ADVERTISEMENT

കോവിഡിന്‍റെ കെടുതികളില്‍ നിന്ന് സംസ്ഥാനം കരകയറി തുടങ്ങവേയാണ് ആശങ്ക പരത്തിക്കൊണ്ട് വയനാടില്‍ നിന്ന് നോറോ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പൂക്കോട്ട് വെറ്റിനറി കോളജിലെ 13 വിദ്യാര്‍ഥികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് നോറോ വൈറസ് ബാധിക്കാമെന്നും അതിസാരത്തിന് കാരണമാകുന്ന റോട്ടാ വൈറസിന് സമാനമാണ് ഇതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

 

ക്രൂസ് ഷിപ്പുകള്‍, ഡോര്‍മിറ്ററികള്‍, നഴ്സിങ്ങ് ഹോമുകള്‍ പോലെ അടഞ്ഞ ഇടങ്ങളിലാണ് ഈ വൈറസ് പടരാന്‍ സാധ്യത കൂടുതല്‍. വൈറസ് ഉള്ളില്‍ ചെന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഛര്‍ദ്ദി, അതിസാരം പോലുള്ള ലക്ഷണങ്ങള്‍ ആരംഭിക്കും. മനംമറിച്ചില്‍, വയര്‍ വേദന, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും നോറോ വൈറസ് ബാധയോട് അനുബന്ധിച്ച് വരാം. അതിസാരവും ഛര്‍ദ്ദിയും ശരീരത്തില്‍ നിര്‍ജലീകരണത്തിനും കാരണമാകാം. 

 

മലിനമായ വെള്ളം, ഭക്ഷണം, പ്രതലങ്ങള്‍ എന്നിവ വഴിയാണ് അതിവ്യാപന ശേഷിയുള്ള ഈ വൈറസ് പടരുന്നത്. രോഗികളുടെ മലത്തില്‍ നിന്ന് വെള്ളത്തിലേക്ക് എത്തുന്ന വൈറസ് ഭക്ഷണപാനീയങ്ങളിലൂടെ ശരീരത്തിനുള്ളില്‍ കടക്കുന്നു. വിവിധ ശ്രേണികളുള്ള വൈറസ് ഒരാളെ പല തവണ ബാധിക്കാം. 60 ഡിഗ്രി വരെ ചൂടിനെയും പല അണുനാശിനികളെയും പ്രതിരോധിച്ച് നില്‍ക്കാനുള്ള ശേഷിയും ഈ വൈറസിനുണ്ട്. ഇതിനാല്‍ ഭക്ഷണം വെറുതേ ചൂടാക്കിയതു കൊണ്ടോ വെള്ളത്തില്‍ ക്ലോറിന്‍ ചേര്‍ത്ത കൊണ്ടോ വൈറസ് നശിക്കില്ല. സാധാരണ ഹാന്‍ഡ് സാനിറ്റൈസറുകളെയും ഇവ അതിജീവിക്കും. 

 

ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനല്‍ രോഗങ്ങള്‍ക്ക് ഏറ്റവുമധികം കാരണമാകുന്ന വൈറസാണ് നോറോ വൈറസെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു. ലോകത്തെ അഞ്ചിലൊരു ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനല്‍ രോഗവും നോറോ വൈറസ് മൂലമാണ് ഉണ്ടാകുന്നതെന്ന് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും കണക്കാക്കുന്നു. പ്രതിവര്‍ഷം 685 ദശലക്ഷം നോറോവൈറസ് കേസുകള്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 200 ദശലക്ഷം കേസുകള്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ്. വൈറസ് മൂലമുള്ള അതിസാരം വഴി ഓരോ വര്‍ഷവും 50,000 കുട്ടികള്‍ ലോകത്ത് മരണപ്പെടുന്നു. 

 

സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ ദിവസമൊക്കെ നീണ്ടു നില്‍ക്കുന്ന രോഗം  ആവശ്യത്തിന് വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്താല്‍ മാറാറുണ്ട്. വൈറസ് വരാതിരിക്കാന്‍ ശുചിമുറി ഉപയോഗിച്ച ശേഷവും കുട്ടികളുടെ ഡയപ്പര്‍ മാറ്റിയ ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകേണ്ടതാണ്. കഴിക്കുന്നതിന് മുന്‍പും കൈകള്‍ നിര്‍ബന്ധമായും കഴുകേണ്ടതാണ്. രോഗവ്യാപനം ഉണ്ടാകുന്ന വേളയില്‍ ഹൈപോക്ലോറൈറ്റ് സൊല്യൂഷന്‍ ഉപയോഗിച്ച് പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. ആര്‍ടി പിസിആര്‍ പരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. ഈ വൈറസിന് വാക്സീനുകള്‍ കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയെന്നത് വൈറസ് പ്രതിരോധത്തില്‍ മുഖ്യമാണെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English Summary : Norovirus: causes, symptoms, treatment and prevention tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com