എച്ച്പിവി വാക്സീന്‍ സെര്‍വിക്കല്‍ കാന്‍സര്‍ കേസുകള്‍ 90 ശതമാനം കുറയ്ക്കും; പെണ്‍കുട്ടികള്‍ക്ക് 12-13 വയസ്സിനിടയില്‍ നൽകാം

cervical cancer
പ്രതീകാത്മക ചിത്രം
SHARE

പെണ്‍കുട്ടികള്‍ക്ക് 12-13 വയസ്സിനിടയില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) വാക്സീനുകള്‍ നല്‍കുന്നത് സെര്‍വിക്കല്‍ കാന്‍സര്‍(ഗര്‍ഭാശയമുഖ അര്‍ബുദം) കേസുകള്‍ 90 ശതമാനത്തിനടുത്ത് വരെ കുറയ്ക്കുമെന്ന് പഠനം. ലണ്ടന്‍ കിങ്സ് കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്.  

2008ലാണ് യുകെയിലെ 12നും 13നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സെര്‍വാരിക്സ് എന്ന രണ്ട് ഡോസ് എച്ച്പിവി വാക്സീന്‍ നല്‍കാന്‍ ആരംഭിച്ചത്. അക്കാലത്ത് വാക്സീന്‍ ലഭിച്ച പലരും ഇന്ന് തങ്ങളുടെ ഇരുപതുകളിലാണ്. 12-13 വയസ്സിനിടയില്‍ വാക്സീന്‍ നല്‍കിയവരില്‍ സെര്‍വിക്കല്‍ കാന്‍സര്‍ കേസുകളില്‍ 87 ശതമാനം കുറവുണ്ടായതായി ഗവേഷക സംഘം നിരീക്ഷിച്ചു. എന്നാല്‍ 14നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ വാക്സീന്‍ നല്‍കിയപ്പോള്‍ 75 ശതമാനം കുറവ് മാത്രമേ സെര്‍വിക്കല്‍ കാന്‍സര്‍ കേസുകളില്‍ ഉണ്ടായിട്ടുള്ളൂ. 16-18 പ്രായവിഭാഗത്തില്‍ ഇത് 39 ശതമാനമാണെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.  

സ്ത്രീകളില്‍ ഉണ്ടാകുന്ന അര്‍ബുദങ്ങളില്‍ സര്‍വസാധാരണമായ നാലാമത് അര്‍ബുദമാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഓരോ വര്‍ഷവും മൂന്ന് ലക്ഷത്തോളം പേര്‍ ഇത് മൂലം മരണപ്പെടുന്നു. 10ല്‍ ഒന്‍പത് മരണങ്ങളും സംഭവിക്കുന്നത് ഗര്‍ഭാശയമുഖ അര്‍ബുദം കണ്ടെത്തുന്നതിനുള്ള പരിശോധനകളുടെ ലഭ്യതക്കുറവുള്ള കുറഞ്ഞ-ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിലാണ്. പാപ് സ്മിയര്‍ പരിശോധന വഴിയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്തുന്നത്. 

ലൈംഗിക ബന്ധം വഴി പടരുന്ന വൈറസാണ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്ന എച്ച്പിവി. ഭൂരിപക്ഷം എച്ച്പിവി അണുബാധകളും രോഗലക്ഷണങ്ങളില്ലാത്തതും നമ്മുടെ പ്രതിരോധ സംവിധാനത്തിന് എളുപ്പത്തില്‍ നേരിടാവുന്നതുമാണ്. എന്നാല്‍ നിരന്തരമായ അണുബാധകള്‍ ലൈംഗികാവയവങ്ങളില്‍ മുഴകളും സെര്‍വിക്കല്‍ കാന്‍സര്‍ പോലുള്ള സങ്കീര്‍ണതകളും ഉണ്ടാക്കാം. നൂറിലധികം എച്ച്പി വൈറസുകള്‍ ഉള്ളതില്‍ കുറഞ്ഞത് 14 എണ്ണമെങ്കിലും അര്‍ബുദം ഉണ്ടാക്കാവുന്നവയാണ്. ഭൂരപക്ഷം സെര്‍വിക്കല്‍ കാന്‍സറുകള്‍ക്കും കാരണമായി കാണാറുള്ളത് എച്ച്പിവി16, എച്ച്പിവി18 പോലുള്ള വൈറസുകളാണ്. വാക്സീനുകൾ  വഴി ഇവയില്‍ നിന്ന് സംരക്ഷണം നേടാന്‍ സാധിക്കുന്നതാണ്. 

എച്ച്പിവി വാക്സീനുകള്‍ മൂന്ന് തരം

സെര്‍വാരിക്സ്, ഗര്‍ഡാസില്‍, ഗര്‍ഡാസില്‍9 എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം എച്ച്പിവി വാക്സീനുകളാണ് ഉള്ളത്. എച്ച്പിവി16, എച്ചിപിവി18 എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് സെര്‍വാരിക്സ്. ഇവയ്ക്ക് പുറമേ എച്ച്പിവി31, എച്ച്പിവി33 എന്നിവയില്‍ നിന്നു കൂടി സംരക്ഷണം നല്‍കുന്നതാണ് ഗര്‍ഡാസില്‍. എച്ച്പിവി ടൈപ്പ് 6, 11, 16, 18, 31, 33, 45, 52, 58 എന്നിങ്ങനെ ഒന്‍പത് തരം വൈറസുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് ഗര്‍ഡാസില്‍9. സെര്‍വിക്കല്‍ കാന്‍സറിനെ ഇല്ലാതാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി അനുസരിച്ച് 100ലധികം രാജ്യങ്ങളില്‍ എച്ച്പിവി വാക്സീന്‍ ഉപയോഗം ആരംഭിച്ചിട്ടുണ്ട്.  

9 മുതല്‍ 45 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് എച്ച്പിവി വാക്സീന്‍ എടുക്കാം. പ്രായപൂര്‍ത്തിയാകും മുന്‍പ് കൗമാരപ്രായത്തില്‍ വാക്സീന്‍ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. 14 വയസ്സിന് മുന്‍പ് വാക്സീന്‍ എടുത്താല്‍ ആറു മാസത്തെ ഇടവേളയില്‍ രണ്ട് ഡോസ് നല്‍കിയാല്‍ മതിയാകും. എന്നാല്‍ 14 വയസ്സിന് ശേഷം എടുക്കുന്നവര്‍ മൂന്ന് ഡോസ് എടുക്കണം. ആദ്യ ഡോസ് എടുത്ത് 1-2 മാസത്തിനു ശേഷം രണ്ടാം ഡോസും ആറ് മാസത്തിനു ശേഷം മൂന്നാം ഡോസും നല്‍കാം. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമല്ല 21 വയസ്സിനു മുന്‍പ് ആണ്‍കുട്ടികള്‍ക്കും എച്ച്പിവി വാക്സീന്‍ എടുക്കാവുന്നതാണ്. 

English Summary : HPV Vaccine reduces cervical cancer risk

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA