ADVERTISEMENT

രണ്ടു വർഷത്തോളമായി കോവിഡ് മൂലമുള്ള ദുരിതത്തിലാണ് ലോകം മുഴുവൻ. സ്കൂളുകളും കോളജുകളും ഓഫിസുകളുമൊന്നും ഇപ്പോഴും പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടില്ല. പല കമ്പനികളും വർക്ക് ഫ്രം ഹോം തുടരുന്നു. 

 

അനാരോഗ്യകരമായ ഭക്ഷണ ശീലവും ചടഞ്ഞു കൂടിയുള്ള ഇരിപ്പും വ്യായാമമില്ലായ്മയും എല്ലാം പലരുടെയും ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചു. മണിക്കൂറുകളോളം ഒരു സ്ഥലത്തു തന്നെയുള്ള ഇരിപ്പ് പലർക്കും ലോക്ഡൗണിൽ കൈവന്ന ശീലമാണ്. ഈ ശീലം പക്ഷാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഒരു പഠനത്തിൽ തെളിഞ്ഞു. തലച്ചോറിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും വിതരണം തടസ്സപ്പെടുന്ന അവസ്ഥയാണിത്.

 

പകൽ എട്ടുമണിക്കൂറിലധികം ഒരേ സ്ഥലത്ത് വെറുതെ ചടഞ്ഞു കൂടിയിരിക്കുന്ന അറുപതു വയസ്സിൽ താഴെ പ്രായമുള്ളവർക്ക്, നാലു മണിക്കൂർ തുടർച്ചയായി ഒരേ സ്ഥലത്ത് ഇരിക്കുകയും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും വ്യായാമം ചെയ്യുകയും ചെയ്യുന്നവരെ അപേക്ഷിച്ച് പക്ഷാഘാതം വരാനുള്ള സാധ്യത ഏഴിരട്ടി ആണെന്ന് 'സ്ട്രോക്ക്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

 

ഒരാൾ ഉണർന്നിരിക്കുമ്പോൾതന്നെ എല്ലാ കാര്യങ്ങളും ഒരേ സ്ഥലത്ത് ഇരുന്നുകൊണ്ടോ കിടന്നുകൊണ്ടോ ചെയ്യുന്ന സമയമാണ് ചടഞ്ഞു കൂടിയിരിക്കുന്ന സമയം (sedentary time) എന്നതുകൊണ്ട് അർഥമാക്കുന്നത്. ഈ ജീവിതശൈലി രക്തപ്രവാഹം തടസ്സപ്പെടുന്നതിനും ഇൻഫ്ലമേഷനും എല്ലാം കാരണമാകുന്നു. ക്രമേണ ഇത് രക്തക്കുഴലുകളെ ബാധിക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടുകയും ചെയ്യും. 

 

ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും. എല്ലാ ആഴ്ചയും മുതിർന്ന ഒരു വ്യക്തി കുറഞ്ഞത് 150 മിനിറ്റ് മിതവ്യായമവും 75 മിനിറ്റ് കഠിന വ്യായാമവും ചെയ്യണം എന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നത്. ഓട്ടം, നീന്തൽ, തുഴയൽ തുടങ്ങിയവയെല്ലാം കഠിനവ്യായാമങ്ങളിൽപെടും. 

 

പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും പക്ഷാഘാതം വരാനുള്ള സാധ്യത കുറയ്ക്കും. 

 

പക്ഷാഘാതത്തിലേക്കു നയിക്കുന്ന റിസ്ക് ഫാക്ടേഴ്സ് അഥവാ അപായ ഘടകങ്ങൾ ഉണ്ട്. പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്താതിമർദം അഥവാ ഹൈപ്പർ ടെൻഷൻ, പൊണ്ണത്തടി, അലസമായ ജീവിത ശൈലി, ആട്രിയൽ ഫൈബ്രിലേഷൻ, അനാരോഗ്യകരമായ ഭക്ഷണം, ഇന്‍ഫ്ലമേഷൻ, ഉപാപചയ രോഗങ്ങൾ ഇവയെല്ലാം ആണ് 90 ശതമാനവും സ്ട്രോക്കിലേക്കു നയിക്കുന്ന കാരണങ്ങൾ.

English Summary : Lifetyle changes and risk factors related with COVID- 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com