ADVERTISEMENT

ജീവൻ തന്നെ അപകടത്തിലാക്കുന്ന പാമ്പുവിഷബാധയുടെ ഗുരുതരാവസ്ഥ, ചികിത്സ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – സംശയങ്ങൾക്ക് വൃക്കരോഗ വിദഗ്ധൻ നൽകുന്ന മറുപടികൾ അറിയാം.

 

പാമ്പുകടിയുടെ ഭാഗമായുള്ള ചികിത്സയ്ക്കുശേഷം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

കടിയേറ്റ ഭാഗത്തുള്ള വ്രണം ഉണങ്ങുന്നതുവരെ ഒന്നിടവിട്ട ദിവസം വൃത്തിയായി ഡ്രസ്സ് ചെയ്യണം. ഇല്ലെങ്കിൽ മുറിവിൽ അണുബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇത് എല്ലിനെ ബാധിച്ചാൽ ചിലപ്പോൾ കാലിന്റെയോ കൈയുടെയോ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടിവരും (amputation).  മുറിവിനോട് അടുത്തുള്ള പേശികളിലും സന്ധികളിലും കഠിന വേദന ഉണ്ടാകാം. കുറെക്കാലം കഴിഞ്ഞാൽ സന്ധി അനക്കാൻ പറ്റാത്തവിധം അംഗവൈകല്യം തന്നെ ഉണ്ടാകാം (contracture formation) മാസത്തിൽ ഒരിക്കൽ. മൂന്നു മാസം വരെ എങ്കിലും രക്തവും മൂത്രവും പരിശോധിക്കണം. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം അറിഞ്ഞിരിക്കണം. പാമ്പു വിഷം വൃക്കകളെയോ കരളിനെയോ ബാധിച്ചിരുന്നെങ്കിൽ അതു പൂർണമായും മാറിയോ എന്നു പരിശോധിക്കണം. ഇല്ലെങ്കിൽ സ്ഥായിയായ വൃക്കരോഗമോ കരൾരോഗമോ ഉണ്ടാകാം. ഒരു ഡോക്ടറെ കണ്ടു തുടർചികിത്സ വേണ്ടി വരും.

∙ പാമ്പുകടിയേൽക്കുന്നതു മറ്റു രോഗാവസ്ഥകളിലേക്കു നയിക്കുമോ ?

നയിക്കാം. പെട്ടെന്നുള്ള വൃക്ക സ്തംഭനവും (അക്യൂട്ട് കിഡ്നി ഇൻജുറി) ഹൃദയസ്തംഭനവും (കാർഡിയാക് ഫെയ്‌ലിയർ) ഉണ്ടാകാം. രക്ത സമ്മർദം കുറഞ്ഞു ക്ഷീണവും മയക്കവും ബോധക്ഷയവും ഉണ്ടാകാം. (പെരിഫെറൽ  വാസ്കുലാർ കൊളാപ്സ് ആൻഡ് ഷോക്ക് –peripheral vascular collapse and shock). വൃക്കകൾ, അഡ്രിനൽ ഗ്ലാൻഡ്,  പിറ്റ്യൂട്ടറി ഗ്ലാൻഡ്, പരോട്ടിഡ് ഗ്ലാൻഡ്, കണ്ണുകൾ എന്നിവയിൽ രക്തസ്രാവം ഉണ്ടാകാം. മൈഗ്രേയ്ൻ പോലെയുള്ള തലവേദന ഉണ്ടാകാം.

കടിയേറ്റ ഭാഗത്തുള്ള വ്രണം നന്നായി ഉണങ്ങിയില്ലെങ്കിൽ കുറെ നാളുകൾക്കുശേഷം അംഗവൈകല്യം ഉണ്ടാകാം. കാഴ്ച നഷ്ടപ്പെടാം. മാനസിക രോഗങ്ങളും വിഷാദവും ഉണ്ടാകാം. ചിലരിൽ സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടായെന്നുവരാം.

∙ഉറക്കത്തിൽ പാമ്പു കടിച്ചാൽ രോഗിയിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ്?

ഉറക്കത്തിൽ പാമ്പു കടിച്ചാൽ മിക്കവാറും ആ വ്യക്തി ഞെട്ടി ഉണരും. പ്രത്യേകിച്ചും വിഷം ഉള്ള പാമ്പു കടിച്ചാൽ,  പല്ലിന്റെ ആഴത്തിലുള്ള രണ്ടു പാടുകാണും. കടിച്ച ഭാഗത്തു വേദന ഉണ്ടാകും.

