ADVERTISEMENT

പഴകിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായ ബാക്ടീരിയില്‍ അണുബാധ മൂലം ന്യൂ ഇംഗ്ലണ്ടിലെ 19കാരന്റെ കാലുകളും വിരലുകളും മുറിച്ചു മാറ്റേണ്ടി വന്നതായുള്ള വാര്‍ത്തകള്‍ യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ അടുത്ത കാലത്ത് വൈറല്‍ ആയിരുന്നു. ഒരു റസ്റ്ററന്റില്‍ നിന്ന് വാങ്ങിയ ചിക്കനും ചോറും നൂഡില്‍സും കഴിച്ച് മിച്ചം വന്നത് ഫ്രിജില്‍ സൂക്ഷിച്ച ശേഷം അടുത്ത ദിവസം ഉപയോഗിച്ച ചെറുപ്പക്കാരന്‍ കടുത്ത ഛര്‍ദ്ദി, വയറുവേദന, മനംമറിച്ചില്‍ എന്നിവയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. ഒരു മാസത്തോളം മരണവുമായി മല്ലടിച്ച ചെറുപ്പക്കാരന്റെ രണ്ടു കാലുകളും കൈവിരലുകളുടെ ഭാഗങ്ങളും മുറിച്ച് മാറ്റേണ്ടി വന്നു. 

 

യൂട്യൂബര്‍ ബെര്‍ണാര്‍ഡ് ഹുവിന്റെ വിഡിയോ വഴിയാണ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം പുറം ലോകം അറിഞ്ഞത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വിശദീകരിക്കുകയാണ് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം.  

 

പഴകിയ ഭക്ഷണമല്ല മറിച്ച് മെനിഞ്ചോകോക്കല്‍ പര്‍പ്യൂര ഫുള്‍മിനാന്‍സ് എന്ന അപൂര്‍വ രോഗമാണ് ചെറുപ്പക്കാരന് ഈ ദുരവസ്ഥയുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. നെസ്സെരിയ മെനിഞ്ചിറ്റിഡിസ് എന്ന ബാക്ടീരിയ ആണ് ഇതിന് കാരണമാകുന്നത്. 10 ശതമാനം കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും മൂക്കിലും തൊണ്ടയിലും കാണപ്പെടുന്ന ഈ ബാക്ടീരിയ 10,000 പേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ചിലപ്പോള്‍ അപകടകാരിയായി മാറുന്നു. 

 

ചെറുപ്പക്കാരന്‍ ആശുപത്രിയിലെത്തിയത് പഴകിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മൂലമാകാം. എന്നാല്‍ പിന്നീടുവന്ന സങ്കീര്‍ണതകള്‍ക്ക് കാരണം ഭക്ഷണമല്ല മറിച്ച് നെസ്സേരിയ മെനിഞ്ചിറ്റിഡിസ് ബാക്ടീരിയ ആണെന്ന് നോര്‍ത്ത് കാരലൈന യുഎന്‍സി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ പ്രഫ. ജോസഫ് ഡണ്‍കന്‍ പറയുന്നു. വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പുറമേ ചെറുപ്പക്കാരന് കാഴ്ചപ്രശ്‌നവും കഴുത്തിന് മുറുക്കവും നെഞ്ചു വേദനയും തലവേദനയും ശ്വാസംമുട്ടലും ഉണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് അഞ്ച് മണിക്കൂര്‍ മുന്‍പ് ചര്‍മത്തില്‍ നിറവ്യത്യാസവും അനുഭവപ്പെട്ടു. 

 

പര്‍പ്യൂര ഫുള്‍മിനാന്‍സ് മൂലം ചര്‍മത്തിന്റെ മേല്‍പാളിക്ക് തൊട്ടു താഴെയുള്ള പാളിയില്‍ രക്തം കട്ടപിടിക്കുകയും ചര്‍മകോശങ്ങള്‍ നശിക്കുകയും ചെയ്യും. കാലുകളിലെയും കൈകളിലെയും കോശങ്ങള്‍ ഇത്തരത്തില്‍ നശിക്കുന്ന സ്‌കിന്‍ നെക്രോസിസ് മൂലമാണ് ഇവ മുറിച്ച് മാറ്റേണ്ടി വരുന്നത്. ചര്‍മത്തിന് താഴെയുള്ള രക്തധമനികള്‍ക്കും നാശം വരുകയും രക്തം കട്ടപിടിപ്പിക്കുന്ന പ്രോട്ടീനുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് മൂലം കൂടുതല്‍ ക്ലോട്ടുകള്‍ രൂപപ്പെട്ട് കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്താത്ത സാഹചര്യം ഉണ്ടാവും. പര്‍പ്യൂര ഫുള്‍മിനാന്‍സ് ബാധിക്കുന്ന അഞ്ച് രോഗികളില്‍ ഒരാള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രഫ. ജോസഫ് ചൂണ്ടിക്കാണിക്കുന്നു. 

 

എന്നാല്‍ നെസ്സേരിയ മെനിഞ്ചിറ്റിഡിസ് ഭക്ഷണത്തിലൂടെ പകരുന്നമെന്നതിന് തെളിവില്ലെന്ന് ലേഖനം വ്യക്തമാക്കുന്നു. 19കാരന്റെ ഒപ്പം മുറിയില്‍ താമസിച്ച ചെറുപ്പക്കാരനും ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദി ഉണ്ടായിരുന്നെങ്കിലും മറ്റ് സങ്കീര്‍ണതകള്‍ സംഭവിച്ചില്ല. മെനിഞ്ചോകോക്കല്‍ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ മെനിഞ്ചോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സീന്‍ സഹായിക്കുമെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary : Did Eating Day-Old Leftovers Lead to a 19-Year-Old Having His Legs and Fingers Amputated?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com