കരുതൽ‌ ഡോസ് എടുക്കണോ ? മൂന്നാം തരംഗത്തെ എങ്ങനെ നേരിടണം ?

PTI12_11_2021_000056B
ചിത്രം; പിടിഐ
SHARE

ഒരിടവേളയ്ക്കുശേഷം രാജ്യത്ത് കോവിഡ് വീണ്ടും ഭീതി പടര്‍ത്തുകയാണ്. അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദവും കുതിച്ചുയരുന്നു. കരുതലായി മൂന്നാം ഡോസ് വാക്സീന്‍ വിതരണം ആരംഭിച്ചു കഴിഞ്ഞു. വിദേശരാജ്യങ്ങളിൽ പലയിടത്തും വളരെ മുന്‍പുതന്നെ മൂന്നാംഡോസ് വിതരണം ആരംഭിച്ചുകഴിഞ്ഞു. ഫെബ്രുവരിയോടെ രോഗവ്യാപനം അതിരൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. വാക്സീന്‍ മൂന്നാം ഡോസ് എത്രത്തോളം അനിവാര്യം? വകഭേദങ്ങളെ ചെറുക്കാനാകുമോ? മൂന്നാം തരംഗത്തെ നേരിടുന്നതില്‍ കരുത്ത് പകരാന്‍ കരുതല്‍ ഡോസിനാകുമോ?

കരുതൽ ഡോസ് വാക്സീൻ വിതരണം എങ്ങനെ?

ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സീൻ നൽകുന്നത്. ഇവരോടൊപ്പംതന്നെ കോവിഡ് മുന്നണിപ്പോരാളികൾ, 60 പിന്നിട്ട അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് വാക്സീൻ എടുക്കാവുന്നതാണ്. 

ഒന്നും രണ്ടും ഡോസായി സ്വീകരിച്ച അതേ വാക്സീൻ തന്നെയാണ് കരുതൽ ഡോസായി സ്വീകരിക്കേണ്ടത്. വിദേശരാജ്യങ്ങളിൽ നമുക്ക് ഇഷ്ടമുള്ള വാക്സീൻ മൂന്നാം ഡോസായി സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ മിക്സ് ആൻഡ് മാച്ച് വാക്സീൻ വേണ്ട എന്ന നിലപാടാണ് കേന്ദ്രസർക്കാരും വിദഗ്ധരുമെല്ലാം എടുത്തിരിക്കുന്നത്. മിക്സ് ആൻഡ് മാച്ച് വാക്സീൻ സുരക്ഷിതമാണെന്ന നിലപാടാണ് ലോകാരോഗ്യ സംഘടനയ്ക്ക് ഉൾപ്പടെയുള്ളത്. 

രണ്ടാം ഡോസ് എടുത്ത് ഒൻപതു മാസത്തിനു ശേഷമാണ് കരുതൽ വാക്സീനായി മൂന്നാം ഡോസ് സ്വീകരിക്കേണ്ടത്. കോവിഡ് വന്നവർ ഭേദമായി മൂന്നു മാസത്തിനു ശേഷമാണ് വാക്സീൻ സ്വീകരിക്കേണ്ടത്. കോവിഡ് പിടിപെട്ടതുവഴിയുള്ള ആന്റിബോഡിയുടെ സംരക്ഷണം കൂടിയുള്ളതുകൊണ്ടാണ് മൂന്നു മാസത്തിനു ശേഷം മൂന്നാം ഡോസ് വാക്സീൻ എന്ന തീരുമാനം എടുത്തിരിക്കുന്നത്. 

കരുതൽ ഡോസ് വാക്സീനായി പുതുതായി റജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ഒന്നു രണ്ട് ഡോസ് വാക്സീനായി റജിസ്റ്റർ ചെയ്ത നനമ്പർ വച്ച് കരുതൽ വാക്സീനായി www.cowin.gov.in എന്ന  സൈറ്റിൽ ഷെഡ്യൂൾ ചെയ്യുകയാണ് വേണ്ടത്. ഇതിനായി സൈറ്റ് ലോഗിൻ ചെയ്ത ശേഷം ‘ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ്’ ക്ലിക്ക് ചെയ്യാം. തുടർന്ന് സെന്ററും സമയവും ലഭിക്കും. ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് നേരിട്ടെത്തി വാക്സീൻ സ്വീകരിക്കാവുന്നതാണ്. അനുബന്ധ രോഗമുള്ള 60 വയസ്സുു കഴിഞ്ഞവർക്ക് രോഗം സംബന്ധിച്ച് ഡോക്ടറുടെ സാക്ഷ്യപത്രമില്ലാതെതന്നെ വാക്സീൻ സ്വീകരിക്കാവുന്നതാണ്.

