ADVERTISEMENT

ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് ശേഷം ഇന്ത്യയില്‍ തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സീനാണ് ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ പുറത്തിറക്കിയ കോര്‍ബേവാക്സ്. 18 മുതല്‍ 80 വരെ വയസ്സ് പ്രായമുള്ളവർക്കു കൊടുക്കാന്‍ സാധിക്കുന്ന കോര്‍ബേവാക്സ് രണ്ടും മൂന്നും ഘട്ട പരീക്ഷണഫലത്തിനായി കാത്തിരിക്കുകയാണ്. ഇതിനിടെ കോവിഷീല്‍ഡും കോവാക്സിനും എടുത്തവരില്‍ ഒരൊറ്റ ഡോസ് ബൂസ്റ്റര്‍ വാക്സീനായി കോര്‍ബേവാക്സ് ഉപയോഗിക്കാനുള്ള സാധ്യത തേടുകയാണ് നിര്‍മാതാക്കള്‍. 

കോര്‍ബേവാക്സിന്‍റെ അടുത്ത ഘട്ട പരീക്ഷണം ഇത്തരത്തില്‍ നടത്താന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരിക്കുകയാണ് ബയോളജിക്കല്‍ ഇ. വാക്സീന്‍ രണ്ടു ഡോസും എടുത്തവരില്‍ ആന്‍റിബോഡികളുടെ തോത് കുറച്ചു മാസങ്ങള്‍ക്കു ശേഷം കുറഞ്ഞു വരുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നതായി ബയോളജിക്കല്‍ ഇ ഡിസിജിഐയ്ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സീനുകള്‍ നല്‍കിത്തുടങ്ങിയ കാര്യവും ബയോളജിക്കല്‍ ഇ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ വിദഗ്ധ സമിതി അടുത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. കോര്‍ബേവാക്സിന്‍റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ അഞ്ചിനും 18 നും ഇടയില്‍ പ്രായമുള്ളവരില്‍ നടത്താന്‍ സെപ്റ്റംബറില്‍ ഡിസിജിഐ അനുമതി നല്‍കിയിരുന്നു. 

കേന്ദ്ര ജൈവസാങ്കേതിക വകുപ്പിന്‍റെയും ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്‍റെയും സഹായത്തോടെയാണ് ബയോളജിക്കല്‍ ഇ കോര്‍ബേവാക്സ് വികസിപ്പിച്ചത്. 100 കോടി രൂപയിലധികം ധനസഹായമായി കേന്ദ്ര ജൈവസാങ്കേതിക വകുപ്പ് കമ്പനിക്കു കൈമാറി. ഡിസംബറോടെ ബയോളജിക്കല്‍ ഇ 30 കോടി ഡോസ് വാക്സീന്‍ കേന്ദ്ര സർക്കാരിനു നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം ജൂണില്‍ പ്രഖ്യാപിച്ചിരുന്നു.

English Summary : Phase-3 trial of Corbevax as booster dose in those vaccinated with Covishield or Covaxin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com