ADVERTISEMENT

ഒരു വ്യക്തിയുടെ ഐക്യു മൾട്ടിഫാക്റ്റോറിയലാണ്, അത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ ബുദ്ധി നിർണയിക്കുന്നതിൽ പ്രകൃതിയും വളർത്തുശീലവും ഒരേ പങ്കു വഹിക്കുന്നു. ഒരു വ്യക്തിയുടെ ഐക്യു വലിയൊരു അളവിൽ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, വിദ്യാഭ്യാസം, നേരത്തെയുള്ള ജനനം, പോഷണം, മലിനീകരണം, മയക്കുമരുന്ന്, മദ്യപാനം, മാനസിക രോഗം, മറ്റു രോഗങ്ങൾ എന്നീ വിവിധ പ്രകൃതിദത്തഘടകങ്ങൾക്കു മനുഷ്യന്റെ ഐക്യുവിൽ നല്ലൊരു പങ്കുണ്ട്. ഇവ ചിലപ്പോൾ ജനിതകമായ ഘടകങ്ങളെ തളർത്താനോ ശക്തിപ്പെടുത്താനോ സാഹായിക്കും.

ബുദ്ധിയെക്കുറിച്ചുള്ള ചില ധാരണകൾ അളക്കാൻ ഐക്യു ശ്രമിക്കുന്നുണ്ടെങ്കിലും, "ബുദ്ധിയുടെ" കൃത്യമായ അളവുകോലായി ഇത് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടേക്കാം. ഐ.ക്യു ടെസ്റ്റുകൾ "ഇന്റലിജൻസ്" ന്റെ പ്രത്യേക മേഖലകളെ മാത്രമേ പരിശോധിക്കൂ, സർഗാത്മകത അല്ലെങ്കിൽ വൈകാരിക ബുദ്ധി പോലുള്ള "ഇന്റലിജൻസ്" മായി (EQ)  ബന്ധപ്പെട്ട ചില മേഖലകളെ കണക്കാക്കുന്നതിൽ ഇവ പരാജയപ്പെടുന്നു. ഉദാഹരണത്തിന് സർഗാത്മകത അല്ലെങ്കിൽ ഇമോഷണൽ ഇന്റലിജൻസ് അളക്കുന്നതിൽ കാര്യമായ പ്രാധന്യം നൽകാറില്ല.  

ജനിതകമാണ് നമ്മുടെ ഐക്യുവിന്ടെ 50 ശതമാനം നിയന്ത്രിക്കുന്നത്. അത് പ്രായം വർധിക്കുന്തോറും കൂടി വരുന്നു. പൊതുവായി പങ്കുവയ്ക്കപ്പെടുന്ന പരിസ്ഥിതിയും സ്വകാര്യ പരിസ്ഥിതിയും യഥാക്രമം നമ്മുടെ ഐക്യുവിന്റെ 25%, 20% കയ്യാളുന്നു. 

ബാക്കി 5% നമ്മുടെ അറിവ് നേടാനുള്ള കഴിവുകളെ വിലയിരുത്തുന്നതിലെ തെറ്റുകളെ പ്രതിനിധീകരിക്കുന്നു. എന്നിരുന്നാലും, ജീവിതകാലം മുഴുവൻ ജനിതകവും പരിസ്ഥിതിയും വഹിക്കുന്ന പങ്ക് അതേപടി നിലനിൽക്കില്ല. ഉയർന്ന ഐക്യു ഉള്ള വ്യക്തികൾ ആവേശം പകരുന്ന ചുറ്റുപാടുകൾ തിരഞ്ഞെടുക്കുകയും ഉയർന്ന ഐക്യുവിൽ എത്തിപ്പെടുകയും ചെയ്യുന്നു. ഒരു വ്യക്തി കുട്ടിയായി ഇരിക്കുന്ന അവസ്ഥയിൽ തലച്ചോറ് എപ്പോഴും വളരുകയും വികസിക്കുകയും ചെയ്യുന്നു. അതിനാൽ അവിടെ പരിസ്ഥിതിയുടെ (മാനസിക ഉത്തേജനം, പോഷകാഹാരം) സ്വാധീനം എന്നും അതിന്റെ വളർച്ചയിൽ സഹായകമാവും. പക്ഷേ നമ്മൾ പ്രായപൂർത്തിയാകുന്നോടെ മസ്തിഷ്കവികസനം ഉച്ചസ്ഥായിയിൽ ആവുകയും അവിടെ പരിസ്ഥിതിയിലെ മാറ്റങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരുത്തുന്നില്ല.  

  റൊണാൾഡ് വിൽസൺ ആണ് ഐക്യുവിന്റെ പാരമ്പര്യഘടകങ്ങൾ പ്രായം കൂടുന്നതിനനുസരിച്ച് വർധിച്ചു വരും എന്ന വ്യക്തവും ശ്രദ്ധേയവുമായ ആദ്യത്തെ തെളിവുകൾ അവതരിപ്പിച്ചത്. ഇത് പിൽക്കാലത്തു വിൽസൺ ഇഫക്റ്റ് എന്ന പേരിൽ അറിയപ്പെട്ടു. മസ്തിഷ്കത്തിൽ പ്രായാധിക്യം സംഭവിക്കുമ്പോൾ, നിരവധി പാരിസ്ഥിതിക മാറ്റങ്ങൾ മൂലമുള്ള ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും ഉണ്ടാക്കുന്നതിലൂടെ ന്യുറോണുകൾക്കു കേടുപാടുകൾ സംഭവിച്ചേക്കാം. ന്യൂറോണുകളുടെ കേടുപാടുകൾ തടയുന്നതിന് ന്യൂറോണുകളുടെ സംരക്ഷണവും കേടുപാടുതീർക്കലും ന്യൂറോണുകളുടെ തകർച്ചയെ തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ പ്രതിരോധ, നന്നാക്കൽ പ്രക്രിയകൾ ജനിതകമായി നിർണയിക്കപ്പെടുന്നു. എന്നാലും, ഐക്യു നിർണയിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രത്യേക ജീനുകളെക്കുറിച്ചുള്ള നമ്മുടെ നിലവിലെ അറിവ് തീർത്തും പരിമിതമാണ്. 

ഐക്യുവിനെ ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെയെന്നു നോക്കാം:

1. ജനിതക ഘടകങ്ങൾ 

വ്യത്യസ്ത പഠനങ്ങൾ ജനിതക ഘടകത്തെ വ്യത്യസ്ത തലങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതായതു ജനിതക ഘടകങ്ങൾ 30 മുതൽ 80 ശതമാനം വരെ ഒരു വ്യക്തിയുടെ ഐക്യുവിനെ സ്വാധീനിക്കുന്നുവെന്നാണ്. പക്ഷേ ജനിതക സ്വാധീനത്തിന്റെ തോത് പ്രായത്തിനനുസരിച്ച് വർധിക്കുന്നു.പ്രത്യേകിച്ച് ബാല്യത്തിൽ നിന്നു കൗമാരത്തിലേക്ക് കടക്കുമ്പോൾ. ഇരട്ടകുട്ടികളെക്കുറിച്ചു നടത്തിയ പഠനത്തിൽ ഒരുപോലെയുള്ള ഇരട്ടകളിൽ ഐക്യു നിലവാരത്തിൽ കാര്യമായ വ്യത്യാസമില്ലെന്നാണ് തെളിയിക്കുന്നത്.

നമ്മുടെ മസ്തിഷ്ക ഘടനയും പ്രവർത്തനവും നമ്മുടെ ബുദ്ധിയുടെ നിലവാരത്തെ നിർണയിക്കുന്നു. ഫ്രണ്ടൽ ലോബുകളുടെ വലുപ്പവും ആകൃതിയും, ഫ്രണ്ടൽ ലോബുകളിലെ രക്തത്തിന്റെയും രാസപ്രവർത്തനത്തിന്റെയും അളവ്, തലച്ചോറിലെ ഗ്രേ  മാറ്റർറിന്റെ അളവ്, കോർട്ടക്സിന്റെ മൊത്തത്തിലുള്ള കനം, ഗ്ലൂക്കോസ് മെറ്റബോളിക് നിരക്ക് എന്നിവ ഐക്യുവിനെ നിർണയിക്കുന്നതാണ്. നന്നായി പ്രവർത്തിക്കുന്ന പാതകൾ മികച്ച മസ്തിഷ്ക പ്രവർത്തനം, മസ്തിഷ്ക കാര്യക്ഷമത, വിവര സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, എല്ലാം മികച്ച ഐക്യു സ്കോറുകളിലേക്ക് വിരൽ ചൂണ്ടുന്നു. ഐക്യുവും മസ്തിഷ്ക വലുപ്പവുമായുള്ള ബന്ധം അത്ര ലളിതമല്ല. ഓട്ടിസത്തിൽ പലപ്പോഴും ശല്യപ്പെടുത്തുന്ന ന്യുറോണുകളുടെ സഞ്ചാരപഥങ്ങളാണ് ഉള്ളത്.

2. പാരിസ്ഥിതിക ഘടകങ്ങൾ

തലച്ചോറിന്റെ ഒരു നിശ്ചിത  അളവ്, ഘടന, പാത എന്നിവയിലേക്ക് നാം ജനിതകപരമായി മുൻ‌തൂക്കം കാണിച്ചേക്കാം.  നമ്മുടെ ജീവശാസ്ത്രം   നമുക്ക്  നിശ്ചയിച്ചിട്ടുള്ള ഒരു നിശ്ചിത തലത്തിലുള്ള ബുദ്ധി ഉണ്ട്.  എന്നാൽ നമ്മൾ എത്രമാത്രം നേടുന്നു എന്നത് ജീവശാസ്ത്രപരമായവയിൽ മാത്രം അധിഷ്ഠിതമല്ല. നമ്മൾ നയിക്കുന്ന ജീവിത രീതി ബുദ്ധിയെയും ബാധിക്കുന്നു. ബുദ്ധി പൂർണമായും ജൈവശാസ്ത്രപരമാണെങ്കിൽ, ജനനസമയത്ത് വേർതിരിക്കുന്ന  ഇരട്ടകൾക്ക് തുല്യമായ ഐക്യു ഉണ്ടായിരിക്കണമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ എല്ലായ്പ്പോഴും അങ്ങനെയല്ല എന്ന് കണ്ടുപിക്കപ്പെട്ടിരിക്കുന്നു. ജനിതക സ്വാധീനം മൂലം മിടുക്കരായ കുട്ടികൾ പലപ്പോഴും അവരുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന അന്തരീക്ഷങ്ങൾ തേടിപ്പോവുകയും അത് അവരുടെ ഐക്യു കൂടുതൽ വർധിപ്പിക്കുകയും ചെയ്യുന്നു.

വൈജ്ഞാനികമായി ആവശ്യപ്പെടുന്ന അനുഭവങ്ങൾ തേടുന്നതിൽ കുട്ടികൾ തുടരാൻ ഇടയാക്കിയാൽ ഐക്യു വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രോഗ്രാമുകൾ ദീർഘകാല ഐക്യു നേട്ടങ്ങൾ ഉണ്ടാക്കും. ഒരാളുടെ വർക്കിങ് മെമ്മറി ഉപയോഗിക്കുന്നതിനുള്ള പരിശീലനം ഐക്യു വർധിപ്പിക്കുമെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പരിശീലനം നിർത്തിയതിനുശേഷം എത്രത്തോളം മെച്ചപ്പെടുത്തലുകൾ നിലനിൽക്കുമെന്ന് വ്യക്തമല്ല. പോഷകാഹാര നയത്തിലെ മെച്ചപ്പെടുത്തലുകൾ‌, ലോകമെമ്പാടുമുള്ള ഐ‌ക്യുവിന്റെ വർധനവിന് കാരണമായിട്ടുണ്ട്. ഇത് ലോകനിലവാരത്തിൽ ഐ‌ക്യു വർധിപ്പിക്കാൻ പ്രയോഗിച്ചു വരുന്ന ഒന്നാണ്. ഒരു വ്യക്തിയുടെ ശൈശവകാലത്തിൽ ലഭിക്കുന്ന പോഷകങ്ങൾ, തലച്ചോറിന്റെ ഘടന, സ്വഭാവം, ബുദ്ധി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രീമച്വർ ശിശുക്കൾക്ക്, പ്രത്യേകിച്ച് ആൺകുഞ്ഞുങ്ങൾക്ക്, പലപ്പോഴും അനുഭവിക്കുന്ന മസ്തിഷ്ക വലുപ്പവും ഐക്യുവും കുറഞ്ഞുപോവുന്നതു തടയാൻ ഉയർന്ന പോഷകാഹാരം നൽകുന്നത് സഹായിക്കുമെന്നതിന് തെളിവുകളുണ്ട്. സിങ്ക്. അയൺ, ഫോളേറ്റ്, അയഡിൻ, ബി 12, പ്രോട്ടീൻ കുറവ് എന്നിവയുടെ അഭാവം ഐക്യു കുറയ്ക്കുന്നു. മുലയൂട്ടൽ ഐക്യുവിൽ ചെറിയ സ്വാധീനം ചെലുത്തിയേക്കാം, പക്ഷേ ഇത് പലപ്പോഴും അമ്മമാരുടെ ബുദ്ധിശക്തിയുമായി ബന്ധിപ്പിച്ചു കാണാറുണ്ട്. എന്നാൽ ഇത് പലപ്പോഴും പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളിലേക്കാണ് നയിക്കുക. ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. ക്രിയേറ്റിനിനുമായുള്ള അനുബന്ധം ചെറുപ്പക്കാരേക്കാൾ പ്രായമായവരിൽ ബുദ്ധിശക്തിയെ കാര്യമായി വർധിപ്പിക്കുന്നതായി കാണപ്പെടുന്നു. എങ്ങനെയാണെങ്കിലും, ദീർഘകാല ക്രിയേറ്റിനിൻ സപ്ലിമെന്റേഷന്റെ സുരക്ഷ ഒരു ചോദ്യചിഹ്നമായി തന്നെ നിൽക്കുന്നു.

മുതിർന്നവരിൽ സംഗീത പരിശീലനവും ഐക്യുവും തമ്മിൽ ഗുണകരമായ ബന്ധമുണ്ട്. എന്നാൽ സംഗീത പരിശീലനം വൈകാരിക ബുദ്ധിയിൽ നല്ല സ്വാധീനം ചെലുത്തുന്നുവെന്നും ഭാഷാപരമായ കഴിവുകളെ ക്രിയാത്മകമായി സ്വാധീനിക്കുന്നുവെന്നും വ്യക്തമല്ല. സംഗീത പരിശീലനം ലഭിച്ച കുട്ടികൾ ഫിംഗർ മോട്ടോർ കഴിവുകളിലും ഓഡിറ്ററി വിവേചന കഴിവുകളിലും സ്പേഷ്യൽ-നാവിഗേഷൻ റീസണിങ്, വിഷ്വൽ ഫോം അനാലിസിസ്, ന്യൂമെറിക്കൽ വിവേചനം, വാക്കുകൾ എളുപ്പത്തിൽ ഗ്രഹിക്കാനുള്ള ശേഷി എന്നിവയിൽ കൂടുതൽ പുരോഗതി കാണിച്ചു. 

മോട്ടോർ, ഓഡിറ്ററി പ്രോസസിങ്, വിവിധ ഫ്രണ്ടൽ ഏരിയകൾ, ഇടത് പിൻ‌വശം പെരി-സിങ്കുലേറ്റ്, ഇടത് മിഡിൽ ഓക്സിപിറ്റൽ മേഖല എന്നിവയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഘടനാപരമായ മസ്തിഷ്ക വ്യത്യാസങ്ങൾ അവർ കാണിച്ചു. സംഗീതത്തിന്റെ സ്വാധീനം ചെറുതോ നിസ്സാരമോ ആകാം, ക്ഷണികവും സ്പേഷ്യൽ ഇന്റലിജൻസിൽ ഒതുങ്ങുന്നതുമായിരിക്കാം എന്ന നിഗമനത്തിൽ എത്തുകയും ചെയ്യാം. അതായത് സംഗീതവും ഐക്യുവും തമ്മിലുള്ള ബന്ധം താരതമ്യേന ലഘുവാണെന്നു പറയാം.

ഗർഭകാലത്തും കുട്ടിക്കാലത്തും മസ്തിഷ്കം വളരുമ്പോൾ അവിടേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോൾ ഗണ്യമായ വൈജ്ഞാനിക വൈകല്യത്തിലേക്ക് നയിച്ചേക്കാം. അതിൽ മലിനീകരണം (ഉദാ. ലെഡ്, മെർക്കുറി, ഓർഗാനോക്ലോറൈഡുകൾ), മദ്യം, പുകവലി, മയക്കുമരുന്ന് (മരിജുവാന, കഞ്ചാവ്, കൊക്കെയ്ൻ) തലയിലെ പരുക്കുകളും മാനസികരോഗങ്ങളും ബുദ്ധിപരമായ വൈകല്യത്തിന് കാരണമാകും. ഇതെല്ലാം അറിവ് നേടിടാനുള്ള ശേഷിയിൽ വലിയ തകരാറുണ്ടാക്കും.

Mozart എഫക്റ്റ്

ഫ്രാൻസെസ്‌ റോഷറും ഗോർഡൻ ഷൊവും പറയുന്നത് എന്തെന്നാൽ കോളജ് കുട്ടികൾ 10 മിനിറ്റ് നേരം ദിവസേന മൊസാർട്ടിന്റെ സോണാറ്റ ഫോർ ടു പിയാനോസ് കേട്ടാൽ അവരുടെ ഐക്യു എട്ടു മുതൽ ഒൻപതു പോയിന്റ് വരെ കൂടുന്നുവെന്നാണ്. അതായത് 10 മിനിറ്റ് നേരത്തേക്ക് മൊസാർട്ടിന്റെ സോണാറ്റ കേട്ട ശേഷം,  സാധാരണയേക്കാൾ മികച്ച സ്പേഷ്യൽ യുക്തിസഹമായ കഴിവുകൾ കാണിച്ചു. എന്നിരുന്നാലും ഈ പ്രതിഭാസം താൽക്കാലികമാണ്, കൂടാതെ "സ്പേഷ്യൽ-ടെമ്പറൽ യുക്തി" എന്നറിയപ്പെടുന്ന ചിലതരം മെന്റൽ ടാസ്കുകളിൽ മാത്രമാണ് പുരോഗതി ഉണ്ടാക്കുന്നത്.  

Flynn എഫക്റ്റ് 

ഒരു ജനസംഖ്യയുടെ പൊതുവായ ഐക്യു സ്കോറുകൾ കാലക്രമേണ എങ്ങനെ മാറുന്നു എന്ന പ്രശ്നത്തെ ഫ്ലിൻ ഇഫക്റ്റ് കൈകാര്യം ചെയ്യുന്നു. കാലക്രമേണ മനുഷ്യന്റെ അസംസ്കൃത ബുദ്ധിയിലെ നിരന്തരമായ വർധനവാണ് ഫ്ലിൻ പ്രഭാവം. ഐക്യു  ടെസ്റ്റ് സ്കോർ ഇവിടെ തുടർച്ചയായി വർധിക്കുകയാണ്. ഒരു ദശകത്തിൽ മൂന്നു പോയിന്റ് വച്ചാണ് വർധിക്കുക. മെച്ചപ്പെട്ട പോഷകാഹാരം, അണുകുടുംബങ്ങളിലേക്കുള്ള മാറ്റം, മികച്ച വിദ്യാഭ്യാസം, കൂടുതൽ പാരിസ്ഥിതിക സങ്കീർണത, മികച്ച ജീനുകളുടെ സങ്കലനം മൂലം കുട്ടികൾ ആർജ്ജിക്കുന്ന ഹെറ്റെറോസിസ് ഇതെല്ലം ഐക്യു വർധിപ്പിക്കാൻ സഹായകമാണ്. മറ്റൊന്ന് തുടർച്ചയായ പരീക്ഷകളിലൂടെ കടന്നു പോയി ആർജ്ജിക്കുന്ന ശേഷിയുടെ വളർച്ചയാണ്. ജനതിക തെരഞ്ഞെടുപ്പാണ് ഫ്ലിൻ പ്രഭാവത്തിന് കാരണമായതെങ്കിൽ, ഇത് ഇത്രയും വേഗത്തിലാകുമായിരുന്നില്ല .

MESNA ഇന്റർനാഷണൽ. - ഏറ്റവും ഉയർന്ന IQ ഉള്ള ആളുകളുള്ള ഒരു ഓർഗനൈസേഷനാണിത്. അംഗീകൃത ഇന്റലിജൻസ് പരിശോധനയിൽ 98 പെ൪സെന്റയിൽ ( percentile)  അഥവാ  അതിൽ കൂടുതലോ സ്കോർ ചെയ്യുന്ന ആളുകൾക്ക് അതിന്റെ അംഗങ്ങളാകാം. 100 രാജ്യങ്ങളിൽ നിന്നുള്ള 134,000 അംഗങ്ങൾ  MESNA ഇന്റർനാഷണലിൽ  ഇപ്പോൾ ഉൾപ്പെടുന്നു..

ഓർത്തുവയ്ക്കുക -  മികച്ച ഐക്യു  ഉണ്ടെങ്കിൽ പോലും നിരന്തരമായ പരിശ്രമങ്ങൾ ഒരിക്കലും കൈവിടാതിരിക്കുക. അവ എന്നും നിരവധി സാധ്യതകളിലേക്കുള്ള വാതിൽ തുറക്കുന്നു.

English Summary : Brain power and intelligence improving tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com