പാമ്പിനെ കണ്ടില്ലെങ്കിൽ പലപ്പോഴും പാമ്പാണോ വേറെ എന്തെങ്കിലുമാണോ കടിച്ചതെന്നു വ്യക്തി അറിയുന്നില്ല. സംശയം ഉണ്ടെങ്കിൽ ഉടൻ ആശുപത്രിയിൽ പോയി ചികിത്സ തേടണം. വിഷം ഉള്ളിൽ പോയിട്ടുണ്ടോ എന്നു പരിശോധിക്കണം. അടുത്ത ദിവസം വരെ വച്ചുകൊണ്ടിരിക്കരുത്. ചിലപ്പോൾ വൈകിപ്പോകും.

∙ ശരീരത്തിലെ മുറിപ്പാടുകളിൽ നിന്നു കടിച്ചതു പാമ്പു തന്നെയാണെന്ന് എങ്ങനെ അറിയാനാകും?

വിഷം ഉള്ള പാമ്പു കടിച്ചാൽ ആഴത്തിലുള്ള രണ്ടുമുറിവുകൾ കാണും (ഫെങ് മാർക്സ് –Fang marks) കടിച്ച ഭാഗത്തു വേദന ഉണ്ടാകും. മുറിവിനു ചുറ്റും ചുവപ്പു നിറവും നീരും ഉണ്ടാകും. ഇതു കൂടാതെ ഓക്കാനം,  ഛർദി, കാഴ്ചയ്ക്കു മങ്ങൽ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, മയക്കം, വിയർപ്പ്, തരിപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

∙ കുട്ടികൾക്കു പാമ്പുവിഷബാധ ഏറ്റാൽ കൂടുതൽ ഗുരുതരമാകുമോ ? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? പ്രഥമ ശുശ്രൂഷ നൽകുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ?

മുതിർന്നവരെപ്പോലെ തന്നെ കുട്ടികളെയും വിഷം ഉള്ള പാമ്പു കടിച്ചാൽ അവസ്ഥ ഗുരുതരമാകും. കുട്ടികളിൽ വിഷം പെട്ടെന്നു ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഉണ്ട്. കുട്ടികളിലും  പെട്ടെന്നുള്ള വൃക്കസ്തംഭനവും (acte kidney injury) ഹൃദയസ്തംഭനവും ഉണ്ടാകാം. രക്ത സമ്മർദം കുറഞ്ഞു ക്ഷീണവും മയക്കവും ബോധക്ഷയവും ഉണ്ടാകാം. ഹൃദയമിടിപ്പിന്റെ താളം തെറ്റാം. ഓക്കാനം, ഛർദി, പനി, കുളിര്, തലചുറ്റൽ, ബോധക്ഷയം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.

കഴിയുന്നത്ര കുട്ടിയെ അനങ്ങാതെ കിടത്തണം. ഓടി നടക്കാൻ അനുവദിക്കരുത്. കടിയേറ്റ ഭാഗം ഹൃദയത്തെക്കാളും താഴ്ത്തിവയ്ക്കണം. മുറിവു സോപ്പും വെള്ളവും കൊണ്ടു നന്നായി കഴുകണം. വളയോ മോതിരമോ ഇറുകിയ വസ്ത്രമോ അഴിക്കണം. കുട്ടിക്ക് കഴിക്കാനോ കുടിക്കാനോ ഒന്നും കൊടുക്കരുത്. തുണികൊണ്ടോ ചരടു കൊണ്ടോ കടിയേറ്റ ഭാഗം മുറുക്കി കെട്ടരുത്. വിഷം പുറത്തേക്കു വലിച്ചെടുക്കാൻ നോക്കരുത്. ബ്ലേഡ് കൊണ്ടോ കത്തി കൊണ്ടോ മുറിവു വലുതാക്കുകയും  അരുത്. പറ്റുമെങ്കിൽ പാമ്പു കടിച്ച സമയം നോക്കണം. പാമ്പിനെ കണ്ടിട്ടുണ്ടെങ്കിലും അതിനെക്കുറിച്ചു നന്നായി വിവരിക്കാൻ സാധിക്കണം. എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കണം.

∙ പാമ്പു കടിച്ചെന്നു സംശയിക്കുന്ന സാഹചര്യത്തിൽ വിദഗ്ധ ചികിത്സ തേടാതെ സമാന്തര ചികിത്സയ്ക്കു പോകുന്നത് അപകടകരമാണോ ?

