ADVERTISEMENT

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പിടിപെടാത്തവരായി ആരുമുണ്ടാകില്ല. ജലദോഷം മുതല്‍ ജീവന്‍ അപകടത്തിലാക്കുന്ന ആസ്മ, ശ്വാസകോശ അര്‍ബുദരോഗം വരെ ഈ ഗണത്തില്‍ പെടുന്നവയാണ്. രോഗത്തിന്റെ രീതിയനുസരിച്ച് ഇവയെ നിയന്ത്രിത ശ്വാസകോശ രോഗങ്ങള്‍, തടസ്സപ്പെടുത്തുന്ന ശ്വാസകോശ രോഗങ്ങള്‍, വിട്ടുമാറാത്ത ശ്വസന രോഗം, ശ്വസനപഥ അണുബാധ എന്നിങ്ങനെ പലവിധത്തില്‍ തരംതിരിക്കാം. ആസ്മ, വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി രോഗം എന്നിവയെല്ലാം തടസ്സപ്പെടുത്തുന്ന ശ്വാസകോശ രോഗങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടും. ശ്വസനനാളത്തില്‍ തടസ്സം സൃഷ്ടിക്കുന്നത് ഇത്തരം രോഗങ്ങളാണ്. ശ്വാസനാളത്തിലുണ്ടാകുന്ന വീക്കം മൂലം ശ്വാസകോശഭിത്തി സങ്കോചിക്കുകയും തത്ഫലമായി ഉള്ളിലേക്ക് പ്രവേശിക്കുന്ന വായുവിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഇത്തരം രോഗങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

 

ആസ്മ പോലുള്ള  ശ്വാസകോശ രോഗങ്ങളുടെ ആദ്യപടി ബ്രോങ്കൈറ്റിസ് ആണ്. നീര്‍ക്കെട്ട് പിന്നീട് വളര്‍ന്ന് ആസ്മയിലേക്കു മാറുന്ന ബ്രോങ്കൈറ്റിസ്  പൊതുവെ കണ്ടു വരുന്ന രോഗമാണ്. നമ്മളെ ബാധിക്കുന്ന ജലദോഷം പോലുള്ള  ഇന്‍ഫെക്‌ഷന്‍ പിന്നീട് നെഞ്ചിലേക്കിറങ്ങി ന്യൂമോണിയ പോലുള്ള രോഗങ്ങളായി മാറുകയും ചെയ്യാം. അതായത് ന്യൂമോതൊറാക്‌സ് -ശ്വാസകോശത്തിന്റെ പുറമെയുള്ള സ്ഥലങ്ങളില്‍ നീര്‍ക്കെട്ട് സംഭവിച്ചുണ്ടാകുന്ന രോഗങ്ങള്‍. ബ്രോങ്കൈറ്റിസ് മൂലമുണ്ടാകുന്ന ആസ്മ ഒരു സ്വാഭാവിക രീതിയാണ്. നിരന്തരം വരുന്ന ജലദോഷം, ചുമ എന്നിവ നിലനില്‍ക്കുകയോ ശരിയായ രീതിയില്‍  ചികില്‍സിച്ചു ഭേദമാക്കാന്‍ സാധിക്കാതെ വരികയോ ചെയ്യുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും ദഹന പ്രക്രിയയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവ പിന്നീട് ശ്വാസകോശത്തില്‍ നീര്‍ക്കെട്ടിനുള്ള സാധ്യതയും വര്‍ധിപ്പിക്കും. ഇത്തരത്തിലുള്ള രോഗങ്ങള്‍ തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍  ആസ്മയായി മാറുകയും അവ ശ്വാസകോശത്തിലെ വായു അറകളുടെ (alveoli) സ്വതന്ത്ര പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

 

