ശൈത്യ കാലത്ത് ഹൃദയാഘാതങ്ങള്‍ കൂടുന്നതിന് പിന്നില്‍; പ്രതിരോധിക്കാൻ ചെയ്യേണ്ടത്

heart attack
SHARE

ഏറ്റവും കൂടുതല്‍ ഹൃദയാഘാതങ്ങള്‍ നടക്കുന്ന സമയമാണ് ശൈത്യകാലം. മഞ്ഞുകാലത്ത് ശരീരം അതി ഭയങ്കരമായ തണുപ്പിനോട് പൊരുത്തപ്പെടാന്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകും. ഇതാകാം ഹൃദയാരോഗ്യത്തെ പല തരത്തില്‍ ബാധിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ മണിപ്പാല്‍ ആശുപത്രിയിലെ ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. നവീന്‍ ചന്ദ്ര പറയുന്നു. 

തണുപ്പ് കാലത്ത് ശരീരത്തിന് സംഭവിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഇനി പറയുന്നവയാണ്

ഹൃദയം കൂടുതല്‍ പണി എടുക്കും

കോശങ്ങളെ ചൂടാക്കി വയ്ക്കാന്‍ ശരീരത്തിന് രക്തത്തിന്‍റെ തുടര്‍ച്ചയായ ചംക്രമണം ആവശ്യമാണ്.  ഇക്കാരണത്താല്‍ ഹൃദയം സാധാരണയിലും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. ഈ അമിത ജോലി ഭാരം ഹൃദയാഘാതത്തിന്‍റെ ഒരു കാരണമാണ്. 

രക്തധമനികള്‍ ചുരുങ്ങല്‍

ഹൃദയത്തിലേക്ക് രക്തവും അവശ്യ പോഷകങ്ങളും എത്തിക്കുന്ന രക്ത ധമനികളാണ് കൊറോണറി ആര്‍ട്ടറികള്‍. ശൈത്യകാലത്ത് മറ്റ് രക്ത ധമനികളെ പോലെ കൊറോണറി ആര്‍ട്ടറിയും ചുരുങ്ങും. ഇത് ഹൃദയത്തിലേക്കുള്ള രക്ത വിതരണം കുറയ്ക്കും. ഇതും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. 

ഉയര്‍ന്ന രക്തത്തിന്‍റെ അളവ്

ചൂട് കാലത്ത് വിയര്‍പ്പിലൂടെ ശരീരത്തില്‍ നിന്ന് 200-250 മില്ലി ജലാംശം നഷ്ടപ്പെടാറുണ്ട്. തണുപ്പ് കാലത്ത് ഇത്തരം നഷ്ടം ശരീരത്തില്‍ നിന്നുണ്ടാകാത്തതിനാല്‍ ശരീരത്തിലെ രക്തത്തിന്‍റെ അളവ് വര്‍ധിക്കും. ഇത് രക്തസമ്മര്‍ദം ഉയര്‍ത്തും. ചൂടുകാലത്ത് വിയര്‍പ്പിലൂടെ ശരീരത്തിലെ സോഡിയത്തിന്‍റെ അംശവും കുറയും. തണുപ്പ് കാലത്ത് അധികം വിയര്‍ക്കാത്തത് രക്തത്തിലെ സോഡിയം തോതും ഉയര്‍ത്തും. ഇതും രക്തസമ്മര്‍ദം വര്‍ധിക്കാന്‍ കാരണമാകും. ഇടത് വെന്‍ട്രിക്കുലര്‍ അറയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളവരില്‍ തണുപ്പ് കാലത്ത് ഫ്ളൂയിഡ് ഓവര്‍ലോഡ് ഉണ്ടാകുന്നതും ഹൃദയാഘാതത്തിലേക്ക് നയിക്കാം. 

ഹോര്‍മോണിന്‍റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളും ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യതകളും തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. പ്രായമായവര്‍, ഹൃദ്രോഗ ചരിത്രമുള്ളവര്‍, പുകവലി, മദ്യപാന ശീലമുള്ളവര്‍, അലസമായ ജീവിതശൈലി പിന്തുടരുന്നവര്‍ തുടങ്ങിയ വിഭാഗക്കാര്‍ തണുപ്പ്കാലത്ത് ഹൃദയാഘാതം വരാന്‍ സാധ്യത അധികമുള്ളവരാണ്. 