ഇതു വളരെ അപകടകരമാണ്. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പ്രതിരോധ മരുന്ന് (antivenom) കൊടുക്കണം. ഇല്ലെങ്കിൽ വിഷം അവയവങ്ങളെ മുഴുവൻ പ്രവർത്തനരഹിതമാക്കും. വൃക്കസ്തംഭനവും  ഹൃദയസ്തംഭനവും ഉണ്ടാകാം. ഞരമ്പുകളെ ബാധിച്ചാൽ തളർച്ച ഉണ്ടാകാം. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായി യന്ത്രത്തിന്റെ (വെന്റിലേറ്റർ) സഹായം ചിലപ്പോൾ വേണ്ടി വരും. വൃക്ക സ്തംഭനം മൂർച്ഛിച്ചാൽ ഡയാലിസിസ് ചെയ്യേണ്ടി വരും.

ഐസിയുവിൽ (ICU)ചിലപ്പോൾ പ്രവേശിപ്പിക്കേണ്ടി വരും. ജീവനു തന്നെ അപായം ആകാം.

പാമ്പു കടിച്ച ഭാഗം നന്നായി വൃത്തിയാക്കിയില്ലെങ്കിൽ അവിടെ അണുബാധ വരാം. അണുക്കൾ രക്തത്തിൽ കയറിയാൽ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പടർന്ന് സെപ്സിസ് (sepsis) വന്നു മരിക്കാനും സാധ്യത ഉണ്ട്. ചിലപ്പോൾ കാലിന്റെയോ കൈയുടെയോ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടി വരും (amputation).

∙ വൃക്കരോഗിയിൽ പാമ്പുകടി കൂടുതൽ ഗുരുതരമാകുമോ ? വൃക്കരോഗി എങ്ങനെ കരുതൽ എടുക്കണം?

പാമ്പുവിഷം കൂടുതലും വൃക്കകളെ ആണു ബാധിക്കുന്നത്. നല്ല ആരോഗ്യം ഉള്ള ഒരാളെ വിഷമുള്ള പാമ്പു കടിച്ചാൽ വൃക്കസ്തംഭനം വരാൻ സാധ്യത ഉണ്ട്. അപ്പോൾ ഒരു വൃക്കരോഗിയുടെ അവസ്ഥ ഇതിലും ഗുരുതരമാണ്. തുടക്കത്തിൽ തന്നെ ആ വ്യക്തിയുടെ വൃക്കകളുടെ പ്രവർത്തനം കുറവാണ്. അതിനൊപ്പം പാമ്പുവിഷം ഉള്ളിൽ ചെന്നാൽ വൃക്കകൾക്കു കൂടുതൽ ക്ഷതം സംഭവിക്കാം. പെട്ടെന്നു വൃക്കസ്തംഭനം വരാം. ചിലപ്പോൾ ഡയാലിസിസ് ചെയ്യേണ്ടി വരും. ചിലരിൽ ഇതു പൂർണമായ വ്യക്കസ്തംഭനത്തിലേക്കു നയിക്കാം. (End Stage Kidney Failure). ജീവിതകാലം മുഴുവനും ഡയാലിസിസ് ചെയ്യേണ്ടി വരും. പാമ്പുകടി സംശയിച്ചാൽ എത്രയും പെട്ടെന്നു ചികിത്സ തേടണം. വൃക്കരോഗം ഉള്ള വിവരം ഡോക്ടറോടു പറയണം. വൃക്കരോഗികൾക്കു പ്രതിരോധ ശക്തി കുറവായതിനാൽ പെട്ടെന്ന് അണുബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. ആന്റിബയോട്ടിക് (antibiotic) ചികിത്സ വേണ്ടിവ രും.

∙ എല്ലാവിഭാഗം പാമ്പുകളും കടിച്ചാൽ ചികിത്സയ്ക്ക് ആവശ്യമായ ആന്റിവെനം ഇന്ത്യയിൽ ലഭ്യമാണോ ?

ഇന്ത്യയിൽ പോളിവാലെന്റ് ആന്റിവെനം ആണുള്ളത്. നാലു പ്രധാന  പാമ്പുകളുടെ വിഷത്തിന് എതിരെ പ്രവർത്തിക്കുന്നതാണ് ഇത്. മൂർഖൻ (Cobra), അണലി(Viper). വെള്ളിക്കെട്ടൻ(Krait). സോ സ്കൾഡ് വൈപ്പർ (Saw scaled Viper) സാധാരണയായി ഈ നാലു പാമ്പുകളാണ് ഇന്ത്യയിൽ കൂടുതലായി കണ്ടുവരുന്നത്. വേറെ വിഷമുള്ള പാമ്പുകളും ഉണ്ട്. പക്ഷേ, ഇപ്പോൾ അതിനെതിരെ ആന്റിവെനം ലഭ്യമല്ല.

∙ ഒന്നിലേറെ തവണ പാമ്പുകടിയേൽക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമോ ?

തീർച്ചയായും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഒരിക്കൽ വിഷം ഉള്ളിൽ ചെല്ലുന്നതു കൊണ്ടു തന്നെ ആന്തരികാവയവങ്ങൾക്കു കേടുപാട് ഉണ്ടാകാം. അപ്പോൾ ഒന്നിലേറെ പ്രാവശ്യം വിഷം ഉള്ളിൽ ചെന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.

∙ പാമ്പു കടിച്ചെന്ന ഭയം മരണകാരണം ആകുമോ ?

പാമ്പിനെ കാണുന്നതു തന്നെ പലരിലും ഭയം ഉണ്ടാക്കും. പ്രത്യേകിച്ചും ഉയർന്ന രക്ത സമ്മർദം ഉള്ളവരിലും  ഹൃദ്രോഗം ഉള്ളവരിലും. ഇങ്ങനെ ഭയം ഉണ്ടായാൽ ബോധക്ഷയം. ഷോക്ക്, ഹൃദയസ്തംഭനം എന്നിവ ഉണ്ടാകാം. പാമ്പുകടിയേറ്റാൽ ഇതിനുള്ള സാധ്യത കൂടുതലാണ്.

∙ പാമ്പു വിഷബാധയുടെ ചികിത്സ വളരെ ചെലവേറിയതാണെന്നു പറയാനുള്ള കാരണം ?

പാമ്പുകടിയേറ്റ ഉടനെ ചികിത്സ തേടിയാൽ ചെലവു കുറവായിരിക്കും. ഗവൺമെന്റ് ആശുപത്രികളിലും മെഡിക്കൽ കോളജ് ആശുപത്രികളിലും ഇതിന്റെ ചികിത്സ സൗജന്യമാണ്. സങ്കീർണതകൾ വരുമ്പോഴാണു ചെലവു കൂടുന്നത്. പ്രത്യേകിച്ചും സ്വകാര്യ ആശുപത്രികളിൽ ഐസിയു (ICU), വെന്റിലേറ്റർ, ഡയാലിസിസ് എന്നിവ വേണ്ടി വന്നാൽ. രക്തസ്രാവം കാരണം രക്തം അല്ലെങ്കിൽ പ്ലാസ്മ  കൊടുക്കേണ്ടി വന്നാലും ചെലവു കൂടും. കഠിനമായ അണുബാധ വന്നാൽ ഉയർന്നതരം ആന്റിബയോട്ടിക്കുകൾ (higher antibiotics) കൊടുക്കേണ്ടി വരും. ഇതും ചെലവു കൂട്ടും. അതുകൊണ്ടു പാമ്പുകടി ഏറ്റാൽ ഉടനെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം. ഒട്ടും വൈകാൻ പാടില്ല. വൈകിയാൽ ചെലവു കൂടുന്നതു മാത്രമല്ല. മറ്റ് അവയവങ്ങളെ ബാധിക്കാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

 

പാമ്പിനെക്കുറിച്ച് രോഗി അറിയേണ്ടത് 

കടിച്ച പാമ്പിനെക്കുറിച്ചു രോഗി അറിയേണ്ട അടിസ്ഥാന വിവരങ്ങൾ എന്തെല്ലാം ?

കടിച്ച പാമ്പ് ഏതാണെന്ന് അറിഞ്ഞാൽ വളരെ നല്ലതാണ്. പ്രത്യേകിച്ചും വിഷമുള്ള പാമ്പാണോ വിഷം ഇല്ലാത്തതാണോ എന്ന്. വിഷം ഉള്ളതാണെങ്കിൽ അണലിയാണോ മൂർഖനാണോ വെള്ളിക്കെട്ടനാണോ എന്ന് അറിഞ്ഞാൽ നല്ലതാണ്. എല്ലാത്തിനും ആന്റിവെനം ഒന്നു തന്നെ ആണെങ്കിലും  മറ്റു പ്രശ്നങ്ങൾ വരുന്നുണ്ടോ എന്നു കൂടുതൽ സൂക്ഷ്മതയോടെ നോക്കാൻ സഹായിക്കും. അണലി ആണെങ്കിൽ ഹീമോടോക്സിക് ആണ്. രക്തസ്രാവം വരാനും വൃക്കസ്തംഭനം ഉണ്ടാകാനും സാധ്യത കൂടുതലാണ്. മൂർഖൻ ആണെങ്കിൽ ന്യൂറോടോക്സിക് ആണ്. ഞരമ്പുകളെയും മസ്തിഷ്കത്തെയും ബാധിക്കാൻ സാധ്യത കൂടുതലാണ്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടു വരാം. വെന്റിലേറ്ററിന്റെ സഹായം ചിലപ്പോൾ വേണ്ടിവരും.

English Summary: Snake Bites: Types, Symptoms, and Treatments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com