ശ്രദ്ധിക്കുക, ഒമിക്രോണ്‍ ബാധിച്ചാൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ ഇങ്ങനെ; അറിയേണ്ടതെല്ലാം

HIGHLIGHTS
  • പുതിയ വെല്ലുവിളിയെ നേരിടാന്‍ പുതിയ വാക്സീനുകള്‍ വേണ്ടി വരും
  • കോവിഡ് വന്നവരില്‍ വീണ്ടും അണുബാധയ്ക്കുള്ള സാധ്യത ഒമിക്രോണ്‍ വര്‍ധിപ്പിക്കുന്നു
covid-survivors-experience-symptoms-up-to-six-months-post-recovery-study
Representative Image. Photo Credit : Dragana Gordic / Shutterstock
SHARE

ലോകമെങ്ങും ആശങ്ക പരത്തി കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ B.1.1.529 എന്ന ഒമിക്രോണ്‍ വകഭേദത്തിന്‍റെ വ്യാപനശേഷിയും രോഗസങ്കീര്‍ണതയും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് ഇതു വരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താത്പര്യമുണര്‍ത്തുന്ന വകഭേദം(വേരിയന്‍റ് ഓഫ് ഇന്‍ററസ്റ്റ്) എന്നതില്‍ നിന്ന് ആശങ്ക പരത്തുന്ന വകഭേദം(വേരിയന്‍റ് ഓഫ് കണ്‍സേണ്‍) എന്ന നിലയിലേക്ക് ഒമിക്രോണിനെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. സംഘടനയുടെ ഈ പ്രഖ്യാപനംതന്നെ വകഭേദം എത്ര മാത്രം അപകടകരമാകാം എന്നതിന്‍റെ സൂചനയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

കൂടുതല്‍ വ്യാപന ശേഷി, കടുത്ത രോഗലക്ഷണങ്ങള്‍, കൂടുതല്‍ ആശുപത്രിവാസം, മരണങ്ങള്‍, മുന്‍ അണുബാധയില്‍ നിന്നോ വാക്സീനില്‍ നിന്നോ ലഭിച്ച ആന്‍റിബോഡികളാല്‍ നിര്‍ജ്ജീവമാക്കപ്പെടുന്ന നിരക്കില്‍ ഗണ്യമായ കുറവ്, ചികിത്സകളുടെയും വാക്സീനുകളുടെയും കുറഞ്ഞ ഫലപ്രാപ്തി, രോഗനിര്‍ണയത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ പലതുമാണ് ആശങ്കപ്പെടുത്തുന്ന വകഭേദവുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്നതെന്ന് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. 

എന്നാല്‍ ഒമിക്രോണിനെ  ഇത്രയധികം ഭയക്കേണ്ട ആവശ്യമില്ലെന്നും ഇവ  ലഘുവായ രോഗലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെന്നും വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയിലെ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. അതേ സമയം ദക്ഷിണാഫ്രിക്കയിലെ കോവിഡ് രോഗികളില്‍ പെട്ടെന്നുണ്ടായ വര്‍ധന തീര്‍ച്ചയായും പുതിയ വകഭേദത്തിന്‍റെ വ്യാപനശേഷി അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. 

സ്പൈക് പ്രോട്ടീനിലെ 30 വ്യതിയാനങ്ങള്‍

പുറമേയുള്ള മുന പോലുള്ള പ്രോട്ടീനുകളില്‍ മുപ്പതോളം ജനിതക വ്യതിയാനങ്ങളുണ്ടായി എന്നത് പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഒമിക്രോണിനെ സഹായിച്ചേക്കാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി. മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ വൈറസിനെ സഹായിക്കുന്നത് ഈ സ്പൈക് പ്രോട്ടീനുകളാണ്. ഇവയില്‍ ഉണ്ടായേക്കുന്ന വ്യത്യാസങ്ങളാകാം വൈറസിന്‍റെ വ്യാപന ശേഷി കൂട്ടിയത്. സ്പൈക് പ്രോട്ടീനുണ്ടാകുന്ന വ്യതിയാനം ഇവയെ കണ്ടെത്താനും നശിപ്പിക്കാനും ബുദ്ധിമുട്ടുണ്ടാക്കും.

ഇന്ന് ഉപയോഗത്തിലുള്ള കോവിഡ് വാക്സീനുകളില്‍ പലതും സ്പൈക് പ്രോട്ടീനുകളെ ലക്ഷ്യം വയ്ക്കുന്ന ആന്‍റിബോഡികള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നവയാണ്. അതേ സ്പൈക് പ്രോട്ടീനില്‍ ഉണ്ടായേക്കുന്ന മുപ്പതോളം വ്യതിയാനങ്ങള്‍ വാക്സീനുകളുടെ കാര്യക്ഷമതയും കുറയ്ക്കാം. 

ഡെല്‍റ്റയേക്കാൾ അപകടകാരിയോ?

ഇന്ന് ലോകത്തിലെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമാണ് ഡെല്‍റ്റ. ഈ വകഭേദം എത്രത്തോളം വിനാശകരമാണെന്ന് ഇന്ത്യയിലെ അടക്കമുള്ള കോവിഡ് രണ്ടാം തരംഗം തെളിയിച്ചതാണ്. ഒമിക്രോണും ഡെല്‍റ്റയും തമ്മില്‍ രോഗലക്ഷണങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളില്ലെന്ന് ഡോ. ഗുലേറിയ പറയുന്നു. പനി, തൊണ്ട വേദന, ക്ഷീണം, തലവേദന, ശ്വാസം മുട്ടല്‍, നെഞ്ച് വേദന തുടങ്ങിയവയൊക്കെയാണ് ഒമിക്രോണ്‍ ബാധിതരിലും കാണപ്പെട്ട ലക്ഷണങ്ങള്‍. എന്നാല്‍ കോവിഡ് വന്നവരില്‍ വീണ്ടും അണുബാധയ്ക്കുള്ള സാധ്യത ഒമിക്രോണ്‍ വര്‍ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.  

വാക്സീനുകള്‍ വേറെ വേണ്ടി വരുമോ?

കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള മനുഷ്യരാശിയുടെ മുഖ്യ ആയുധം വാക്സീനുകള്‍ ആയിരിക്കേ അവയെ നിഷ്ഫലമാക്കുന്ന വകഭേദങ്ങള്‍ തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നതാണ്. തങ്ങളുടെ വാക്സീനുകള്‍ ഒമിക്രോണിനെതിരെ കാര്യക്ഷമമാണോ എന്ന കാര്യത്തില്‍ ഫൈസര്‍, ബയോഎന്‍ടെക് പോലുള്ള കമ്പനികള്‍ പോലും ഉറപ്പ് പറയുന്നില്ല. 

പുതിയ വെല്ലുവിളിയെ നേരിടാന്‍ പുതിയ വാക്സീനുകള്‍ വേണ്ടി വരുമെന്ന സൂചന ഡോ. ഗുലേറിയയും നല്‍കുന്നു. പുതിയ വകഭേദത്തെ നേരിടാന്‍ പുതിയ വാക്സീന്‍ 100 ദിവസത്തിനുള്ളില്‍ തയാറാക്കുമെന്ന് ഫൈസര്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെ നിര്‍ജ്ജീവമാക്കുന്ന തരത്തിലാകുമെന്ന് മൊഡേണയും ഉറപ്പ് പറയുന്നു. 

ജാഗ്രത കൈവിടരുത്

ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് ഇനിയുമേറെ കാര്യങ്ങള്‍ പുറത്ത് വരാനിരിക്കേ, ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളും വ്യാപകമായ പരിശോധനയും പുതിയ വകഭേദം ഡെല്‍റ്റയെ പോലെ വിനാശം വിതയ്ക്കാതിരിക്കാന്‍ വേണ്ടി വരും. ഒമിക്രോണിനെ നേരിടാന്‍ പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ വീണ്ടും നടപ്പിലാക്കി തുടങ്ങി. ഇന്ത്യയും വിമാനത്താവളങ്ങളിലടക്കം പരിശോധന വര്‍ധിപ്പിച്ച് ഒമിക്രോണിനെതിരെ അതീവ ജാഗ്രത തുടരുകയാണ്.

English Summary : How scared should you be of the new COVID-19 variant Omicron?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline