ADVERTISEMENT

മൂത്രത്തിലെ കല്ല് മൂലം പലരും കഠിനമായ വേദനയാണ് അനുഭവിക്കുന്നത്. നന്നായി വെള്ളം കുടിക്കണമെന്ന ഉപദേശമൊക്കെ പലവട്ടം കേട്ടിട്ടുണ്ടെങ്കിലും പലർക്കും അക്കാര്യത്തിൽ മടിയാണ്. മൂത്രത്തിലെ കല്ല് (വൃക്കയിലെ കല്ല്) വരാതെ നോക്കാനുള്ള ഏറ്റവും നല്ല മാർഗം നന്നായി വെള്ളം കുടിക്കുകയാണ്. മൂത്രത്തിലൂടെ വെള്ളം മാത്രമല്ല, സോഡിയം, പൊട്ടാസ്യം തുടങ്ങി ഒട്ടേറെ ലവണങ്ങളും പോകുന്നുണ്ട്. വെള്ളത്തിന് അലിയിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ലവണങ്ങളുണ്ടാകുമ്പോൾ അതു വൃക്കയിൽ അടിഞ്ഞുകൂടി കല്ലാവും. ചിലയാളുകളിൽ വൃക്കയിലെ പ്രശ്നങ്ങൾ മൂലവും കല്ല് ഉണ്ടാകാം. ഒരാൾ ദിവസം 2 ലീറ്റർ മൂത്രമെങ്കിലും ഒഴിക്കണം. ഇതിനു വേണ്ടി ദിവസം കുറഞ്ഞതു 2.5–3 ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. 

 

കല്ലുകൾ പലതരം

∙ കാത്സ്യം ഓക്സലേറ്റ് അടിഞ്ഞുണ്ടാകുന്ന കല്ലാണു പതിവായി കാണുന്നത്.

∙ രക്തത്തിൽ യൂറിക് ആസിഡിന്റെ അളവു കൂടുന്നതു മൂലം മൂത്രത്തിലും ഇതിന്റെ അളവു കൂടുകയും വൃക്കയിൽ അടിഞ്ഞുകൂടി കല്ലാവുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

∙ മൂത്രത്തിൽ അണുബാധയുണ്ടാകുമ്പോൾ മൂത്രനാളിയിലെ തടസ്സങ്ങൾ മൂലം കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് പരലുകൾ അടിഞ്ഞു കൂടിയും കല്ലുണ്ടാകാം.

 

മൂത്രത്തിൽ കല്ല് വരാതിരിക്കാൻ

∙ പ്രതിദിനം 2 ലീറ്ററെങ്കിലും മൂത്രമൊഴിക്കുന്ന തരത്തിൽ വെള്ളം കുടിക്കുന്നതിന്റെ അളവു കൂട്ടുക.

 

∙ മൂത്രത്തിൽ അണുബാധ വരാതെ നോക്കുക. മൂത്രത്തിന് ഇളം നിറമായിരിക്കണം.

 

∙ ഇടയ്ക്കിടയ്ക്ക് വൃക്കയിൽ കല്ലുണ്ടാകുന്നുണ്ടെങ്കിൽ വിദഗ്ധ പരിശോധന നടത്തണം. 

 

∙ മറ്റെന്തെങ്കിലും അസുഖങ്ങൾ മൂലം മൂത്രാശയത്തിൽ മൂത്രം കെട്ടിനിൽക്കുന്ന സാഹചര്യവും കല്ലിനു കാരണമാകും.

 

∙ കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവ കുറയ്ക്കണം. 

 

∙ തീരദേശ മേഖലയിലെ ചിലരിൽ കാത്സ്യത്തിന്റെ അളവു കൂടുതലുള്ള ചെമ്മീൻ, ഞണ്ട്, കക്ക തുടങ്ങിയവ ധാരാളം കഴിക്കുന്നതു മൂലം കല്ല് ഉണ്ടാകുന്നതു കൂടുതലായി കണ്ടു വരുന്നുണ്ട്.

 

∙ അനിയന്ത്രിതമായ പ്രമേഹമുള്ളവർക്കു മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാർ പ്രമേയം നിയന്ത്രിക്കണം.

 

വിവരങ്ങൾ:

ഡോ.അനൂപ് കൃഷ്ണൻ,

കൺസൽറ്റന്റ് യൂറോളജിസ്റ്റ്,

ജനറൽ ആശുപത്രി, എറണാകുളം.

Content Summary : Kidney stone preventing tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com