ADVERTISEMENT

മറ്റൊരു പ്രമേഹ ദിനം കൂടി ആചരിക്കുന്ന ഈ വേളയിൽ കണക്കുകൾ പറഞ്ഞു പേടിപ്പിക്കാതെ ഇനി എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കുന്നതാകും പ്രയോജനമുള്ളത്. പ്രമേഹത്തെക്കുറിച്ച് ഇത്രയേറെ അറിയാമെങ്കിലും കേരളത്തിൽ മാത്രമെന്തേ രോഗികളുടെയും പ്രമേഹ രോഗ ചികിത്സ പരാജയപ്പെടുന്നവരുടെയും എണ്ണം ദിനം പ്രതി വർധിക്കുന്നത്. ഇതിനൊരു പരിഹാരം വേണ്ടേ? പ്രമേഹത്തിനെതിരെ ഏറ്റവും ശക്തവും സുരക്ഷിതവുമായ ഇൻസുലിൻ കണ്ടു പിടിച്ചത് കൃത്യം 100 വർഷങ്ങൾ മുൻപാണ്. ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ശത്രുവിനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലാ എങ്കിൽ ഇനിയെന്ന്?

അതെ, അതുതന്നെയാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. 'ഏവർക്കും പ്രമേഹ പരിരക്ഷ : ഇപ്പോൾ അല്ലെങ്കിൽ ഇനി എപ്പോൾ?' 

1. പ്രമേഹ സാധ്യത വളരെ കൂടുതലുള്ള ഒരു ജനസമൂഹമായതിനാൽ ക്ഷീണമോ, വെള്ളദാഹമോ, ഭാരക്കുറവോ, വേദനയോ, ഒന്നും അനുഭവപ്പെട്ടില്ല എങ്കിൽകൂടിയും 25 വയസ്സുമുതൽ പ്രമേഹ പരിശോധന വർഷത്തിൽ ഒരിക്കലെങ്കിലും നടത്തിയിരിക്കണം. 

2. പ്രമേഹം കണ്ടെത്തിക്കഴിഞ്ഞാൽ കൃത്യമായി ഔഷധങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടു മാത്രം ചികിത്സ വിജയിക്കുന്നില്ല. ഡോക്ടറുടെയും ചികിത്സാ സംഘത്തിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

3. സാധിക്കുമെങ്കിൽ വീട്ടിൽ നിർദ്ദേശിക്കപ്പെടുന്ന ഇടവേളകളിൽ സ്വയം രക്തപരിശോധന നടത്തുകയും രക്തസമ്മർദ പരിശോധന നടത്തുകയും ചെയ്യണം.

4. വ്യായാമം ഒരു ദിവസം 30 മിനിട്ടെങ്കിലും വേണം. എന്നാൽ അത് എത്രത്തോളമാകാം, ഏതു തരം ആയിരിക്കണം, എപ്പോൾ ആയിരിക്കണം ഇതൊക്കെ നമ്മളുടെ ആരോഗ്യസ്ഥിതിക്ക് അനുസൃതമായി ചികിത്സാസംഘത്തോട് ചോദിച്ചു മനസിലാക്കണം.

5. പ്രമേഹത്തിന്റെ ചികിത്സാ ചിലവ് വർധിക്കുന്നത് ആദ്യത്തെ അഞ്ചെട്ടു വർഷങ്ങൾ രോഗചികിത്സയിൽ അലംഭാവം കാട്ടുമ്പോഴാണ്. അതായത് ഹൃദയം, വൃക്ക, പാദങ്ങൾ, കണ്ണ് ഇവയിലൊക്കെ രോഗങ്ങൾ വരുമ്പോഴാണ്. അതു ഒഴിവാക്കാവുന്നതേയുള്ളു. 3 മുതൽ 6 മാസത്തിൽ ഒരിക്കൽ വിശദമായ ലബോറട്ടറി പരിശോധനകളും 14 ദിവസത്തെ CGM പരിശോധനയിലൂടെ TIR (Time In Range) ഉം നിശ്ചയിക്കണം.

6. സാമ്പത്തിക സ്ഥിതി അനുസരിച്ച് രോഗചികിത്സയിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. പുത്തൻ സാങ്കേതിക വിദ്യയും നൂതന ഔഷധങ്ങളും പ്രമേഹചികിത്സയിൽ ഏറെ പ്രയോജനകരമാണ്.

7. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെകിൽ ഡോക്ടറോട് തുറന്നു സംസാരിക്കുക. കരണം, മാനസിക സംഘർഷം പ്രമേഹ ചികിത്സയെ പ്രതികൂലമായി ബാധിക്കും.

8. പ്രമേഹ ചികിത്സക്കായി ഒട്ടേറെ വ്യാജ ഔഷധങ്ങൾ പ്രചാരത്തിലുള്ള ഒരു പ്രദേശമാണ് നമ്മുടേത്. മരുന്ന് പരീക്ഷണങ്ങളിലൂടെ ഗുണനിലവാരം തെളിയിച്ച് ലോകമെമ്പാടുമുള്ള രോഗികൾ ഉപയോഗിക്കുന്ന മരുന്നാണ് എന്ന്  ഉറപ്പാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

9. കുഞ്ഞുങ്ങളിലെ ടൈപ്പ് 1 പ്രമേഹ രോഗ ചികിത്സ ശ്രമകരമായ ഒന്നാണ്. ചികിത്സാ വിജയം ഉറപ്പാക്കണമെങ്കിൽ അച്ഛനമ്മമാർ രോഗത്തെക്കുറിച്ച്, ചികിത്സയെ കുറിച്ച്, വിശദമായി പഠിച്ചിരിക്കണം.

10. ഗർഭിണികളിലെ പ്രമേഹം അർഹിക്കുന്ന പ്രാധാന്യം കൊടുത്ത് വിദഗ്‌ധ പ്രമേഹ രോഗ ചികിത്സാ സംഘത്തെ കൊണ്ടുമാത്രം ചികിത്സിക്കുക. ഭാവിയിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം പരിഗണിച്ചാണ് ഈ മുന്നറിയിപ്പ്. പ്രമേഹരോഗ ചികിത്സായിൽ ഔഷധങ്ങൾക്ക് ഒപ്പം തന്നെ പ്രാധാന്യം നൽകേണ്ടതാണ് വ്യായാമത്തിനും ഭക്ഷണ ക്രമീകരണത്തിനും. 

ചികിത്സിക്കാൻ കഴിയാത്ത ഒരു പ്രമേഹവും ഇപ്പോൾ ഇല്ല. നമ്മുടെ ലക്ഷ്യം ഇനി പ്രമേഹ പ്രതിരോധമാകണം. അതു ഇപ്പോൾ സാധിച്ചില്ലെങ്കിൽ ഇനി എപ്പോൾ?

English Summary : World diabetes day 2021, Diabetes prevention tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com