ഭക്ഷണം മുതൽ തൈറോയ്ഡ് വരെ; അസ്ഥിക്ഷയത്തിനു പിന്നിലെ കാരണങ്ങളും രോഗസാധ്യതയും അറിയാം

HIGHLIGHTS
  • സ്ത്രീകള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത പുരുഷന്‍മാരേക്കാള്‍ കൂടുതലാണ്
  • തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂടിയാല്‍ അസ്ഥി നഷ്ടം സംഭവിക്കും
  • കാത്സ്യത്തിന്റെ അളവ് കുറഞ്ഞ ഭക്ഷണം ജീവിതകാലം മുഴുവന്‍ കഴിക്കുന്നവര്‍ക്ക് രോഗ സാധ്യത കൂടും
osteoporosis
Photo credit : Svetlana_Belozerova / Shutterstock.com
SHARE

ഇന്ന് ലോക അസ്ഥിക്ഷയ ദിനം (ഓസ്റ്റിയോപൊറോസിസ് ഡേ). നമ്മുടെ അസ്ഥികള്‍ എപ്പോഴും പുതുക്കിക്കൊണ്ടേയിരിക്കുന്ന അവസ്ഥയിലാണെന്ന് നിങ്ങള്‍ക്കറിയാമോ?  അതായത് ഓരോ അസ്ഥിയും പഴകുകയും പുതിയ അസ്ഥി രൂപപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ പൊട്ടുന്നതിനെക്കാള്‍ വേഗത്തില്‍ അത് പുനര്‍നിര്‍മിക്കപ്പെടുന്നുണ്ട്. 20 വയസ്സാകുന്നതോടെ ഈ അസ്ഥി വളര്‍ച്ചയുടെ വേഗം കുറയുകയും പ്രായം 30 ആകുമ്പോഴേക്കും അസ്ഥിയുടെ ഭാരം അതിന്റെ പാരമ്യത്തിലെത്തുകയും ചെയ്യും. പ്രായം കൂടുന്തോറും എല്ലിന്റെ ബലം കൂടുന്നതിനേക്കാള്‍ വേഗത്തില്‍ കുറയുകയും ചെയ്യും.

ചെറുപ്പത്തില്‍ നിങ്ങളുടെ എല്ലുകള്‍ അതിന്റെ ഭാരം നേടിയെടുത്തത് എങ്ങനെ എന്നതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ക്ക് ഓസ്റ്റിയോപോറോസിസ് അഥവാ അസ്ഥിക്ഷയം വരാനുള്ള സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുക. അസ്ഥിയുടെ ബലം കൂടുതല്‍ ശക്തമാകുന്നതിനനുസരിച്ച് രോഗം വരാനുള്ള സാധ്യത കുറയും. ഉയര്‍ന്ന ശക്തി പലപ്പോഴും പാരമ്പര്യമായി കൈവന്നതും ആവാറുണ്ട്.

രോഗം വരുന്ന വഴി

osteoporosis

പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം വരാം. അതില്‍ ചിലത് നമ്മുടെ നിയന്ത്രണത്തിലുള്ളതാണ്, എന്നാല്‍ പലതും മനുഷ്യന്റെ നിയന്ത്രണത്തിലുള്ള കാരണങ്ങളല്ല താനും. സ്ത്രീകള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത പുരുഷന്‍മാരേക്കാള്‍ കൂടുതലാണ്. പ്രായം കൂടുന്നതിനനുസരിച്ച് രോഗബാധ സാധ്യതയും കൂടും. യൂറോപ്പിലും ഏഷ്യാ വന്‍കരയിലുമുള്ള ആളുകള്‍ക്ക് താരതമ്യേന സാധ്യത കൂടുതലാണ്. മാതാവോ പിതാവോ പൊട്ടിയ ഇടുപ്പോ, നട്ടെല്ലോ ഉള്ളവരാണെങ്കില്‍ മക്കള്‍ക്ക് രോഗബാധയ്ക്കുള്ള സാധ്യത കൂടും. ഉയരം കുറഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്‍മാർക്കും അസ്ഥിക്ഷയം വരാനുള്ള സാധ്യതയും കൂടുതലാണ്. കാരണം, അവരുടെ അസ്ഥി ഭാരം കുറവായിരിക്കും.

ഹോര്‍മോണുകളും വില്ലനാകും

ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവാണ് മറ്റൊരു വില്ലന്‍. കൂടിയാലും കുറഞ്ഞാലും ചിലപ്പോള്‍ പ്രശ്‌നമാകും.  ലൈംഗിക സംബന്ധമായ ഹോര്‍മോണ്‍ കുറവ് എല്ലുകളുടെ ബലക്ഷയത്തിനു കാരണമാകും. സ്ത്രീകള്‍ക്ക് മാസമുറ നിലച്ച- മെനൊപോസ് - സമയത്തുണ്ടാവുന്ന ഈസ്ട്രജന്റെ കുറഞ്ഞ അളവ് അസ്ഥിക്ഷയം രൂപപ്പെടാന്‍ കാരണമായേക്കാം. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ചികിത്സയുടെ ഭാഗമായി പുരുഷന്‍മാരില്‍ ടെസ്റ്റോസ്‌റ്റെറോണ്‍ കുറയുന്നതും സ്ത്രീകള്‍ക്ക് മാറിലെ കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ഈസ്ട്രജന്‍ അളവ് കുറയുന്നതും അസ്ഥിക്ഷയത്തില്‍ കലാശിക്കാന്‍ സാധ്യത കൂടുതലാണ്.

തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂടിയാല്‍ അസ്ഥി നഷ്ടം സംഭവിക്കും. തൈറോയ്ഡ് കൂടിയ അവസ്ഥായാലും കുറഞ്ഞ അവസ്ഥ മാറ്റിയെടുക്കാനുള്ള മരുന്നുകള്‍ കഴിച്ചാലും രണ്ട് അവസ്ഥയിലും അസ്ഥിക്ഷയം സംഭവിക്കും. പാരാതൈറോയ്ഡ് ഗ്രന്ഥിയും അന്തസ്രാവീ ഗ്രന്ഥിയുമായും അസ്ഥിക്ഷയത്തിന് ബന്ധമുണ്ട്.

ഭക്ഷണം എങ്ങനെ വില്ലനാകും?

shutterstock-xan-health-egg-diet-lose-weight

കാത്സ്യത്തിന്റെ അളവ് കുറഞ്ഞ തോതിലുള്ള ഭക്ഷണം ജീവിതകാലം മുഴുവന്‍ കഴിക്കുന്നവര്‍ക്ക് ഓസ്റ്റിയോപോറോസിസ് രോഗം വരാനുള്ള സാധ്യത കൂടും. എല്ലിന്റെ ഉള്‍ക്കാമ്പിന്റെ ബലം ഇല്ലാതാകുന്നതോടെ അസ്ഥിക്ഷയവും എല്ലുപൊട്ടലും വര്‍ധിക്കും. ആവശ്യത്തിനു ഭക്ഷണം കഴിക്കാതിരിക്കുന്നത് മൂലം ഉണ്ടാകുന്ന ദുര്‍ബലതയും എല്ലുകളുടെ ക്ഷയത്തിനു കാരണമാകും. ഉദരസംബന്ധമായ രോഗങ്ങള്‍ മൂലവും ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടിയും നടത്തുന്ന ഉദരശസ്ത്രക്രിയകള്‍ പലപ്പോഴും കാത്സ്യം ഉള്‍പ്പെടെയുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്‌തെടുക്കാനുള്ള ശരീരത്തിന്റെ ശേഷി നഷ്ടപ്പെടുത്തുന്നു. ഇതും അസ്ഥിക്ഷയത്തിലേക്ക് വഴിവയ്ക്കാവുന്നതാണ്.

മരുന്നുകള്‍ വഴിയും ബലക്ഷയം വരാം

അസ്ഥികള്‍ അഥവാ അസ്ഥികോശങ്ങള്‍ പുനര്‍നിര്‍മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. ഈ പുനര്‍നിര്‍മാണത്തിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തിലുള്ള മരുന്നുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് അസ്ഥിക്ഷയത്തിന് കാരണമാകും. അപസ്മാരം, കാന്‍സര്‍, ട്രാന്‍സ്പ്ലാന്റ് ശരീരം സ്വീകരിക്കാതിരിക്കല്‍, ഗ്യാസ്ട്രിക് റിഫ്‌ളക്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് പലപ്പോഴും നിര്‍ദ്ദേശിക്കപ്പെടാറുള്ള കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് മരുന്നുകളും ഇന്‍ജക്‌ഷനുകളും അസ്ഥി പുനര്‍നിര്‍മാണത്തിനു തടസ്സം സൃഷ്ടിക്കും. 

രോഗാവസ്ഥകളുടെ സ്വാധീനം

സെലിയാക് ഡിസീസ്, ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്, വൃക്ക-കരള്‍ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, ആമവാതം എന്നീ രോഗങ്ങളുള്ളവര്‍ക്ക് അസ്ഥിക്ഷയമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ജീവിതരീതികളും അസ്ഥിക്ഷയത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. അധികനേരം ഇരിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനക്ഷമമായി ഓടിനടക്കുന്നവരെക്കാള്‍ ഓസ്റ്റിയോപോറോസിസ് വരാനുള്ള സാധ്യത കൂടുതലാണ്. ഭാരം ചുമന്നുകൊണ്ടുള്ള ജോലികളും വ്യായാമങ്ങളുമെല്ലാം എല്ലുകള്‍ക്ക് ഗുണം ചെയ്യും. നടത്തം, ഓട്ടം, ചാട്ടം, നൃത്തം ചെയ്യല്‍, ഭാരോദ്വഹനം തുടങ്ങിയവ പ്രത്യേകിച്ചും ശരീരത്തിലെ എല്ലുകളുടെ പുഷ്ടി മെച്ചപ്പെടുത്താന്‍ ഉപകരിക്കും. അമിതമായ മദ്യപാനം അസ്ഥിക്ഷയത്തെ ക്ഷണിച്ചു വരുത്തുന്നതാണ്.

സങ്കീര്‍ണതകള്‍

എല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുന്നത്, പ്രത്യേകിച്ച് ഇടുപ്പ്, നട്ടെല്ല് എന്നിവയ്ക്ക് പോറലേൽക്കുന്നത്, പൊട്ടുന്നത് തുടങ്ങിയവയാണ് ഓസ്റ്റിയോപോറോസിസിലെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥ. ഇടുപ്പെല്ല് പൊട്ടുന്നത് പലപ്പോഴും വീഴ്ചകള്‍ മൂലമാണ്. അത് സംഭവിച്ച് ഒരു വര്‍ഷത്തിനുള്ള മരണം വരെ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. അംഗവൈകല്യം വരെ സംഭവിക്കാനുള്ള സാധ്യതയും ഉണ്ടാവും.

back-pain

പലപ്പോഴും അസ്ഥിക്ഷയത്തിന് രോഗി വീഴണമെന്നുമില്ല. നട്ടെല്ലിന്റെ ഭാഗമായ കശേരുക്കള്‍ ദുര്‍ബലമാകുകയും അടുക്കുകകളായി സ്ഥിതി ചെയ്യുന്ന അവസ്ഥ തന്നെ തകിടം മറിയുകയും ചെയ്യുന്ന സാഹചര്യത്തിലും ഓസ്റ്റിയോപോറോസിസ് ഉണ്ടാവും. ഇത് പുറംവേദനയ്ക്കും ഉയരം നഷ്ടപ്പെടാനും കാരണമാകുകയും ചെയ്യും.

അസ്ഥികളെ സംരക്ഷിക്കാന്‍ എന്തു ചെയ്യണം?

നല്ല പോഷകാഹാരങ്ങള്‍ കഴിക്കുകയും മിതമായ വ്യായാമങ്ങള്‍ പതിവാക്കുകയും ചെയ്യുക. ഏറ്റവും കൂടുതല്‍ കാത്സ്യം ലഭിക്കാന്‍ സാധ്യതയുള്ള കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍ ഉപയോഗിക്കുക. കടുത്ത പച്ചനിറമുള്ള ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, അയ്‌ല, മത്തി, സോയ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കാത്സ്യം ധാരാളമായുള്ള പയര്‍വര്‍ഗങ്ങളും ഓറഞ്ച് നീരും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുക. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കാത്ത സാഹചര്യമാണെന്നു കണ്ടാല്‍ മാത്രം കാത്സ്യം സപ്ലിമെന്റുകളെ ആശ്രയിക്കാം. 

അതേസമയം കാത്സ്യം അധികമായാല്‍ വൃക്കയില്‍ കല്ല് ആയിരിക്കും അടുത്ത പ്രശ്‌നം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അധികരിക്കാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ട്. 

കാത്സ്യത്തെ സ്വീകരിക്കാനും അതിലൂടെ ശരീരത്തിലെ എല്ലുകള്‍ക്ക് ബലം ലഭിക്കാനും സഹായിക്കുന്ന ഘടകമാണ് വൈറ്റമിന്‍ ഡി. കോഡ് ലിവര്‍ ഓയില്‍, പുഴമീന്‍, ചെമ്പല്ലി, ചില പാലുത്പന്നങ്ങള്‍ തുടങ്ങിയവ വൈറ്റമിന്‍ ഡിയുടെ ഭണ്ഡാരമായാണ് അറിയപ്പെടുന്നത്.

വ്യായാമം ഗുണമോ ദോഷമോ?

exercise on empty stomach

ശക്തമായ എല്ലുകളുണ്ടാകാനും അസ്ഥിനഷ്ടം പരമാവധി കുറയ്ക്കാനും വ്യായാമം ഉപകരിക്കും. വ്യായാമം അത് ഏതു പ്രായത്തില്‍ ആരംഭിച്ചാലും അത് ഗുണം ചെയ്യും. എന്നാല്‍ അത് സ്ഥിരമായി ചെയ്യുകയും ജീവിതകാലം മുഴുവന്‍ ചിട്ടയായി വ്യായാമത്തെ കൊണ്ടു പോകുകയും ചെയ്യുന്നവര്‍ക്കാണ് അതിന്റെ പരമാവധി ഗുണം ലഭിക്കുന്നത്. 

ശരീരത്തിന് ശക്തി ലഭിക്കുന്ന വ്യായാമങ്ങളും ഭാരമെടുക്കുന്ന വിധത്തിലുള്ള വ്യായാമ മുറകളും ബാലന്‍സ് വ്യായാമ മുറകളും പരിശീലിക്കുക. ഒന്ന് കൈകളിലെയും നട്ടെല്ലിന്റെ മുകള്‍ ഭാഗത്തെയും പേശികള്‍ക്ക് ബലം നല്‍കുന്നു. കാലിലെയും ഇടുപ്പിലെയും നട്ടെല്ലിന്റെ താഴ്ഭാഗത്തുമുള്ള എല്ലുകള്‍ക്ക് കാര്യമായ ബലം നല്‍കാന്‍ നടത്തം, ജോഗിംഗ്, ഓട്ടം, പടി കയറുക, കയര്‍ചാട്ടം തുടങ്ങിയവ പതിവാക്കാം.

(തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക്‌സ് & സ്പൈൻ സ൪ജറി സീനിയര്‍ കണ്‍സല്‍റ്റന്റ് ആണ് ലേഖകൻ)

English Summary : Osteoporosis: Symptoms, causes, treatment and prevention, Osteoporosis day

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA