മൂത്രമൊഴിക്കുന്നതിന്‍റെ തവണകള്‍ അടുത്തിടെ വര്‍ധിച്ചിട്ടുണ്ടോ? എങ്കില്‍ പ്രമേഹ പരിശോധനയ്ക്ക് സമയമായി

diabetes
Photo credit : Boonanan Chokprasertsom / Shutterstock.com
SHARE

ടൈപ്പ് 2 പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ പലപ്പോഴും ആദ്യ ഘട്ടങ്ങളില്‍ അത്ര പ്രകടമായിരിക്കില്ല. മറ്റ് പല രോഗാവസ്ഥകളായി ഇവയെ തെറ്റിദ്ധരിക്കാനിടയുണ്ട്. പലപ്പോഴും സ്ഥിതി ഗുരുതരമാകുമ്പോഴാകും ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് പലരും തിരിച്ചറിയുന്നതുതന്നെ. ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിഞ്ഞാല്‍ കാര്യക്ഷമമായി നേരിടാനും നിയന്ത്രിച്ചു നിര്‍ത്താനും കഴിയുന്നതാണ് ടൈപ്പ് 2 പ്രമേഹം. ഇതിന് സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് നിങ്ങള്‍ ഒരു ദിവസം എത്ര തവണ മൂത്രമൊഴിക്കാന്‍ പോകുന്നു എന്നത്. 

മൂത്രമൊഴിക്കുന്നതിന്‍റെ തവണകള്‍ അടുത്തിടെ വര്‍ധിക്കുകയോ രാത്രിയിലൊക്കെ ഇടയ്ക്കിടെ മൂത്രമൊഴിക്കാനായി എഴുന്നേല്‍ക്കേണ്ടി വരുകയോ ചെയ്താല്‍ പ്രമേഹ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളുമായി ബന്ധപ്പെട്ട് ഈ ലക്ഷണം പ്രത്യക്ഷമാകാറുണ്ടെന്ന് ബെംഗളൂരു ഫോര്‍ട്ട്സ് ആശുപത്രിയിലെ ഇന്‍റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ഡോ. ആദിത്യ എസ്. ചൗതി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ഒരാള്‍ ഒരു ദിവസം ആറും ഏഴും തവണയൊക്കെ മൂത്രമൊഴിക്കുന്നത് സാധാരണ സംഗതിയാണ്. മറ്റ് രോഗങ്ങളൊന്നും ഇല്ലാത്ത പൂര്‍ണ ആരോഗ്യവാനായ വ്യക്തി പ്രതിദിനം 10 തവണയൊക്കെ മൂത്രമൊഴിക്കാം. കാലാവസ്ഥയ്ക്കനുസരിച്ച് ഇതില്‍ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ 10 തവണയ്ക്ക് മേല്‍ ഒരു ദിവസം മൂത്രമൊഴിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ട സംഗതിയാണ്. ഇതൊരു പക്ഷേ പ്രമേഹ ലക്ഷണമാകാമെന്ന് ഡോ. ആദിത്യ ചൂണ്ടിക്കാട്ടി. 

പ്രമേഹവും മൂത്രവും തമ്മിലുള്ള ബന്ധം

രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമ്പോള്‍ ഇതിനെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ വൃക്കകള്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു. പഞ്ചസാര പുറന്തള്ളാന്‍ കൂടുതല്‍ മൂത്രം ശരീരത്തില്‍ നിന്ന് പുറത്തേക്ക് പോകേണ്ടതും ആവശ്യമായി വരുന്നു. ഇതാണ് പ്രമേഹ രോഗികള്‍ക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടാന്‍ കാരണം. ചിലര്‍ക്ക് രാത്രിയില്‍ രണ്ടോ മൂന്നോ മണിക്കൂറിന്‍റെ ഇടവേളയില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടി വരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ വൃക്കകളെയും മൂത്രസഞ്ചിയെയുമെല്ലാം പ്രമേഹം നശിപ്പിക്കാം. 

പ്രായാധിക്യം, മദ്യത്തിന്‍റെയോ കാപ്പിയുടെയോ അമിത ഉപയോഗം എന്നിവയും ഇടയ്ക്കിടെ മൂത്രവിസര്‍ജ്ജനത്തിന് കാരണമാകും. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതിന് പുറമേ വരണ്ട വായ, വിശദീകരിക്കാനാകാത്ത ഭാരനഷ്ടം, കാലുകളിലെ മരവിപ്പ്, ഇടയ്ക്കിടെയുള്ള മൂത്രനാളിയിലെ അണുബാധ, മങ്ങിയ കാഴ്ച എന്നിവയെല്ലാം പ്രമേഹരോഗ ലക്ഷണങ്ങളാണ്.

English Summary : How your bathroom visits can tell if you are a diabetic

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA