ADVERTISEMENT

കഴുത്തിൽ  ചിത്രശലഭത്തിന്‍റെ ആകൃതിയില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിക്കുണ്ടാകുന്ന കുഴപ്പങ്ങള്‍ ഹോര്‍മോണ്‍ അസുന്തലനം സൃഷ്ടിക്കുകയും പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. തൈറോയ്ഡ് അസന്തുലിതാവസ്ഥ മൂലം കണ്ണുകള്‍ക്ക് ഉണ്ടാകുന്ന കുഴപ്പമാണ് തൈറോയ്ഡ് കണ്ണുകള്‍ അഥവാ തൈറോയ്ഡ് ഐസ്. തൈറോയ്ഡ് നിര്‍ണയിക്കപ്പെട്ടവരിലാണ് പൊതുവേ തൈറോയ്ഡ് കണ്ണുകള്‍ കാണപ്പെടുന്നത്. എന്നാല്‍ ചിലരില്‍ തൈറോയ്ഡിന്‍റെ ആദ്യ ലക്ഷണങ്ങളിലൊന്നായും കണ്ണുകളുടെ പ്രശ്നം പ്രത്യക്ഷപ്പെടാം.

 

ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികളെയും കോശസംയുക്തങ്ങളെയും ആക്രമിക്കുമ്പോഴാണ് തൈറോയ്ഡ് ഐസ് ഉണ്ടാകുന്നത്. കണ്ണിനു ചുറ്റുമുള്ള നേര്‍ത്ത കോശങ്ങളുടെ നീര്‍ക്കെട്ടിന് ഇത് കാരണമാകും. തുടര്‍ന്ന് കണ്ണുകള്‍ പുറത്തേക്ക് തള്ളി വരുന്നത് ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകം. തൈറോയ്ഡ് ഐ ഡിസീസ്(ടെഡ്1), ഗ്രേവ്സ് ഒഫ്താല്‍മോളജി, തൈറോയ്ഡ് അസോസിയേറ്റഡ് ഓര്‍ബിറ്റോപതി(ടിഎഒ), ഗ്രേവ്സ് ഓര്‍ബിറ്റോപതി എന്നിങ്ങനെ പല പേരുകളില്‍ തൈറോയ്ഡുമായി ബന്ധപ്പെട്ട നേത്രരോഗങ്ങള്‍ അറിയപ്പെടുന്നു. 

 

സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടത്തിന് വരെ തൈറോയ്ഡ് ഐസ് കാരണമാകാം. തൈറോയ്ഡ് രോഗങ്ങള്‍ക്ക് പുറമേ ഗ്രേവ്സ് രോഗവും ഹാഷിമോട്ടോ രോഗവുമായും ബന്ധപ്പെട്ടും തൈറോയ്ഡ് ഐസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണ് പുറത്തേക്ക് തള്ളുന്നതിന് പുറമേ, കണ്ണില്‍ ചുവപ്പ് നിറം, ചൊറിച്ചില്‍, വേദന, കണ്ണ് വരണ്ട് പോകല്‍, കണ്ണില്‍ വെള്ളം നിറയല്‍, ഇരട്ട കാഴ്ച, പ്രകാശത്തോടുള്ള അമിത സംവേദനത്വം, പല ദിശയില്‍ നോക്കുമ്പോൾ  കണ്ണിനുണ്ടാകുന്ന വേദന, കാഴ്ച തകരാര്‍ തുടങ്ങിയ ലക്ഷണങ്ങളും ഇതുമായി ബന്ധപ്പെട്ട് കാണുന്നു. 

 

രോഗത്തിന്‍റെ തീവ്രത അനുസരിച്ചും ചികിത്സയുടെ ലഭ്യത അനുസരിച്ചും തൈറോയ്ഡ് കണ്ണുകള്‍ ഇടയ്ക്ക് വരികയും പോവുകയും ചെയ്യാം. ആറു മാസമോ ഒരു വര്‍ഷമോ രോഗം വന്ന ശേഷം ഇടക്കാലത്ത് ഇതുമായി ബന്ധപ്പെട്ട പ്രശ്നം ഇല്ലാത്ത അവസ്ഥയുണ്ടാകാം. വീണ്ടും കുറച്ച് കാലം കഴിഞ്ഞ് രോഗം പ്രത്യക്ഷപ്പെടാം. ഒരു വര്‍ഷത്തേക്ക് രോഗം വരാതിരുന്നാല്‍ പിന്നീട് തൈറോയ്ഡ് കണ്ണുകള്‍ വരാനുള്ള സാധ്യത കുറയും. പുകവലിക്കാരില്‍ ലക്ഷണങ്ങള്‍ കടുത്തതാകാന്‍ സാധ്യത കൂടുതലാണ്. 

 

റേഡിയോ ആക്ടീവ് അയോഡിന്‍ ഉപയോഗിച്ചുള്ള റേഡിയേഷന്‍ ചികിത്സ വഴി ഒരു പരിധി വരെ തൈറോയ്ഡ് ഐസ് നിയന്ത്രിക്കാം. തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ളവര്‍ കണ്ണുകള്‍ക്ക് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത പരിശോധിക്കാന്‍ നേത്രരോഗ വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. 

Content Summary : Thyroid eyes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com