ADVERTISEMENT

ബ്രെയിൻ മുഴുവൻ കാൻസർ വ്യാപിച്ചെന്നും 14 ദിവസത്തിനപ്പുറം ജീവൻ നിലനിൽക്കുക അസാധ്യമാണെന്നും ഡോക്ടർമാർ വിധിയെഴുതിയിടത്തു നിന്നായിരുന്നു തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ യുഎഇ–ൽ താമസക്കാരിയുമായ സ്മിത മോഹൻദാസ് ആ ജീവിതംതന്നെ തിരിച്ചുപിടിച്ചത്. ശക്തമായ ആ പോരാട്ടത്തിന്റെ കഥ മനോരമ ന്യൂസ് കേരളകാനിൽ സ്മിത പങ്കുവച്ചു. 1996 ഡിസംബറിൽ ആയിരുന്നു തിരുവനന്തപുരം സ്വദേശികളായ സ്മിതയുടെയും മോഹന്റെയും വിവാഹം. യുഎഇ യില്‍ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിനായിരുന്നു അന്ന് കാൻസർ കരിനിഴൽ വീഴ്ത്തിയത്. കാന്‍സർ അതിജീവനം സാധ്യമല്ലെന്ന് പരക്കെ പറഞ്ഞുകേട്ട അക്കാലത്ത് മജ്ജ മാറ്റി വയ്ക്കാതെ മറ്റു വഴികൾ ഇല്ലെന്നായിരന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളിൽ നിന്നെല്ലാം കേട്ടത് 14 ദിവസത്തിനപ്പുറം ജീവിക്കില്ലെന്ന വാക്കുകളും. ഇപ്പോൾ 20 വർഷത്തോളമായി യുഎഇയിൽ നിന്നു ലഭിക്കുന്ന സൗജന്യ ചികിത്സയിലൂടെ സ്മിത തിരിച്ചു പിടിച്ചത് ജീവിതം മാത്രമല്ല, നിരവധി കാൻസർ പോരാളികൾക്ക് ധൈര്യപൂർവം മുന്നേറാനുള്ള കരുത്തുമാണ്. ആ കാലത്തെക്കുറിച്ച് സ്മിത പറയുന്നു.

 

‘ബ്രെയിൻ മൊത്തം സ്പ്രെഡ് ആയിപ്പോയി, ഇനി ഒന്നും ചെയ്യാനില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. കാൻസർ ആണെന്നറിഞ്ഞ സമയത്ത് ഉറക്കം ഇല്ലായിരുന്നു. മൂന്നു മാസമെങ്കിലും രാത്രിയും പകലും ഉറങ്ങാനാവാതെ ഇരുന്നിട്ടുണ്ട്. ഇരുട്ടിനെ പേടി അങ്ങനെ ഒരു അവസ്ഥ ആയിരുന്നു. ട്രീറ്റ്മെന്റിനായി ഡോക്ടറെ കണ്ടപ്പോൾതന്നെ ഡോക്ടർക്ക് മനസ്സിലായി മെന്റലി ഞാൻ വീക്ക് ആണെന്ന്. അതുകൊണ്ടുതന്നെ ആദ്യം ഡോക്ടർ എന്നെ വിടുന്നതുതന്നെ മെന്റൽ ഹോസ്പിറ്റലിലേക്കാണ്. 

 

അച്ഛൻ അക്കാലത്ത് ദുബായിയിൽ ആയിരുന്നു ജോലി. എന്റെ രോഗത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അച്ഛൻ ദുബായിലെ ആശുപത്രികളിലേക്ക് അയച്ചു. അങ്ങനെയാണ് രോഗമുക്തി സ്വപ്നം കണ്ട് ഞാൻ 2000–ൽ ദുബായിലേക്ക് എത്തിയത്. ചികിത്സ തുടങ്ങിയ നാളുകളിലായിരുന്നു യുഎഇ രാഷ്ട്രപിതാവും അന്നത്തെ യുഎഇ പ്രസിഡന്റുമായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹിയാന്റെ ആ വലിയ പ്രഖ്യാപനം– ‘വിദേശികളായവർക്ക് കാന്‍സർ ചികിത്സ സൗജന്യമായി കൊടുക്കുന്നു’.  

 

 21 വര്‍ഷമായി യുഎഇ –ൽ ചികിത്സ നടത്തുകയാണ് സ്മിത. ഇതുവരെ 15 കോടിയിൽ അധികം രൂപയുടെ ചികിത്സ അവർ തന്നിട്ടുണ്ടെന്ന് സ്മിത പറയുന്നു. ഇപ്പോഴും ഏകദേശം രണ്ടു ലക്ഷം രൂപയുടെ ട്രീറ്റ്മെന്റ് ഓരോ മാസവും നടന്നുകൊണ്ടിരിക്കുന്നു. 

 

പ്ലേറ്റ്ലറ്റ് പ്രശ്നങ്ങളാലും പ്രതിരോധശേഷി തീരെ കുറവുള്ളതിനാലുമുള്ള ചികിത്സകളാണ് ഇപ്പോൾ ഓരോ മാസവും നടത്തുന്നത്. 14 ദിവസത്തിനപ്പുറം മരണം മുന്നിൽ കണ്ട സ്മിത ഇന്ന് പാട്ടും നൃത്തവും കുട്ടികളെ പഠിപ്പിച്ചുമൊക്കെ സജീവമായി ജീവിക്കുന്നു.

 

ആര്‍ക്കെങ്കിലുമൊക്കെ ഈ രോഗമാണെന്നറിഞ്ഞാൽ അവരുമായി ബന്ധപ്പെടാറുണ്ടെന്നും അവർക്കു വേണ്ട മെന്റല്‍ സപ്പോർട്ട് കൊടുക്കാറുണ്ടെന്നും സ്മിത പറയുന്നു. ഇവിടെ വരുന്ന കുട്ടികളുമായി ഒന്നിച്ചിരിക്കുകയും ഡാൻസ് പാട്ട് ഇവയൊക്കെ അവരെ പഠിപ്പിച്ചും എല്ലാ സമയവും എൻഗേജ്ഡ് ആണിപ്പോൾ.  

 

കൂടെ നിൽക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ മുന്നോട്ട് നീങ്ങാന്‍ ഇച്ഛാശക്തി ഉണ്ടെങ്കിൽ കാൻസറിനെ അതിജീവിക്കാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി സ്വന്തം ജീവിതത്തെ ആണ് സ്മിത മറ്റു കാൻസർ രോഗികൾക്കു മുൻപിൽ അവതരിപ്പിക്കുന്നതും.

English Sumamry : Cancer suvivor Smitha Mohandas shared her suvival story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com