ADVERTISEMENT

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മനറി ഡിസീസ് (Chronic Obstructive Pulmonary Disease) എന്ന രോഗത്തിന്റെ ചുരുക്കപ്പേരാണ് COPD. സ്ഥായിയായി ശ്വാസനാളങ്ങള്‍ക്കും ശ്വാസകോശങ്ങള്‍ക്കും ഉണ്ടാകുന്ന ചുരുക്കമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് COPD ലോകമെമ്പാടും മരണകാരണമാകുന്ന രോഗങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. ഇതില്‍നിന്നും ഈ രോഗത്തിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതാണ്.

 

പേരില്‍ നിന്നു തന്നെ ഇതൊരു ദീര്‍ഘനാളുകളായി നില്‍ക്കുന്ന പ്രേരക ഘടകങ്ങളുടെ സമ്പര്‍ക്കം കൊണ്ട് ഉണ്ടാകുന്നതാണെന്നു മനസ്സിലാക്കാം. പുകവലിയാണ് ഇതില്‍ ഒന്നാമത്. പ്രത്യക്ഷമായ പുകവലിയും പരോക്ഷമായ വലിയും വിറകടുപ്പിന്റെ പുക ശ്വസിക്കല്‍, അന്തരീക്ഷ മലിനീകരണം, പുകപടലങ്ങളും പൊടിയും ശ്വസിക്കേണ്ട തൊഴിലുകള്‍ എന്നിവയാണ് സാധാരണമായി കണ്ടുവരുന്ന പ്രേരക ഘടകങ്ങള്‍.

 

പുകവലിയുടെ തോത് അനുസരിച്ച് COPDയുടെ കാഠിന്യം കുറയുകയും കൂടുകയും ചെയ്യും. പുകവലിയുടെ കാഠിന്യമളക്കാനുള്ള തോതാണ് 'Smokey Index'. എത്ര ബീഡിയോ സിഗരറ്റോ ഒരു ദിവസം വലിക്കുന്നത് അതിന്റെ വലിക്കുന്ന വര്‍ഷങ്ങള്‍ കൊണ്ട് ഗുണിച്ചാല്‍ 'Smokey Index' ലഭിക്കും. COPD മാത്രമല്ല, കാന്‍സര്‍ തുടങ്ങിയ മറ്റു ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇതുവഴി ഒരുപരിധിവരെ നിര്‍ണയിക്കാം.

 

പുക ശ്വാസനാളങ്ങളുടെ ഉള്ളിലെ നേര്‍മയുള്ള പാളികളുടെ പ്രവര്‍ത്തനക്ഷമതയില്‍ ഗണ്യമായി കുറവു വരുത്തുകയും വായു സഞ്ചാരത്തിന് തടസ്സം വരുത്തുകയും ചെയ്യുമ്പോഴാണ് COPDയുടെ  രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ശ്വാസതടസ്സമാണ് ആദ്യം അനുഭവപ്പെടുക. പ്രത്യേകിച്ച് ആയാസകരമായ ജോലികള്‍ ചെയ്യുമ്പോള്‍ കൂടാതെ ചുമ കഫത്തോടുകൂടിയുള്ളതും അല്ലാതെയും, അമിതക്ഷീണം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.

 

ചുമയാണ് ഡോക്ടറുടെ അടുത്ത് എത്തിക്കുന്ന പ്രശ്‌നം. 2 - 3 മാസങ്ങളോളം നില്‍ക്കുന്ന കഫത്തോടുകൂടിയുള്ള ചുമ. അണുബാധകള്‍ ചുമയുടെ കാഠിന്യം വര്‍ധിപ്പിക്കുകയും COPD മൂര്‍ച്ഛിക്കാന്‍ ഇടവരുത്തുകയും ചെയ്യും. ഈ അവസരങ്ങളില്‍ അമിത ക്ഷീണം അനുഭവപ്പെടാം. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവു കുറയുന്നതും ശ്വാസപേശികളുടെ അമിത പ്രവര്‍ത്തനവും ക്ഷീണത്തിനു കാരണമാകും.

 

 

രോഗനിര്‍ണയം പ്രേരക ഘടകങ്ങളുടെ സമ്പര്‍ക്കവും രോഗലക്ഷണങ്ങളേയും ശ്വാസനാളങ്ങളുടെ പ്രവര്‍ത്തനക്ഷമത അളക്കുന്ന PFT അഥവാ Spirometryയും  അനുസരിച്ചാണ്. നെഞ്ചിന്റെ എക്സ്റേയും ചില അവസരങ്ങളില്‍ സിടി സ്കാനും വേണ്ടിവരും രോഗനിര്‍ണയത്തിന്. Spirometry ഈ രോഗത്തെ തീവ്രത അനുസരിച്ച് വേര്‍തിരിക്കാന്‍ സഹായിക്കും. തീവ്രമായ അവസ്ഥയില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുകയും ചെറിയ ജോലികള്‍ പോലും ആയാസകരമായി തോന്നുകയും ചെയ്യും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഈ അവസ്ഥയില്‍ അനിവാര്യമാണ്.

 

COPDയുടെ തീവ്രത കുറഞ്ഞ സ്റ്റേജില്‍ ശ്വാസനാളങ്ങളുടെ വ്യാസം വര്‍ധിപ്പിക്കുന്ന Broncho dialator ഇനത്തില്‍ പെടുന്ന മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇത് കണിക രൂപത്തില്‍ ഉള്‍ക്കൊള്ളുന്നവയാണ് ഇൻഹേലർ വിഭാഗത്തിലുള്ള മരുന്നുകള്‍. കഫം കൂടുന്ന അവസരങ്ങളില്‍ കഫം നേര്‍മയാക്കാനും പുറംതള്ളുവാനുമുള്ള മരുന്നുകള്‍ ഫലപ്രദമാണ്. അണുബാധ ചികിത്സിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ അനുബന്ധമായി വരുന്ന അണുബാധ ചികിത്സിക്കാന്‍ സഹായിക്കും. രോഗനിര്‍ണയം കഴിഞ്ഞാല്‍ ശ്വാസനാളികളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാന്‍ പ്രയാസമാണ്. ദീര്‍ഘനാളുകളായുള്ള രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ പ്രകടമാകുവാനുള്ള കാലതാമസമാണ് ഇതിനു കാരണം. എന്നാല്‍ ചികിത്സകൊണ്ട് രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

 

തീവ്രത കൂടുമ്പോള്‍ മരുന്നുകള്‍ നെബുലൈസേഷന്റെ സഹായത്തോടെ ശ്വാസനാളങ്ങളില്‍ എത്തിക്കാന്‍ സാധിക്കും. പ്രതിരോധ കുത്തിവയ്പ്പുകള്‍ അണുബാധ കുറയ്ക്കാന്‍ പുനരധിവാസത്തിനൊപ്പം ഫലപ്രദമാണ്.

Content Summary : COPD: Causes, Symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com