകാലം മുഴുവൻ പിന്തുടരുന്നവയായി ഉള്ളൂ. അത് ശാരീരിക അസുഖങ്ങളുടെ കാര്യത്തിലും ഉണ്ടല്ലോ. 

 

പാർശ്വഫലങ്ങൾ ഉണ്ടാകുമോ?

 

മാനസിക ചികിത്സയുടെ ഭാഗമായ മരുന്നുകളുടെ പാർശ്വഫലം സംബന്ധിച്ച് സമൂഹത്തിൽ വലിയ ആശങ്കയും തെറ്റിദ്ധാരണയുമുണ്ട്. രോഗിയുടെ ശാരീരിക സ്ഥിതി, രോഗ സ്ഥിതി, പ്രായം, ആരോഗ്യം തുടങ്ങിയവയൊക്കെ വിശകലനം ചെയ്താണ് ഡോക്ടർമാർ മരുന്ന് നിർണയിക്കുന്നത്. രോഗിയെ നിശ്ചിത ഇടവേളയിൽ കാണുകയും ചികിത്സ കൂടെക്കൂടെ വിലയിരുത്തുകയും ചെയ്യുന്നുമുണ്ടാകും. ഡോക്ടറുടെ ശരിയായ മേൽനോട്ടത്തിലുള്ള ചികിത്സയും മരുന്നുമാണെങ്കിൽ ആശങ്ക വേണ്ട. ചില മരുന്നുകൾ ദീർഘകാലം കഴിക്കേണ്ടിവരാം. അതിന് പര്യാപ്തമായ വിധത്തിലുള്ള ചേരുവകളാണ് അതിലുള്ളത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മരുന്നുകളുടെ പ്രതിഫലനം മസ്തിഷ്കത്തിലാണ് സംഭവിക്കുന്നത്. അതിനാൽ, ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇവ കഴിക്കുക. സ്വയം ചികിത്സ അപകടമാണ്. പല വിദേശരാജ്യങ്ങളിലും ഡോക്ടറുടെ കുറിപ്പടി പ്രകാരമേ മരുന്ന് നൽകൂ എന്നു മാത്രമല്ല, ഡോക്ടർ എഴുതിയ സമയത്തേക്കുള്ള അളവിലെ മരുന്നേ ലഭിക്കുകയുമുള്ളൂ. ഒരു മാസത്തേക്കുള്ള മരുന്നാണ് കുറിച്ചതെങ്കിൽ രണ്ടു മാസത്തേക്കുള്ളത് ഫാർമസിയിൽനിന്നു വാങ്ങാൻ കഴിയില്ല. ഇതേ നിയമം ഇന്ത്യയിലും നിലവിലുണ്ട്.

 

മനോദൗർബല്യത്തിനു മുൻപിൽ പകച്ചുനിൽക്കുന്നവർക്ക് അതിജീവനത്തിന്റെയും സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെയും വഴി കാണിച്ചുകൊടുക്കുക എന്നതാണ് ഈ ദിനത്തിന്റെ സന്ദേശം. കാർ സ്റ്റാർട്ടാകാതെ വഴിയരികിൽ നിന്നുപോയാൽ അവിടെ ഉപേക്ഷിച്ചുപോവുകയോ കെട്ടിവലിച്ച് ആക്രിക്കടയിൽ കൊണ്ടുപോയി വിൽക്കുകയോ അല്ല നാം ചെയ്യുക. നല്ലൊരു ടെക്നീഷ്യനെ കണ്ടെത്തി കുഴപ്പം എന്താണെന്നു പരിശോധിപ്പിച്ച് പരിഹാരമുണ്ടാക്കും. മാനസികാരോഗ്യ രംഗത്തും ഇതുതന്നെയാകണം സമൂഹത്തിന്റെ സമീപനം. ഒരു ദൗർബല്യം ബാധിച്ചാൽ എല്ലാം അവസാനിച്ചു എന്ന ചിന്ത അരുത്. പരിഹാരമില്ലാത്തതായി ഒരു പ്രശ്നവുമില്ല. 

 

(കേരളത്തിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന സൈക്യാട്രിക് കണ്‍സൽറ്റന്റും കോഴിക്കോട് രാമനാട്ടുകര മനഃശാന്തി ഹോസ്പിറ്റൽ മേധാവിയുമാണ് ലേഖകന്‍)

 

Content Summary : Dr. Anees Ali Talks About The Topic Mental Health In An Unequal World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com