മൂന്നാം ഡോസ് വാക്സീൻ അനിവാര്യമാണോ? 

മൂന്നാം തരംഗത്തിലാണ് മൂന്നാം ഡോസിനെക്കുറിച്ച് പരാമർശിക്കപ്പെടുന്നത്. പൊതുജനാരോഗ്യ രംഗത്ത് ഏതു കാര്യം ചെയ്യുന്നതിനു മുൻപ് എന്താണ് ഉദ്ദേശ്യമെന്ന് വ്യക്തമായ ധാരണ ഉണ്ടാക്കുന്നത് പ്രധാനമാണ്. 

രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് ഉത്തമമായ പരിരക്ഷ ലഭിച്ചിട്ടുണ്ട്. അതായത് കോവിഡ് വന്നു കഴിഞ്ഞാൽ മരണപ്പെടാതിരിക്കാനും ഗുരുതരമായി രോഗം പിടിപെടാതിരിക്കാനുമുള്ള പരിരക്ഷ ഈ രണ്ടു ഡോസ് വാക്സീനിലൂടെ ലഭിച്ചിട്ടുണ്ട്. ഈ രണ്ടു ഡോസ് വാക്സീന്റെ പരിമിതി വൈറസ് ബാധ ചെറുക്കുന്നതിൽ വലിയ മെച്ചം ഇപ്പോൾ ലഭിക്കുന്നില്ലെന്നതാണ്. വാക്സീൻ എടുത്തവരിൽ അണുബാധയുടെ തോത് കുറവാണ്. രോഗം പിടിപെട്ടാൽ മരണസാധ്യത ഉണ്ടാകുന്നില്ലെന്നതും എടുത്തു പറയേണ്ടതാണ്. 

കരുതൽ ഡോസിനു പിന്നിൽ രണ്ട് ഉദ്ദേശ്യമാണുള്ളത്. ചിലരിൽ വൈറസ് ബാധ ഉണ്ടായിക്കഴിഞ്ഞാൽ അവർക്ക് കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. അതായത് 60 കഴിഞ്ഞവർക്ക്. കേരളത്തിൽതന്നെ മരണങ്ങൾ എടുത്തുനോക്കിയാൽ 60 കഴിഞ്ഞവർക്കാണ് മൂന്നിൽ രണ്ട് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. അതിൽനിന്നുതന്നെ രോഗത്തിന്റെ തീവ്രത എത്രത്തോളമെന്ന് മനസ്സിലാക്കാം. 60 വയസ്സു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്ക് ഗുരുതരമാകാനുള്ള സാധ്യതയുള്ളതിനാൽ കരുതൽ ഡോസ് നൽകുന്നു. ആരോഗ്യരംഗം തകിടം മറിയാതിരിക്കാൻ ആരോഗ്യപ്രവർത്തകർക്കും കരുതൽ ഡോസ് അനിവാര്യമാണ്. 

കരുതൽ ഡോസ് നേരത്തേ നൽകേണ്ടിയിരുന്നോ?

വ്യക്തമായ തെളിവുകൾ ഇല്ലാതെ ഇതിനെക്കുറിച്ച് പരാമർശിക്കുക ബുദ്ധിമുട്ടാണ്. പക്ഷേ തെളിവുകൾ വച്ചുനോക്കിക്കഴിഞ്ഞാൽ വാക്സീൻ എടുക്കുന്നതു പോലെയല്ല ബൂസ്റ്റർ ഡോസുകൾ. ബൂസ്റ്റർ ഡോസ് എടുത്ത് ഏതാനും ദിവസങ്ങൾക്കകം നമ്മുടെ ആന്റിബോഡികളുടെ ഉൽപ്പാദനം കൂടുന്നതായാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ വലിയ കാലതാസമുണ്ടായി എന്നു പറയാൻ സാധിക്കില്ല. 

ഇമ്യൂൺ സിസ്റ്റം ഉണർന്നു പ്രവർത്തിക്കാതവരിൽ രണ്ടു ഡോസ് പോരാതെ വരുമ്പോൾ മൂന്നാം ഡോസ് നൽകും. ഇങ്ങനെ മൂന്നു ശ്രേണികളിലായാണ് കരുതൽ ഡോസ് ഇപ്പോൾ മുന്നോട്ടു വച്ചിരിക്കുന്നത്. 

മിക്സ് ആൻഡ് മാച്ച് വാക്സീൻ സുരക്ഷിതമല്ലേ?

ഇന്ത്യയിൽത്തന്നെ പലയിടങ്ങളിലും അബദ്ധവശാൽ രണ്ടാം ഡോസ് മാറിനൽകിയപ്പോൾ അവരിൽ നടത്തിയ ചില ചെറിയ പഠനങ്ങൾ സൂചിപ്പിച്ചത് അവർക്ക് മെച്ചപ്പെട്ട പ്രതികരണശേഷി ഉണ്ടായി എന്നാണ്. അതുപോലെ വിദേശ രാജ്യങ്ങളിലും പല വിഭാഗത്തിൽപ്പെട്ട വാക്സീനുകൾ മിക്സ് ചെയ്തു കൊടുത്തപ്പോൾ മെച്ചപ്പെട്ട റിസൽട്ട് കിട്ടിയതായി ചില തെളിവുകളുണ്ട്. പക്ഷേ ഈ സൂചനകളൊക്കെ നൽകിയിരിക്കുന്നത് ഒറ്റപ്പെട്ട ചില പഠനങ്ങൾ മാത്രമാണ്. പക്ഷേ ഇവിടെ പാർശ്വഫലങ്ങളെക്കുറിച്ചു കൂടി നമ്മൾ ജാഗ്രത കാണിക്കേണ്ടതുണ്ട്. മിക്സ് ചെയ്ത് വാക്സീനുകൾ നൽകുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന ചില സൂചനകൾ ചില പഠനങ്ങളിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കാണ് ഈ വാക്സീൻ ഇപ്പോൾ നൽകുന്നത്. അങ്ങനെയുള്ളവർക്ക് മിക്സ് ആൻഡ് മാച്ച് വാക്സീന്റെ പാർശ്വഫലത്തെക്കൂടി താങ്ങാൻ പറ്റിയെന്നു വരില്ല. അതുകൊണ്ടാണ് ഏറ്റവും സുരക്ഷിതമെന്ന നിലയിൽ രണ്ടു ഡോസ് എടുത്ത വാക്സീൻതന്നെ കരുതൽ ഡോസായി നൽകാൻ തീരുമാനിച്ചത്. 

ചെറുപ്പക്കാർക്ക് കരുതൽ ഡോസ് ആവശ്യമോ?

ഹെപ്പറ്റൈറ്റിസ് ബി, മീസൽസ് തുടങ്ങി പല രോഗങ്ങളും വാക്സീൻകൊണ്ടു നമുക്കു ചെറുക്കാൻ സാധിക്കും. പക്ഷേ കോവിഡ് തികച്ചും വ്യത്യസ്തമാണ്. കുത്തിവയ്പെടുത്താൽ പോലും ഈ വൈറസ് നമ്മളെ പിടികൂടാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും വരാൻ കഴിവുള്ള ഒരു വെറസാണ് ഇത്. വാക്സിനേഷൻ കൊടുത്ത് ഇമ്യൂണിറ്റി ഉണ്ടാക്കിയാലും രോഗം വന്നതു വഴി ഇമ്യൂണിറ്റി ഉണ്ടായാലും ഇതിനെ മറികടക്കാനുള്ള കഴിവ് ഓരോ കാലഘ്ട്ടത്തിലും ഉണ്ടാകുന്ന വേരിയന്റിനുമുണ്ട്. രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ച ചെറുപ്പക്കാർക്ക് ഉത്തമമായ പരിരക്ഷ ലഭിച്ചു കഴിഞ്ഞു. ഇവരുടെ മരണ സാധ്യത വളരെക്കുറവാണ്. ഇവർക്ക് വീണ്ടും വീണ്ടും രോഗം വരുന്നത് വൈറസിന്റെ മാത്രം കുറ്റമല്ല, നമ്മൾ കോവിഡ് അപ്രോപ്രിയേറ്റ് ബിഹേവിയറിൽ നിന്ന് വ്യതിചലിക്കുന്നതുകൊണ്ടാണ്. 

ഒമിക്രോൺ കൂടി ഭീഷണിയായി നിൽക്കുന്ന ഈ സമയത്ത് ശ്രദ്ധക്കുറവ് കാണിക്കുകയാണെങ്കിൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതിന് മൂന്നാം ഡോസ് പരിഹാരമാകുന്നില്ലെന്നു കൂടി മനസ്സിലാക്കണം. 

English Summary : COVID- 19 precautionary dose and third wave

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA