ADVERTISEMENT

ഇന്ന് പ്രമേഹം ലോകത്തെ ഏറ്റവും വലിയ മഹാമാരികളിൽ ഒന്നായി മാറിയിരിക്കുകയാണ്. 537 ദശലക്ഷത്തോളം പേർക്ക് ലോകത്ത് പ്രമേഹം ഉണ്ടെന്നാണ് അനുമാനിക്കുന്നത്. ഇന്ത്യയിൽ അത് 77 ദശലക്ഷത്തിന് പുറത്താണ്. വരുന്ന ഏതാനും വർഷം കൊണ്ട് ഇരട്ടിയോളം കൂടുമെന്നും പ്രതീക്ഷിക്കുന്നു. ഇതിനെതിരെ നാം ഒരുമിച്ചു നീങ്ങിയെ മതിയാകൂ. "പ്രമേഹ പരിചരണം പ്രാപ്യമാകുക" എന്നതാണ് ഈ വർഷത്തെ ലോക പ്രമേഹദിന സന്ദേശം. പ്രമേഹം അറിഞ്ഞാലേ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. നല്ല ജീവിതശൈലി വഴി രോഗം 50 ശതമാനത്തിലധികം പേരിൽ തടയുവാനും രോഗം ഉള്ളവരിൽ ഗണ്യമായി കുറയ്ക്കുവാനും ചിലരിലെങ്കിലും മാറ്റുവാനും സാധിക്കും. 

എന്താണ് പ്രമേഹം?

രക്തത്തിൽ പഞ്ചസാര കൂടി നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. നോർമൽ ആയിട്ട് ഭക്ഷണത്തിനു മുൻപ് 100 mg/dl ൽ താഴെയും ഭക്ഷണത്തിനു ശേഷം രണ്ടു മണിക്കൂറിനുള്ളിൽ 140-ൽ താഴെയുമായിരിക്കും രക്തത്തിലെ പരമാവധി പഞ്ചസാര. ഇത് രാവിലെ വെറുംവയറ്റിൽ 126 ൽ അധികവും ഭക്ഷണ ശേഷം 200 ൽ അധികവും ആകുന്ന അവസ്ഥയാണ് പ്രമേഹം. ഇതിനിടയ്ക്കുള്ള അവസ്ഥയെ പ്രീ ഡയബെറ്റിസ്  (ഭക്ഷണത്തിനു മുൻപ് 100-126 ഉം ഭക്ഷണത്തിനു ശേഷം 140- 200 ) എന്നു പറയുന്നു.

രോഗലക്ഷണങ്ങൾ 

പലർക്കും ആകസ്മികമായി യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ആയിരിക്കാം പ്രമേഹം കണ്ടെത്തുന്നത്. പലപ്പോഴും രക്തത്തിലെ പഞ്ചസാര വളരെ കൂടി നിൽക്കുമ്പോൾ മാത്രമേ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുള്ളൂ. സാധാരണ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ അമിതമായ ദാഹം, അമിതമായി മൂത്രം പോകുക, അകാരണമായി ശരീരം മെലിയുക, അകാരണമായ ക്ഷീണം അനുഭവപ്പെടുക തുടങ്ങിയവയാണ്. പലർക്കും മുറിവുകൾ ഉണങ്ങാൻ താമസിക്കുന്നതോ, തൊലിപ്പുറത്ത് ചൊറിച്ചിലും മറ്റും വരുന്നതോ ആകാം പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണം. ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും 30 വയസ്സിനു ശേഷം ഇടയ്ക്കിടയ്ക്ക് രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നത് നന്നായിരിക്കും. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഉടൻ തന്നെ പരിശോധിക്കുക. 

പ്രമേഹം കൊണ്ട് എന്താണ് കുഴപ്പം ?

പ്രമേഹം രണ്ടു തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഒന്ന് പ്രമേഹം വരുത്തുന്ന സങ്കീർണതകൾ, രണ്ട് മറ്റെല്ലാ രോഗങ്ങളുടെയും തീവ്രത പ്രമേഹം വർധിപ്പിക്കുന്നു. പ്രമേഹം ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത രണ്ടു മുതൽ മൂന്നു മടങ്ങു കൂട്ടുന്നു. നേത്രരോഗം ഉണ്ടായി അന്ധതയിലേക്കു നയിക്കുന്നു. പാദ, ഞരമ്പു രോഗങ്ങൾ ഉണ്ടാകുന്നു. പലർക്കും പാദങ്ങൾ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. വൃക്ക പരാജയത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് പ്രമേഹം ആണ്. ഇവ പ്രമേഹം നേരിട്ട് വരുത്തുന്ന സങ്കീർണതകളാണ്. കൂടാതെ മറ്റ് ഏതവസ്ഥയും ഗുരുതരമാകാം.  മുറിവുകൾ ഉണങ്ങാൻ താമസിക്കുക, അണുബാധ മൂർച്ഛിക്കുക, ഹൃദ്രോഗത്തിന്റെയും  പക്ഷാഘാതത്തിന്റെയും കോവിഡിന്റെയും ഒക്കെ ആഘാതം വർധിപ്പിക്കുക എന്നിവ ഉണ്ടാകാം. ആരോഗ്യവും ആയുസ്സും വർധിപ്പിക്കുവാൻ പ്രമേഹത്തെ നിയന്ത്രിച്ചേ മതിയാകൂ. 

പ്രമേഹം എങ്ങനെ നിയന്ത്രിക്കാം ?

രോഗം ഉണ്ടാകാതെ നോക്കുകയാണ്  പ്രധാനം. ലോകത്ത് എത്രത്തോളം പ്രമേഹ രോഗികളുണ്ടോ അത്രത്തോളം പ്രീ ഡയബറ്റിസുകാരും ഉണ്ട് എന്നാണ് അനുമാനിച്ചിരിക്കുന്നത്. ഇവർ ശ്രദ്ധിച്ചില്ലെങ്കിൽ പ്രമേഹത്തിലേക്ക് പോകും എന്നത് ഉറപ്പ്. ഇവരുൾപ്പെടെ പ്രമേഹം ഇതുവരെ ബാധിച്ചിട്ടില്ലാത്ത എല്ലാവരും നന്നായി ഭക്ഷണ ക്രമീകരണവും വ്യായാമവും ചെയ്‌ത്‌ ശരീരഭാരം നിയന്ത്രിക്കുക ആണെങ്കിൽ പ്രമേഹം ഒഴിവാക്കുവാൻ സാധിക്കും. ആവശ്യമുള്ള ഊർജം മാത്രമേ ഒരു ദിവസം കഴിക്കാൻ പാടുള്ളൂ അതിൽ അന്നജത്തിൽ നിന്ന് 50 ശതമാനത്തിൽ അധികം ഊർജം വരാൻ പാടില്ല. 20 % പ്രോട്ടീനിൽ നിന്നും 30 % കൊഴുപ്പിൽ നിന്നുമാണ് വേണ്ടത്. ഇതിനായി ഫുഡ് പ്ലേറ്റ് മാതൃകയിൽ ഭക്ഷണം കഴിക്കുക. പ്ലേറ്റിൽ പകുതി പച്ചക്കറിയും മധുരം കുറഞ്ഞ പഴവർഗങ്ങൾ (ആപ്പിൾ, ഓറഞ്ച്, സബർജിൽ, പേരയ്ക്കതുടങ്ങിയവ)  നിറയ്ക്കുക. മറുപകുതിയുടെ പകുതിയിൽ പ്രോട്ടീൻ (മുട്ടയുടെ വെള്ള, ചിക്കൻ, മീൻ, പയർ, പരിപ്പ് തുടങ്ങിയവ) ശേഷിക്കുന്ന കാൽ ഭാഗത്തിലേക്കു മാത്രം ധാന്യം ചുരുക്കുക. ചോറ് നന്നേ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ചപ്പാത്തി ആയാലും ഒന്നോ രണ്ടോ മതി. 

പ്രമേഹം ആരംഭിച്ചാൽ എന്തു ചെയ്യണം ?

പ്രമേഹത്തിന്റെ ആരംഭ നാളുകളിൽ, പ്രത്യേകിച്ച് അമിത വണ്ണക്കാരിൽ പലരിലും രോഗം മാറ്റിയെടുക്കുവാൻ സാധിക്കും. ഇതിന് നന്നായി ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടത്. ഐസിഎംആർ നിഷ്ക്കർഷിക്കുന്ന ഉദര ചുറ്റളവ് സ്ത്രീകളിൽ 80 cm ൽ താഴെയും പുരുഷന്മാരിൽ 90 cm ൽ താഴെയും ആണ്. ശരീരത്തിലെ കൊഴുപ്പ് ശരീരഭാരത്തിന്റെ 25 % ൽ താഴെ പുരുഷന്മാരിലും 32 % ൽ താഴെ സ്ത്രീകളിലും ആയിരിക്കണം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാൻ സാധിച്ചാൽ ആരംഭക്കാരിൽ പലരിലും വർഷങ്ങളോളം രോഗം മാറ്റി നിർത്തുക സാധ്യമാണ്. ഇത് മനസ്സിലാക്കി നന്നായി ഭക്ഷണം ക്രമീകരിക്കുകയും നിത്യേന അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുകയുമാണ് വേണ്ടത്. എന്നാൽ ഇതു കൊണ്ട് മാത്രം കുറയാതെ വരികയാണെങ്കിൽ മരുന്നുകൾ വേണ്ടി വന്നേക്കും. പല തരത്തിലുള്ള ഗുളികകളും ഇൻസുലിനും ലഭ്യമാണ്. ഇൻസുലിന്റെ പ്രവർത്തനം കൂട്ടുന്ന ഗുളികകളും അതുപോലെ ഇൻസുലിന്റെ അളവ് കൂട്ടുന്ന ഗുളികകളും ഉണ്ട്. ഏത് ഗുളിക വേണം എന്നത് ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം തീരുമാനിക്കേണ്ടത്. സാധാരണ, ഭാരം കൂട്ടാത്ത രക്തത്തിലെ പഞ്ചസാര തീരെ കുറഞ്ഞുപോകുന്ന അവസ്ഥ (ഹൈപ്പോഗ്ലൈസീമിയ) ഉണ്ടാക്കാത്ത ഗുളികകൾക്കാണ് മുൻഗണന . ഇൻസുലിന് 100 വയസ് തികയുകയാണ്. 100 വർഷത്തോളം ചികിത്സാ രംഗത്ത് നിലനിന്ന മരുന്നുകൾതന്നെ അത്യപൂർവമാണ്. ഇത് ഇൻസുലിന്റെ ഗുണമാണ് കാണിക്കുന്നത്. എല്ലാവർക്കും ഇൻസുലിൻ വേണമെന്ന നിർബന്ധം ഇല്ല. എന്നാൽ ഇൻസുലിൻ ശരീരത്തിൽ നന്നേ കുറഞ്ഞിരിക്കുന്ന അവസ്ഥ അത് ദീർഘനാളിനു ശേഷമുള്ള ൈടപ്പ്– 2 പ്രമേഹത്തിലോ അല്ലെങ്കിൽ ആരംഭത്തിൽ തന്നെയുള്ള ടൈപ്പ് 1 പ്രമേഹത്തിലും ഇൻസുലിൻ തന്നെയാണ് ഉത്തമ ചികിത്സ. ചില സന്ധിഗ്ധ ഘട്ടങ്ങളിൽ ഉദാഹരണത്തിന് ഹൃദ്രോഗമോ പക്ഷാഘാതമോ കലശാലായിട്ടുള്ള രോഗാണുബാധയോ ഒക്കെ വരുമ്പോഴോ ഗർഭിണി ആയിരിക്കുമ്പോഴോ ഒക്കെ ഇൻസുലിൻ നൽകേണ്ടി വന്നേക്കാം.  ഈ അവസ്ഥയ്ക്കു ശേഷം തിരിച്ചു ഗുളികയിലേക്കു മടങ്ങുവാൻ സാധിക്കും. എന്നാൽ പാൻക്രിയാസിന്റെ പ്രവർത്തനം വളരെ കുറഞ്ഞ് ഇൻസുലിൻ കുറയുന്ന അവസ്ഥയിൽ സ്ഥിരമായി തന്നെ ഇൻസുലിൻ വേണ്ടി വന്നേക്കും. ഇൻസുലിൻ പല രീതിയിൽ നൽകുവാൻ സാധിക്കും. 

ആധുനിക ഇൻസുലിൻ വളരെയേറെ ഗുണമുള്ളതാണ്. ഇൻസുലിൻ വേണം എന്ന് ഡോക്ടർ പറയുകയാണെങ്കിൽ തീർച്ചയായിട്ടും ഇൻസുലിൻ എടുക്കുവാൻ വൈമനസ്യം വിചാരിക്കരുത്. 

പ്രമേഹത്തിൽ ഏറ്റവും പ്രധാനം രക്തത്തിലെ പഞ്ചസാര കൃത്യമായി നിയന്ത്രിച്ചു നിർത്തുക എന്നുള്ളതാണ്. ആഹാരത്തിനു മുൻപ് 80 നും 130 നും ഇടയ്ക്കും ആഹാരത്തിനു ശേഷം പരമാവധി 180 നു താഴെയും ആയിരിക്കണം രക്തത്തിലെ പഞ്ചസാര. ഇതോടൊപ്പം രക്തസമ്മർദം 120 / 80 പരമാവധി 140/ 90 mmHg താഴെയും നിർത്തേണ്ടതുണ്ട്.  ശരീരഭാരം നേരത്തെ സൂചിപ്പിച്ചതു പോലെ നിയന്ത്രിച്ചു നിർത്തണം. നല്ല കൊളസ്‌ട്രോൾ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോൾ (പുരുഷന്മാരിൽ 40നും സ്ത്രീകളിൽ 50 നും മുകളിൽ ) ദുഷിച്ച കൊളസ്‌ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ 100 ൽ താഴെയും ട്രൈഗ്ലിസറൈഡ് എന്ന മറ്റൊരു തരത്തിലുള്ള ദുഷിച്ച കൊളസ്‌ട്രോൾ 150 ൽ താഴെയും നിർത്തുകയാണ് വേണ്ടത്. തൈറോയ്ഡ്, കരൾ സംബന്ധമായ രോഗങ്ങൾ ഉണ്ടോ എന്നും ഇടയ്ക്ക് നിർണയിക്കണം. 

പരിശോധനകൾ 

പ്രമേഹ രോഗമുള്ളവർ കൃത്യമായി പരിശോധന ചെയ്യേണ്ടത് ആവശ്യമാണ്. അവസരം കിട്ടുമ്പോഴൊക്കെ രക്തത്തിലെ പഞ്ചസാര പരിശോധിക്കണം. രക്തത്തിലെ ഷുഗർ കുറഞ്ഞു പോകുന്ന തരത്തിലുള്ള മരുന്ന് ഉപയോഗിക്കുന്നവർ ആഴ്‌ചയിൽ പല ദിവസങ്ങളിൽ പരിശോധിക്കണം. എന്നാൽ അത്തരം അവസ്ഥ ഉണ്ടാക്കാത്ത മരുന്നുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പരിശോധിച്ചാൽ മതിയാകും. ഭക്ഷണം കൊണ്ടു മാത്രം നിയന്ത്രിച്ചു നിർത്തുന്നവർ മാസത്തിൽ ഒന്നു രണ്ടു തവണ ചെക്ക് ചെയ്യുന്നത് നന്നാകും. മാസത്തിൽ ഒരിക്കലെങ്കിലും രക്തസമ്മർദം ഉൾപ്പെടെയുള്ളവ പരിശോധിക്കാനും സങ്കീർണതകൾ തിരിച്ചറിയാനുള്ള സമഗ്ര പരിശോധന വർഷത്തിൽ ഒരിക്കലെങ്കിലും ചെയ്യുവാനും ശ്രമിക്കുക.

ചുരുക്കത്തിൽ പ്രമേഹം, ഇതര രോഗങ്ങൾ, സങ്കീർണതകൾ എന്നിവ കൃത്യമായി അപഗ്രഥിച്ച് നന്നായി നിയന്ത്രിച്ചാൽ പ്രമേഹം വഴിയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം. നന്നായി ഭക്ഷണ ക്രമീകരണവും വ്യായാമവും ചെയ്യുന്ന നല്ല ജീവിതശൈലി സ്വീകരിച്ചാൽ പ്രമേഹം തന്നെ പലരിലും ഒഴിവാക്കുവാൻ സാധിക്കും. 

English Summary : World Diabetes Day 2021:What is Diabetes? How to prevent it, Treatment and Symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com