നെഞ്ചിന് വേദന, അസ്വസ്ഥത, താടിയെല്ലിനും കൈകള്‍ക്കും കഴുത്തിനും ഉണ്ടാകുന്ന വേദന, ശ്വാസംമുട്ടല്‍, തലകറക്കം, അമിതമായി വിയര്‍ക്കല്‍, നെഞ്ചെരിച്ചില്‍, ക്ഷീണം തുടങ്ങിയവയെല്ലാം ഹൃദയാഘാതം വരുന്നതിന്‍റെ സൂചനകളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. അലര്‍ജി ഇല്ലാത്തവര്‍ക്ക് ഹൃദയാഘാതത്തിന്‍റെ ക്ഷതം കുറയ്ക്കാന്‍ ആസ്പിരിന്‍ കഴിക്കാവുന്നതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നൈട്രോഗ്ലിസറിനും ആവശ്യമെങ്കില്‍ കഴിക്കാം. രോഗി അബോധാവസ്ഥയിലായാല്‍ പരിചരിക്കുന്നയാല്‍ സിപിആര്‍ നല്‍കുകയോ ഓട്ടോമേറ്റഡ് എക്സ്ടേണല്‍ ഡീഫൈബ്രില്ലേറ്റര്‍ ലഭ്യമാണെങ്കില്‍ അതുപയോഗിക്കുകയോ ചെയ്യേണ്ടതാണ്. 

തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കാം

പുറത്തിറങ്ങുമ്പോൾ  ശ്രദ്ധ

തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങളും ഷൂസും സോക്സും ധരിച്ച് മാത്രം പുറത്തിറങ്ങുക. അതിശൈത്യ പ്രദേശത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങിയാൽ മതിയാകും.

അമിതമായി ചൂടാകരുത്

കമ്പിളി  വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് വ്യായാമമോ മറ്റോ ചെയ്ത് ശരീരം അമിതമായി ചൂടാക്കരുത്. രക്തക്കുഴലുകള്‍ വേഗത്തില്‍ വികസിച്ച് ഹൈപോടെന്‍ഷന് ഇത് കാരണമാകും. 

അമിതമായ ശാരീരിക അധ്വാനം വേണ്ട

അമിതമായ ശാരീരിക അധ്വാനം തണുപ്പ് കാലത്ത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 

ഫ്ളൂ വാക്സീന്‍ എടുക്കാം

തണുപ്പ് കാലത്ത് ജലദോഷ പനിയുടെ സാധ്യതകള്‍ കൂടുതലാണ്. ഇതും ഹൃദയാരോഗ്യത്തിന് ഹാനികരമാണ്. പനി നിയന്ത്രിക്കാന്‍ തണുപ്പ് കാലത്തിന് മുന്നോടിയായി ഫ്ളൂ വാക്സീനുകള്‍ എടുക്കാം. 

മദ്യപാനം വേണ്ട

തണുപ്പ് കാലത്ത് മദ്യപിക്കുമ്പോൾ  ശരീരം ചൂടായതു പോലെ തോന്നുമെങ്കിലും അമിതമായ മദ്യപാനം തണുപ്പത്ത് വളരെ അപകടകരമാണെന്ന് ഡോ. നവീന്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യപിക്കുമ്പോൾ  രക്തക്കുഴലുകള്‍ വികസിക്കുന്നത് വഴി തൊലിപ്പുറത്തേക്ക് എത്തുന്ന രക്തത്തിന്‍റെ അളവില്‍ വര്‍ദ്ധന ഉണ്ടാകുന്നു. ഇതാണ് ശരീരം ചൂടു പിടിച്ചെന്ന തോന്നല്‍ ഉണ്ടാക്കുക. എന്നാല്‍ ആന്തരികാവയവങ്ങളിലെ ചൂട് നഷ്ടപ്പെടാനും ശരീരത്തിന്‍റെ യഥാര്‍ഥ താപനില താഴാനും മദ്യപാനം കാരണമാകും. ഇതിനാല്‍ തണുപ്പത്ത് മദ്യപാനം, പുകവലി എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. 

പരിശോധന നിര്‍ബന്ധം

തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത കൂടുതലായതിനാല്‍ എല്ലാവരും ഹൃദ്രോഗ ചെക്കപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്. 

English Summary : Cold weather and heart attack; Reasonas and prevention tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS