ADVERTISEMENT

സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ (Thrombosis) അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ (Haemorrhage) ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. എംബോളിസം (embolism) കൊണ്ടും സ്‌ട്രോക്കുണ്ടാവാം.

 'മിനിറ്റുകൾക്ക് ജീവൻ രക്ഷിക്കാൻ കഴിയും '( Minutes can save life) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. സ്ട്രോക്കിന്റെ കാര്യത്തിൽ, ഓരോ മിനിറ്റും പ്രധാനമാണ്. സ്ട്രോക്കിന്റെ ആഗോള ആജീവനാന്ത അപകടസാധ്യത ( lifetime stroke risk worldwide)  1/4th ആയി നിൽക്കുമ്പോൾ, ഓരോ വർഷവും പക്ഷാഘാതത്തെ അതിജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് വൈകല്യം മെച്ചപ്പെടുത്തുന്നതിന് രോഗലക്ഷണങ്ങളെക്കുറിച്ചും നേരത്തെയുള്ള ചികിത്സയെക്കുറിച്ചുമുള്ള പൊതുജന അവബോധം വളരെ പ്രധാനമാണെന്ന് വ്യക്തമാണ്.

രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പെർമനന്റ് വൈകല്യത്തിന്റെ പ്രധാന കാരണം സ്ട്രോക്കാണ്.

മസ്തിഷ്കാഘാതം ആദ്യഘട്ടത്തിൽ എങ്ങനെയൊക്കെ കൈകാര്യം ചെയ്യാമെന്നു നോക്കാം.

പക്ഷാഘാതം ആദ്യഘട്ടത്തിൽതന്നെ കണ്ടെത്തുന്നത് അതിന്റെ ചികിത്സയുടെ വിജയത്തിൽ വളരെ നിർണായകമാണ്.

1. Ischaemic / Thrombotic സ്ട്രോക്ക്  

തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലിൽ കൊഴുപ്പു വന്നു അടിയുന്ന മൂലം അവിടെ ബ്ലോക്ക് ഉണ്ടാവുകയും തലച്ചോറിലെ ആ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നു.

ഈയൊരു അവസ്ഥ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും എന്ന് നോക്കാം. അതിനു നമുക്ക് FAST എന്ന വാക്കു ഓർത്തിരിക്കാം

F- Facial Deviation 

സ്ട്രോക്ക് സംഭവിക്കുമ്പോൾ ആ വ്യക്തിയുടെ സംസാരത്തിനിടയിൽ തന്നെ ആ വ്യക്തിയുടെ മുഖത്തിന് വ്യതിയാനം സംഭവിക്കുന്നതായി കാണാം. ചുണ്ടുകൾക്ക് ഒരു വശത്തേക്ക് കോട്ടം സംഭവിക്കുന്നു.

A- Arms സ്ട്രോക്ക് ഉണ്ടെന്ന് സംശയിക്കുന്ന ഒരാൾ കൈകൾ ഉയർത്തുമ്പോൾ, ബലഹീനത കാരണം ഒരു ഭുജം താഴുന്നത് കാണാം.

തലയുടെ ഏതു ഭാഗത്തെ രക്തകുഴലിനാണോ ബ്ലോക്ക് വന്നിരിക്കുന്നത് അതിന്റെ എതിർവശത്തെ കൈയിലേക്കോ കാലിലേക്കോ ആവും തളർച്ച വരുന്നത്.

S- Slurring of Speech 

സംസാരിക്കുന്നതിനിടയിൽ നാക്ക് അല്ലെങ്കിൽ സംസാരം കുഴഞ്ഞു പോവുക.

T- Time

മസ്തിഷ്കാഘാതത്തിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ അതിന്റെ ലക്ഷണങ്ങൾ വളരെ പെട്ടെന്നാവും കാണപ്പെടുക. മേൽപറഞ്ഞവ മൂന്നും കണ്ടാൽ അത് സ്ട്രോക്ക് ആണെന്ന് നമുക്ക് സംശയിക്കാം. ജോലിസ്ഥലത്തോ അതോ വീട്ടിലോ ഇങ്ങനെയൊരു അവസ്ഥ കണ്ടു കഴിഞ്ഞാൽ പ്രധാനമായും ചെയ്യേണ്ടത് രോഗിയെ എത്രയും പെട്ടെന്ന് എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രിയിലേക്ക് എത്തിക്കുക എന്നതാണ്. കാരണം ആദ്യത്തെ നാലര മണിക്കൂർ വളരെ നിർണായകമാണ്. സ്ട്രോക്ക് വന്ന വ്യക്തിക്ക് വേണ്ടുന്ന ഇൻജെക്‌ഷൻ എത്രയും വേഗം കൊടുക്കുന്നത് വഴി അത്രയും വേഗം രോഗമുക്തി സാധ്യമായി വന്നേക്കാം. ഒരു കാരണവശാലും ഏതെങ്കിലും പ്രാദേശിക ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കായി സമയം പാഴാക്കരുത്. ഏറ്റവും മികച്ച സജ്ജീകരണങ്ങൾ ഉള്ള ആശുപത്രിയിലേക്ക് തന്നെ കൊണ്ട് പോകുവാൻ ശ്രമിക്കേണ്ടതാണ്.

2. Haemorrhagic സ്ട്രോക്ക് അഥവാ തലച്ചോറിലെ രക്തസ്രാവം  

തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങൾ ആവാം. തലച്ചോറിലെ രക്തക്കുഴലിൽ പ്രഷർ കൂടിയത് മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാവാം അല്ലെങ്കിൽ Aneurysm മൂലവും ആവാം. Aneurysm എന്നാൽ തലച്ചോറിലെ രക്തധമനികളിൽ ചെറിയ കുമിളകൾ പോലെ വരികയും ബലഹീനത സംഭവിക്കുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നതുവഴി തലച്ചോറിൽ രക്തസ്രാവം സംഭവിക്കുന്നു. ഇതും കൂടാതെ ചിലപ്പോൾ ചില രക്തധമനികൾക്കു ജൻമനാ സംഭവിക്കുന്ന തകരാറുകൾ ( Congenital anomaly) മൂലവും രക്തസ്രാവം സംഭവിച്ചേക്കാം. Arteriovenous Malformation അത്തരത്തിൽ ഒന്നാണ്. ഇത്തരം അവസ്ഥയിൽ രക്തധമനികൾക്കു വലിയ ബലം കാണില്ല. അവ ഏതെങ്കിലും ഒരു ഘട്ടത്തിൽ പൊട്ടുന്നത് വഴി രക്തസ്രാവം സംഭവിക്കുന്നു. 

തലച്ചോറിലെ രക്തസ്രാവം എങ്ങനെ തിരിച്ചറിയാം:

ജോലിചെയ്യുന്നതിനിടയിൽ പെട്ടെന്ന് തലവേദന ഉണ്ടാവുകയും അത് അടിക്കടി തീവ്രതകൂടി വരികയും ചെയ്യുന്നു. ഇതിനോട് അനുബന്ധിച്ചു അപസ്മാരം വരികയോ ഒരു വശം തളർന്നു പോവുകയോ ചെയ്തേക്കാം. ചിലയവസരങ്ങളിൽ അബോധാവസ്ഥയിലേക്കും പോയെന്നു വരാം. ഈ അവസരത്തിൽ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.

യങ് സ്‌ട്രോക്ക്..

40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്‌ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.  

പക്ഷാഘാതസാധ്യത കുറയ്ക്കുന്നതിനുള്ള വഴികൾ ഇനി പറയുന്നവയാണ്..

∙ ഉയർന്ന രക്തസമ്മർദ്ദം (രക്താതിമർദ്ദം) നിയന്ത്രിക്കുക.

∙ പുകവലി ഉപേക്ഷിക്കുക. പുകവലി സ്‌ട്രോക്ക് സാധ്യത വർധിപ്പിക്കുന്നു.