വിട്ടുമാറാത്ത ശ്വസന രോഗങ്ങളുടെ വിഭാഗത്തില്‍പ്പെടുന്ന പ്രധാനപ്പെട്ട ശ്വാസകോശ രോഗങ്ങളാണ്  ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നിവ. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന അണുബാധയാണ് മറ്റൊരു വെല്ലുവിളി. ദുഷ്ടപീനസം അഥവാ സൈനസൈറ്റിസ്, ടോണ്‍സിലൈറ്റിസ് തുടങ്ങി ന്യുമോണിയ വരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഏറ്റവും പ്രധാന രോഗമായി കണക്കാക്കുന്നത് ശ്വാസകോശത്തിലുണ്ടാകുന്ന അര്‍ബുദമാണ്. ഇത്തരത്തില്‍ ചിട്ടയില്ലാത്ത ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും മൂലം ഇന്ന് ശ്വാസകോശരോഗ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള ഇത്തരം രോഗങ്ങള്‍ മൂലം മരണപ്പെടുന്നവരുടെ എണ്ണത്തില്‍ നമ്മുടെ രാജ്യം മുന്നിലാണെന്നതാണ് വസ്തുത. ഇന്ത്യന്‍ നാഷണല്‍ ഹെല്‍ത്തിന്റെ കണക്കുപ്രകാരം ഏകദേശം 3.5 ദശലക്ഷം ആളുകള്‍ ശ്വാസകോശ രോഗികളാണ്. ഇതില്‍ ന്യുമോണിയ മുതല്‍ അര്‍ബുദം വരെ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ അനുദിനം രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗകാരണങ്ങള്‍ എന്തെല്ലാമാണെന്നും അതിനുള്ള ഫലപ്രദമായ ചികിത്സാരീതികളും അനുവര്‍ത്തിക്കേണ്ട ജീവിതരീതികളും ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതെന്താണെന്ന് പരിശോധിക്കാം.

 

രോഗത്തിന്റെ ഉത്ഭവം ആമാശയം

  

ആയൂര്‍വേദ വിധി പ്രകാരം ശ്വാസകോശ രോഗങ്ങളുടെ ഉത്ഭവം ആമാശയമാണ്. ആമാശയത്തില്‍ നിന്ന് ഉത്ഭവിച്ച് ഉരസ്സിലെത്തി അവ രോഗലക്ഷണങ്ങളായി മാറുകയാണെന്ന് ആയൂര്‍വേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നമ്മുടെ വയറിനെയാണ് പ്രധാനമായും ശ്വാസചലനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അതിനാല്‍ ദഹന വ്യവസ്ഥ സങ്കുചിതമാകുമ്പോഴാണ് പ്രധാനമായും ശ്വാസകോശ രോഗങ്ങളുണ്ടാകുന്നതെന്ന് പറയാം. ദഹനപ്രക്രിയ ശരിയായി നടക്കാതെ വരുമ്പോള്‍ ശരീരത്തില്‍ കഫം ഉണ്ടാവുകയും ഇവ പിന്നീട് ശ്വാസകോശ രോഗമായി മാറുകയുമാണ് ചെയ്യുന്നത്.  

 

രോഗകാരണങ്ങള്‍ 

 

കഫം വര്‍ധിപ്പിക്കുന്ന ഭക്ഷണക്രമങ്ങള്‍, തണുത്ത വെള്ളത്തില്‍ കുളിക്കുന്ന ശീലം, വിയര്‍പ്പോടെ പച്ചവെള്ളത്തില്‍ കുളിക്കുക, ശരീരം ചൂടായിരിക്കുമ്പോള്‍ പച്ചവെള്ളം കുടിക്കുക തുടങ്ങിയ ശീലങ്ങള്‍ നമ്മുടെ ദഹന പ്രക്രിയയെ പൂര്‍ണമായും ബാധിക്കും. ഈ സമയങ്ങളില്‍  നമ്മള്‍ കഴിക്കുന്ന ഭക്ഷണം എത്ര നല്ല പ്രോട്ടീനോ ന്യൂട്രിയന്‍സോ അടങ്ങിയതാണെങ്കില്‍ പോലും ശരിയായിട്ടുള്ള ദഹനപ്രക്രിയ നടക്കാതെ അതെല്ലാം കഫമായിട്ട് മാറും. ഇങ്ങനെ മാറുന്ന കഫം കൂടുതലും നെഞ്ചിന്റെ ഭാഗത്ത് അടിയുകയും ഇവ ശ്വാസകോശ അറകളില്‍ നീര്‍ക്കെട്ടുണ്ടാക്കി രോഗമായിട്ട് മാറുകയും ചെയ്യുന്നു. മനുഷ്യ ശരീരത്തിലെ കഫസ്ഥാനമെന്നു അറിയപ്പെടുന്നത് ഉരസ്സായതിനാല്‍ കഫരോഗങ്ങളെല്ലാം ഉരസ്സിനെ കേന്ദ്രീകരിച്ചാണ് വരുന്നത്. പിത്തരോഗങ്ങളെല്ലാം നാഭിയെയും നാഭിപ്രദേശത്തോട് അനുബന്ധിച്ച സ്ഥലങ്ങളില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്. ശ്വാസരോഗം ഒരു പിത്തകഫാനുബന്ധി രോഗമാണ്. ചില പ്രത്യേക കാലാവസ്ഥകളില്‍ (തണുപ്പ്/ ചൂട്)  ശ്വാസരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. അതായത് വാവിന്റെ സമയത്ത് ശ്വാസരോഗം കൂടുതലാകുന്നു, കാരണം ആ സമയം തണുപ്പ് കൂടുതലുള്ള കാലാവസ്ഥയായിരിക്കും. ഈ അവസ്ഥയില്‍ രോഗലക്ഷണം കണ്ടു വരുന്നത് തുമ്മലായിട്ടോ ജലദോഷമായിട്ടോ ചുമയായിട്ടോ ആകും. പിന്നീട് ഇത് വര്‍ധിച്ച് ശ്വാസരോഗമായി മാറുന്നു. 

dr-anil-sanjeevinin
ഡോ. അനില്‍ വി. കൈമള്‍

  

ആയൂര്‍വേദത്തിലെ ചികിത്സാ രീതി

 

ദഹനം ശരിയായി നടക്കാതെ വരുന്നതുമൂലം ഉണ്ടാകുന്ന ഇത്തരം രോഗങ്ങളില്‍ ശരീരത്തില്‍ ഉണ്ടാകുന്ന കഫത്തെ ദഹിപ്പിച്ച് പുറംതള്ളുന്നതിനായി ദഹനം ക്രമപ്പെടുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. വിരേചനം (വയറിളക്കല്‍), അന്നനാളത്തിന്റെയും കുടലുകളുടെയും സ്വാഭാവിക ചലനത്തെ ക്രമപ്പെടുത്തല്‍ (ബവല്‍ മൂവ്‌മെന്റ്), ദഹന പ്രക്രിയയെ സഹായിക്കുന്ന മരുന്നുകളുടെ ഉപയോഗം, നിത്യശോധനം ചെയ്യുക എന്നിവയാണ് ആയൂര്‍വേദ ചികിത്സാ സമ്പ്രദായത്തില്‍ ശാസ്ത്രാധിഷ്ഠിതമായി ശീലിച്ചു വരാറ്. 

 

ആസ്മ പോലുള്ള രോഗങ്ങള്‍ ചികില്‍സിച്ചു ഭേദമാക്കാന്‍ രോഗിയുടെ ജീവിതശൈലിയില്‍ ക്രമമായ മാറ്റം വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. രോഗലക്ഷണങ്ങള്‍ അനുസരിച്ച് കൃത്യ സമയത്തു  രോഗിയെ ചികിത്സയ്ക്ക് വിധേയമാക്കുക എന്നതും പ്രധാനമാണ്. രോഗിയുടെ ശരീരത്തിലെ വെള്ളത്തിന്റെ അളവില്‍ മാറ്റങ്ങള്‍ വരുമ്പോള്‍തന്നെ കഫത്തിന്റെ  അളവും കുറയും. 

 

ബ്രോങ്കൈറ്റിസ് മുതല്‍ ആസ്മ വരെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് പഞ്ചകര്‍മ ചികിത്സപ്രകാരം വമനം, വിരേചനം എന്നിവയാണ് ചികിത്സാ രീതിയായി പ്രയോഗിക്കുന്നത്. വമനത്തിന് ശേഷം വിരേചനം ചെയ്യുന്നതാണ് പൊതുവെയുള്ള രീതി. അതിനുശേഷം സ്ഥിര ഫലം ലഭിക്കാന്‍ തക്രധാര ചെയ്യുന്നു. മരുന്നുകളിട്ട് പാകപ്പെടുത്തിയ മോരും പ്രത്യേകമായി തയാറാക്കിയ കഷായങ്ങളും ചേര്‍ത്ത് രൂപപ്പെടുത്തിയ ധാരയാണ് തക്രധാര എന്നറിയപ്പെടുന്നത്. ഇതിലൂടെ വിവിധ തരം അലര്‍ജികളില്‍ നിന്നും കഫം മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുന്നു. 

 

ആസ്മ രോഗികളില്‍ സാധാരണയായി മലബന്ധം കണ്ടുവരാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ രോഗിയെ വസ്തി ചികിത്സയ്ക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്. ഇതോടെ കുടലിന്റെ ചലനം (ബവല്‍ മൂവ്‌മെന്റ്) കൃത്യമായി പ്രവര്‍ത്തിക്കുകയും അന്നനാളം ശുചിയാവുകയും ചെയ്യും. അങ്ങനെ  അന്നനാളത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം സുഗമമാവുകയും ചെയ്യുന്നു. ഇത്  ആമാശയം ഉള്‍പ്പെടുന്ന വയറിന്റെയും നെഞ്ചിന്റെയും സമ്മര്‍ദം കുറയ്ക്കാനും അതുവഴി ശ്വസനം സുഗമമാക്കുവാനും വഴിയൊരുക്കും.  അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആസ്മയ്ക്ക് ചികിത്സയ്‌ക്കൊപ്പം ശ്വസന വ്യായാമം ഒരു നല്ല പ്രതിവിധിയാണ്. പ്രാണയാമം പോലുള്ള യോഗാരീതികള്‍  ആസ്മ രോഗികള്‍ക്ക്  ശ്വസനം എളുപ്പമാക്കുവാന്‍ സഹായിക്കും.

 

ഭക്ഷണരീതിയില്‍ ശ്രദ്ധിക്കാം

 

ശ്വാസ രോഗങ്ങള്‍  ഉള്ളവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ പ്രധാനം ഭക്ഷണം ശരിയായ ക്രമത്തില്‍ കഴിക്കുക എന്നതാണ്. ഒട്ടും പഴക്കമില്ലാത്ത ഭക്ഷണം കഴിക്കാന്‍ കഴിവതും ശ്രദ്ധിക്കണം. കൂടാതെ, തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുക, തൈര് പോലുള്ള പുളിപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണത്തില്‍ ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി എന്നിവ ഉള്‍പ്പെടുത്തിയാല്‍ ദഹനവും ആഗിരണവും ശരിയായ രീതിയിലാകാന്‍ കൂടുതല്‍ നന്ന്. 

 

യോഗാഭ്യാസം ശീലമാക്കാം

 

ഭക്ഷണത്തോടൊപ്പം കൃത്യമായ വ്യായാമ മുറകള്‍ അഭ്യസിക്കുന്നതും, നടത്തം, യോഗ എന്നിവ ശീലമാക്കുന്നതും ഏറെ ഗുണം ചെയ്യും. ശ്വാസക്കുഴലുകളെ ശുദ്ധീകരിക്കുകയും രക്തചംക്രമണം ക്രമപ്പെടുത്തുകയും അതിലൂടെ ശ്വാസോച്ഛ്വാസപ്രക്രിയ സാധാരണയെന്നപോലെ നിര്‍വഹിക്കപ്പെടുകയും ചെയ്യുന്നതിന് ഇവ സഹായകമാകുന്നതാണ്. മാനസികാരോഗ്യം പ്രദാനം ചെയ്യുമെന്നതും ഇതുകൊണ്ട് ലഭിക്കുന്ന പ്രയോജനമാണ്.  ഓരോരുത്തരുടെയും ശ്വാസകോശം വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അനുയോജ്യമായ ആസനങ്ങളും പ്രാണായാമവും തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

 

(കൊച്ചി സഞ്ജീവനം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ചീഫ് ആയുര്‍വേദ ഫിസിഷ്യന്‍ ആണ് ലേഖകൻ)

Content Summary : Lung realted diseases ayurveda treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com