ADVERTISEMENT

ഗോതമ്പ്, ബാര്‍ലി, വരക് തുടങ്ങിയ ധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനാണ് ഗ്ലൂട്ടന്‍. പിസ, ബ്രഡ്, പാസ്ത തുടങ്ങിയ പല ഭക്ഷണവിഭവങ്ങളും ഗ്ലൂട്ടന്‍ അടങ്ങിയതാണ്. ഈ പ്രോട്ടീന്‍ പക്ഷേ എല്ലാവര്‍ക്കും കഴിക്കാന്‍ സാധിക്കില്ല. ഗ്ലൂട്ടന്‍ അലര്‍ജി മൂലം ചിലരില്‍ സീലിയാക് എന്ന രോഗം ഉണ്ടാകാറുണ്ട്. ഗ്ലൂട്ടന്‍ സീലിയാക് രോഗികളുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രതിരോധ പ്രതികരണം അണുബാധയിലേക്കും ചെറുകുടലിന്‍റെ നാശത്തിലേക്കും നയിക്കാം. ദഹനപ്രശ്നങ്ങള്‍, പോഷണക്കുറവ് പോലുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും സീലിയാക് രോഗം കാരണമാകാം. ഗ്ലൂട്ടന്‍ അടങ്ങിയ ആഹാര വിഭവങ്ങള്‍ ഒഴിവാക്കുന്നത് വഴി ഈ രോഗം നിയന്ത്രിക്കാം. 

 

സീലിയാക് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്

 

അതിസാരം

പബ് മെഡ് സെന്‍ട്രലിലെ ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് സീലിയാക് രോഗികളില്‍ 79 ശതമാനത്തിനും ചികിത്സയ്ക്ക് മുന്‍പ് നിരന്തരം അതിസാരം ഉണ്ടായിരുന്നു. 17 ശതമാനം രോഗികള്‍ക്കാകട്ടെ ചികിത്സയ്ക്കു ശേഷവും അതിസാരം ഉണ്ടായി. മറ്റ് പല ദഹനപ്രശ്നങ്ങളുടെയും ഭക്ഷണ അലര്‍ജിയുടെയും കൂടി ലക്ഷണമായതിനാല്‍ അതിസാരം ഉള്ളതു കൊണ്ടു മാത്രം ഒരാള്‍ക്ക് സീലിയാക് രോഗമാണെന്ന് ഉറപ്പിക്കാനാകില്ല. 

 

ബ്ലോട്ടിങ്

വയറിലും കുടലുകളിലുമൊക്കെ ഗ്യാസ് നിറയുന്ന ബ്ലോട്ടിങ്ങും സീലിയാക് രോഗത്തോട് അനുബന്ധിച്ച് ചിലരില്‍ ഉണ്ടാകാറുണ്ട്. സീലിയാക് രോഗികളില്‍ 73 ശതമാനത്തിനും രോഗനിര്‍ണയത്തിന് മുന്‍പ് ബ്ലോട്ടിങ് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുമ്പോൾ  ഈ രോഗലക്ഷണം അപ്രത്യക്ഷമാകും. 

 

ക്ഷീണം

മറ്റ് ഓട്ടോ ഇമ്മ്യൂണ്‍ രോഗമുള്ളവരിലും കാണപ്പെടുന്ന രോഗലക്ഷണമാണ് ക്ഷീണം. ഉറക്കപ്രശ്നങ്ങള്‍, വിഷാദം, വേദന പോലെ മറ്റ് പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം അനുഭവപ്പെടാം. വിളര്‍ച്ച മൂലവും ചിലരില്‍ ക്ഷീണം ഉണ്ടാകാറുണ്ട്. 

 

ചര്‍മ പ്രശ്നങ്ങള്‍

സോറിയാസിസ്, അലോപേസിയ പോലുള്ള പല ചര്‍മ പ്രശ്നങ്ങളും സീലിയാക് രോഗികളില്‍ ഉണ്ടാകാറുണ്ട്. തൊലിയില്‍ തിണര്‍പ്പുകള്‍ പോലുള്ള ലക്ഷണങ്ങളും കാണപ്പെടാം. 

 

വിളര്‍ച്ച

സീലിയാക് രോഗം മൂലം ചെറുകുടലുകളില്‍ പോഷണങ്ങള്‍ ശരിയായി വലിച്ചെടുക്കപ്പെടില്ല. ഇത് വിളര്‍ച്ചയിലേക്കും പോഷണക്കുറവിലേക്കും നയിക്കാം. അയണ്‍ അഭാവം മൂലം ക്ഷീണം, തലക്കറക്കം, ശ്വാസംമുട്ടല്‍, തലവേദന പോലുള്ള ലക്ഷണങ്ങളും പ്രകടമാകാം. 

 

മലബന്ധം

സീലിയാക് രോഗം കുടലുകള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്നതിനാല്‍ ഭക്ഷണം ശരിയായ തോതില്‍ ദഹിക്കാന്‍ പ്രയാസം നേരിടും. ഇത്  മലബന്ധം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഈ അവസ്ഥ പരിഹരിക്കാന്‍ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. 

 

വിഷാദവും ഉത്കണ്ഠയും

സീലിയാക് രോഗമുള്ളവര്‍ക്ക് വിഷാദത്തിനും ഉത്കണ്ഠയ്ക്കുമെല്ലാം സാധ്യത അധികമാണ്. പെട്ടെന്ന് സങ്കടവും ദേഷ്യവും പരിഭ്രമവുമൊക്കെ ഗ്ലൂട്ടന്‍ ഭക്ഷണം ഇവരില്‍ ഉണ്ടാക്കിയേക്കാം. ഗ്ലൂട്ടന്‍ രഹിത ഭക്ഷണം കഴിക്കുന്നതിലൂടെ ഈ ലക്ഷണങ്ങള്‍ മെച്ചപ്പെടാം.

 

പെട്ടെന്ന് ഭാരം നഷ്ടമാകല്‍

പെട്ടെന്നുള്ള ഭാരം കുറയലും സീലിയാക് രോഗത്തിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണ്. മറ്റ് രോഗലക്ഷണങ്ങള്‍ക്കൊപ്പം ഭാരനഷ്ടം കൂടി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉറപ്പായും സീലിയാക് രോഗത്തിന്‍റെ സാധ്യത പരിശോധിക്കേണ്ടതാണ്. അതിസാരം, പോഷണക്കുറവ്, ഉത്കണ്ഠ, വിഷാദം പോലുള്ള അനുബന്ധ പ്രശ്നങ്ങള്‍ മൂലം വിശപ്പില്ലാതാകുന്നതും ഭാര നഷ്ടത്തിലേക്ക് നയിക്കാം.

Content Summary: Signs You Might Be Suffering From Celiac Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com