ADVERTISEMENT

കുടലിന്റെ ഒരുഭാഗം കുടലിന്റെ ഉള്ളിലേക്ക് കയറി തടസ്സമുണ്ടാക്കുന്ന ഒരു അവസ്ഥയാണ് കുട്ടികളിലെ കുടല്‍ കുരുക്കം. കുട്ടികളില്‍ കുടല്‍ തടസ്സമുണ്ടാകുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. പെട്ടെന്ന് വരുന്ന വയറുവേദനയുടെ രണ്ടാമത്തെ പ്രധാന കാരണവും കുടല്‍ കുരുക്കമാണ്.

 

ഏതു പ്രായത്തിലുള്ള കുട്ടികളെയാണ് ഇത് പൊതുവെ ബാധിക്കുന്നത്?

 

2000 കുട്ടികളില്‍ ഒന്ന് മുതല്‍ നാല് കുട്ടികള്‍ക്കും. 75%വും ബാധിക്കുന്നത്  6മാസം മുതൽ 2 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ്.

 

ശരീരത്തില്‍ രോഗവ്യാപനം എങ്ങനെ?

 

തടസ്സപ്പെട്ട കുടലില്‍ രക്തയോട്ടം നഷ്ടപ്പെടുന്നു, അങ്ങനെ ആ ഭാഗം നശിച്ചുപോവുകയും കുടലില്‍ ദ്വാരം ഉണ്ടാകുവാനും സാധ്യതയുണ്ട്. രക്തയോട്ടം നിലച്ച് 72 മണിക്കൂറിനു ശേഷമാണ് കുടലിന്റെ ഭാഗം നശിച്ചു പോകുന്നതും ദ്വാരം ഉണ്ടാക്കുന്നതും. പിന്നീട് അണുബാധ രക്തത്തില്‍ പടരുന്നതു വഴി മരണം സംഭവിക്കുന്നു.

 

എന്തൊക്കെ കാരണത്താലാണ് രോഗം ബാധിക്കുന്നത്?

 

95 ശതമാനവും കൃത്യമായി പറയാന്‍ സാധിക്കാത്ത കാരണങ്ങള്‍കൊണ്ടാണ് രോഗം ബാധിക്കുന്നത്. അതായത് ശ്വാസകോശ അണുബാധ മൂലമോ ദഹനനാള അണുബാധ കാരണമോ ആകാം. ഇതു കാരണം കുടലിലുള്ള കഴലകള്‍ക്ക് വീക്കം ഉണ്ടാവുകയും അത് അസുഖത്തിന് തുടക്കം കുറിക്കുകയും ചെയ്യും. ചില കുട്ടികളില്‍ കുടലിനുള്ളില്‍ ഉണ്ടാകുന്ന പോളിപ്പുകളും മുഴകളും അപ്പന്‍ഡിസൈറ്റിസ്, meckel's diverticulum എന്നിവയാണ് 5% രോഗബാധയ്ക്ക് കാരണമാകുന്നത്.

 

രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

 

· വയറുവേദന - കഠിനമായ, മിനിറ്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഇടവിട്ടുള്ള വയറുവേദന

∙ ഛര്‍ദ്ദി

∙ വയറിനുള്ളിലെ മുഴ

∙ മലത്തിലൂടെ രക്തം പോവുക (അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണം)

രോഗനിര്‍ണയം - അള്‍ട്രാസൗണ്ട് സ്‌കാന്‍ (100% കൃത്യത)

ചികിത്സാരീതി

 

പണ്ടത്തെക്കാലത്ത് വയറു തുറന്നുള്ള ശസ്ത്രക്രിയ ആയിരുന്നു ചികിത്സ. എന്നാല്‍ ഇപ്പോള്‍, കുടലില്‍ ദ്വാരം വീഴാത്ത പക്ഷം (അതായത് 72 മണിക്കൂറിനുള്ളില്‍) അള്‍ട്രാസൗണ്ടിന്റെ സഹായത്തോടുകൂടി Saline enema വച്ച് കുടല്‍ തടസ്സത്തെ നീക്കം ചെയ്യാന്‍ സാധിക്കും.

 

ഏതൊക്കെ അവസ്ഥയിലാണ് Saline enema reduction ഉപയോഗിച്ചുള്ള ചികിത്സയുടെ സാധ്യത കുറയുന്നത്?

 

ആറു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക്, രോഗലക്ഷണം തുടങ്ങി 72 മണിക്കൂര്‍ കഴിഞ്ഞ അവസ്ഥയില്‍, മലത്തിലൂടെ രക്തം പോകുന്ന അവസ്ഥയില്‍. ഈ അവസരങ്ങളിലാണ് Saline enema reduction-ന്റെ വിജയ സാധ്യത കുറയുന്നത്.

 

ഈ രീതിയിലുള്ള ചികിത്സയ്ക്ക് ശേഷം കുട്ടികള്‍ക്ക് എപ്പോള്‍ തൊട്ട് ഭക്ഷണ-പാനീയങ്ങള്‍ നല്‍കാം?

കുടലില്‍ ഉണ്ടായ നീര്‍ക്കെട്ട് കുറയുവാനായി 12 മണിക്കൂര്‍ ആഹാരവും പാനീയവും നല്‍കാതെ നിരീക്ഷിക്കും. അതിനുശേഷം ദ്രാവകരൂപത്തില്‍ ഭക്ഷണം നല്‍കുകയും പിന്നീട് സാധാരണ പോലെ ആഹാരം നല്‍കുകയും ചെയ്യാം.

 

Saline enema-ക്ക് ശേഷം രോഗാവസ്ഥ ആവര്‍ത്തിക്കുമോ?

 

10% കുട്ടികള്‍ക്ക് രോഗം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് (24 മണിക്കൂറിനുള്ളില്‍) ഇതേ ചികിത്സാ രീതി ഉപയോഗിച്ച് പിന്നീടും ചികിത്സിക്കാവുന്നതാണ്.

 

മരണനിരക്ക്

 

72 മണിക്കൂറിനുള്ളില്‍ രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ 20%ല്‍ കൂടുതലാണ് മരണനിരക്ക്.

 

സന്ദേശം:  ഒരു കുട്ടി രോഗലക്ഷണം കാണിക്കുമ്പോള്‍ തന്നെ രോഗനിര്‍ണയം സാധിച്ചാല്‍, കുടലില്‍ ദ്വാരം ഉണ്ടാകുന്നത് പോലെയുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കുവാനും അള്‍ട്രാസൗണ്ടിന്റെ സഹായത്തോടു കൂടിയുള്ള  Saline enema-യിലൂടെ ചികിത്സയും സാധ്യമാണ്. അല്ലാത്തപക്ഷം വയറു തുറന്നുള്ള ഓപ്പറേഷനു വിധേയമാക്കേണ്ടിവരും. നേരത്തെയുള്ള രോഗനിര്‍ണയം വഴി ഇത് ഒഴിവാക്കാം.

(പട്ടം എസ്‌യുടി ഹോസ്പിറ്റലിലെ കൻസൽറ്റന്റ് പീഡിയാട്രിക് സർജനാണ് ലേഖകൻ)

English Summary : Intussusception: Symptoms, Causes and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com