∙ ആരോഗ്യകരമായ ഭാരം നിലനിർത്തുക. അമിതഭാരമുള്ളത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, പ്രമേഹം തുടങ്ങിയ മറ്റ് സ്ട്രോക്ക് അപകടസാധ്യത ഘടകങ്ങൾക്ക് കാരണമാകുന്നു.

∙ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുക.

∙ വ്യായാമം രക്തസമ്മർദ്ദം കുറയ്ക്കാനും ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിന്റെ തോത് വർധിപ്പിക്കാനും , രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും, സമ്മർദ്ദം കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു.

∙ പ്രമേഹത്തെ നിയന്ത്രിക്കുക. ഭക്ഷണക്രമം, വ്യായാമം, ഭാരം നിയന്ത്രിക്കൽ, മരുന്ന് എന്നിവ ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാൻ കഴിയും.

∙ അമിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദം, ഇസ്കെമിക് സ്ട്രോക്കുകൾ, ഹെമറാജിക് സ്ട്രോക്കുകൾ എന്നിവയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കുന്നു.

∙ ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ (OSA) ഉണ്ടെങ്കിൽ ചികിത്സിക്കുക. 

∙ ആസക്തി മരുന്നുകൾ ഒഴിവാക്കുക. കൊക്കെയ്ൻ, മെത്താംഫെറ്റാമൈനുകൾ പോലുള്ള ചില മരുന്നുകൾ Transient Ischaemic Attacks (TIA) അല്ലെങ്കിൽ പക്ഷാഘാതത്തിനോ കാരണമാകുന്ന ഘടകങ്ങളാണ്.

∙ ഉയർന്ന കൊളസ്ട്രോൾ, Carotid Artery Disease, Peripheral Arterial Disease, ഏട്രിയൽ ഫിബ്രിലേഷൻ (AF), ഹൃദ്രോഗം, സിക്കിള് സെൽ ഡിസീസ് എന്ന മെഡിക്കൽ അവസ്ഥകൾ ചികിത്സിക്കുക. ഈ രോഗങ്ങൾ സ്‌ട്രോക്ക് സാധ്യത വർധിപ്പിക്കുന്നു.

സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്‌ട്രോക്ക്. വായയുടെ കോണിന്റെ വ്യതിയാനം (വായ് കോട്ടം) കൈകാലിനു തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സംശയിക്കാം . സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ, ഒരു വിദഗ്ധ കേന്ദ്രത്തിലെ കൃത്യമായ ചികിത്സ നാലര മണിക്കൂറിനുള്ളിൽ ആരംഭിക്കണം, അപ്പോൾ മാത്രമേ മികച്ച ഫലങ്ങൾ ലഭിക്കൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും  എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകാം. ചിലപ്പോള്‍ മരണം തന്നെയും സംഭവിക്കാം. അതിനാല്‍ സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.

സ്ട്രോക്ക് അതിജീവനം ഒരു വെല്ലുവിളി നിറഞ്ഞ സമയമാണ്. പ്രചോദിതരായി തുടരുക, സ്ട്രോക്കിന് ശേഷം നിങ്ങൾ ശക്തരാകും.

അധികം വൈകുന്നതിന് മുമ്പ് തന്നെ സ്ട്രോക്ക് കണ്ടെത്തി അത് സമയബന്ധിതമായി സുഖപ്പെടുത്തുക. സ്ട്രോക്ക് നിങ്ങളുടെ ആരോഗ്യകരമായ ജീവിതം ഇല്ലാതാക്കാൻ ഒരിക്കലും അനുവദിക്കരുത്. നിങ്ങളുടെ ശരീരത്തെ പരിപാലിക്കുക. നിങ്ങൾക്ക് താമസിക്കാനുള്ള ഒരേയൊരിടമാണിത്.

(കൊച്ചി വിപിഎസ് ലേക് ഷോർ ഹോസ്പിറ്റലിലെ ന്യൂറോസർജനാണ് ലേഖകൻ)

English Summary : Stroke; Causes, treatment, symptoms and prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com